Views

അബൂബക്കര്‍ അല്‍ ബഗ്ദാദി- ട്രംപിന്റെ ഭാഷ്യം തല്‍ക്കാലം വിശ്വസിക്കാം

അമേരിക്കന്‍ സൈനിക കമാണ്ടോകളാല്‍ ‘ഒന്നിലേറെ തവണ കൊല്ലപ്പെട്ട’ ഐ.എസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി ഒടുവില്‍ സ്വയം പൊട്ടിത്തെറിച്ച് പരലോകത്തേക്ക് പോയെന്ന ട്രംപിന്റെ വേഴ്ഷന്‍ തല്‍ക്കാലം വിശ്വസിക്കാം.

എന്നാലും ചില സംശയങ്ങള്‍: ബഗ്ദാദിയുടെ ചിത്രങ്ങള്‍ ഇതുവരെ യു.എസ് സൈന്യം പുറത്തുവിട്ടിട്ടില്ല. അയാളുടെ മൃതശരീരം മതപരമായ ചടങ്ങുകള്‍ക്ക് ശേഷം കടലില്‍ താഴ്ത്തിയെന്ന് പെന്റഗണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അല്‍ ഖാഇദ ചീഫ് ഉസാമ ബിന്‍ലാദന്റെ മൃതശരീരവും 2011ല്‍ കടലില്‍ താഴ്ത്തുകയായിരുന്നല്ലോ. യു.എസ് കമാണ്ടോകള്‍ അഴിച്ചുവിട്ട പട്ടി (Belgian Malinois) കടിച്ചുകീറുന്നതിനു മുമ്പ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റിലെ ബട്ടന്‍ അമര്‍ത്തിയതോടെ ബഗ്ദാദിയുടെ ശരീരം ചിന്നഭിന്നമായിയെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ചിത്രം പുറത്തുവിടാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണോ ഇത്? ബഗ്ദാദിക്കു പകരം പട്ടിയുടെ ചിത്രമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. (ഉസാമ ബിന്‍ലാദിനെ വധിച്ച യു.എസ് കമാണ്ടോകള്‍ക്കൊപ്പവും Belgian Malinois ഇനത്തില്‍പെട്ട മിലിട്ടറി ഡോഗ് ഉണ്ടായിരുന്നു. കൈറോ എന്നായിരുന്നു അതിന്റെ പേര്. എന്നാല്‍ ബഗ്ദാദിയെ കണ്ടെത്തിയ നായയുടെ പേര് സുരക്ഷാ കാരണങ്ങളാൽ പുറത്തുവിടുന്നില്ലെന്നാണ് യു.എസ്. അധികൃതർ പറയുന്നത്. പരിക്കേറ്റ നായ ചികില്‍സയിലാണത്രെ).

ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ മാത്രമാണ് ലോകത്തിനു മുന്നിലുള്ളത്. ഓപറേഷന്റെ വീഡിയോ ഭാഗികമായി പരസ്യപ്പെടുത്തിയേക്കാമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും ഉറപ്പൊന്നുമില്ല. ഞായറാഴ്ചത്തെ പ്രഖ്യാപനത്തിലെ ട്രംപിന്റെ ചില വാക്കുകള്‍ വിശ്വസനീയമല്ലെന്നാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ തുരങ്കത്തിനകത്തുനിന്ന് ബഗ്ദാദി നിലവിളിക്കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. മുഴുവന്‍ റെയിഡും സിനിമ കാണുന്നതുപോലെ ആസ്വദിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, റെയിഡ് നടക്കുമ്പോള്‍ അതിന്റെ ശബ്ദം പോയിട്ട് തുരങ്കത്തിനകത്തെ ഫൂട്ടേജ് പോലും ട്രംപിന് കിട്ടാന്‍ ഇടയില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ട്രംപിന്റെ വിശദീകരണം ശരിവെക്കാന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലെയും തയ്യാറായിട്ടില്ല.

തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനാലാണ് റെയിഡിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് കമ്മിറ്റിയെ അറിയിക്കാതിരുന്നത് എന്ന് ട്രംപ് പറയുന്നു. വിവരം എട്ടംഗ ഗാംഗിനെ (Gang of Eight) അറിയിച്ചിരുന്നില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. നാലു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും അത്ര തന്നെ ഡെമോക്രാറ്റുകളും അംഗങ്ങളായുള്ള ഇന്റലിജന്റസ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ആഡം ഷിഫാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെയും റെയിഡ് വിവരം അറിയിച്ചില്ല. ഇതും വിവാദമായിട്ടുണ്ട്.

ബഗ്ദാദിയെ വേട്ടയാടിയെന്നു പറയുന്ന സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ എന്ന ഗ്രാമം ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്ന ഹുറാസദ്ദീന്‍ (Guardians of Religions Organizations) എന്ന സംഘടനയുടെ നിയന്ത്രണത്തിലാണ്. അല്‍ ഖാഇദയുമായി ബന്ധമുള്ള ഗ്രൂപ്പാണിത്. അല്‍ ഖാഇദയുമായി ബന്ധം വിഛേദിക്കാന്‍ ഹയാത് തഹ്‌രീര്‍ അല്‍ ശാം (പഴയ അല്‍ നുസ്‌റ ഫ്രണ്ട്) തീരുമാനിച്ചതോടെ കുറേ ഗ്രൂപ്പുകള്‍ വേറിട്ടു പോയിരുന്നു. ഇതേത്തുടര്‍ന്നാണ് 2018ല്‍ ഹുറാസുദ്ദീന്റെ പിറവി. ഇവര്‍ ഐ.എസിനെതിരെ പോരാടുന്നവരായിരുന്നു. ഐ.എസും അല്‍ ഖാഇദയും കടുത്ത ശത്രുതയിലുമാണ്.

കിഴക്കന്‍ സിറിയയില്‍നിന്ന് തുടച്ചുനീക്കപ്പെട്ടതോടെ കുറേ ഐ.എസ് ഭീകരര്‍ ഇദ്‌ലിബിലേക്ക് കടന്നിരുന്നു. അക്കൂട്ടത്തില്‍ ബഗ്ദാദിയും ഇവിടെ സുരക്ഷിത താവളമാക്കിയെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയും റഷ്യയും തങ്ങളെയും ലക്ഷ്യമിട്ടുവെന്ന് മനസ്സിലാക്കിയതോടെ ഹുറാസദ്ദീന്‍ ഗ്രൂപ്പ് ഐ.എസ് വിരുദ്ധ നിലപാടില്‍നിന്ന് മാറിയിരിക്കാം. പൊതുശത്രുവിനെതിരെ ഒന്നിക്കാന്‍ ഇരു സംഘടനകളും തീരുമാനിച്ചതിന്റെ ഭാഗമാണ് ബഗ്ദാദി ഇവിടെ ഒളിവത്താവളമാക്കിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എവിടെയൊക്കെയോ ചില സ്പെല്ലിങ്ങ് മിസ്റ്റേക്കുകൾ. എന്നാലും ബാഗ്ദാദിയുടെ ഭീഷണി (ഐ എസിന്റേതല്ല) അവസാനിച്ചു എന്ന് തന്നെയാണ് വിശ്വാസം.

Facebook Comments
Show More

Related Articles

Back to top button
Close
Close