Current Date

Search
Close this search box.
Search
Close this search box.

കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ അടിവേരറുക്കുന്ന തിരുത്ത്‌

അല്ലാഹുവിന്റെ സൃഷ്ടികളില്‍ സവിശേഷ പ്രാധാന്യവും പ്രാമുഖ്യവും അര്‍ഹിക്കുന ജീവിയാണ് മനുഷ്യന്‍. പ്രധാനമായും രണ്ട് പ്രത്യേകതകളാണ് പ്രസ്തുത പദവി മനുഷ്യന് മാത്രം ലഭിക്കാനുള്ള കാരണം. ഒന്നാമത്തേത്, പ്രപഞ്ചത്തിലുള്ള അനേകായിരം പ്രതിഭാസങ്ങളെയും അവനേക്കാള്‍ വലുപ്പവും വേഗതയുമുള്ള ജീവജാലങ്ങളെയുമെല്ലാം കീഴ്‌പ്പെടുത്താനും അതിജയിക്കാനുമുള്ള ജ്ഞാനവും കഴിവും ബുദ്ധിശക്തിയും കരുത്തും മനുഷ്യന് മാത്രം ലഭിച്ചിട്ടുള്ളവയാണ്. രണ്ടാമത്തേത്, പ്രകൃതിയിലെ മറ്റു സൃഷ്ടികള്‍ക്കോ ജീവജാലങ്ങള്‍ക്കോ ഇല്ലാത്ത ജീവിത ലക്ഷ്യവും മൂല്യബോധവും ധാര്‍മ്മികനിഷ്ഠയും സദാചാരവും തിരിച്ചറിവും വിവേകവുമെല്ലാം മനുഷ്യന് മാത്രമാണുള്ളത്. അഥവാ, ഭൗതികാര്‍ത്ഥത്തില്‍ മാത്രമല്ല,താന്‍ മറ്റു ജന്തുക്കളില്‍ നിന്നും മാനസികമായും വ്യതിരിക്തനാണ് എന്ന തിരിച്ചറിവിലൂടെയാണ് മനുഷ്യന്റെ യത്ഥാര്‍ഥ നിലനില്‍പ്പ് സാധ്യമാവുന്നത്. ഈ യാത്ഥാര്‍ഥ്യം തിരിച്ചറിയുന്നതോടെ മനുഷ്യന്‍ മാലാഖമാരേക്കാള്‍ ഔന്നിത്യം പ്രാപിക്കുമെന്ന് വിശുദ്ധ പ്രമാണങ്ങള്‍ അടിവരയിടുന്നതായി കാണാവുന്നതാണ്. ഉപരി സൂചിത മര്‍മ്മങ്ങളില്‍ നിന്നും വ്യതിചലിക്കുമ്പോഴാണ് മനുഷ്യനും മൃഗവും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നത്. അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങളില്‍ നിന്നും മനുഷ്യന്‍ വഴുതിമാറുമ്പോള്‍ അവന്‍ മൃഗമെന്നല്ല, മൃഗത്തെപോലും നാണിപ്പിക്കുമാര്‍ അധ:പതിച്ചിരിക്കുന്നു എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് (7:179).

മറ്റു ദാര്‍ശനിക പരിസരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാം മനുഷ്യന്റെ ഇത്തരം കഴിവുകളെയും സാധ്യതകളെയും വലിയൊരളവില്‍ പരിഗണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, മനുഷ്യന്റെ പ്രകൃതിപരമായ എല്ലാ അനിവാര്യതകളെയും ദൗര്‍ബല്യങ്ങളെയും കുറിച്ച് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വളരെ മനോഹരമായി അഭിസംബോധന നടത്തുന്നതായി പലയിടങ്ങളിലും കാണാവുന്നതാണ്.
മറ്റുള്ള ആവശ്യങ്ങളെന്ന പോലെ ലൈംഗികതയും മനുഷ്യന്റെ സഹജവും പ്രകൃതിപരവും അനിവാര്യവുമായ നിലനില്‍പ്പിന്റെ തേട്ടമാണ്. പ്രകൃതിപരമായ തന്റെ ഇച്ഛാ പൂര്‍ത്തീകരണത്തിന് മനുഷ്യന്‍ സ്വീകരിക്കേണ്ടത് പ്രകൃതിപരമായ മാര്‍ഗ്ഗം മാത്രമാണെന്ന് ദീന്‍ പഠിപ്പിക്കുന്നു. അതൊഴിച്ചുള്ള എല്ലാ അവിശുദ്ധ മാര്‍ഗ്ഗങ്ങളും കവാടങ്ങളും ഇസ്‌ലാം വളരെ ഭദ്രമായി കൊട്ടിയടക്കുന്നുണ്ട്. ഇസ്ലാം മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക വിദ്യാഭ്യാസം മുസ്ലിംകള്‍ക്ക് മാത്രമുള്ളതല്ല. പ്രത്യുത മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിനും നിര്‍മാണാത്മകമായ പുരോഗതിക്കും വേണ്ടിയുള്ളതാണ്.

ലൈംഗികതൃഷ്ണ ശമിപ്പിക്കാനുള്ള പ്രകൃതി വിരുദ്ധമായ മാര്‍ഗ്ഗമാണ് സ്വവര്‍ഗ്ഗരതി.ആണിനു പെണ്ണും പെണ്ണിന് ആണും എന്നുള്ള പ്രകൃതിപരമായ ലൈംഗികതയുടെ പരിപൂര്‍ണ്ണമായ നിരാകരണമാണ് സ്വവര്‍ഗ്ഗ രതി സങ്കല്‍പ്പം. ആ സമ്പ്രദായത്തിന് പച്ചക്കൊടി വീശുകയാണ് നിയമ ഭേദഗതിയിലൂടെ ഇന്ത്യയിലെ സുപ്രീം കോടതി ചെയ്തത്. സാമൂഹികമായും രാഷ്ട്രീയമായും അപരവത്കരിക്കപ്പെട്ട രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷേ, അതൊരിക്കലും ധാര്‍മ്മികതയെയും മൂല്യബോധത്തെയും നിഷേധിച്ചു കൊണ്ടാവരുതെന്ന് മാത്രം. അങ്ങനെ നാം നേടിയെടുക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം തല മറന്ന് എണ്ണ തേക്കുന്നതിന് തുല്യമാണെന്ന് തിരിച്ചറിയാന്‍ ഇനിയെത്ര വ്യാഴവട്ടക്കാലം വേണ്ടിവരും..!

ആനന്ദപരതയെക്കാള്‍ രതിയെന്നത് ആത്യന്തികമായി പ്രത്യുത്പാദനത്തെയാണ് കുറിക്കുന്നത്. ഇതുപോലുള്ള രതിവൈകല്യങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങളും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു വ്യക്തി വളരുന്ന സാഹചര്യവും പരിതസ്ഥിതികളും അയാളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ അനല്‍പ്പമായ പങ്കാണ് വഹിക്കുന്നത്. കേവലം ആനന്ദം മാത്രം ലക്ഷ്യമിടുന്ന സ്വവര്‍ഗ്ഗ രതി വളരെ കൃത്യമായ കൗണ്‍സിലിംഗുകളിലൂടെയും നിരന്തര ബോധവത്കരണത്തിലൂടെയും മറ്റും ചികിത്സിച്ചു മാറ്റേണ്ടുന്ന രോഗമാണ്. മാത്രവുമല്ല, ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ അടിത്തറ ഇളകുകയാണ് ചെയ്യുന്നത്. ഇത്തരം സാമൂഹിക ക്രമത്തെ അട്ടിമറിക്കുന്ന രതി വൈകൃതത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ‘ അതിരുകവിച്ചില്‍ ‘ എന്നാണ്. ലൂത്വ് നബി (അ)യുടെ സമുദായത്തിന്റെ നിഷ്‌കാസനത്തിന് കാരണവും മറ്റൊന്നായിരുന്നില്ല (26:166).

വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കേണ്ടതില്ലെന്നും മനുഷ്യ ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തികച്ചും വ്യക്തിപരമായ ഒന്നാണെന്നുമുള്ള ഉദാരവാദത്തിന്റെയും ‘പുരോഗമന’ മുദ്രാവാക്യങ്ങളുടെയും മറപിടിച്ചു കൊണ്ടാണ് ഇത്തരം വൃത്തികേടുകള്‍ സമൂഹത്തില്‍ വളരെ വ്യാപകമായി ഇടം പിടിക്കുന്നത്. മൂല്യബോധത്തെയും ധാര്‍മ്മികതയെയും റദ്ദ് ചെയ്തു കൊണ്ട് മൂല്യച്യുതിയുടെ കൂരിരുട്ടില്‍ തപ്പിത്തടയുന്ന ഊഷരമായ നെടുവീര്‍പ്പുകള്‍ മാത്രമാണ് ഇത്തരം ദുരാചാരങ്ങള്‍ മനുഷ്യന് സമ്മാനിക്കുന്നത്.

(അല്‍ ജാമിഅ അല്‍ഇസ്ലാമിയ, ശാന്തപുരം)

Related Articles