Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ഭീകരതയും മുസ്‌ലിം ബലിയാടുകളും

ats-2006.jpg

2006-ലെ മാലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ കുറ്റംചാര്‍ത്തപ്പെട്ട ഒമ്പത് മുസ്‌ലിം ചെറുപ്പക്കാരെ 2016 ഏപ്രില്‍ 25-ന് കുറ്റവിമുക്തരാക്കിയ മുംബൈ സ്‌പെഷ്യല്‍ MCOCA (Maharashtra Control of Organised Crime Act) കോടതി വിധിയെ തുടര്‍ന്ന് മഹാരാഷ്ട്രാ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (ATS) മുന്‍ ചീഫ് കെ.പി രഘുവംശി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജറാവാതിരുന്നതിന്റെ കാരണം വളരെ വ്യക്തമാണ്.

2016മാലേഗാവ് സ്‌ഫോടനവും, 2006-ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനവും സംബന്ധിച്ച എ.ടി.എസ്സിന്റെ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത് റിട്ടേഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസായിരുന്നരഘുവംശിയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, 2015 സെപ്റ്റംബറില്‍, ട്രെയ്ന്‍ സ്‌ഫോടനത്തിന്റെ വിധി പറയുന്ന നേരം  MCOCA കോടതിയില്‍ സന്നിഹിതനായിരുന്ന അദ്ദേഹം അന്ന് മാധ്യമങ്ങള്‍ മുന്നില്‍ സംസാരിക്കുകയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്രാവശ്യം അദ്ദേഹത്തെ കോടതി പരിസരത്തെങ്ങും കാണാനേ കഴിഞ്ഞിരുന്നില്ല.

മാലേഗാവ് കേസിലെ കുറ്റാരോപിതരെ കോടതി വെറുതെവിടുന്നതിന്റെ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ്, നമ്മുടെ അര്‍ണബ് ഗോസ്വാമിയുടെ ടൈംസ് നൗ ചാനലില്‍ നടന്ന ഒരു മുഴുനീള അഭിമുഖത്തില്‍ രഘുവംശി പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ അന്വേഷണഫലങ്ങളെ ന്യായീകരിക്കുകയും, ഒമ്പത് പേരും കുറ്റക്കാരാണെന്ന് തറപ്പിച്ച് പറയുകയും ചെയ്ത അദ്ദേഹം കോടതിയുടെ വിചാരണയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

രഘുവംശിയുടെ വാദം താന്‍ ‘വിശ്വസിക്കുന്നതായി’ തന്റെ പതിവ് ശൈലിയില്‍ ഗ്വാസാമി വിധി പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ യഥാര്‍ത്ഥ കോടതി വിധി പുറത്ത് വന്നതോടെ, ടൈംസ് ഗ്രൂപ്പിന് പോലും രഘുവംശിയെ മഷിയിട്ട് തിരഞ്ഞിട്ട് കിട്ടിയില്ല. തങ്ങള്‍ ഒരുപാട് പരിശ്രമിച്ചിട്ടും രഘുവംശിയെ ലൈനില്‍ കിട്ടിയില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

താന്‍ സമര്‍പ്പിച്ച കുറ്റപത്രം വളരെ വ്യവസ്ഥാപിതമായി തന്നെ കോടതി തള്ളിക്കളയുകയും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ പരിധിയില്‍ വരുന്ന ഗുരുതരമായ പ്രവര്‍ത്തനങ്ങളില്‍ രഘുവന്‍ശിയും സംഘവും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടികാണിച്ചതുമാണ് രഘുവന്‍ശിയെ നിശബ്ദനാക്കിയത്.

കുറ്റാരോപിതരായ എട്ടു പേരുടെ കുറ്റസമ്മതമൊഴികളുടെ പുറത്തായിരുന്നു എ.ടി.എസ് കേസ് നിലനിന്നിരുന്നത്. അവരില്‍ ഒരാളെ മറ്റുള്ളവര്‍ക്കെതിരെ സാക്ഷിമൊഴി പറയാനാണ് ഉപയോഗിച്ചത്. കേസ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് (NIA) കൈമാറിയതോടെ, പ്രസ്തുത കുറ്റസമ്മത മൊഴികളെല്ലാം ബലാല്‍ക്കാരമായി പറയിച്ചതാണെന്ന് തെളിയുകയും, ഇന്ത്യന്‍ തെളിവ് നിയമം സെക്ഷന്‍ 24 അനുസരിച്ച് തെളിവായി കണക്കാക്കാന്‍ കഴിയാത്തതാണെന്നും വന്നു.

