Views

സാമൂഹിക വിപ്ലവം നേരിടുന്ന ലബനാന്‍

ഒക്ടോബര്‍ 17 മുതല്‍ ലെബനാന്‍ ജനത മുഴുവനും തെരുവുകളിലിറങ്ങി അഭൂതപൂര്‍വമായ പ്രതിഷേധത്തിലാണ്. വര്‍ഗ്ഗ-വര്‍ണ്ണ ഭേദമില്ലാതെ എല്ലാതരത്തിലുള്ള വിഭാഗീയതകളും മറികടന്നാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത്.

രാജ്യത്ത് അതിരൂക്ഷമായി വര്‍ധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും പരിഹരിക്കുന്നതില്‍ ഈ വര്‍ഷം ജനുവരിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴേക്കും ജനങ്ങള്‍ സമരത്തെ ഒരു വിപ്ലവമായി വിശേഷിപ്പിക്കാന്‍ തുടങ്ങി. പ്രതിഷേധം രാഷ്ട്രീയ വിപ്ലവത്തിന് കാരണമാകുന്നോ എന്നത് വ്യക്തമല്ലെങ്കിലും ശ്രദ്ധേയമായ സാമൂഹിക വിപ്ലവമാക്കി മാറ്റാന്‍ ഇതിനോടകം അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

2005ല്‍ ‘സെഡാര്‍’ വിപ്ലവം എന്നു പേരിട്ടു വിളിച്ച ജനകീയ പ്രതിഷേധത്തിന് ലെബനാന്‍ സാക്ഷ്യം വഹിച്ചിരുന്നു. രാജ്യത്ത് സിറിയന്‍ സൈന്യം നടത്തിയ അധിനിവേശത്തിനെതിരെയാണ് അന്ന് വലിയ രീതിയിലുള്ള പ്രക്ഷോഭം അരങ്ങേറിയത്. എന്നാല്‍ അന്ന് രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥ മാറണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ലെബനാനിലെ രാഷ്ട്രീയ നേതാക്കളുടെ ആധിപത്യം തുടരുകയായിരുന്നു.

നിലവിലെ പ്രധാനമന്ത്രി സഅദ് ഹരീരിയുടെ പിതാവായിരുന്ന അന്തരിച്ച മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ നേതൃത്വത്തിലാണ് 2005ല്‍ സമരം നടന്നത്. അദ്ദേഹവും തന്റെ സഖ്യവും സിറിയന്‍ അധിനിവേശത്തെ എതിര്‍ത്തു. സിറിയന്‍ അനുകൂല ഹിസ്ബുള്ള സഖ്യം അന്ന് ഹരീരിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. 2005ലെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു.

പിന്നീട് 2015ല്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കെതിരെയും ലെബനാനില്‍ പ്രക്ഷോഭമുയര്‍ന്നിരുന്നു. മാലിന്യ ശേഖരണവും സംസ്‌കരണവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു അന്ന് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആ സമയം രാഷ്ട്രീയ നേതൃത്വത്തിലുള്ളവരെ സ്വന്തം അനുയായികള്‍ വരെ ചോദ്യം ചെയ്യാന്‍ തുടങ്ങി. 2015ലെ പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും അത് സര്‍ക്കാരിന്റെ പതനത്തിലെത്തിയില്ല. ഈ പ്രതിഷേധത്തിനിടയിലും എതിര്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ രാഷ്ട്രീയ ഭീഷണി നേരിടുമ്പോള്‍ ലെബനാനിലെ രാഷ്ട്രീയ വരേണ്യ വര്‍ഗം ഒരുമിച്ച് നില്‍ക്കുന്നതാണ് രാജ്യത്തെ ചരിത്രം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുക. പ്രതിഷേധിക്കുന്ന സംഘടനകളിലെ നേതാക്കള്‍ക്ക് വിദേശത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന തരത്തില്‍ അവര്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു പരത്തും. ഇത് പ്രക്ഷോഭം തകര്‍ക്കാന്‍ ഇടയാക്കുകയും ചെയ്യും.

എന്നിട്ടും 2015ലെ പ്രതിഷേധം സംഘടിത പൊതു പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിത്ത് പാകലായി. അതിനു ശേഷം പതിയെ എന്നാല്‍ ക്രമാനുഗതമായി അത് വളര്‍ന്ന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ വരെയെത്തി അവരുടെ ഇടപെടല്‍. പിന്നീട് ഇത്തരം പ്രതിഷേധങങ്ങളില്‍ നിന്നും പല ഗ്രൂപ്പുകളും പിറന്നു. അതിലൊന്നാണ് ബെയ്‌റൂത് മദീനതി.

