Current Date

Search
Close this search box.
Search
Close this search box.

ജയ് ജവാൻ, ജയ് കിസാൻ

1965 ൽ പാകിസ്താനുമായുള്ള സംഘർഷ സമയത്ത് കുറച്ച് ഇന്ത്യൻ പട്ടാളക്കാർ രക്തസാക്ഷികളാവുകയുണ്ടായി. അതേസമയം രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ശക്തമായ ദൗർലഭ്യവും ഉണ്ടായിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ആയിരക്കണക്കിന് ജവാന്മാരും കിസാന്മാരുമടങ്ങുന്ന (പട്ടാളക്കാരും കർഷകരുമടങ്ങുന്ന )പൊതുസമ്മേളനത്തിൽ ദില്ലിയിലെ രാംലീല മൈതാനത്ത് വെച്ച് മനുഷ്യത്വമുള്ള പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി വിളിച്ച് പറഞ്ഞ മുദ്രാവാക്യമായിരുന്നു – ജയ് ജവാൻ ജയ് കിസാൻ .

ഇന്ത്യയെ പ്രതിരോധിക്കാൻ സൈനികരെ പ്രലോഭിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കർഷകരെ പ്രോത്സാഹിപ്പിക്കാനും ആസൂത്രണ ബോധമുള്ള
പ്രധാനമന്ത്രിയായ ശാസ്ത്രിക്ക് അന്ന് കഴിഞ്ഞു. ലോകമൊട്ടുക്കും വളരെ പ്രചാരമുള്ള മുദ്രാവാക്യമായത് മാറുകയും ചെയ്തു. തുടർന്നുണ്ടായ ഹരിത വിപ്ലവങ്ങൾക്കുള്ള ഭൂമി ഒരുക്കിയത് ഈ ഒറ്റ മുദ്രാവാക്യമായിരുന്നു.

ജവാന്മാരോടൊപ്പം സെൽഫിയെടുക്കാൻ കോലം കെട്ടുന്ന ഇന്നത്തെ പ്രധാനമന്ത്രി, പക്ഷേ മൂക്കിന് താഴെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരു മാസത്തോളമായി കൊടും ശൈത്യത്തിലും തമ്പടിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കിസാന്മാരെ തിരിഞ്ഞു പോലും നോക്കുന്നില്ല എന്നതാണ് വിരോധാഭാസം. മുൻകഴിഞ്ഞ പ്രധാനമന്ത്രിമാരെപ്പോലെ കർഷകനോട് മമത കാട്ടുന്നില്ല എന്ന് മാത്രമല്ല, കോർപറേറ്റ് മുതലാളിമാർക്ക് പാടങ്ങളിലേക്ക് ചുവപ്പുപരവതാനി വിരിക്കാൻ ഓടിനടക്കുക കൂടിയാണ് പാവം .പ്രപഞ്ചമുടനീളമുള്ള ഹരിതപ്രേമികൾ കർഷരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതും വിശ്വാസികൾ അവരുടെ വിശപ്പ് ശമിപ്പിക്കാൻ ഓടി നടക്കുന്നതുമായ കാഴ്ചകൾ മനസ്സ് നിറക്കുന്നതാണ്.

Also read: ധാർമ്മികതയുടെ സ്രോതസ്സുകൾ

ലോകാവസാനം ആയാൽ പോലും, ഒരാളുടെ കൈയ്യിൽ വൃക്ഷത്തൈ ഉണ്ടെങ്കിൽ, അയാൾക്ക് സാധിക്കുമെങ്കിൽ അത് മണ്ണിൽ നട്ട ശേഷമല്ലാതെ അയാൾ എഴുന്നേൽക്കരുത് എന്നും ഒരു സത്യവിശ്വാസി മരം നടുകയോ , കൃഷി ചെയ്യുകയോ ചെയ്‌താൽ, അതിൽനിന്ന് പറവകളും , മനുഷ്യരും , മൃഗങ്ങളും ഭക്ഷിച്ചതിനെല്ലാം തന്നെ അയാൾക്ക് ദാനം ചെയ്തതിന്റെ പ്രതിഫലം നൽകപ്പെടുമെന്നുമെല്ലാമുള്ള അധ്യാപനങ്ങളാണ് കർഷകനെ നമ്മുടെ നെഞ്ചോട് ചേർത്തു നിർത്തുവാൻ പ്രേരിപ്പിക്കുന്നത്. ( നബി വാക്യങ്ങൾ താഴെ വരുന്നുണ്ട് ) ചരിത്രത്തിൽ ജയ് കിസാൻ മുദ്രാവാക്യത്തിന് മുമ്പ് കർഷകവൃത്തിയെ അത്രമേൽ പ്രശംസിച്ച വാചകങ്ങൾ വേറെയുണ്ടോ എന്നറിയില്ല.