ഒട്ടുമിക്ക കേസുകളിലെയും കുറ്റസമ്മത മൊഴികള്‍ സത്യമല്ലെന്ന് എന്‍.ഐ.എ കണ്ടെത്തി. കുറ്റാരോപിതരില്‍ ഒരാളായ ശബീര്‍ അഹമദ്, സ്‌ഫോടനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് കുറ്റപത്രത്തില്‍ പറയുന്ന സമയത്ത്, അദ്ദേഹം യഥാര്‍ത്ഥത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു. ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി വ്യാജ കുറ്റസമ്മതമൊഴികള്‍ എടുക്കുന്നത് ഐ.പി.സി 330, 195A വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും, ശബീറിന്റെ ഗോഡൗണില്‍ നിന്നും ശേഖരിച്ച മണ്ണുകളിലെ ആര്‍.ഡി.എക്‌സ് സാന്നിധ്യമാണ് എ.ടി.എസ് മുന്നോട്ട് വെച്ച് മറ്റൊരു സുപ്രധാന തെളിവ്. ഇതും വ്യാജമാണെന്ന് എന്‍.ഐ.എ കണ്ടെത്തുകയുണ്ടായി. (MCOCA കോടതി വിധി, പാരാഗ്രാഫ് 59).

ഒരു ക്രിമിനല്‍ കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍ വേണ്ടി രഘുവംശിയും അദ്ദേഹത്തിന്റെ അന്വേഷണ സംഘവും തെളിവുകള്‍ വ്യാജമായി ഉണ്ടാക്കിയെന്നതിലേക്ക് വളരെ ഗൗരവപൂര്‍വ്വം വിരല്‍ചൂണ്ടുന്നതാണ് എന്‍.ഐ.എയുടെ കണ്ടെത്തലുകളെ ആസ്പദമാക്കി കോടതി പുറപ്പെടുവിച്ച വിധി. ഐ.പി.സി 194-ാം വകുപ്പ് അനുസരിച്ച് ജീവപരന്ത്യം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് അവര്‍ ചെയ്തിരിക്കുന്നത്. അതുപോലെ ആര്‍.ഡി.എക്‌സിന്റെ ഉറവിടം സംബന്ധിച്ചും ഇപ്പോഴത്തെ കോടതിവിധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് പുറത്ത് കൊണ്ടുവരാന്‍ മറ്റൊരു അന്വേഷണം അനിവാര്യമാണ്.

ഒരിക്കലും നടക്കാത്തതും, വിശ്വസിക്കാനും ‘ദഹിക്കാനും’ പ്രയാസമുള്ളതുമായ കാര്യങ്ങളാണ് എ.ടി.എസ് കേസന്വേഷണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളതെന്ന് കോടതി പരിഹാസരൂപേണ പറഞ്ഞു. ശബീറിന്റെ ഗോഡൗണില്‍ വെച്ച് കുറ്റാരോപിതര്‍ ബോംബുകള്‍ ഉണ്ടാക്കിയതിനും, അവിടെ വെച്ച് തന്നെ ഗൂഡാലോചന നടത്തിയതിനും എ.ടി.എസ് തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ഇതെല്ലാം നടത്തിയതായി പറയുന്ന സമയത്ത് രണ്ടാം പ്രതിയായ ശബീര്‍ മറ്റൊരു കേസിന്റെ ഭാഗമായി എ.ടി.എസ്സിന്റെ തന്നെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. തീരെ വിശ്വസിക്കാന്‍ കഴിയാത്ത മറ്റു ചില കാര്യങ്ങളുമുണ്ട്.

