Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ രാഷ്ട്രീയവും ദലിത് ചോദ്യങ്ങളും

rohith-vemula3.jpg

രോഹിത്ത് വെമുലയുടെ മരണം ഓരോരുത്തരുടെയും രാഷ്ട്രീയ വിധേയത്വത്തിനും കാഴ്ച്ചപ്പാടിനും അനുസരിച്ച് ചിലര്‍ ആത്മഹത്യയായും മറ്റു ചിലര്‍ കൊലപാതകവുമായാണ് ഉയര്‍ത്തികാട്ടിയത്. രോഹിത്തിന്റെ ദലിത് സ്വത്വവും, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ) എന്ന രാഷ്ട്രീയ ദലിത് ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തനവും തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ മുഖ്യകാരണം. ദലിതുകളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങള്‍ക്ക് പുറമെ, ബീഫ് തീറ്റ, വധശിക്ഷക്ക് എതിരെയുള്ള നിലപാട് തുടങ്ങിയ വര്‍ത്തമാനകാല ജനാധിപത്യ അവകാശപ്രശ്‌നങ്ങളും ഈ സംഘടന ഉയര്‍ത്തികാട്ടിയിട്ടുണ്ട്. യാകൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെയുള്ള പ്രതിഷേധവും, ‘മുസ്സഫര്‍ നഗര്‍ ബാക്കീ ഹെ’ എന്ന ഫിലിം പ്രദര്‍ശനവും അവയുടെ ഭാഗമായി നടത്തപ്പെട്ടതാണ്. മുസ്സഫര്‍ നഗര്‍ കലാപവുമായി(2013)ബന്ധപ്പെട്ട പ്രസ്തുത സിനിമ കലാപത്തിലെ വര്‍ഗീയ ശക്തികളുടെ പങ്കിനെ തുറന്ന് കാട്ടുന്നുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ക്ക് (മെയ് 2014) ദേശീയ തലത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയ എ.ബി.വി.ബി, അവരുടെ ഹിന്ദു ദേശീയവാദ അജണ്ടയുടെ ഭാഗമായി നേരത്തെ പരാമര്‍ശിച്ച വിഷയങ്ങളെയെല്ലാം തന്നെ തുറന്നെതിര്‍ത്തിരുന്നു. അക്കാദമിക്ക് കാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ അടിസ്ഥാനപരമായ കാര്യങ്ങളില്‍പെട്ടതാണ്. ആര്‍.എസ്.എസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിക്ക്, മതേതരത്വം, ജനാധിപത്യം തുടങ്ങിയവുമായി ബന്ധപ്പെട്ട് ദലിത് ഗ്രൂപ്പുകള്‍ ഉയര്‍ത്തികാട്ടിയ വിഷയങ്ങള്‍ തീരെ ദഹിച്ചിരുന്നില്ല. എ.എസ്.എ ഉയര്‍ത്തികാട്ടിയ വിഷയങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ രോഹിത്തിന്റെ മരണകാരണം വളരെ വ്യക്തമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രോഹിത്തിന്റെ ബോധ്യങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണമായി, ബീഫ് വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയത് എന്താണെന്ന് നോക്കാം, ‘ബീഫ് തിന്നുകയും, ബീഫ് തീറ്റ ആഘോഷിക്കുകയും ചെയ്യുന്നത്, ബീഫ് ഭക്ഷിച്ചതിന്റെ പേരില്‍ ഈ രാജ്യത്ത് കൊല്ലപ്പെടുന്നവരോടുള്ള ഐക്യദാര്‍ഢ്യമെന്ന നിലക്കാണ്. ഈ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഒരു ഉപകരണമാണ് ബി.ജെ.പി-ആര്‍.എസ്.എസ്-വി.എച്ച്.പി കൂട്ടുകെട്ടിന്റെ ബീഫ് വിരുദ്ധ കാമ്പയിന്‍ എന്ന വസ്തുതയെ തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെട്ടാല്‍, ഇതിനെല്ലാം മൂകസാക്ഷികളായി നിന്നതിന്റെ പേരില്‍ നാം പിന്നീട് ഖേദിക്കുക തന്നെ ചെയ്യും. അവരുടെ ഗോമാതാവുമായി ബന്ധപ്പെട്ട കെട്ടുകഥകളെല്ലാം തന്നെ കുറഞ്ഞ അളവില്‍ ഇന്ന് ദലിത് വിരുദ്ധവും, കൂടിയ അളവില്‍ മുസ്‌ലിം വിരുദ്ധവുമാണെന്ന് ഉറപ്പിച്ച് പറയാം.’

അദ്ദേഹത്തിന്റെ ആഴമേറിയ ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങള്‍, സാമ്പ്രദായിക ദലിത് വിഷയങ്ങളില്‍ മാത്രം പരിമിതപ്പെട്ടതല്ലെന്ന് ഇവിടെ വ്യക്തമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദലിത്, ആദിവാസി, സ്ത്രീ, തൊഴിലാളികള്‍, മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരസ്പരം ശക്തമായി കോര്‍ത്തിണക്കപ്പെട്ടിരുന്നു. സമൂഹത്തിലെ മറ്റു വിഭാഗങ്ങളും വലിയ അളവില്‍ ബീഫ് കഴിക്കുന്നവരാണെന്ന വസ്തുത പരിഗണിക്കാതെ, ഹിന്ദുത്വരുടെ ബീഫ് വിരുദ്ധ കാമ്പയിന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യമിട്ടുക്കൊണ്ടുള്ളതാണെന്ന തരത്തില്‍ വൈകാരികമായാണ് ഈ പ്രശ്‌നം ഉയര്‍ത്തപ്പെട്ടതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. മുസ്സഫര്‍ നഗര്‍ ഫിലിമുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരുതരത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു ദേശീയത അടിച്ചേല്‍പ്പിക്കാന്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുക എന്ന വര്‍ഗീയ രാഷ്ട്രീയവും അതിന്റെ ഭാഗം തന്നെയാണ്. ഭീകരവാദം ആരോപിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ട യാകൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് നിലകൊള്ളാനുള്ള മുഖ്യകാരണം ഒരു തരത്തില്‍ അദ്ദേഹത്തിന്റെ മാനവികവാദ കാഴ്ച്ചപ്പാട് തന്നെയായിരുന്നു. വധശിക്ഷ എന്ന ശിക്ഷാസമ്പ്രദായത്തിന് എതിരെയായിരുന്നു രോഹിത്. ആഴമേറിയ മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുടെ കൂട്ടായ്മകള്‍ ആഗോളതലത്തില്‍ വധശിക്ഷാ സമ്പ്രദായത്തിനെതിരെ ഉയര്‍ന്ന് വന്നിട്ടുണ്ട്. വധശിക്ഷക്കെതിരെ ഇന്ത്യയിലും കൂട്ടായ്മകള്‍ രൂപപ്പെട്ട് കഴിഞ്ഞു. വധശിക്ഷക്കെതിരെയുള്ള രോഹിത്തിന്റെ നിലപാട് ഒരുതരത്തിലും ഭീകരവാദത്തെ പിന്തുണക്കുന്നതായിരുന്നില്ല.

എ.എസ്.എ സ്വീകരിച്ച ഈ മതേതര ജനാധിപത്യ മാനവിക നിലപാടുകളില്‍ അസ്വസ്ഥരായി, പ്രത്യയശാസ്ത്രതലത്തില്‍ എ.എസ്.എയുമായി എ.ബി.വി.പി ഏറ്റുമുട്ടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. താന്‍ ആക്രമിക്കപ്പെട്ടെന്ന പരാതിയുമായി എ.ബി.വി.പി പ്രസിഡന്റ് സുഷീല്‍ കുമാര്‍ രംഗത്ത് വന്നു. പരാതി അടിസ്ഥാനരഹിതമാണെന്ന് സംഭവത്തെ കുറിച്ച് ആദ്യം അന്വേഷിച്ച കമ്മറ്റി വിധിപറഞ്ഞു. വൈസ് ചാന്‍സലര്‍ മാറിയതോടെ കാര്യങ്ങളും മാറിമറിയാന്‍ തുടങ്ങി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പിന്തുണയോടെ കേന്ദ്രമന്ത്രിയായ ബി. ദത്തത്രെയ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി രോഹിത്തും നാല് സുഹൃത്തുക്കളും കുറ്റവാളികളായി. തുടര്‍ന്ന് അവരുടെ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കപ്പെടുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് വിഷവും തൂങ്ങിമരിക്കാന്‍ കയറും നല്‍കണമെന്നാവശ്യപ്പെട്ട് രോഹിത്ത് നിലവിലെ വി.സിക്ക് എഴുതിയ കത്ത് അദ്ദേഹം മനപ്പൂര്‍വ്വം അവഗണിച്ച് തള്ളിതയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്. ഭരണകക്ഷികളുടെ ഭാഗത്ത് നിന്നും രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങള്‍ ഏത് തരം രാഷ്ട്രീയമാണ് അവരുടേതെന്ന് വിളിച്ചോതുന്നതായിരുന്നു. ‘ഭീകരവാദികളുടെയും, ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും സങ്കേതമായിട്ടാണ്’ എ.എസ്.എയുടെ പ്രവര്‍ത്തനങ്ങളെ ദത്തത്രേയ വിശേഷിപ്പിച്ചത്. ഇതൊരു ദലിത് പ്രശ്‌നമല്ലെന്നും, രോഹിത് ദലിതനാണെന്നത് ചിലരുടെ സംശയം മാത്രമാണെന്നും, രോഹിത്തിന്റെ അമ്മ ദലിത് വിഭാഗത്തില്‍ പെട്ടവരാണെങ്കിലും അച്ഛന്‍ ഒ.ബി.സി ആണെന്നായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. രോഹിത് സ്വന്തം ജീവനൊടുക്കാന്‍ കാരണമായ അനീതികളെ വിലകുറച്ച് കാണുന്നതായിരുന്നു സ്മൃതി ഇറാനിയുടെ നിലപാട്. സോഷ്യല്‍ മീഡിയയില്‍ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഒരു ചെറിയ വീഡിയോ പ്രചരിക്കുകയുണ്ടായി. രോഹിത് ഭീകരവാദികളെ പിന്തുണക്കുന്നവനാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രസ്തുത വീഡിയോയുടെ ലക്ഷ്യം.

ദേശവിരുദ്ധ, ജാതിയധിഷ്ഠിത രാഷ്ട്രീയത്തെ അപലപിച്ചു കൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി-ആര്‍.എസ്.എസ് വക്താക്കള്‍ വളരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. മോദിജി പൊതുവെ നന്നായി സംസാരിക്കുന്ന ആളാണ്. തന്റെ ഹിന്ദുത്വ അജണ്ട വെളിവാക്കേണ്ട വിഷയങ്ങളില്‍ അദ്ദേഹം നിശബ്ദത പാലിക്കാറില്ല. മുമ്പ് മുഹമ്മദ് അഖ്‌ലാക്കിനെ ബീഫ് തിന്നതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കൊന്നപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ കുറേകാലത്തേക്ക് മോദി മൗനമവലംബിച്ചിരുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തെ നിശബ്ദതക്ക് ശേഷം മുതലക്കണ്ണീരൊഴുക്കി കൊണ്ട് എത്തിയ മോദി പറഞ്ഞത്, ‘ഭാരതമാതാവിന് ഒരു മകനെ നഷ്ടപ്പെട്ടു’ എന്നായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരും, മന്ത്രിസഭാംഗങ്ങളും രോഹിത്ത് ഒരു ദേശവിരുദ്ധനാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഒരു തരത്തില്‍ ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഹിന്ദുത്വ രാഷ്ട്രീയം അകപെട്ടിരിക്കുന്ന പ്രതിസന്ധിയെയാണ് തുറന്ന് കാണിക്കുന്നത്. ഒരുവശത്ത് മതേതര മൂല്യങ്ങളെ എതിര്‍ക്കുന്നതും, ദലിത് വിരുദ്ധവും, ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്നുമുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആര്‍.