Current Date

Search
Close this search box.
Search
Close this search box.

ഈ പെരുന്നാള്‍ ദുരിതബാധിതര്‍ക്കൊപ്പം

കേരള സംസ്ഥാനം കടന്നു പോകുന്ന ദുരന്തം നമുക്കു മുമ്പ് പരിചിതമല്ല. അതിനിടയിലാണ് ഹജ്ജും പെരുന്നാളും കടന്നു വരുന്നത്. ത്യാഗത്തിന്റെ അവസാന വാക്കായ ഇബ്രാഹിം പ്രവാചകന്‍ കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്ന സുദിനങ്ങള്‍. ഇബ്രാഹിം നബിക്കു അള്ളാഹു നല്‍കിയ ഒരു വിശേഷണം ‘അല്ലാഹുവിന്റെ കൂട്ടുകാരന്‍’ എന്നായിരുന്നു. അല്ലാഹുമായുള്ള ബന്ധം വര്‍ധിക്കുമ്പോള്‍ പരീക്ഷണം വര്‍ധിക്കുന്നു എന്നാണു പ്രമാണം.

പെരുന്നാള്‍ ആഘോഷിക്കാനുള്ള സമയമാണ്. വിശ്വാസികളുടെ രണ്ടു ആഘോഷങ്ങളില്‍ ഒന്ന്. പക്ഷെ വിശ്വാസികള്‍ക്ക് ഇത് ആഘോഷിക്കാനുള്ള സമയമല്ല. കാരണം അവരുടെ ചുറ്റുഭാഗവും ദുരിതമനുഭവിക്കുന്നവരുടെ വിലാപമാണ്. അപ്പോള്‍ എങ്ങിനെയാണ് അവര്‍ക്കു മനസ്സറിഞ്ഞു ആഘോഷിക്കാന്‍ കഴിയുക. അതിനാല്‍ വിശ്വാസികള്‍ പെരുന്നാളിനും ദുരിത ബാധിതരോട് കൂടെയാകും. അല്ലാഹുവിന്റെ സഹായം ലഭിക്കാന്‍ സമസൃഷ്ടികളെ സഹായിക്കുക’ എന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്. ‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കലാണ് ആകാശത്തുള്ളവന്റെ കരുണ ലഭിക്കാന്‍ വേണ്ടത്’ എന്നതും വിശ്വാസികള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഇത് സേവനത്തിനുള്ള സമയമാണ്.

എന്താണ് ഗിരിമാര്‍ഗം എന്നത് ഖുര്‍ആന്‍ ഇങ്ങിനെ വിശദീകരിക്കുന്നു ‘പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടാന്‍ തയാറായില്ല. ദുര്‍ഘടമായ മാര്‍ഗമെന്തെന്ന് നിനക്കെന്തറിയാം? ഒരു പിരടിയെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്കോ വശംകെട്ട അഗതിക്കോ അന്നം കൊടുക്കുക.’ ദുര്‍ഘടമായ വഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. ആ വഴി താണ്ടി കടക്കാന്‍ സമൂഹത്തെ നാം സഹായിക്കണം. അതാണ് വിശ്വാസികളുടെ ഇക്കൊല്ലത്തെ പെരുന്നാള്‍. സാമൂഹിക ബോധമില്ലാത്ത മതം ഒരു ഭാരമാണ്. അല്ലാഹുവുമായുള്ള ബന്ധം വര്‍ധിപ്പിക്കുക എന്നതിന്റെ മറ്റൊരു വശമാണ് മനുഷ്യരുമായുള്ള ബന്ധം വര്‍ധിപ്പിക്കുക എന്നതും. അല്ലാഹുവുമായുള്ള ബന്ധത്തില്‍ നിന്നും പ്രചോദിതമായ സാമൂഹിക പ്രവര്‍ത്തനം കൊണ്ട് മാത്രമേ ദീന്‍ പൂര്‍ത്തിയാവൂ. അതിനുള്ള അവസരമായി ഈ പെരുന്നാളിനെ നാം ഉപയോഗപ്പെടുത്തുക.

അവിടെയാണ് ഇബ്രാഹിം നബി ഓര്‍മ്മിക്കപ്പെടുക. ത്യാഗത്തിന്റെ പര്യായമാണ് ആ പ്രവാചകന്‍. അനുസരണത്തിന്റെയും. ത്യാഗപൂര്‍ണമായ ജീവിതം കൊണ്ട് ദീനിനെ അടയാളപ്പെടുത്താന്‍ ഈ പെരുന്നാള്‍ നമുക്ക് പ്രചോദനമാകട്ടെ. ഏവര്‍ക്കും ബലിപെരുന്നാള്‍ നന്മകള്‍…..

Related Articles