Current Date

Search
Close this search box.
Search
Close this search box.

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനത്തിനു പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവം ആരംഭിച്ചിരുന്നു. അത് മൂലം കേരളത്തിലെ പിന്നോക്ക ജാതിസമുദായങ്ങൾക്കിടയിൽ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകൾ ഉണ്ടായി വരികയും ചെയ്തു. നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് കേന്ദ്രീകൃത രാജവംശങ്ങൾ നിലവിൽ വന്നത് നാടുവാഴിത്തത്തെ ദുർബലപ്പെടുത്തി. കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം വരേണ്യവിഭാഗങ്ങൾക്ക് അധികാരത്തിന്മേലുള്ള സ്വാധീനം ദുർബലപ്പെടുത്തുകയും ചെയ്തു. ഉത്തരേന്ത്യയിൽ നിന്ന് വിഭിന്നമായി കേരളത്തിലെ നവോത്ഥാനം കീഴാളവർഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. ജാതി നവീകരിക്കുന്നതിനേക്കാൾ അവരുടെ ഊന്നൽ ജാതി സമ്പ്രദായത്തിന് അന്ത്യംകുറിക്കുന്നതിലായിരുന്നു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ജാതി ഇന്നും വലിയ പ്രശ്നമാണ്. പക്ഷെ കേരളത്തിൽ അത് അത്ര വലിയ ദുരിതം വിതക്കാത്തതിന്റെ കാരണം നേരത്തെ പറഞ്ഞ നവോത്ഥാനം തന്നെ. ഉത്തരേന്ത്യയിൽ നവോത്ഥാനതിനു നേതൃത്വം നൽകിയത് ഉന്നത ജാതിക്കാരാണ്. അത് കൊണ്ട് തന്നെ സാമൂഹിക പരിഷ്കാരങ്ങൾ അവരിൽ തന്നെ അവസാനിച്ചു. അയ്യൻ‌കാളി ശ്രീ നാരാണന ഗുരു എന്നിവരിൽ നിന്നാണ് കേരളത്തിൽ അത് ആരംഭിച്ചത്. അത് കൊണ്ട് തന്നെ അതിന്റെ ഗുണം മൊത്തം സമൂഹത്തിനു ലഭിച്ചു. കേരള നവോഥാനത്തിൽ മതങ്ങളും മുഖ്യമായ സ്ഥാനം അലങ്കരിച്ചു. വക്കം അബ്ദുൾഖാദർ മൗലവിയെ പോലുള്ളവർ അതിന്റെ ചരിത്ര പരമായ തെളിവുകളാണ്. കേരള നവോത്ഥാനം വിജയം വരിക്കാൻ കാരണം ഒരേ സമയം ഹിന്ദു മുസ്ലിം സമൂഹങ്ങളിൽ അതിനു സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്നത് കൊണ്ടാണ്. കേരള സമൂഹത്തിൽ നിന്നും ജന്മിത്തം ഇല്ലാതാക്കാൻ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്ര പരമായ കടമ നിർവഹിച്ചിട്ടുണ്ട്. കേരള നവോത്ഥാനം വാസ്തവത്തിൽ ആരംഭിക്കുന്നത് ഭക്തി പ്രസ്ഥാനത്തിൽ നിന്നാണെന്നു പൊതുവേ മനസ്സിലാക്കപ്പെടുന്നു.

ചരിത്രാതീത കാലം മുതലേ ഇന്ത്യ മതങ്ങളുമായി ബന്ധപ്പെട്ട നാടാണ്. നമ്മുടെ മതേതരത്വം പോലും ഈ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതെ സമയം പടിഞ്ഞാറൻ മതേതരത്വം പൂര്ണമായും മതത്തെ നിരാകരിക്കുന്നതും. അത് കൊണ്ട് തന്നെ മതങ്ങളെയും വിശ്വാസങ്ങളെയും പരിഗണിച്ചേ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയൂ. അത് മനസ്സിലാക്കാൻ ഇന്ത്യൻ കമ്യുണിസ്റ്റുകൾക്ക് വർഷങ്ങൾ വേണ്ടിവന്നു എന്നതാണ് പുതിയ കാലം ഓർമ്മിപ്പിക്കുന്നത്. നേർക്ക്‌ നേരെ ദൈവ നിഷേധം പറയില്ലെങ്കിലും മാർക്സിയൻ തത്വങ്ങൾ ദൈവ നിഷേധം തന്നെയാണ്. പ്രപഞ്ചത്തിൻറെ ഉൽപ്പത്തി വികസനം മാറ്റങ്ങൾ എന്നിവയുടെ വിശദീകരണം പദാർത്ഥവുമായി ബന്ധപ്പെട്ടാണ് മാർക്സിയൻ തത്വ ചിന്തകർ വിശദീകരിക്കാൻ ശ്രമിച്ചത്. ദൈവം എന്നൊരു പ്രതിഭാസത്തെ പൂർണമായും തള്ളിപ്പറയുന്ന ഒന്നായി അതിനെ മനസ്സിലാക്കാം. ഇന്ത്യൻ സാഹചര്യത്തിൽ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ കടന്നു വന്നത് പോരാട്ടങ്ങളിലൂടെയാണ്. നേരത്തെ പറഞ്ഞ ജാതി വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഫ്യൂഡൽ വ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ടാണ് അവർ പോരാട്ടം ആരംഭിച്ചത്.

ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ രാഷ്ട്രീയമായി പല ചേരിയിൽ നിലകൊണ്ടു. അതിന്റെ രാഷ്ട്രീയ മുഖമായി ഇന്ത്യയിൽ സി പി ഐ നിലവിൽ വന്നു. അവരിൽ നിന്നും തെറ്റിപ്പിരിഞ്ഞു 1964 ൽ സി പി എം രൂപം കൊണ്ടു. ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി. ജനകീയ ജനാധിപത്യ വിപ്ലവം എന്നതാണ് എല്ലാ കാലത്തും ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടികൾ കൊണ്ട് നടന്ന ആശയം. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സി.പി.ഐ. (എം) പ്രവർത്തിക്കുന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് സി.പി.എംമിന്റെ ആത്യന്തികമായ ലക്ഷ്യം. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന നിവലിലുള്ള വ്യവസ്ഥിതി ഇല്ലാതെയാക്കുവാനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നുമാണ് സി.പി.ഐ. (എം)-ന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന്.

മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കപ്പെടുന്നത് വൈരുദ്ധ്യാത്മക ഭൗതികവാദമാണ് . ഇന്ത്യൻ സാഹചര്യത്തിൽ ഈ അടിസ്ഥാനം അപ്രസക്തമായ ഒന്നാണ് എന്ന് പാർട്ടിയുടെ സൈദ്ധാന്തികനായ ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെടുന്നത് . കേരള നവോത്ഥാനത്തെ ഒരു മത രഹിത പോരാട്ടമായി അടയാളപ്പെടുത്താൻ കമ്യുണിസ്റ്റ് ബുദ്ധിജീവികൾ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിൽ നിലനിൽക്കുന്ന, അർദ്ധഫ്യൂഡൽ വ്യവസ്ഥിതിയെ മാർക്സിയൻ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാൻ കഴിഞ്ഞു എന്നതാണ് ഇ എം എസിനെ കുറിച്ച് പറഞ്ഞു വരുന്ന ശ്രദ്ധേയമായ കാര്യം. മുൻ കാലങ്ങളിൽ നടത്തിയ ചരിത്ര വ്യാഖ്യാനങ്ങൾ ഇന്ത്യൻ സാഹചര്യത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന തിരിച്ചറിവിന് പാർട്ടി പതിറ്റാണ്ടുകൾ എടുത്തു എന്നത് ചെറിയ കാലമല്ല എന്ന് കൂടി ചേർത്ത് വായിക്കണം.

എന്ത് കൊണ്ട് പാർട്ടി ഒരു മാറ്റം ആഗ്രഹിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്‌. ശബരിമല വിഷയം കേരള രാഷ്ട്രീയത്തിൽ ഇനിയും കൂടുതൽ ചർച്ച ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം ഒരു മതപരമായ ആചാരത്തിന്റെ കൂടി വിഷയമാണ്‌. മത വിശ്വാസത്തിന്റെ അടിസ്ഥാനം സാമൂഹിക തിന്മയായി മാറുമ്പോൾ ഇടപെടാൻ നാട്ടിലെ ഭരണ കൂടങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ശബരിമലയിലെ ആചാരം സ്ത്രീ വിരുദ്ധം എന്ന് പറയാൻ കഴിയില്ല . ശബരി മല വിഷയത്തിൽ കോടതി വിധി നടപ്പാക്കുക എന്നത് സർക്കാരിന്റെ വിഷയമാണ്‌. സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയ സർക്കാരാണ് പിണറായി സർക്കാർ. ഇപ്പോഴുള്ള അവസ്ഥയിൽ പാർട്ടിക്ക് വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ട്. ഒന്നാമത്തെ വിഷയം പ്രത്യയശാസ്ത്രം തന്നെ. അതിനെ മറികടന്നാൽ ഹിന്ദുത്വം ആർ എസ് എസിനെക്കാൾ സമർത്ഥമായി നടപ്പാക്കാൻ സി പി എമ്മിന് കഴിയും. ഇസ്ലാമോഫോബിയയുടെ കേരളത്തിലെ വാക്താക്കൾ എന്ന നിലയിൽ അവർക്ക് അതൊരു പ്രയാസമുള്ള കാര്യമാകില്ല. ചുരുക്കത്തിൽ ഒരു വലിയ മാറ്റതിനാണ് സി പി എം കോപ്പ് കൂട്ടുന്നത്‌. തകരാനുള്ളത് തകരുക എന്നതു ഒരു പുതിയ കാര്യമല്ല. “ പറയുക സത്യം വന്നു അസത്യം തകർന്നു. അസത്യം തകരാനുള്ളത് തന്നെയാണ്”.

Related Articles