Views

2002 ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍

ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും നാനാവതി കമ്മീഷന്‍ ഇപ്പോള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.

ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ഹ് ജദേജയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആണ് അഞ്ചു വര്‍ഷത്തിന് ശേഷം നിയമസഭക്കു മുന്‍പില്‍ വെക്കുന്നത്.

ഈ ആക്രമണങ്ങള്‍ക്ക് ഏതെങ്കിലും സംസ്ഥാന മന്ത്രിമാരുടെ പ്രചോദനമോ പ്രേരണയോ ഉണ്ടായതായി യാതൊരു തെളിവുമില്ലെന്നാണ് ഒമ്പത് വാള്യങ്ങളിലായി 1500 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുജറാത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് അടക്കം മൂന്ന് ഐ.പി.എസ് ഓഫീസര്‍മാര്‍ നല്‍കിയ തെളിവുകള്‍ കമ്മീഷന്‍ തള്ളുകയും ചെയ്തു.

ചില സ്ഥലങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലിസിന് കഴിഞ്ഞില്ലെന്നും അതിന് അവരുടെ എണ്ണം അപര്യാപ്തമായിരുന്നെന്നും അല്ലെങ്കില്‍ അവര്‍ സായുധരല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഹ്മദാബാദ് നഗരത്തില്‍ വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ പൊലിസ് അത്യാവശ്യമായി ഉപയോഗിക്കേണ്ടിയിരുന്ന അവരുടെ അധികാരവും ആത്മാര്‍ത്ഥയും കാണിച്ചില്ല. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു അന്വേഷണത്തിനും നടപടിക്കും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സര്‍ക്കാരിനെതിരെ തെളിവുകളും സാക്ഷ്യങ്ങളും പുറത്തുവിട്ട മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്ന ആര്‍.ബി ശ്രീകുമാര്‍,രാഹുല്‍ ശര്‍മ,സഞ്ജീവ് ഭട്ട് എന്നിവരെ കമ്മീഷന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ജദേജ പറഞ്ഞു.

കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാണിച്ച് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെടുത്തി ഭരണകൂടം ഇപ്പോള്‍ ഭട്ടിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. സത്യവാങ്മൂലം നല്‍കിയതിലുള്ള പ്രതികാരനടപടിയാണിതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്.

ഹിന്ദുക്കള്‍ക്ക് അവരുടെ ദേഷ്യം പ്രകടിപ്പിക്കാന്‍ അനുവദിക്കൂ എന്ന്
2002ല്‍ താന്‍ ഗുജറാത്ത് പൊലിസ് ഡി.ജി.പി ആയിരുന്ന സമയത്ത് മുഖ്യമന്ത്രി മോദി ആവശ്യപ്പെട്ടതായി ആര്‍.ബി ശ്രീകുമാര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. 59 കര്‍സേവകര്‍ കൊല്ലപ്പെട്ട ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിന് പ്രതികാരം ചെയ്യട്ടെ എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു.

സമാനമായി കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെയും ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ രേഖകളും മറ്റുമാണ് രാഹുല്‍ ശര്‍മ കമ്മീഷന് മുമ്പാകെ നല്‍കിയിരുന്നത്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ജി.ടി നാനാവതിയും മുന്‍ ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് അക്ഷയ് മേഹ്തയും 2014ല്‍ കലാപത്തെക്കുറിച്ചുള്ള അവരുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഗോധ്ര റെയില്‍വേസ്‌റ്റേഷനു സമീപം സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അരങ്ങേറിയ കലാപത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ 2002ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് കമ്മീഷനെ നിയോഗിക്കുന്നത്.

ട്രെയിന്‍ തീപിടുത്തത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ അറിവോടെയും പങ്കാളിത്തത്തോടെയും ആസൂത്രണം ചെയ്ത കലാപമാണ് 2002ലെ ഗുജറാത്ത് കലാപമെന്ന് നിരവധി മാധ്യമപ്രവര്‍ത്തകരും വസ്തുതാന്വേഷണ സംഘങ്ങളും എന്‍.ജി.ഒകളും ഇതനോടകം കണ്ടെത്തിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തില്‍ സംഘ്്പരിവാര്‍ ആസൂത്രിതമായി മുസ്ലിംകള്‍ക്കെതിരെ നടത്തിയ വംശഹത്യയാണ് 2002ലെ ഗുജറാത്ത് കലാപമെന്ന് ആറു മാസമെടുത്ത് നടത്തിയ ‘സ്റ്റിങ് ഓപറേഷനിലൂടെ’ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ കണ്ടെത്തിയിരുന്നു. പിന്നീട് അവര്‍ ചേര്‍ന്ന് നീതി അട്ടിമറിക്കുകയും ക്രൂരമായ കുറ്റങ്ങളില്‍ നിന്നും അവരുടെ ആളുകള്‍ക്കുള്ള ശിക്ഷ ഒഴിവാക്കിയെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തങ്ങള്‍ എങ്ങിനെയാണ് കലാപം നടപ്പാക്കിയതും പദ്ധതിയിട്ടതെന്നും ഇതില്‍ മോദിക്കും സംഘ് നേതാക്കള്‍ക്കുമുള്ള പങ്കിനെക്കുറിച്ചും പൊലിസിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചും നിരവധി സംഘ്പരിവാര്‍ നേതാക്കള്‍ ആഷിഷിന്റെ ഒളിക്യാമറക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

കടപ്പാട്: thewire.in

Facebook Comments
Related Articles
Show More
Close
Close