Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ: ചരിത്ര സ്മരണയും ജീവിത സംസ്‌കരണവും

മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ അവിസ്മരണീയമായൊരു വഴിത്തിരിവാണ് ഹിജ്‌റ, മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം. ആദര്‍ശ പ്രബോധനത്തിന് കൂടുതല്‍ സുരക്ഷിതവും സമാധാനാന്തരീക്ഷവുമുള്ള സ്ഥലാന്വേഷണത്തില്‍ അബ്‌സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷം നബി കണ്ടെത്തിയതാണ് യഥ്‌രിബെന്ന മദീനയെ. യഥ്‌രിബ് മദീനത്തുന്നബിയായി വളരുന്നതിന്റെ തുടക്കമായിരുന്നു ഹിജ്‌റ. താന്‍ പ്രബോധനം ചെയ്തുകൊണ്ടിരുന്ന ആദര്‍ശത്തെ പ്രയോഗവല്‍കരിക്കാനും അതിന്റെ മാതൃകകള്‍ സൃഷ്ടിച്ചെടുക്കാനുമുള്ളൊരു ഭൂമിക തേടലായിരുന്നു ഹിജ്‌റ.

ഹിജ്‌റയെന്ന പലായനം ഖുര്‍ആനിലും സുന്നത്തിലും ധാരാളം പരാമര്‍ശിച്ച് കാണാം. ഖുര്‍ആനില്‍ ഹിജ്‌റ പോകാനുള്ള കല്‍പനകള്‍ കാണാം (അന്നിസാഅ്-97). പ്രവാചകന്റെ കൂടെ ഹിജ്‌റ പോകാതെ മക്കയില്‍ അവശേഷിച്ചവരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ഹിജ്‌റ പോയവര്‍ക്ക് (മഹാജിറുകള്‍ക്ക്) ഉള്ള ശ്രേഷ്ഠതകള്‍, അവരുടെ പ്രതിഫലങ്ങള്‍, അവരുടെ വിശേഷണങ്ങള്‍ ഇങ്ങനെ പലരീതിയില്‍ ഖുര്‍ആന്‍ ഹിജ്‌റയെ കുറിച്ച് സംസാരിക്കുന്നുണ്ട്. സൂറത്തുന്നിസാഅ് 97ാം ആയത്തില്‍ ഹിജ്‌റ പോകാത്തവരുടെ റൂഹ് പിടിക്കുമ്പോള്‍ മലക്കുകളുമായുള്ള സംഭാഷണ രൂപത്തിലാണ് കാര്യങ്ങള്‍ വിവരിക്കുന്നത്. ‘സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: ”നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?” അവര്‍ പറയും: ”ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.” മലക്കുകള്‍ ചോദിക്കും: ”അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?” അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!’ ഈ ആയത്തിന്റെ വിശദീകരണത്തില്‍ പ്രാമാണിക പണ്ഡിതന്മാര്‍ പല അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നുണ്ട്. സ്വഹാബികളിലെ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അബ്ബാസ്(റ) മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയാണ് ഇവിടെ ഉദ്ദേശ്യം എന്നാണ് പറയുന്നത്. അടിച്ചമര്‍ത്തപ്പെടുന്ന ഭൂമി എന്നത് മക്കയും, വിശാലമായ ഭൂമി എന്നതുകൊണ്ടുദ്ദേശ്യം മദീനയുമാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ഈ ആയത്തിന്റെ അവതരണ കാരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇത് മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. നബിക്ക് കൂടെ മദീനയിലേക്ക് വരാതെ മക്കയില്‍ അവശേഷിക്കുകയും കൊല്ലപ്പെടുകയും ചെയ്ത ചിലരെ കുറിച്ചാണ് ഈ ആയത്ത് ഇറങ്ങിയതെന്ന് ഇബ്‌നു അബ്ബാസ്, ഇക്‌രിമ, ളഹ്ഹാക്, സുദ്ദി എന്നിവരില്‍ നിന്ന് രിവായത്തുകളുണ്ട്. ഇമാം ബുഖാരി ഈ അഭിപ്രായത്തെ പിന്തുണക്കുന്ന ഒരു സംഭവം ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. (തഫ്‌സീര്‍ ഇബ്‌നു കസീര്‍) പീഡനവും വിശ്വാസം സംരക്ഷിക്കാന്‍ പാടുപെടുന്നവരുമായ എല്ലാ മുസ്‌ലിംകള്‍ക്കും ഈ ആയത്ത് പൊതുവില്‍ ബാധകമാണെന്ന് അഭിപ്രായമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമുണ്ട്.

