Current Date

Search
Close this search box.
Search
Close this search box.

കോൺ​ഗ്രസുകാരുടെ “ ശാന്തി സമ്മേളനം”

പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ യോഗത്തെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ് പദമാണ് “ Conclave”. രഹസ്യ യോഗം എന്നും അതിനു അർഥം പറയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വാക്ക് കുറച്ചു ദിവസമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. കോണ്ഗ്രസ് പാർട്ടിയിലെ മുതിർന്ന കുറെ നേതാക്കൾ കഴിഞ്ഞ ദിവസം ജമ്മുവിൽ വെച്ച് “ ശാന്തി സമ്മേളനം” എന്നൊരു കൂടിച്ചേരൽ നടത്തിയിരുന്നു. പാർട്ടിയുമായി വിഘടിച്ചു നിൽക്കുന്നു എന്നതിനേക്കാൾ പാർട്ടിയുടെ വർത്തമാന സാഹചര്യങ്ങളെ മാറ്റിയെടുക്കണം എന്ന പേരിൽ ഒത്തു ചേർന്ന ഇരുപത്തിമൂന്ന് പേരെ “ G 23 “ എന്ന ചുരുക്കപ്പേരിലാണ് മാധ്യമങ്ങൾ വിളിക്കുന്നത്‌. കോണ്ഗ്രസ് പാർട്ടിയെ രക്ഷിക്കുക എന്നതാണ് അവർ എടുത്തു പറയുന്ന കാര്യം. കോണ്ഗ്രസ് പാർട്ടിയിലെ അതി പ്രഗൽഭരായ പലരെയും നമുക്കാകൂട്ടത്തിൽ കാണാം.

ദേശീയ തലത്തിൽ ഫാസിസത്തെ നേരിടാൻ സജ്ജമായ ഏക പാർട്ടി കോണ്ഗ്രസ് തന്നെ എന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ട കാര്യമില്ല. ഒന്നേകാൽ നൂറ്റാണ്ടിന്റെ പഴക്കവും ചരിത്രവുമുള്ള പാർട്ടിയെ നയിക്കാൻ ഇപ്പോഴുള്ള നേതൃത്വം പോരെന്നാണ് ഈ കൂട്ടായ്മയുടെ നിലപാട്. കഴിഞ്ഞ ദിവസം നടന്ന ശാന്തി സമ്മേളനത്തിൽ മോഡി സർക്കാരിനെ വിമർശിക്കാൻ സമയം കണ്ടെത്തുന്നതിനെക്കാൾ കൂടുതൽ സമയം ഇവർ കണ്ടെത്തിയത് കോണ്ഗ്രസ് നേതൃത്വത്തെ വിമർശിക്കാൻ മാത്രം. “ കഴിഞ്ഞ പതിറ്റാണ്ടിൽ കോണ്ഗ്രസ് നേതൃത്വം അസാധാരണമാം വിധം ശക്തി ക്ഷയിച്ചിരിക്കുന്നു” എന്നതാണ് അവർ മുന്നോട്ട് വെച്ച കാര്യം. കഴിഞ്ഞ ദിവസമാണ് സീനിയർ നേതാവ് ഗുലാം നബി ആസാദ് കാലാവധി കഴിഞ്ഞു` രാജ്യസഭയിൽ നിന്നും പുറത്തിറങ്ങിയത്. അദ്ദേഹത്തിന് വീണ്ടും രാജ്യസഭയിൽ എത്തിക്കണമെന്നും ശാന്തി സമ്മേളനം ആവശ്യപ്പെട്ടതായി വാർത്തകൾ വരുന്നു. “പാർലിമെന്റിൽ നിന്നും വിരമിച്ചു എന്നതിനർത്ഥം ഞാൻ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു എന്നതിന്റെ സൂചനയല്ല” എന്നാണു വിഷയത്തോട് ആസാദ് പ്രതികരിച്ചത്.