2005ലെയും 2015ലെയും പ്രതിഷേധത്തില്‍ നിന്നും വിഭിന്നമാണ് 2019ലെ പ്രക്ഷോഭം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇടപെടാത്ത തികച്ചും ജനകീയമായ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. 2015നേക്കാള്‍ വിശാലമായ തരംതിരിക്കല്‍ ഇല്ലാതെയാണ് ജനങ്ങള്‍ ഇപ്പോള്‍ സമരത്തിലുള്ളത്. തലസ്ഥാന നഗരിയില്‍ മാത്രമല്ല രാജ്യത്തുടനീളം അവര്‍ പ്രക്ഷോഭവുമായി അണിനിരക്കുകയും എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിക്കുകയും സര്‍ക്കാരിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു. 2005നേക്കാള്‍ കൂടുതല്‍ ആളുകളുണ്ട് ഇന്ന്. പതിവുപോലെ തന്നെയാണ് ഈ സമരത്തിന് നേരെയുമുള്ള സര്‍ക്കാര്‍ നിലപാട്. നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കുകയും സമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്.

പ്രതിഷേധക്കാര്‍ ഇപ്പോഴും പിരിഞ്ഞു പോകാതെ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലാണ്. ഇതാദ്യമായാണ് ജനങ്ങള്‍ സ്വന്തം നേതാക്കളുടെ രാജി ആവശ്യപ്പെട്ടും ഉത്തരവാദിത്വം നിര്‍വഹിക്കാനാവശ്യപ്പെട്ടും സമരം ചെയ്യുന്നത്. സുന്നി പ്രതിഷേധക്കാരുടെ ശക്തികേന്ദ്രമായ ട്രിപ്പോളിയിലും ശിയ ശക്തി കേന്ദ്രമായി ടൈറിലും ഇരു വിഭാഗവും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്.

ജനങ്ങള്‍ക്ക് സമരത്തിലെത്താന്‍ സൗജന്യമായി സ്‌കൂട്ടര്‍ ഒരുക്കിയും റൂട്ട് മാപ് ഒരുക്കിയും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും രംഗത്തുണ്ട്. രാജ്യത്താദ്യമായാണ് ക്യാബിനറ്റ്,പാര്‍ലമെന്റ്,സിവില്‍ സര്‍വീസ്,സൈന്യം തുടങ്ങി ഉന്നത വകുപ്പുകളില്‍ സ്ഥിരം ആളുകള്‍ മാറണമെന്ന് ആവശ്യപ്പെടുന്നത്. ലബനീസ് സര്‍ക്കാര്‍ രാഷ്ട്രീയ വരേണ്യ വര്‍ഗ്ഗവും സമരത്തെ എങ്ങിനെയാണ് നേരിടുക എന്നതാണ് ഉത്തരമില്ലാത്ത ചോദ്യമാണ്. എന്നാല്‍ പ്രതിഷേധ പ്രസ്ഥാനത്തില്‍ വന്ന സമൂലമായ മാറ്റം ഒരു പ്രധാന പാഠം നല്‍കുന്നു.

വര്‍ഷങ്ങളായി രാജ്യം നേരിടുന്ന അഴിമതിയും,കക്ഷികള്‍ തമ്മിലെ പങ്കിട്ടെടുക്കലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്നതിലേക്കും ജനങ്ങള്‍ക്ക് അവരുടെ നേതാക്കന്മാരോട് വെറുപ്പ് വര്‍ധിക്കാനും ഇടയാക്കുകയാണുണ്ടായത്. ഇത് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കാനും ഇടയാക്കി. ഈ സമരം സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കാനും ജനകീയ പ്രസ്ഥാനങ്ങള്‍ വ്യാപിപിക്കാനും വര്‍ഗ്ഗമോ വിഭാഗമോ നോക്കാതെ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി ഒരുമിക്കാനും ഇടയാക്കിയിട്ടുണ്ട്. ഫ്യൂഡലിസത്തിന്റെ ആധുനിക പതിപ്പായ രാഷ്ട്രീയ വ്യവസ്ഥിതിയുള്ള രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെയുള്ള സമരമാണ്. സമീപഭാവിയില്‍ ഇത് രാജ്യത്തെ സമൂലമായ രാഷ്ട്രീയ മാറ്റത്തിലേക്ക് നയിക്കുമോ എന്നത് കണ്ടറിയണം. എന്നാല്‍ 2015ല്‍ നട്ട സാമൂഹിക മാറ്റത്തിന്റെ വിത്ത് മുളച്ചു എന്നു തന്നെയാണ് അത് വെളിപ്പെടുത്തുന്നത്.

വിവ: സഹീര്‍ വാഴക്കാട്
അവലംബം: അല്‍ജസീറ

Facebook Comments
Related Articles
Close
Close