എസ്.എസ്സിനും അനുബന്ധ സംഘടനകള്‍ക്കും പ്രത്യേകമായൊരു ശക്തി കൈവന്നിട്ടുണ്ട്. മറ്റു രാഷ്ട്രീയ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ ശക്തി അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഐ.ഐ.ടി മദ്രാസ്സില്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റെഡി സര്‍ക്ക്ള്‍ നിരോധിക്കാനുള്ള പാഴായശ്രമത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പങ്ക് നേരത്തെ നാം കണ്ടിരുന്നു. അക്കാദമിക് കാമ്പസുകളിലെ അധികാരകസേരകളില്‍ ഇരിക്കുന്നവര്‍ ഒന്നുകില്‍ ഹിന്ദുത്വ അനുകൂലികളും അല്ലെങ്കില്‍ ബി.ജെ.പി അജണ്ട നടക്കാന്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് കീഴില്‍ കഴിയുന്നവരുമാണെന്ന് സാമുദായിക വിദ്യാര്‍ത്ഥി സംഘങ്ങള്‍ക്കൊക്കെ തന്നെ ഇപ്പോള്‍ നല്ല ധാരണയുണ്ട്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള കാമ്പയിനുകളൊക്കെ തന്നെ വളരെ ശക്തമായി എതിര്‍ക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസ് സന്താനമായ സാമാജിക് സംരാസ്ത മഞ്ച് വളരെ സജീവമായി തന്നെ പ്രവര്‍ത്തനരംഗത്തുണ്ട്. അവര്‍ ജാതിയില്‍ വിശ്വസിക്കുന്നില്ലെന്നും, എല്ലാ ജാതികളും തുല്ല്യരാണെന്നാണ് അവരുടെ വാദമെന്നുമാണ് പറഞ്ഞ് കേള്‍ക്കുന്നത്! സൂക്ഷ്മമായ പദപ്രയോഗങ്ങളിലൂടെ പുതിയ സാഹചര്യത്തില്‍ ജാതി ശ്രേണി വ്യവസ്ഥയെ സംരക്ഷിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തം. ഒരു പ്രത്യേക രോഗത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം അതുണ്ടെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. എങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അവഗണിച്ച്, അതിനെ കുറിച്ച് നിശബ്ദത പാലിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ജാതി ശ്രേണി സമവാക്യങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്.

ആക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് പരാതിപ്പെടാതെ എല്ലാം സഹിച്ച് ജീവിച്ച അംബേദ്കറെയാണ് നിങ്ങള്‍ മാതൃകയാക്കേണ്ടത് എന്നാണ് അംബേദ്കര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോടായി ഉപദേശരൂപേണ പറഞ്ഞത്. ഇതേ പരാമര്‍ശം രാജ്‌നാഥ് സിങും നടത്തുകയുണ്ടായി. ICHR-ന്റെ (indian council of historical research)മുന്‍ ചെയര്‍മാന്‍ ആയിരുന്ന പ്രൊഫ. വൈ. സുദര്‍ശന്‍ റാവു, ജാതി ശ്രേണി വ്യവസ്ഥയെ അനുകൂലിച്ച് കൊണ്ട് ആരും അതിനെ കുറിച്ച് പരാതിപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അങ്ങനെ ഒരു വശത്ത് അംബേദ്കറെ ഹിന്ദുത്വവാദിയായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറ്റൊരു വശത്ത് ഹിന്ദു ദേശീയവാദികളുടെ പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ ജാതി ശ്രേണി വ്യവസ്ഥയെ സംരക്ഷിച്ച് നിര്‍ത്താനുള്ള മറ്റു ഹിന്ദുത്വ അജണ്ടകളും നടന്നുകൊണ്ടിരിക്കുന്നതായി കാണാന്‍ കഴിയും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles