Current Date

Search
Close this search box.
Search
Close this search box.

പരിഷ്കരണം ആവശ്യപ്പെടുന്ന തെരെഞ്ഞെടുപ്പ് സംവിധാനം

ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യത്തിൻറെ കോവിൽ വിരാജിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന യുക്തിയോട് കൂടിയായ ഒരു ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലുള്ളത്. തെരെഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക്, അനായസേന അധികാരപീഠത്തിലേക്ക് കയറിവരാനുള്ള സംവിധാനം ഇത് വരേയും നമ്മുടെ രാജ്യത്തുണ്ട്. ലോകത്തിന് മുന്നിൽ മാതൃകയാണെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കൻ ജനാധിപത്യത്തിൻറെ ബലഹീനത, ട്രംപ് അധികാരത്തിൽ നിന്ന് ഇറങ്ങുന്ന നിമിഷം ലോകം കണ്ടതാണ്. അതുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യൻ ജനാധിപത്യം നേടിഎടുത്ത വിശ്വാസ്യതയും ആർജ്ജവവും എടുത്ത്പറയതക്കതാണ്.

ഏതൊരു സംവിധാനവും കാലത്തിനനുസരിച്ച് പരിഷ്കരിക്കാതിരുന്നാൽ, അത് ചിതലരിക്കുകയും കാലത്തെ അതിജീവിക്കാൻ കഴിയാതെ ജീർണ്ണതയിലേക്ക് നീങ്ങുകയും ചെയ്യും. ഇതിനെ അതിജീവിക്കാനുള്ള പരിഷ്കാര മാർഗ്ഗങ്ങളെ കുറിച്ച് നിരന്തരമായ ചർച്ചകളും ആലോചനകളും അനിവാര്യമാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചേടുത്തോളം അതിൽ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു. ഒന്ന്, അധികാര സ്ഥാനങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യവും, രണ്ട്, ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്തലാണ്.

ഇസ്റായേൽ, ഇറാൻ,ഇറാഖ്,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പാർലമെൻറിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് മതിയായ സംവരണവും പ്രാതിനിധ്യവും നൽകുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, നമ്മുടെ രാജ്യത്തെ നിയമ നിർമ്മാണ സഭകളിൽ, മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മുമ്പുള്ളതിനെക്കാൾ കുറഞ്ഞ പ്രാധിനിത്യം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ കാര്യവും വിത്യസ്തമല്ല. ഈ രണ്ട് വിഭാഗങ്ങളും പുറംന്തള്ളപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്തും.

ഇന്ത്യൻ തെരെഞ്ഞെടുപ്പ് സംവിധാനത്തിൽ സൃഷ്ടിക്കേണ്ട മറ്റു പരിഷ്കാരങ്ങൾ സാങ്കേതികമായ കാര്യങ്ങളാണ്. സ്ഥാനാർത്ഥികൾ ആവർത്തിച്ച് തെരെഞ്ഞെടുപ്പ് ഗോഥയിലിറങ്ങുന്നത് തടയാനുള്ള നിയമം അനിവാര്യമാണ്. ഇത് യുവാക്കളുടെ കർമ്മവീര്യം വർധിപ്പിക്കാൻ സഹായിക്കും. സകല തൊഴിൽ മേഖലയിലും ഇന്ന് ജോലിയിൽ നിന്ന് വിരമിക്കൽ പ്രായപരിധി ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തിൻറെ ഭാഗമായി മാറിയിരിക്കുന്നൂ. എന്ത്കൊണ്ട് സ്ഥാനാർത്ഥികൾക്ക് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ച് കൂടാ? ആയുസ്സ് ഉള്ളത്രയും കാലം നേതാവ് തന്നെ മൽസരിക്കണമെന്നില്ലല്ലോ? സാമാജിക മെമ്പറെന്ന നിലയിൽ ഒരേ വ്യക്തി തന്നെ എത്ര തവണയാണ് പെൻഷൻ കൈപ്പറ്റുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഇതിൻറെ ബീഭൽസത ബോധ്യമാവുക.

തെരെഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവുന്ന മറ്റൊരു ദുഷ്പ്രവണതയാണ് നിലവിലുള്ള പദവികളിൽ നിന്ന് രാജിവെച്ച്, കൂടുതൽ അധികാരം ലഭിക്കുന്നേടെത്തേക്ക് കൂടുമാറൽ. അവിടെ വീണ്ടും തെരെഞ്ഞെടുപ്പും അനുബന്ധ മാമാങ്കങ്ങളും അരങ്ങ് തകർക്കുന്നു. ഈ ആർഭാടത്തിന് തടയിടാൻ നമൂക്ക് ഇനിയും സമയമായില്ലേ? അത്പോലെ തെരെഞ്ഞെടുപ്പ് രംഗം പരിഷ്കരിക്കേണ്ട, അടിയന്തര പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് ഒരേ സ്ഥാനാർത്ഥി രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുക എന്നത്. ഒരുതരം അഹങ്കാരം എന്നല്ലാതെ ഇതിനെ കുറിച്ച് മറ്റെന്താണ് വിശേഷിപ്പിക്കുക?

കാര്യക്ഷമമായ വോട്ടർ ലിസ്റ്റ് നടപ്പാക്കുക എന്നതാണ് നമ്മുടെ തെരെഞ്ഞെടുപ്പ് സംവിധാനം ആവശ്യപ്പെടുന്ന മറ്റൊരു പരിഷ്കരണം. ഇരട്ടവോട്ടുകൾ തെരെഞ്ഞെടുപ്പിൻറെ വിശ്വാസതക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കേരളം പോലെ ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളിൽ പോലും ഇരട്ടവോട്ട് തട്ടിപ്പ് നിലനിൽക്കുന്നുണ്ടെങ്കിൽ, മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. വോട്ടിംഗ് സംവിധാനത്തെ തന്നെ പരിഹസിക്കുന്ന ഇരട്ടവോട്ട് ഒഴിവാക്കിയേ പറ്റൂ. തെരെഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി നടക്കുന്നുണ്ട്്. ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കാൻ ഇടയാക്കും.