ഹദീസുകളില്‍ നാല് തരത്തില്‍ ഹിജ്‌റ പരാമര്‍ശിക്കപ്പെട്ടത് കാണാം.
ഒന്ന്, ഹിജ്‌റയെ കുറിച്ചുള്ള പൊതു പ്രസ്താവനകള്‍. ഉദാഹരണത്തിന്, ‘അല്ലാഹു നിരോധിച്ചത് വെടിയുന്നവനാണ് മുഹാജിര്‍’ (ബുഖാരി), ‘പ്രയാസ സമയത്തുള്ള ഇബാദത്ത് എന്നിലേക്കുള്ള ഹിജ്‌റ പോലെയാണ്’ (മുസ്‌ലിം).
രണ്ട്, ഹിജ്‌റയുടെയും മഹാജിറുകളുടെയും ശ്രേഷ്ഠതകള്‍. ഹിജ്‌റക്ക് മുമ്പുള്ള പാപങ്ങളെല്ലാം അത് മായ്ചുകളയും (അഹ്മദ്), ഹിജ്‌റക്ക് സമമായൊന്നുമില്ല തുടങ്ങിയ ഹദീസുകള്‍ ഉദാഹണം.
മൂന്ന്, മക്കാവിജയത്തിന് ശേഷം ഹിജ്‌റയില്ല എന്ന ഹദീസ്. (ബുഖാരി, മുസ്‌ലിം) ഇത് ഹിജ്‌റ പ്രത്യേക കാലത്തേക്കുള്ളതായിരുന്നെന്ന് വ്യക്തമാക്കുന്നതാണ്.
നാല്, ഹിജ്‌റ അന്ത്യനാള്‍വരെ തുടരുമെന്ന ഹദീസ്. (ബാഹഖി, അബൂദാവൂദ്, ദാരിമി) ഇത് ഹിജ്‌റ അവസാനിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. അവസാന രണ്ട് ഹദീസുകള്‍ വൈരുദ്ധ്യാര്‍ഥമാണ് ഉള്‍കൊള്ളുന്നത്.

നേരത്തെ പറഞ്ഞ ആയത്തുകളെയും ഹദീസുകളെയും കൂട്ടിവായിക്കുമ്പോളും അവസാനം പറഞ്ഞ വൈരുദ്ധ്യാര്‍ഥത്തിലുള്ള രണ്ട് ഹദീസുകളെ ജംഅ് ചെയ്യാന്‍ (ഒന്നിച്ച് മനസ്സിലാക്കാന്‍) ശ്രമിക്കുമ്പോഴും മനസ്സിലാകുന്ന കാര്യം ഹിജ്‌റയെ രണ്ട് തരത്തില്‍ മനസ്സിലാക്കാമെന്നതാണ്. നിര്‍ബന്ധ ഹിജ്‌റയെന്നത് മക്കയില്‍ നിന്ന് മദീനയിലേക്കായിരുന്നു. അത് കഴിഞ്ഞു. ഇനിയുള്ളത് ചില ഹദീസുകളില്‍ വ്യക്തമാക്കിയതുപോലെ അല്ലാഹുവിനോടുള്ള അനുസരണത്തില്‍ കഴിയുന്നതിലുള്ള ത്യാഗ പരിശ്രമങ്ങളാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുന്നേറാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് അല്ലാഹു പുതിയ തുറവികളും ഭൂമിയില്‍ വിശാലതയും നല്‍കുമെന്നാകാം മുഹാജിറുകള്‍ക്ക് പുതിയ വഴികള്‍ തുറക്കുമെന്നതിന്റെ ഉദ്ദേശ്യം. (അന്നിസാഅ്-100)

ആധുനിക കാലത്തെ ഹിജ്‌റയുടെ പ്രസക്തിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മുഹമ്മദ് അസദ് മുന്നോട്ടുവെക്കുന്ന വീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. ‘ഖുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്ന ഹിജ്‌റ രണ്ട് ആശയങ്ങളിലാണ്. ഒന്ന്, ചരിത്രപരമാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് മുഹമ്മദ് നബിയും സ്വഹാബത്തും നടത്തിയ ഹിജ്‌റയാണിത്. രണ്ട്, ധാര്‍മികമായ ചില സൂചനകള്‍ കൂടിയുള്ള ഹിജ്‌റയാണ് മറ്റൊന്ന്. പൈശാചികതകളില്‍നിന്ന് അല്ലാഹുവിലേക്കുള്ള മനുഷ്യന്റെ പലായനമാണത്. ഭൗതികാര്‍ഥത്തില്‍ ഭൂമിശാസ്ത്രപരമായ നാടുപേക്ഷിക്കലോ പലായനമോ അതിന് നിര്‍ബന്ധമില്ല. ഭൂമിശാസ്ത്ര പരമായ നാടുപേക്ഷിക്കല്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് നബിയും സ്വഹാബത്തും പോയി മക്കാവിജയം നടന്നതോടെ അവസാനിച്ചു. എന്നാല്‍ പൈശാചിക വൃത്തികളില്‍ നിന്നും പ്രേരണകളില്‍നിന്നും രക്ഷ തേടി അല്ലാഹുവിലേക്കുള്ള തീര്‍ഥാടനം അനുസ്യൂതം തുടരും. അതില്ലാതെ വിശ്വാസികളുടെ വിശ്വാസത്തിന്റെ പൂര്‍ണത തന്നെ ചോദ്യം ചെയ്യപ്പെടും.’ (ദ മെസേജ് ഓഫ് ദ ഖുര്‍ആന്‍: ട്രാന്‍സ്ലേറ്റഡ് ആന്‍് എക്‌സപ്ലെയ്ന്‍ഡ്, ഉദ്ധരണം: ഡോ. സഫറുല്‍ ഇസ്‌ലാം ഖന്റെ ഹിജ്‌റ ഇന്‍ ഇസ്‌ലാം)

ഖുര്‍ആന്‍ ആയത്തുകളെയും ഹദീസുകളെയും കൂട്ടിവായിക്കുമ്പോള്‍ ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ പുലര്‍ത്തേണ്ട അനിവാര്യമായ ഈ ഹിജ്‌റയുടെ സാരാംശം നമുക്ക് ഗ്രഹിക്കാം. അതോടൊപ്പം തെറ്റായ മാര്‍ഗത്തില്‍ നിന്ന് ദൈവമാര്‍ഗത്തിലേക്കുള്ള തീര്‍ഥാടനത്തില്‍ സ്വാഭാവികമായും സഹിക്കേണ്ടിവരുന്ന വലിയ ത്യാഗങ്ങളും പ്രതിസന്ധികളും പഠിക്കാനും ആസൂത്രണത്തിലും നേതൃത്വത്തിലും ഹിജ്‌റയിലുള്ള മാതൃകകള്‍ മനസ്സിലാക്കാനും നബി(സ)യുടെയും സ്വഹാബത്തിന്റെയും മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്‌റയെ വൈകാരികമായി ഉള്‍കൊള്ളാനും നമുക്കാവണം. അപ്പോഴാണ് പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ കര്‍മപാതയില്‍ നമുക്ക് വിജയം വരിക്കാനാവുക.

Related Articles