മനുഷ്യൻ അധിവസിക്കുന്ന പരിസരത്തെ മണ്ണും അന്തരീക്ഷവും അവനനുകൂലമാക്കിത്തീർക്കുന്നതിൽ കൃഷിയുടെ പങ്ക് അനിഷേധ്യമാണ്. മലയാളിക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും കായ്കനികളും ലഭിക്കുന്നത് ഏതോ നാട്ടിലെ കർഷകന്റെ അധ്വാനഫലമാണ്. അവൻ നിരന്തരം നടത്തുന്ന ജൈവ-രാസ പ്രക്രിയകളുടെ അന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഫലം കേവലം ധാന്യമോ പഴമോ , അവനു വേണ്ടി ഉല്പാദിപ്പിക്കുന്നതല്ലാത്തതിന്റെ അനന്തരഫലങ്ങൾ ഏറെയാണ്. തമിഴകത്ത് മലയാളിക്കായി യുദ്ധകാലാടിസ്ഥാനത്തിലുണ്ടാവുന്ന കേബേജും കാരറ്റും അരി പോലും അതിനുള്ള ഉദാഹരണങ്ങളാണ്.

ഊർജം പകരുന്നതും ശാരീരിക വളർച്ച ത്വരിതപ്പെടുത്തുന്നതും രോഗപ്രതിരോധമേകുന്നതുമായ കൃഷി / ഭക്ഷ്യവിഭവങ്ങൾ നമുക്ക് എല്ലാകാലത്തും ആവശ്യമാണ്. പാകം ചെയ്യുന്നിടത്തേക്ക് എത്തുന്നതിന് മുമ്പ് ഒരു ചെടിയും വിത്തും എന്തെല്ലാം പ്രക്രിയകളിലൂടെയാണ് കടന്നുപോകുന്നത് എന്നും നാമറിയണം.മനുഷ്യന്റെ കൈക്രിയക്ക് മുമ്പ് പ്രകൃതിയുടെ പിന്തുണയോടെ മാത്രം നടക്കുന്ന സംശുദ്ധ ഘട്ടമാവണം കൃഷി. സസ്യകൃഷിയും ജന്തുകൃഷിയും മനുഷ്യനെ സംബന്ധിച്ച് നിരന്തരം നടക്കേണ്ടതാണ്. പ്രകൃതിയിൽ തന്നെ പ്രപഞ്ചനാഥൻ അവശ്യം വേണ്ടത് മായമില്ലാതെ തന്നെ ഒരുക്കിയിട്ടുണ്ട്. അത് മനുഷ്യന് അനുകരിക്കാനും പിന്തുടരാനുമാണ്. പരമാവധി ചൂഷണം നടത്തി നശിപ്പിക്കാനല്ല. വിഷം തളിച്ച് മരണം വിളിച്ചു വരുത്താനോ ലാഭക്കൊതി മൂത്ത് ഫ്യൂരഡാനടിച്ച് ഭൂമിയേയും ഭൂമിയിലുള്ളവരേയും ഇല്ലാതാക്കാനല്ല.

Also read: പൗരത്വബോധവും വ്യക്തിത്വവും

പ്രകൃതിയിലുള്ളവയെ ഉപജീവിച്ചും മാതൃകയാക്കിയും ഉപയോഗപ്പെടുത്തിയും മനുഷ്യൻ നടത്തുന്ന ഇടപെടലാവണം യഥാർത്ഥത്തിൽ കൃഷി. അത്യാവശ്യം വേണ്ടിവരുന്ന വിഭവങ്ങൾ ഉൽപാദിപ്പിക്കുന്നതിന് മനുഷ്യൻ സ്വയം പ്രചോദിതനാവണം.എന്നാൽ കുറുക്കുവഴികൾ കണ്ടെത്തിയുള്ള വിഭവചൂഷണം പൂർണമായും ഗുണകരമായിരിക്കില്ല താനും. അലസത പട്ടിണി ക്ഷണിച്ചുവരുത്തുമെങ്കിൽ അമിത ലാഭമോഹം രോഗങ്ങളെയും ഗുണക്കുറവുമാണ് ഉൽപാദിപ്പിക്കുക; രണ്ടും മനുഷ്യരാശിക്ക് ദോഷം തന്നെ.

ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കൃഷിയെ അവഗണിക്കുന്ന അവസ്ഥ ഇന്ന് നമുക്കുണ്ട്. ലാഭം കൂടുതൽ നൽകുന്നതിലേക്കുള്ള ചാഞ്ചാട്ടം പൊതുവെ പ്രകടവുമാണ്. ലാഭനഷ്ടങ്ങളെന്ന അളവുകോലിൽ മാത്രം കൃഷിയെ വിലയിരുത്തിയാൽ ജീവൽപ്രധാനമായ പല കൃഷികളും നഷ്ടത്തിൽ തന്നെയാണെന്നാണ് നമുക്ക് ബോധ്യപ്പെടുക. കൃഷിയെ ലാഭനഷ്ടങ്ങളുടെ മാറ്റുരക്കലിന് വിധേയമാക്കാതിരിക്കാൻ നാം പാകപ്പെടുകയാണ് ആദ്യമായി വേണ്ടത്. മഹത്തായൊരു ധർമം എന്ന നിലയിൽ കൃഷിയെ സമീപിക്കുകയാണ് പരമ പ്രധാനം. ഭൗതികനേട്ടം മാത്രം നോക്കിയുള്ള ഏർപ്പാടായി കൃഷിയെ പരിഗണിക്കരുത്. അതിന് പുറത്തുനിന്നുള്ളവരുടെ പ്രോത്സാഹനം മാത്രം പോരാ, ഉള്ളിൽ നിന്നുള്ള പ്രചോദനമാണാവശ്യം. സബ്സിഡിയും കാർഷിക വായ്പ വ്യവസ്ഥയിലെ ഇളവും കൊണ്ടുമാത്രം സാധിക്കുന്നതല്ല കാർഷികാഭിവൃദ്ധിയും ഭക്ഷണ വിഷയങ്ങളിലുള്ള സ്വയംപര്യാപ്തയും .ആനുകൂല്യങ്ങളും സൗജന്യങ്ങളും നേടുന്നതിനുള്ള ഉപാധിയായി മാത്രം കൃഷിയെ കാണാതിരിക്കുകയാണ് അതിന് രണ്ടാമതായി വേണ്ടത്.

ഇസ്‌ലാം കൃഷിയെ അനിവാര്യതയായാണ് (ദറൂറിയാത്ത്) കാണുന്നത്. അതിനനുകൂലമായി പ്രകൃതിയിൽ നിലനിൽക്കുന്ന സാഹചര്യത്തെയും പരിസ്ഥിതിയെയും നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു. വിളവിന്റെ ലാഭനഷ്ടങ്ങളിലുടക്കാതെ സമീപിക്കേണ്ട ഒരു സാർത്ഥക ധർമവും ആരാധനയുമെന്ന വിചാരം വളർത്തുവാനാണത് ബോധപൂർവ്വം ശ്രമിക്കുന്നത്.തന്റെയും ആശ്രിതരുടെയും ഭക്ഷണം പ്രകൃതിദത്തവും പോഷകമൂല്യങ്ങളടങ്ങിയതുമായിരിക്കാൻ ഇസ്‌ലാം പ്രോത്സാഹനവും പ്രചോദനവും നൽകുന്നു. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് വലിയ പുണ്യം നേടാനുള്ള മാർഗമാണ് കൃഷി. അതിൽ നിന്ന് തനിക്ക് സ്വന്തമായി ഉപയോഗിക്കാൻ ഫലമോ ധാന്യമോ ലഭിക്കുമോ എന്ന വിചാരം പോലുമില്ലാതെ തന്നെ കൃഷി നടത്താൻ വിശ്വാസിയെ തയ്യാറാക്കുകയും അതിനു പരലോകത്ത് പ്രതിഫലം വാഗ്ദാനം നൽകുകയും ചെയ്യുന്ന പാഠങ്ങൾ നാം മുകളിൽ സൂചിപ്പിച്ചു. മനുഷ്യന് ആഹാരമായി ഉപയോഗിക്കുന്നതിന് ധാന്യങ്ങളും ഫലങ്ങളും ഉൽപാദിപ്പിക്കുകയും തന്റെ പ്രയത്നത്തിന്റെ ഫലമായി ലഭിച്ചവ പാകം ചെയ്യുന്നതും ആഹരിക്കുന്നതും അർഹർക്ക് ദാനമായി വിതരണം ചെയ്യുന്നതുമെല്ലാം ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു.

Also read: സൗമ്യനാകൂ …. സമാധാനം നേടൂ

ഖുർആൻ പറയുന്നു: “ജീവനില്ലാത്ത ഭൂമിയെ നാം സജീവമാക്കി. അതിൽ നിന്നും അവർ ഭക്ഷിക്കുന്ന ധാന്യത്തെ നാം വിളയിച്ചു എന്നത് അവർക്കു വ്യക്തമായ ഒരു ദൃഷ്ടാന്തമാണ്. അതിൽ നാം ഈത്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങളുമുണ്ടാക്കി. അതിലെത്രയോ ഉറവകളൊഴുക്കുകയും ചെയ്തു. അതിൽ ഫലങ്ങളിൽ നിന്നും (ഫലം നേരിട്ടും) അവരുടെ സ്വകരങ്ങൾ പ്രവർത്തിച്ചതിൽ നിന്നും അവർ ഭക്ഷിക്കുന്നതിന് വേണ്ടിയാണിവയത്രയും. എന്നാൽ അവരിനിയും നന്ദി ചെയ്യുന്നില്ലല്ലോ’ ( യാസീൻ/33 -35).

ഭൂമിയെ മനുഷ്യന് കൃഷി ചെയ്യാനും അതിൽ സഞ്ചരിച്ച് വേണ്ടത് തേടിപ്പിടിക്കാനും പറ്റിയ വിധത്തിൽ ക്രമീകരിച്ചതിനെക്കുറിച്ച് ഏറെ സൂക്തങ്ങളിൽ കാണാം. അധ്വാനിച്ച് ജീവിതവിഭവം കണ്ടെത്താൻ ഏവർക്കും സാധിക്കും വിധമാണ് ഭൂമിയെ അല്ലാഹു സജ്ജീകരിച്ചിരിക്കുന്നത്. സാങ്കേതികമായ ജ്ഞാനം നേടിയവർക്ക് അങ്ങനെയും പരമ്പരാഗത രീതി സ്വീകരിക്കുന്നവർക്ക് അങ്ങനെയും കൃഷിയിലൂടെ അധ്വാനിച്ച് ജീവിക്കാൻ സാധിക്കുന്ന സാഹചര്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്.

തൊഴിലുകളിൽ കൃഷിക്ക് വലിയ പ്രാധാന്യവും മഹത്വവുമുണ്ട്. അന്യരെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കുന്ന നിരോധിതമല്ലാത്ത ഏതൊരു തൊഴിലിനും പവിത്രതയുണ്ടെന്നതാണ് സത്യം. എന്നാൽ കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് സ്വന്തമായിത്തന്നെ ചില പ്രത്യേകതകൾ പണ്ഡിതന്മാർ വ്യക്തമാക്കിയതു കാണാം. അതുകൊണ്ടാണ് ചില പണ്ഡിതർ തൊഴിലുകളിൽ കൃഷിക്ക് പ്രഥമ പരിഗണന നൽകിയത്.

ഇമാം മാവർദി(റ) തന്റെ “ഹാവി”യിൽ പറയുന്നു: “തൊഴിലുകളിൽ ഏറ്റവും നല്ലത് കാർഷികവൃത്തിയാണെന്ന്’ . കാരണം അത് തവക്കുലുമായി ഏറെ ബന്ധപ്പെട്ടതാണ്. അല്ലാഹുവിന്റെ ഭൂമിയിൽ അവൻ നൽകിയ വിത്തും തൈയും നട്ട് നേരിട്ട് ഫലം തേടുന്ന പ്രക്രിയയാണല്ലോ കൃഷി.
കൃഷിക്ക് ഈ മഹത്വമുണ്ടാകുന്നത് വ്യതിരിക്തമായ ചില സവിശേഷതകൾ കൊണ്ടുകൂടിയാണ്. പ്രകൃതിയിലുള്ള ഏതെങ്കിലും ഒന്നിനെ സാധാരണ ഗതിയിൽ കൃഷിക്കുവേണ്ടി നശിപ്പിക്കേണ്ടി വരുന്നില്ല. അതുകൊണ്ടാണ് ഇമാം മാവർദി(റ) തൊഴിലുകളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗത്ത് ഇങ്ങനെ പറഞ്ഞത്: “കൃഷിയിൽ നിഷിദ്ധമായതോ വെറുക്കപ്പെട്ടതോ സാധാരണ ഗതിയിൽ വരുന്നില്ല.’ പ്രത്യക്ഷമായിത്തന്നെ ഒരു ചെടി മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ ചെയ്യുന്ന നന്മയാണ് നമുക്ക് കാണാനാവുക. ഫലവും ധാന്യവും ലഭിച്ചാലും ഇല്ലെങ്കിലും ഈ നന്മ ഉറപ്പാണ്.ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ വിവരിച്ചിരിക്കുന്നു: സ്വയം ചെയ്യുന്ന പ്രവൃത്തികളാണ് ഏറ്റവും ഉത്തമമെന്നതാണ് ശരി. അത് കാർഷിക വൃത്തിയാണെങ്കിൽ ഏറ്റവും നല്ലത്. കാരണം അതിൽ സ്വയം പ്രവർത്തനവും അല്ലാഹുവിന്റെ വിധി അവലംബിക്കലുമുണ്ട്. മനുഷ്യർക്കും ജീവജാലങ്ങൾക്കും അതിൽ പൊതുവായ ഉപകാരങ്ങൾ ധാരാളം. കൃഷിവിളയിൽ നിന്ന് വല്ലതും ഏതെങ്കിലും ജീവികൾ ഭക്ഷിച്ചേക്കാം. ഇതിലും കൃഷിക്ക് പ്രതിഫലമുണ്ട്. സ്വന്തമായി ചെയ്താലും തൊഴിലാളികളെയോ മറ്റോ ചെയ്താലും പ്രതിഫലം ലഭിക്കും. ആ നിലയിലും കൃഷി തന്നെയാണ് ഏറ്റവും ശ്രേഷ്ഠകരം .

Also read: ഉമ്മത്താണ് അടിസ്ഥാനം

തുടർന്ന് അദ്ദേഹം ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുന്നു: “നബി(സ്വ) പറഞ്ഞു: ഒരു വിശ്വാസി കൃഷി ചെയ്താൽ അതിൽ നിന്ന് അവൻ ഭക്ഷിക്കുന്നത് അവന് സ്വദഖയാണ്. മോഷണം പോവുന്നതും സ്വദഖയാണ്. വല്ല വിധേനയും കുറവ് വരുന്നതും സ്വദഖ തന്നെ’ .’ വിശ്വാസി കൃഷി ചെയ്തു. അതിൽ നിന്ന് മനുഷ്യനോ ജന്തുക്കളോ പറവകളോ ഭക്ഷിച്ചാൽ അത് അവന് അന്ത്യനാളിൽ ദാനമായിത്തീരുന്നതാണ്’ എന്ന ഹദീസും അതിനോട് ചേർത്ത് വായിക്കാം.

ഒരാൾ വൃക്ഷത്തൈ നടുകയും സംരക്ഷിച്ചു വളർത്തുകയും അതിന്റെ പേരിലുള്ള വിഷമതകൾ സഹിക്കുകയും ചെയ്തു. അങ്ങനെ അത് ഫലമുള്ളതായാൽ അതിന്റെ പഴങ്ങളിൽ നിന്ന് (ഏതു ജീവികൾ) ഉപയോഗപ്പെടുന്നതെല്ലാം അല്ലാഹുവിന്റെ അടുക്കൽ സ്വദഖയായിരിക്കും എന്ന ഹദീസുകളും അദ്ദേഹമുദ്ധരിക്കുന്നത് കാണാം. മരം നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഇമാം ശഅ്റാനി(റ)അൽഉഹൂദുൽ മുഹമ്മദിയ്യയിൽ എഴുതുന്നു: മനുഷ്യർക്ക് പഴവും മരത്തടിയും നൽകുന്ന വൃക്ഷങ്ങൾ നട്ടുവളർത്തുന്നതും കൃഷി ചെയ്യുന്നതും മരണാനന്തരവും പ്രതിഫലം ലഭിക്കുന്ന സ്വദഖയായി എണ്ണിപ്പറഞ്ഞുകൊണ്ട് കർഷകരെയും തോട്ടമുടമകളെയും അവയിൽ താൽപര്യം നിലനിർത്തണമെന്ന് നബി(സ) നമ്മോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുകളിലുദ്ധരിച്ച ഹദീസുകളിലൂടെ . സ്വന്തമായി കൃഷി ചെയ്താലും തൊഴിലാളികളെ വെച്ചാലും ഈ പ്രതിഫലം ലഭ്യമാണ്. പക്ഷേ, നേരിട്ട് പ്രവർത്തിക്കുന്നതാണ് കൂടുതൽ പുണ്യവും ഉപകാരപ്രദവും .

ഭൂമിയിൽ ജീവികളുടെ വാസം നിലനിൽക്കുന്ന കാലമത്രയും അവർക്കാവശ്യമായ സൗകര്യങ്ങളുണ്ടാവണം (ഫൈളുൽ ഖദീർ). അവനവൻ പ്രവർത്തിച്ചതിന്റെ മാത്രം ഗുണങ്ങൾ അനുഭവിച്ചല്ല മനുഷ്യൻ ജീവിക്കുന്നത്. മുമ്പുള്ളവർ നട്ടുപിടിപ്പിച്ചതിന്റെ ഫലമനുഭവിക്കുന്ന നാം ഇനിവരുന്നൊരു തലമുറക്ക് വേണ്ടി കൂടി കൃഷിയിലേർപ്പെടണമെന്നർഥം.

കൃഷി ഭക്ഷ്യപ്രധാനമായ ഒരുപാധിയാണ്. അതിനാൽ കൃഷി നടത്താനാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത് എന്നും നാം മനസ്സിലാക്കി. സാമൂഹ്യ ബാധ്യത (ഫർദ് കിഫായ)കളിൽ പെട്ടതാണത്. ഇമാം ഖുർത്വുബി(റ) എഴുതി: “കൃഷി സാമൂഹ്യ ബാധ്യതകളിൽ പെട്ടതാണ്. അതുകൊണ്ട് കൃഷി ചെയ്യാൻ ജനങ്ങളെ നിർബന്ധിപ്പിക്കാൻ ഭരണാധികാരി ബാധ്യസ്ഥനാണ്. മരം നട്ടുപിടിപ്പിക്കലും അപ്രകാരം തന്നെ’ (തഫ്സീർ ഖുർത്വുബി). “ഭൂമിയിലുള്ളവർ അതിൽ കൃഷി ചെയ്യട്ടെ, അല്ലെങ്കിൽ തന്റെ സഹോദരന് കൃഷി ചെയ്യാനായി നൽകട്ടെ’ (ബുഖാരി).

Also read: കാവി പതാകയും ദേശീയ പതാകയും

ഇബ്നുൽ ഹാജ്(റ) അൽ മദ്ഖലിൽ കൃഷിയെ മറ്റു സാമൂഹ്യ ബാധ്യതകളായ ജോലികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അതിന്റെ കാരണം വ്യക്തമാക്കുന്നു: “കൃഷിയാണ് ജീവിതോപാധികളിൽ മഹത്തായതും അധികം പ്രതിഫലം ലഭിക്കുന്നതുമായ ജോലി. കാരണം അതിന്റെ ഗുണഫലങ്ങൾ കർഷകനിൽ മാത്രം ഒതുങ്ങുന്നതല്ല. വിശ്വാസികളും അല്ലാത്തവരുമായ മനുഷ്യർ പക്ഷികൾ, മൃഗങ്ങൾ, പ്രാണികൾ തുടങ്ങി എല്ലാ ജീവികളിലേക്കും വ്യാപിക്കുന്നതാണത്. അവയെല്ലാം അവന്റെ കൃഷിയുടെ ഗുണമനുഭവിക്കുന്നു. ഉപകാരമെടുക്കന്നവരെ നിരീക്ഷിച്ചാൽ തോന്നുക, അവർ കൃഷി ചെയ്ത് ഭക്ഷിക്കുകയാണെന്നാണ്. ഈ വിധത്തിലാണ് കൃഷിയുടെ ഉപകാരം മറ്റുള്ളവർക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ മതനിയമങ്ങൾക്കനുസൃതമായി അത് നടക്കുന്നുവെങ്കിൽ കൃഷിയേക്കാൾ ബറകത്തുള്ളതും വിജയമുള്ളതുമായ ഒരു തൊഴിലും ഇല്ലായെന്ന് പറയാൻ കഴിയും. ഭൂമിയിൽ നിലീനമാക്കപ്പെട്ട നിധിയുടെ നിർധാരണമാണ് കൃഷി. ക്രമംപോലെ അതു നിർവഹിച്ചാൽ ബറകത്തുകൾ ലഭ്യമാവും. ഗുണങ്ങൾ വന്നുചേരും’ .കൃഷി നിലനിർത്തുന്നതിന് ഭൗതികമായ ലാഭനഷ്ടങ്ങളുടെ അടിസ്ഥാനങ്ങൾക്കപ്പുറം അതൊരു പുണ്യകർമമാണെന്ന നിലയിൽ തന്നെ മുന്നോട്ടുപോകാൻ പ്രേരകമാണീ വസ്തുതകളെല്ലാം. ഇതിനുപുറമെ, ഹരിതഭംഗി എപ്പോഴും ആർക്കും ആസ്വാദ്യകരമായ ഒന്നാണ്.

വിശുദ്ധ ഖുർആനിലും സുന്നത്തിലും ധാന്യക്കതിരും ഫലവൃക്ഷങ്ങളും നന്മയുടെ രൂപകമായി ഉപയോഗിച്ചതു കാണാം. കലിമത്തുത്തൗഹീദിനെ -സദ് വചനത്തെ -നല്ല വൃക്ഷത്തോടുപമിച്ചത് ഖുർആനിലുണ്ട് (ഇബ്റാഹിം/24). അല്ലാഹുവിനേറ്റം ഇഷ്ടമുള്ള സദ്കർമവും ഏറെ പ്രതിഫലം ലഭിക്കുന്നതുമായ കാര്യമാണ് സ്വദഖ. അതിന്റെ പ്രതിഫലവും പ്രതിഫലത്തിന്റെ വർധനവും വ്യക്തമാക്കുന്നതിനായി ധാന്യക്കതിരിനോടാണ് ഖുർആൻ ഉപമിച്ചിരിക്കുന്നത് (അൽബഖറ/21). സത്യവിശ്വാസിയെ ഈത്തപ്പനയോടുമിച്ചുകൊണ്ട് നബി(സ) നടത്തിയ ഒരുപദേശം ഇമാം ബുഖാരി ഉദ്ധരിച്ചു കാണാം.

സ്വഹാബികളും ശേഷക്കാരുമെല്ലാം ഈ നിർദേശങ്ങളുടെ അന്തസത്ത മനസ്സിലാക്കി പ്രവർത്തിച്ചവരാണ്. അബ്ദുറഹ്മാനുബ്നു ഔഫ്(റ) വലിയ സമ്പന്നനായ സ്വഹാബിയാണ്. അദ്ദേഹം തന്റെ തോട്ടത്തിൽ കൈക്കോട്ടുമായി ചെന്ന് എന്നും വെള്ളം തിരിക്കാറുണ്ടായിരുന്നു. ത്വൽഹതുബ്നു ഉബൈദില്ല(റ)യാണ് മദീനയിൽ ഗോതമ്പു കൃഷി ആരംഭിച്ചത് എന്ന് താരീഖ്ബ്നു അസാകിറിൽ കാണാം.മുസ്‌ലിം ഖലീഫമാർ അവരുടെ ഭരണകാലത്ത് കാർഷിക മേഖലാ വികസനത്തിന് നൽകിയ സേവനങ്ങൾ ചരിത്രപ്രസിദ്ധമാണ്. സ്വന്തം ജീവിതത്തിൽ തന്നെ കൃഷിയുടെ പുണ്യം നേടാൻ അവർ ശ്രമിച്ചു. മൂന്നാം ഖലീഫ ഉസ്മാൻ(റ) വാർധക്യ കാലത്തും കൃഷി ചെയ്യുന്നതു കണ്ടപ്പോൾ ആളുകൾ ചോദിച്ചു: ഈ വയസ്സുകാലത്താണോ താങ്കൾ കൃഷി ചെയ്യുന്നത്? അദ്ദേഹത്തിന്റെ മറുപടി: ഞാനൊരു നല്ല കാര്യം ചെയ്യുന്നവനായിരിക്കെ അന്ത്യം സംഭവിക്കുകയെന്നത് എനിക്കേറ്റവും ഗുണകരമാണ് (നുസ്ഹതുൽ അനാം).

സ്വഹാബിമാർ കൂട്ടുകൃഷിയിലും ഏർപ്പെട്ടിരുന്നു. ഉമാറത്ത്(റ)ന്റെ പിതാവ് ഖുസൈമ(റ)യുമായി ചേർന്ന് ഉമർ(റ) കൃഷി നടത്തുകയുണ്ടായി (ഇബ്നുജരീർ). അമീർ മുആവിയ(റ) വാർധക്യത്തിൽ കൃഷിയിലേർപ്പെട്ടതു കണ്ട് അത്ഭുതം കൂറിയവരോട് പറഞ്ഞു: മനുഷ്യൻ മരണപ്പെട്ടാൽ അവന്റെ സുകൃതങ്ങളെന്തെങ്കിലും ബാക്കി വേണമെന്നല്ലേ ?! ആ നന്മ എന്നെ പ്രചോദിപ്പിക്കുന്നു (ഫൈളുൽ ഖദീർ).

Also read: അറബ് വസന്തത്തിന്റെ 10 വര്‍ഷങ്ങള്‍

ചുരുക്കത്തിൽ കൃഷി പുണ്യപ്രവൃത്തിയാണ്; അനിവാര്യവും. അതിനാൽ അതിന്റെ നിലനിൽപിനും സംരക്ഷണത്തിനും വിശ്വാസിയെ സന്നദ്ധനാക്കുന്നു ഇസ്‌ലാം. അതോടൊപ്പം നിശ്ചിത ഇനങ്ങളിൽ അളവുതികഞ്ഞാൽ സകാത്തു നിശ്ചയിക്കുകയും ചെയ്തു. കൃഷി സംബന്ധമായ ഇടപാടിൽ അരുതായ്മകൾ വരാതെ ശ്രദ്ധിക്കുന്നതും ധാർമിക ബാധ്യതതന്നെ. പലിശയിലും ചതിയിലും പെടാത്ത വിധമാകണം കൃഷി ഭൂമി വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമെല്ലാം. കർഷകൻ അതുമായി ബന്ധപ്പെട്ട പരമ്പരാഗത – മതനിയമങ്ങൾ പഠിക്കുകയും പാലിക്കുകയും വേണം. അത്തരം നിർദ്ദേശങ്ങൾ ലംഘിക്കുന്നേടത്തോണ് ആത്മാഹുതികൾ ആവർത്തിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ആത്മഹത്യാ മുനമ്പിലേക്ക് അവരെ തള്ളിവിടുന്ന കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ ഉപരോധം സൃഷ്ടിക്കാനായില്ലെങ്കിലും ഐക്യദാർഡ്യം പ്രഖ്യാപിക്കാനെങ്കിലും നമുക്കാവണം.

(ഡിസം: 23 ദേശീയ കർഷക ദിനം )

Related Articles