സ്‌ഫോടനം നടത്തിയതിന് പിന്നിലെ ‘അടിസ്ഥാന ഹേതു അല്ലെങ്കില്‍ വസ്തു’വായി എ.ടി.എസ് മുന്നോട്ട് വെച്ച കാര്യം ‘ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും’ ജഡ്ജി നിരീക്ഷിക്കുകയുണ്ടായി. ഹിന്ദു-മുസ്‌ലിം കലാപം ഉണ്ടാക്കാന്‍ ഒരു മുസ്‌ലിം ഗ്രൂപ്പ് പദ്ധതിയിടുകയും, എന്നിട്ട് തൊട്ട് മുമ്പത്തെ ദിവസം നടന്ന ഗണേശോത്സവം ലക്ഷ്യം വെക്കാതെ, അതിന് ശേഷം നടന്ന മുസ്‌ലിംകളുടെ ആഘോഷപരിപാടികളെ തന്നെ ലക്ഷ്യം വെച്ചു എന്നുമുള്ള കഥ താന്‍ വിശ്വസിക്കുന്നില്ല എന്ന് ജഡ്ജി തുറന്ന് പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട ഒമ്പത് മുസ്‌ലിംകളും നിരപരാധികളാണെന്നും, അവരെ എ.ടി.എസ് ബലിയാടുകളാക്കുകയായിരുന്നെന്നും പറഞ്ഞ അദ്ദേഹം അതുകൊണ്ടു തന്നെ അവരെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു.

പക്ഷെ MCOCA കോടതി വിധി കൊണ്ട് എല്ലാത്തിനും പരിഹാരമുണ്ടായോ? കോടതി വിധിയുടെ തൊട്ടടുത്ത ദിവസം, ഇന്ത്യാ ടുഡേ ടീവിയുടെ രാജ്ദീപ് സര്‍ദേശായ് ട്വീറ്ററില്‍ കുറിച്ചു, ‘ഒരു പ്രതിഷേധവുമില്ല? ഹാഷ് ടാഗുകളുമില്ല ? ആരാണ് ഇവര്‍ക്ക് ഇവരുടെ നഷ്ടപ്പെട്ട 10 വര്‍ഷം തിരികെ നല്‍കുക?’

നഷ്ടപരിഹാരം നല്‍കണമെന്നും, ബന്ധപ്പെട്ട ഓഫീസര്‍മാരെ ശിക്ഷിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള ഈ ശബ്ദങ്ങള്‍ ആത്മാര്‍ത്ഥമാണ്. അത് ചിലപ്പോള്‍ ഉന്നതനീതിപീഠത്തിന്റെ മുമ്പാകെ എത്തുകയും ചെയ്യും.

കോടതി മുറിയില്‍ നിന്നും ലഭിക്കുന്ന നീതിക്ക് രഘുവംശിക്കും അദ്ദേഹത്തിന്റെ സംഘത്തിനും അപ്പുറത്തേക്ക് വളരെ ആഴത്തില്‍ നീണ്ട് പരന്ന് കിടക്കുന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. 2003-2006 കാലയളവില്‍ മുസ്‌ലിം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൊണ്ട് നടന്ന പര്‍ബാനി, പുര്‍ണ, മഹാരാഷ്ട്രയിലെ ജല്‍ന, ഗുജറാത്തിലെ മൊദാസ, ഹൈദരാബാദ്, അജ്മീര്‍, ഡല്‍ഹി, സംജോഝ എക്‌സപ്രസ്സ് തുടങ്ങിയ ബോംബ് സ്‌ഫോടന പരമ്പരകളില്‍ ഒന്ന് മാത്രമാണ് 2006-ലെ മാലേഗാവ് ബോംബ് സ്‌ഫോടനം.