ഇന്ത്യൻ ജനാധിപത്യത്തെ പണാധിപത്യം അപഹരിക്കുന്ന രീതിയായ ഇലക്ഷൻ ബോണ്ടിൻറെ കാര്യത്തിലും പരിഷ്കരണം അനിവാര്യമാണ്. രാഷ്ട്രീയ പാർട്ടികൾ പണം വിരിപ്പിക്കുന്നതിന് കഴിഞ്ഞ മൂന്ന് വർഷമായി സ്വീകരിച്ച് വരുന്ന രീതിയാണ് ഇലക്ഷൻ ബോണ്ട് രീതി. രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റ് കമ്പനികളിൽ നിന്നും വിദേശത്ത് നിന്നും പരിധികളില്ലാതെ ബോണ്ട് സ്വീകരിക്കാം. ഇത് പണാധിപത്യത്തിന് വഴിവെക്കുമെന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്. തൊന്നൂറ്റൊമ്പത് ശതമാനം ഇതിൻറെ ആനുകൂല്യം ഫാസിസ്റ്റ് പാർട്ടിയായ ബി.ജെ.പി.ക്കാണ് ലഭിക്കുന്നത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെ കുറിച്ച്, അത് നടപ്പാക്കാൻ തുടങ്ങിയത് മുതൽ ഇന്ന് വരേയും, വ്യാപകമായ പരാതികളാണ് ഉന്നയിക്കപ്പെട്ട്കൊണ്ടിരിക്കുന്നത്. ആർക്ക് വോട്ട് ചെയ്താലും താമര വിരിയുന്ന വിചിത്ര അവസ്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇ.വി.എം.മെഷിൻ അശ്രദ്ധയിൽ ഉപേക്ഷിക്കപ്പെടുന്നത് ഗൗരവമായി കാണണം. പ്രവാസികളുടെ വോട്ടവകാശം അടഞ്ഞ അധ്യായമായി കഴിഞ്ഞിരിക്കുന്നു. 24 ലക്ഷം കേരള പ്രവാസികളിൽ 93,415 പേർ മാത്രമാണ് വോട്ടർ പട്ടികയിലുള്ളത്. ഓരോ തെരെഞ്ഞെടുപ്പ് വരുമ്പോഴും പ്രവാസി വോട്ടവകാശം ചർച്ചക്ക് വരുമെങ്കിലും, വഞ്ചി തിരുനക്കര തന്നെ.

ഭരണകക്ഷികളുടെ നിക്ഷിപ്ത താൽപര്യമനുസരിച്ച്, ഇപ്പോൾ നടന്ന് വരുന്ന മണ്ഡലങ്ങളുടെ അശാസ്ത്രീയമായ വിഭജനങ്ങൾക്കും കടിഞ്ഞാൻ ഉണ്ടാവേണ്ടതുണ്ട്. വാരിക്കോരി നൽകുന്ന പ്രകടനപത്രികകൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേമാക്കാനുള്ള സംവിധാനം നമ്മുടെ ജനാധിപത്യ വ്യവസ്ഥതിയിൽ അനിവര്യമാണ്. ജനങ്ങളുടെ മുതുകിൽ വമ്പിച്ച കടബാധ്യതകളാണ് ഓരോ ഭരണകക്ഷിയും വരുത്തിവെക്കുന്നത്. തെരെഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ സൃഷ്ടിക്കുന്ന വർഗ്ഗീയധ്രുവീകരണത്തിനും നിരോധം ഉണ്ടാവണം.

ഒരു സാധാരണക്കാൻറെ കണ്ണിലൂടെ നോക്കുമ്പോൾ തന്നെ, ഇത്തരം നിർണ്ണായകമായ പരിഷ്കരണങ്ങൾ പ്രസക്തമാണെങ്കിൽ, ഇതിന് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്മാർ നമ്മുടെ തെരെഞ്ഞെടുപ്പ് സമ്പ്രദായത്തിലെ പോരായ്മകളെ കുറിച്ച് കൂലംങ്കഷമായി ചിന്തിച്ചാൽ, പല പരിഷ്കാരങ്ങൾ ആവിഷ്കരിക്കാനും ലോകത്തിന് തന്നെ മാതൃക കാണിച്ച്കൊടുക്കാനും സാധിക്കുന്നതാണ്. സർവ്വോപരി, ഇന്ത്യൻ ജനാധിപത്യം ചിതലരിക്കാതെ സംരക്ഷിക്കാനും ഇത്തരം പരിഷ്കരണങ്ങൾക്ക് സാധിക്കും.

രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ ഭരണപക്ഷത്തുള്ള പാർട്ടികൾ ഇത്തരം പരിഷ്കരണങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുക സ്വാഭാവികമാണ്. കാരണം അവരാണ് അതിൻറെ പ്രയോജകർ. ഉദ്ബുദ്ധരായ പൊതുജനങ്ങൾ കാലാനുസൃതമായ തെരെഞ്ഞെടുപ്പ് പരിഷ്കരണങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടിയാൽ മാത്രമേ നമ്മുടെ ജനാധിപത്യ സംവിധാനത്തെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. അത്തരം ബഹുജന സമ്മർദ്ധം അധികാരത്തിലൂള്ളവരുടെ കണ്ണ് തുറപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Related Articles