ഈ കൂടിച്ചേരലിനെ കോണ്ഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണുന്നു. “ G23 നല്ല പാർട്ടി നേതാക്കളുടെ കൂട്ടമാണ്. അവർ തങ്ങളുടെ കഴിവുകൾ പാർട്ടിക്കും രാജ്യത്തിനും വേണ്ടി ഉപയോഗിക്കണം. അത് പോലെ പാർട്ടിയോടും നേതൃത്വത്തോടും കൂറ് കാണിക്കുകയും വേണമെന്ന്” പാർട്ടി വാക്താവ് ഊന്നി പറയുന്നു. അഞ്ചു നിയമസഭകളിലേക്ക് അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വാക്താവ് അവ്യക്തമായി പറയുന്നു. ഇന്ത്യൻ മതേതര രാഷ്ട്രീയത്തിലെ പ്രഗൽഭരായ നേതാക്കളുടെ കൂട്ടായ്മയാണ് G23. കോണ്ഗ്രസ് ഇന്നനുഭവിക്കുന്ന ഗൌരവമേറിയ വിഷയം നേത്രുത്വ രാഹിത്യമാണ്. അത് കൊണ്ട് തന്നെ പാർട്ടി കപ്പിത്താൻ നഷ്‌ടമായ കപ്പൽ പോലെ കടലിൽ ഒഴുകി നടക്കുന്നു. ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പാർട്ടിയാണ് കോണ്ഗ്രസ്. ഒരിക്കൽ ഇന്ത്യ പൂർണമായി അവരുടെ കയ്യിലായിരുന്നു. എമ്പതുകൾക്ക് ശേഷം സംസ്ഥാനങ്ങൾ ഓരോന്നായി അവരെ വിട്ടുപോയി. പ്രാദേശിക പാർട്ടികളുടെ വളർച്ചയാണ് അന്ന് കൊണ്ഗ്രസ്സിനു വിനയായത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കോണ്ഗ്രസിതര സർക്കാരുകൾ പലപ്പോഴായി കേന്ദ്രത്തിൽ അധികാരത്തിൽ വന്നു കൊണ്ടിരുന്നു.

സംഘ പരിവാർ ഭീഷണി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം മുതലേ ഇന്ത്യ നേരിട്ട സത്യമാണ്. സ്വതന്ത്ര ഇന്ത്യയിലും ഒന്നാം തിരഞ്ഞെടുപ്പ് മുതൽ അവർ രംഗത്തുണ്ട്. പക്ഷെ അന്ന് കൊണ്ഗ്രസ്സിനു കരുത്തുറ്റ നേത്രുത്വമുണ്ടായിരുന്നു എന്നതാണ് കൂടതൽ ശരി. നെഹ്‌റു കാലത്തിനു ശേഷവും അടിയന്തിരവസ്ത കാലംവരെ കോണ്ഗ്രസ് നേത്യത്വ രാഹിത്യം അനുഭവിച്ചില്ല. ഇന്ദിര യുഗത്തിൽ നിന്നും രാജീവ് യുഗത്തിലേക്ക് വന്നപ്പോൾ ആദ്യമായി കോണ്ഗ്രസ് നേത്യത്വ രാഹിത്യം അനുഭവിച്ചു. രാഷ്ട്രീയ പക്വത കൈവരാതെയായിരുന്നു രാജീവ് ഗാന്ധി ഭരണവും പാർടിയും ഏറ്റെടുത്തത്. കോണ്ഗ്രസ്സിന്റെ ഈ അവസ്ഥ ശരിക്കും ഉപയോഗപ്പെടുത്താൻ സംഘ പരിവാരിനു കഴിഞ്ഞു. 1985ൽ രണ്ടു സീറ്റുണ്ടായിരുന്ന സംഘ പരിവാർ അടുത്ത തിരഞ്ഞെടുപ്പിൽ അത് ഒരു പാട് ഇരട്ടിയാക്കി ഉയർത്തി. പിന്നീട് അവരുടെ ഗ്രാഫ് ഉയർന്നു കൊണ്ടിരുന്നു. 2004 -2014 കാലത്ത് അധികാരത്തിൽ വരാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ സംഘടനാ ശക്തി ദിനേന വർധിച്ചു കൊണ്ടിരുന്നു. അവസാനം ഇന്ത്യ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം അവർ നേടിയെടുത്തു.

ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുന്ന സമയത്ത് ഇന്ത്യൻ മണ്ണ് ചോരകൊണ്ട് ചുവന്നിരുന്നു. വർഗീയ കലാപങ്ങൾ നാടിനെ വല്ലാതെ പിടിച്ചു കുലുക്കി. ഇന്നത്തെ ഇന്ത്യയല്ല അന്നത്തെ ഇന്ത്യ. വിദ്യാഭ്യാസത്തിന്റെയും വ്യവസായത്തിന്റെയും കാര്യത്തിൽ നാം ഇന്നത്തെ കാൽ ഭാഗം പോലുമില്ലാത്ത കാലം. എന്നിട്ടും വർഗീയതയെ ഇന്ത്യൻ സമൂഹം തടഞ്ഞു നിർത്തി. ഗാന്ധിജി നെഹ്‌റു ആസാദ് പോലുള്ള കോണ്ഗ്രസ് നേതാക്കളിൽ ജനം വിശ്വാസം അർപ്പിച്ചു. അന്ന് കോണ്ഗ്രസ് ഒരു പാർട്ടിയുടെ പേർ മാത്രമായിരുന്നില്ല. അതിനൊരു ആദർശം കൂടിയുണ്ടായിരുന്നു. ഇടതു പക്ഷക്കാരും സോഷ്യലിസ്റ്റുകളും അന്ന് കോണ്ഗ്രസ്സിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ നേത്യത്വം നൽകിയ പ്രസ്ഥാനം എന്നതായിരുന്നു അന്ന് ഇന്ത്യൻ ജനതയുടെ മനസ്സിൽ കോണ്ഗ്രസ്സിന്റെ സ്ഥാനം. തലമുറകൾ മാറി വരുമ്പോൾ ലക്‌ഷ്യം മാറിപ്പോകുക എന്നത് സ്വാഭാവികം മാത്രം. ഇന്ദിരാഗാന്ധിയുടെ കാലത്ത് കോണ്ഗ്രസ് ആ വഴിയിലേക്ക് നീങ്ങിപ്പോയി. വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ എന്നും കോണ്ഗ്രസ്സിന്റെ ശക്തിയായിരുന്നു. ബാബറി മസ്ജിദ് ധ്വസനം കാര്യങ്ങളെ മാറ്റിമറിച്ചു.

1999 -2004 കാലത്ത് അഞ്ചു കൊല്ലം ഇന്ത്യ സംഘ പരിവാർ ഭരിച്ചു. “ ഇന്ത്യ തിളങ്ങുന്നു” എന്ന മുദ്രാവാക്യവുമായി അവർ രംഗത്ത് വന്നു. പക്ഷെ അവരെ കൂടുതൽ തിളങ്ങാൻ ഇന്ത്യക്കാർ സമ്മതിച്ചില്ല. കോണ്ഗ്രസ് ഭരണം തിരിച്ചു പിടിച്ചു. അടുത്ത പത്തു വര്ഷം കോണ്ഗ്രസ് മുന്നണി തന്നെ ഇന്ത്യ ഭരിച്ചു. അതിനിടയിൽ സംഭവിച്ച സംഘടാന ദൌർബല്യം പാർട്ടി അറിയാതെ പോയി എന്നതിന്റെ തിക്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. എന്നും ഭരണത്തിന്റെ തണലിലായിരുന്നു കോണ്ഗ്രസ്. ഭരണമില്ലാത്ത അവസ്ഥ പലർക്കും ചിന്തിക്കാൻ കഴിയുന്നതിൽ അപ്പുറമാണ്. കോണ്ഗ്രസ് ഇന്ത്യൻ മണ്ണിൽ പച്ചപിടിക്കില്ല എന്ന ബോധം സംഘ പരിവാർ അവരുടെ മനസ്സിൽ കുത്തിവെച്ചിരിക്കുന്നു. അതല്ല കോണ്ഗ്രസ് തിരിച്ചുവരുമെന്നു പറയാനും ജനത്തെ വിശ്വസിപ്പിക്കാനും കഴിയുന്ന നേത്രുത്വമില്ല എന്നതാണ് ഇന്ന് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി. നെഹ്‌റു കുടുംബം എന്ന പ്രസക്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അത് തിരിച്ചറിയാൻ കൊണ്ഗ്രസ്സിനു കഴിയണം. കഴിവുള്ള നേതാക്കൾ രംഗത്ത്‌ വരണം. ഏത് നേതാവിനും എപ്പോൾ വേണമെങ്കിലും ബി ജെ പി യിൽ ചേരാം എന്നിടത്താണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. അത് കോണ്ഗ്രസ്സിന്റെ മാത്രം വിഷയമല്ല. ഇടതു പക്ഷത്തും അത് തന്നെയാണ് അവസ്ഥ.

സംഘ പരിവാറും കൂട്ടരും ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പ് ചെയ്യാൻ ശ്രമം നടത്തുന്ന ഈ കാലത്ത് കോണ്ഗ്രസ് പോലുള്ള ദേശീയ പ്രസ്ഥാനങ്ങൾ തകരുന്നത് കാര്യങ്ങളെ കൂടുതൽ ദുർബലമാക്കും. പ്രാദേശിക കക്ഷികൾ ഒരിക്കലും ഒന്നിലും യോജിക്കില്ല എന്നതിനു ഇന്ത്യൻ രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്. അപ്പോൾ അവിടെയും സംഘ പരിവാരിനു കാലുകുത്താൻ എളുപ്പമാണ്. പുതിയ കരുത്തുറ്റ നേത്യത്വമായി കോണ്ഗ്രസ് മുന്നോട്ടു പോകുക എന്നത് കാലത്തിന്റെ തേട്ടമാണ്. ചരിത്രത്തിൽ വർത്തമാനത്തെ വായിക്കുന്നതിൽ പാർട്ടിക്ക് സംഭവിച്ച അപചയം ഒരു രാജ്യത്തെ എങ്ങിനെ ബാധിച്ചു എന്നതിന്റെ തെളിവായി എന്നും നമ്മുടെ മുന്നിൽ വന്നു നിൽക്കും. കപിൽ സിബലും ആനന്ദ് ശർമയും ഗുലാം നബി ആസാദും ഇന്ത്യൻ മതേതരത്വത്തിന്റെ മുഖമാണ്. ഫാസിസത്തിന്റെ മുന്നേറ്റത്തെ പലപ്പോഴും പിടിച്ചു നിർത്തുന്നതിൽ ഇവരുടെ പങ്ക് നാം വിസ്മരിച്ചുകൂടാ. അത് ആദ്യം പാർട്ടി മനസ്സിലാക്കണം. പാർട്ടിയുണ്ടെങ്കിലെ തങ്ങൾക്കു സ്ഥാനമുള്ളൂ എന്ന് നേതാക്കളും മനസ്സിലാക്കണം. വൈകാരികതയുടെ പേരല്ല രാഷ്ട്രീയവും നിലപാടും എന്നത് കൂടി ചേർത്ത് വായിക്കണം.

ഇന്ത്യൻ മാധ്യമങ്ങളിൽ ചിലത് ഈ G23 കൂടിച്ചേരലിനെ conclave വിശേഷിപ്പിച്ചത്‌ ബോധപൂർവം തന്നെയാണ്. കോണ്ഗ്രസ് നേതൃത്വത്തിന്റെ വെള്ളപ്പുകക്ക് വേണ്ടി പലരും കാത്തിരിക്കുന്നു. നേതൃത്വത്ത അംഗീകരിക്കുക എന്നതാണ് സംഘടന അച്ചടക്കം. അതെ സമയം ആരെയും അംഗീകരിക്കാതിരിക്കുക എന്നതാണ് കോണ്ഗ്രസ് സംഘടനയുടെ മുഖമുദ്രയുമാണ്.

Related Articles