ഇതില്‍ ഭൂരിഭാഗവും നിരപരാധികളായ മുസ്‌ലിംകളുടെ മേല്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി കെട്ടിവെക്കുകയാണ് ചെയ്തത്. ഇത് യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് അവരുടെ ഭീകരപദ്ധതികള്‍ നടപ്പിലാക്കാനുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ട് കൊടുത്തു. കൊല്ലപ്പെട്ട മുന്‍ എ.ടി.എസ് ചീഫ് ഹേമന്ദ് കര്‍ക്കരെയാണ് മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട ചുരുളുകള്‍ അഴിച്ചത്. പിന്നീട് നടന്ന തുടരന്വേഷണത്തില്‍, ഭരണകൂടതലത്തിലുള്ളവരുടെയും, ആര്‍.എസ്.എസ്സ് നേതൃത്വത്തിന്റെയും എല്ലാവിധ ഒത്താശയോടെയും പിന്തുണയോടെയും ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളാണ് അവയെന്ന് തെളിഞ്ഞു. സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട കണ്ണികള്‍ ഉന്നതരിലേക്ക് എത്താന്‍ തുടങ്ങിയപ്പോഴേക്കും പിന്നീട് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് അന്വേഷണങ്ങള്‍ മന്ദഗതിയിലായി.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതോടെ കേസുകള്‍ വഴിതിരിച്ച് വിടാനുള്ള വിടാനുള്ള വ്യവസ്ഥാപിത ശ്രമങ്ങള്‍ ഉണ്ടായി തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥരും, പ്രോസിക്യൂട്ടര്‍മാരും, സാക്ഷികളും കേന്ദ്രത്തിന്റെ ആജ്ഞകള്‍ അനുസരിച്ച് നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുള്ളതായി വിശ്വസിക്കപ്പെടുന്ന അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് തന്നോട് എന്‍.ഐ.എ നിര്‍ദ്ദേശിച്ചതായി തുറന്ന് പറഞ്ഞ, 2008 മാലേഗാവ് കേസിലെ സീനിയര്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ റോഹിനി സാലിയന്റെ തൊപ്പി തെറിച്ചു.

അവര്‍ പിന്നീട് പ്രോസിക്ക്യൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ടു. ഭീകരവാദ കേസുകളുമായി ബന്ധമുള്ള ഹിന്ദുത്വ സംഘടനകളോട് ‘മൃദുസമീപനം’ സ്വീകരിക്കുമ്പോള്‍, മുസ്‌ലിംകളോട് ‘പരുക്കന്‍’ സമീപനം സ്വീകരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി വിശേഷം. ഒമ്പത് മുസ്‌ലിംകളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയില്‍ ഇത് നമുക്ക് കാണാന്‍ കഴിയും.

സ്‌ഫോടന കേസുകള്‍ അന്വേഷിക്കുന്ന പ്രഥമ ഏജന്‍സിക്ക് ഉന്നതങ്ങളില്‍ നിന്നും അത്തരം നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമ്പോള്‍, ഹിന്ദുത്വര്‍ക്കെതിരെയുള്ള കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. അവരില്‍ ആരും തന്നെ ശിക്ഷിക്കപ്പെടാനും പോകുന്നില്ല. കോടതി വിചാരണയെ പോലെ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സമാന്തര മാധ്യമ വിചാരണയും അരങ്ങേറുന്നുണ്ട്. അവിടെ പ്രതികളെല്ലാം, പ്രത്യേകിച്ച് ലെഫ്റ്റണന്റ് കേണല്‍ പ്രസാദ് പുരോഹിത്, നിരപരാധികളാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭീകരവാദ കേസുകളില്‍ പിടിയിലാവുന്നവരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് യു.പി.എ ഭരിക്കുന്ന സമയത്ത് രഹസ്യമായി മാത്രം നടന്നിരുന്ന കാര്യങ്ങള്‍ ഇന്ന് പരസ്യമായി തന്നെ നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ‘നമ്മുടെ’ ഹിന്ദുത്വ ഭീകര സംഘങ്ങളെ പരിപോഷിപ്പിക്കാനും, അതുവഴി ‘അപര’ സമുദായങ്ങള സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരത്തില്‍ പിന്തുണ നല്‍കുന്നതിന് പിന്നിലുള്ളത്. പാകിസ്ഥാന്‍ ഭരണകൂട വര്‍ഗം കാര്യങ്ങള്‍ കൈവിട്ട് പോകുന്ന തരത്തില്‍ ‘അവരുടെ’ ഭീകരവാദ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് പോലുള്ള പിന്തുണയാണിത്. നമ്മുടെ അയല്‍വാസിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ നാം ഒരുക്കമല്ലെങ്കില്‍, ഈ അസുഖകരമായ അവസ്ഥയെ കൈകാര്യം ചെയ്യാന്‍ നിയമപീഠങ്ങള്‍ മാത്രം പോരാ എന്ന് മനസ്സിലാക്കുക.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles