Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്: വിശാലതയുടെ വര്‍ത്തമാനങ്ങള്‍

ഒരു ആരാധനാ കര്‍മത്തിന്റെ പേരില്‍ വര്‍ഷം പ്രതി നൂറുകണക്കിനാളുകള്‍ ദാരുണമായി മരണപ്പെടുക. തന്മൂലം ഒരുപാട് കുടുംബങ്ങള്‍ കണ്ണീരു കുടിക്കേണ്ടിവരിക പലകുടുംബങ്ങളുടെയും അത്താണി നഷ്ടപ്പെട്ട് വഴിയാധാരമാവുക. അതും കരുണാമയനായ അല്ലാഹു ലോകത്തിന് സമാധാന ദൂതുമായച്ച ദീനിന്റെ പേരില്‍!
പറഞ്ഞ് വന്നത് ഇസ്‌ലാമിലെ പരിശുദ്ധമായ ഹജ്ജിനെ സംബന്ധിച്ചാണ്. ഓരോ വര്‍ഷവും ഹജ്ജിന് വരുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച് വരുന്നു. കഴിഞ്ഞ വര്‍ഷം അത് മുപ്പത് ലക്ഷം കവിഞ്ഞിരുന്നു. വരുംവര്‍ഷങ്ങളില്‍ അതിന്റെ കണക്കുകള്‍ ഇനിയും ഉയര്‍ന്നുയര്‍ന്ന് വരും. എന്നാല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കുന്ന ഇടം ഹാജിമാരുടെ എണ്ണത്തിനനുസരിച്ച് വിശാലമാക്കാന്‍ സാധിച്ച് കൊള്ളണമെന്നില്ല.
തിരക്കു കാരണം സ്ത്രീകളും വൃദ്ധരും പലകര്‍മങ്ങളും അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. തിരക്കിനിടയില്‍ കാലൊന്ന് തെറ്റിയാല്‍ മതി മറ്റുള്ളവരുടെ കാലുകള്‍ക്കിടയില്‍ പെട്ട് പോകാന്‍. ചിലര്‍ ഈ ലോകത്ത് നിന്ന് തന്നെ യാത്രയാവുന്നു.  

ഖുര്‍ആനും നബിചര്യയും പഠിപ്പിച്ചുതരുന്നത് ലളിതവും എളുപ്പവും മനുഷ്യാത്മാവിന് വിലകല്പിക്കുന്നതുമായ ഒരു ഇസ്‌ലാമിനെയാണ്. ‘നിങ്ങള്‍ക്ക് ദീനില്‍ ഒരു പ്രയാസവും അല്ലാഹു ഉണ്ടാക്കിയിട്ടില്ല’ (അല്‍ഹജ്ജ്:78). ‘നിങ്ങള്‍ക്ക് അല്ലാഹു എളുപ്പമാണ് ആഗ്രഹിക്കുന്നത്, പ്രയാസമല്ല’.(അല്‍ബഖറ:185). ”എളുപ്പമാക്കുന്നവനായാണ് ഞാന്‍ നിയോഗിതനായത്. നിങ്ങളെ പ്രയാസമുണ്ടാക്കുന്നവരായും നിയോഗിച്ചിട്ടില്ല” (ബുഖാരി) എന്നും അതിനാല്‍ ”നിങ്ങള്‍ പരിമാവധി എളുപ്പമാക്കിക്കൊടുക്കുക പ്രയാസപ്പെടുത്തരുത്” എന്നും പ്രവാചകന്‍ മുന്‍ പറഞ്ഞ വേദവാക്യങ്ങളെ വിശദീകരിക്കുന്നു. മേലുദ്ധരിച്ച പ്രമാണങ്ങളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തടുത്ത ഫിഖ്ഹ് നിദാന ശാസ്ത്രം (ഉസൂലുല്‍ ഫിഖ്ഹ്) ഈ രംഗത്ത് കാര്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഉപദ്രവം മാറ്റപ്പെടണം, അനിവാര്യതകള്‍ നിഷിദ്ധമായതിനെ സാധൂകരിക്കും, പ്രയാസത്തെ നീക്കി എളുപ്പമായതിനെ പ്രതിഷ്ഠിക്കുക.

ഈ ലളിതമായ തത്വം മനസ്സിലാക്കിയാല്‍ നാം പരിചയിച്ച പരുഷമായതല്ല ഇസ്‌ലാമിക ഫിഖ്ഹ് എന്നും ദയയും കാരുണ്യവുമാണ് അത് നിയമമാക്കിയിട്ടുള്ളത് എന്നും ബോധ്യപ്പെടും. ഓരോ ഇബാദത്തിനെ സംബന്ധിച്ചും തദനുസൃതമായ പ്രമാണങ്ങളുടെയോ ന്യായങ്ങളുടെയോ പിന്‍ബലമുണ്ടെങ്കിലും പ്രയാസമുള്ളതിനെ പിന്തുടരാന്‍ ചിലപണ്ഡിതര്‍ നിര്‍ബന്ധം പിടിക്കുന്നു.  അല്ലാഹുവാകട്ടെ നമുക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, പ്രയാസമല്ല(അല്‍ബഖറ:185).

ഹജ്ജില്‍ പ്രവേശിക്കുന്നതോടുകൂടി തുന്നിയ വസ്ത്രങ്ങള്‍, സുഗന്ധോപയോഗം, മുടി, നഖം എന്നിവമുറിക്കല്‍ എന്നു തുടങ്ങി പല  അനുവദനീയ കാര്യങ്ങളും അല്ലാഹു അവന് നിഷിദ്ധമാക്കുന്നു. എങ്കിലും മറ്റു ആരാധനാനുഷ്ഠാനങ്ങളില്‍ നിന്ന് ഭിന്നമായി ഹജ്ജില്‍ കുറച്ച് വിശാലത അനുവദിച്ചതായി ഹദീസുകളില്‍ നിന്നു മനസ്സിലാക്കാം. ഹജ്ജത്തുല്‍ വദാഇനിടയില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍നബി(സ) മിനയില്‍ നിന്നപ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു: ബലിയറുക്കുന്നതിനു മുമ്പ് അറിയാതെ ഞാന്‍ തലമുണ്ഡനം ചെയ്തുപോയി.നബി പറഞ്ഞു”ഇനി അറുത്തോളൂ തെറ്റൊന്നുമില്ല”. മറ്റൊരാള്‍ വന്ന് പറഞ്ഞു: കല്ലെറിയും മുമ്പ് ഞാന്‍ ബലികര്‍മ്മം ചെയ്തു പോയി. നബി(സ) പറഞ്ഞു ”ഇനി എറിഞ്ഞോളൂ തെറ്റൊന്നുമില്ല”. തുടര്‍ന്ന് ഒരു കാര്യം മൂന്തിച്ചു അല്ലെങ്കില്‍ ഒരു കാര്യം പിന്തിച്ചു എന്നു പറഞ്ഞവരോടെല്ലാം നബി ചെയ്‌തോളൂ കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത് (ബുഖാരി,മുസ്‌ലിം).

ഹജ്ജിന്റെ മുഴു മേഖലകളിലും ഈ വിശാലത പ്രകടമാണ്. തുന്നിയ വസ്ത്രങ്ങള്‍, സുഗന്ധോപയോഗം, മുടി, നഖം എന്നിവ മുറിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുഹ്‌രിമിനെ (ഇഹ്‌റാമില്‍ പ്രവേശിച്ചയാള്‍) സംബന്ധിച്ചിടത്തോളം നിഷിദ്ധങ്ങളാണ്. എന്നാല്‍ അനിവാര്യ ഘട്ടങ്ങളില്‍ (അനിവാര്യ ഘട്ടങ്ങളില്‍ മാത്രം) അവന് വിലക്കപ്പെട്ട ഏത് കാര്യവും അനുവദനീയമാകും.

കഅ്ബ് ബിന്‍ ഉജ്‌റ(റ)ക്ക് ചൊറിബാധിച്ച് തലയില്‍ നിന്ന് പേന്‍ കൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍ നബി(സ) ചോദിച്ചു ”പേന്‍ശല്യം നിന്നെ പ്രയാസപ്പെടുത്തുന്നുണ്ടോ?” അതെയെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു. ”നീ മുടിമുറിച്ചോളൂ. പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. അല്ലെങ്കില്‍ ആറ് അഗതികള്‍ക്ക് അന്നം നല്‍കുക”(ബുഖാരി, മുസ്‌ലിം)

മൂത്രവാര്‍ച്ച പോലെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അടിവസ്ത്രം ധരിക്കുന്നതില്‍ വിരോധമില്ല. അവന്‍ പ്രായശ്ചിത്വം നല്‍കേണ്ടതില്ല എന്നാണ് പണ്ഡിതമതം.  
അകാരണമായി മുടി ചീകുന്നത് വെറുക്കപ്പെട്ടതാണെന്ന് ഇമാം നവവി പോലെയുള്ള പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും മുഹ്‌രിമായിരിക്കെ തന്നോട് നബി (സ) മുടി നിവര്‍ത്തിയിടാനും ചീകിവെക്കാനും കല്‍പിച്ചതായി ആഇശയില്‍നിന്നും മുസ്‌ലിം ഇദ്ധരിക്കുന്നു.

ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് സുഗന്ധം ഉപയോഗിക്കുന്നതും മുടി വൃത്തിയാക്കിവെക്കുന്നതും സുന്നത്തായ കാര്യങ്ങള്‍ തന്നെ. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടുകൂടി മാത്രമേ അവ നിഷിദ്ധമാകുന്നുള്ളൂ. മുഹ്‌രിമിന്റെ കീറിയവസ്ത്രം തുന്നിച്ചേര്‍ക്കുന്നതോ, കഷ്ണം വെച്ചുപിടിപ്പിക്കുന്നതോ വിലക്കപ്പെട്ടതല്ല. അവയവങ്ങളോട് ചേര്‍ന്ന് കിടക്കത്തക്ക വിധത്തില്‍ തുന്നിയവ മാത്രമാണ് നിഷിദ്ധമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു.

കഅ്ബയെ ഏഴുതവണ പ്രദക്ഷിണം ചെയ്യല്‍ (ത്വവാഫ്) ഹജ്ജിന്റെ നിര്‍ബന്ധഘടകമാണ്. ആദ്യ ത്വവാഫ് വിടവാങ്ങല്‍ ത്വവാഫി (ത്വവാഫുല്‍ വദാഅ്)നോട് ചേര്‍ത്ത് അനുഷ്ഠിക്കുന്നതില്‍ തെറ്റില്ലെന്ന് ഭൂരിപക്ഷ പണ്ഡിതരും ഏകോപിച്ചിരിക്കുന്നു. ഹാജിമാര്‍ മക്കാ നഗരത്തോട് വിടവാങ്ങുമ്പോള്‍ നിര്‍വഹിക്കുന്ന പ്രദക്ഷിണമാണ് ത്വവാഫുല്‍ വദാഅ്. അതുകൊണ്ട് തന്നെ ദുല്‍ഹജ്ജ് മാസത്തിന് ശേഷമാണെങ്കിലും മക്കയില്‍ നിന്ന് യാത്രയാവുമ്പോള്‍ നിര്‍വഹിച്ചാല്‍ മതിയാകും. മക്കാനിവാസികള്‍ക്ക് ത്വവാഫുല്‍ വദാഅ് ഇല്ല.

ഏഴുതവണ തുടര്‍ച്ചയായി പ്രദക്ഷിണം ചെയ്യലാണ് ഏറ്റവും ഉത്തമമായതെന്നതില്‍ നാല് മദ്ഹബിനും ഏകാഭിപ്രായമാണ്. എന്നാല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ മൂന്ന് തവണ ത്വവാഫ് ചെയ്ത ശേഷം ഇരുന്ന് വിശ്രമിക്കുകയും ശേഷം ബാക്കിയുള്ള ത്വവാഫുകള്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്തതെന്ന് സഈദ് ബിന്‍ മന്‍സൂര്‍ ഹാമിദുബ്‌നു സൈദില്‍ നിന്ന് ഉദ്ധരിക്കുന്നു. ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ നമസ്‌കാരത്തിലേക്കു വിളിക്കപ്പെട്ടാല്‍ നമസ്‌കാരശേഷം ബാക്കിയുള്ളത് പൂര്‍ത്തീകരിച്ചാല്‍ മതി. ആവശ്യക്കാര്‍ക്ക് വീല്‍ചെയറിലൊ മറ്റോ ത്വവാഫ്‌ചെയ്യുന്നത് നിഷിദ്ധമല്ല. നബി(സ) ഒട്ടകപ്പുറത്ത് ത്വവാഫ് ചെയ്തിരുന്നതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നു.

പുണ്യവും മനുഷ്യപ്പറ്റുമുള്ള മതാനുഷ്ഠാനങ്ങളാണ് അല്ലാഹു നമുക്ക് നിയമമാക്കിയിട്ടുള്ളത്. ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും മുക്തമായിരിക്കല്‍ നിര്‍ബന്ധമാണെങ്കിലും മൂത്രവാര്‍ച്ച, നിലക്കാത്ത രക്തസ്രാവം തുടങ്ങിയ പ്രയാസങ്ങളുള്ളവര്‍ കുളിച്ച ശേഷം രക്തവരുന്ന ഭാഗങ്ങള്‍ തുണികൊണ്ട് ബന്ധിച്ച് ത്വവാഫ് ചെയ്താല്‍ മതിയെന്നാണ് ഇബ്‌നു ഉമറിന്റെ അഭിപ്രായം, അതിന് പ്രായശ്ചിത്തം നല്‍കേതില്ലന്നാണ് ഐക്യകണ്‌ഠേനയുള്ള പണ്ഡിതാഭിപ്രായം.

നമസ്‌കരിക്കുന്നവന്റെ മുമ്പിലൂടെ ത്വവാഫ് ചെയ്യുന്നതു (ഇതു മസ്ജിദുല്‍ ഹറമില്‍ മാത്രമുള്ള പ്രത്യേകതയാണ്) കൊണ്ടോ സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇടകലരുന്നതു കൊണ്ടോ കുഴപ്പമില്ല; ഹൃദയങ്ങളിലേക്കാണ് അല്ലാഹു നോക്കുന്നത്. ഹജ്ജിലെ മറ്റൊരു നിര്‍ബന്ധഘടകമാണ് സഅ്‌യ്. ചരിത്രത്തിലെ ഹാജിറയെ അനുസ്മരിച്ച് സഫാ-മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ ഏഴുതവണ ഓടുന്നതിനാണ് സഅ്‌യ് എന്നുപറയുന്നത്. സഅ്‌യ് സാധുവാകാന്‍ രണ്ട് കുന്നുകളും കയറണമെന്നില്ല. എന്നാല്‍ രണ്ടിന്റെ ഇടയിലുള്ള സ്ഥലങ്ങളെ പൂര്‍ണ്ണമായും ചൂഴേണ്ടതിനാല്‍ രണ്ട് കുന്നുകളിലും കാല്‍ ചേര്‍ന്ന് നില്‍ക്കല്‍ അനിവാര്യമാണ്. ഏഴ് തവണ ഒരുമിച്ച് ഓടിത്തീര്‍ക്കണമെന്ന നിബന്ധനയില്ല. വല്ല ആവശ്യവും നിവൃത്തിക്കാനുണ്ടെങ്കില്‍ അതിന് ശേഷം ബാക്കിയുള്ളത് പൂര്‍ത്തീകരിച്ചാല്‍ മതി.

സഅ്‌യിലും ത്വവാഫ് ഒഴികെയുള്ള ഏത് കര്‍മ്മങ്ങള്‍ക്കും ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍നിന്നും ശുദ്ധിയാകണമെന്ന നബന്ധയില്ലെന്ന് മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍നിന്ന് വ്യക്തമാകുന്നു: ആഇശ(റ) ഋതുമതിയായിരിക്കെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശങ്കിച്ചപ്പോള്‍ അവിടന്ന് സൂചിപ്പിച്ചു ”എല്ലാസ്ത്രീകള്‍ക്കും അല്ലാഹു നിയമമാക്കിയ പ്രകൃതിയാണിത്. അതിനാല്‍ ഹജ്ജ്‌ചെയ്യുന്നവര്‍ ചെയ്യുന്നതെല്ലാം നീയും ചെയ്തുകൊള്ളുക. എന്നാല്‍ കുളിക്കുന്നതുവരെ ത്വവാഫ് ചെയ്യേണ്ടതില്ല.’

ആവശ്യക്കാര്‍ക്ക് വീല്‍ചെയറിലോ മറ്റ് വാഹനങ്ങളിലോ സഅ്‌യ് ചെയ്യല്‍ ത്വവാഫു പോലെതന്നെ അനുവദനീയമാണ്, നബി(സ) ഒരാളോട് ഇങ്ങനെ വിളിച്ചു പറയുവാന്‍ കല്പിച്ചതായി അഹ്മദും മറ്റു സുനനുകാരും ഉദ്ധരിക്കുന്നു: ”അറഫയാണ് ഹജ്ജ്. ജംഇന്റെ രാത്രി (മുസ്ദലിഫയില്‍ രാത്രി താമസിക്കുന്ന ദിവസം) പ്രഭാതത്തിന് മുമ്പ് ആരെങ്കിലും (അറഫയില്‍) വന്നാല്‍ അവന് ആ കര്‍മ്മം ലഭിച്ചു”. എപ്പോള്‍/ഏത് സമയം നില്കണം എന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണെങ്കിലും പ്രത്യേക സമയത്തേക്ക് പരിമിതമാക്കിയതായി തല്‍സംബന്ധമായി ഉദ്ധരിക്കപ്പെടാറുള്ള ഹദീസുകളില്‍ നിന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ മേലുദ്ധരിച്ച ഹദീസ് സൂചിപ്പിക്കുന്നതു പോലെ ദുല്‍ഹജ്ജ് ഒമ്പതില്‍ രാത്രിയോ പകലോ അല്പസമയം നിന്നാല്‍ മതിയാകും. നിറുത്തം എന്നതു കൊണ്ടുദ്ദേശിച്ചത് അറഫയില്‍ അല്പസമയം ചെലവിടുക എന്നതാണ്. ശുദ്ധാശുദ്ധങ്ങള്‍ ഇതില്‍ പരിഗണനീയമല്ല. തദുദ്ദേശത്തോടെ വിമാനത്തില്‍ അറഫക്ക് മുകളിലൂടെ കടന്നുപോയാലും മതി എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരും വിരളമല്ല (അന്തരീക്ഷത്തെ ഭൂമിയിലേക്ക് ചേര്‍ത്താണ് ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്നാണ് അവര്‍ നിരത്തുന്ന ന്യായം).

അറഫയില്‍വെച്ച് നമസ്‌കാരം ചുരുക്കിയും ചേര്‍ത്തും (ജംഉം ഖസ്‌റും) നിര്‍വ്വഹിക്കാവുന്നതാണ്. ജാബിര്‍ ബിന്‍ സൈദ്(റ)പറയുന്നു ”ഞാന്‍ അറഫയില്‍ വെച്ച് ചുരുക്കിയാണ് നമസ്‌കരിക്കാറുള്ളത്”. അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയില്‍ ഒരു രാത്രി കഴിച്ചുകൂട്ടല്‍ ഇമാം അഹ്മദ് ബിന്‍ ഹമ്പലന്റെ അഭിപ്രായത്തില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മറ്റു ഇമാമുകളുടെ അഭിപ്രായത്തില്‍ അവിടെനില്‍ക്കല്‍ മാത്രമേ നിര്‍ബന്ധമൂള്ളൂ. എന്നാല്‍ ഇമാം ശാഫിഈയുടെ അഭിപ്രായത്തില്‍ നിലക്കണമെന്നുമില്ല. മുസ്ദലിഫയിലൂടെ കടന്നുപോയാല്‍ മാത്രം മതി. പ്രസ്തുത സ്ഥലം മുസ്ദലിഫയാണെന്ന് അറിഞ്ഞു കൊള്ളണമെന്നു പോലുമില്ല. അതുപോലെ തന്നെ മിനയിലെ രാത്രിവാസം ഹനഫീ മദ്ഹബ് ഒഴികയുള്ളതിലെല്ലാം നിര്‍ബന്ധമാണെങ്കിലും ആര്‍ക്കെങ്കിലും വല്ല അസൗകര്യവും നേരിട്ടാല്‍ അവര്‍ക്ക് മക്കയിലോ മുസ്ദലിഫയിലോ തങ്ങുന്നതില്‍ വിരോധമില്ല. ലക്ഷങ്ങള്‍ വരുന്ന ജനങ്ങള്‍ ഒരുമിച്ച് മിനായില്‍ രാത്രി കഴിച്ച് കൂട്ടുക ക്ലേശകരമായിരിക്കും.

ഇബ്‌നു ഉമര്‍ ഉദ്ധരിക്കുന്നു: ഹാജിമാര്‍ക്ക് വെള്ളം കുടിപ്പിക്കാനുള്ളതുകൊണ്ട് മിനായുടെ രാത്രിയില്‍ മക്കയില്‍ താമസിക്കാന്‍ നബി(സ) ഇബ്‌നു അബ്ബാസിനെ അനുവദിച്ചു (ബുഖാരി). ഒട്ടകത്തിന്റെ മേല്‍നോട്ടക്കാരെയും അതിന് തീറ്റകൊടുക്കുന്നവരെയും മിനയില്‍ താമസിക്കാന്‍ നബി(സ)നിര്‍ബന്ധിച്ചിരുന്നില്ല.

ജംറയില്‍ കല്ലെറിയല്‍ ഹജ്ജിന്റെ നിര്‍ബന്ധഘടകങ്ങളില്‍പെട്ടതാണ്. എന്നാല്‍ അത് നിര്‍വ്വഹിക്കുന്നതില്‍ വരുന്ന വീഴ്ച്ച ബലികൊണ്ട് മായ്ക്കപ്പെടും. ഹജ്ജില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണ് ജംറ. പരിമിതമായ സമയത്തിനുള്ളില്‍ കര്‍മ്മം അനുഷ്ഠിച്ച് തീര്‍ക്കാനുള്ള വ്യഗ്രതയാണ് അപകടങ്ങളിലേക്ക് എത്തിക്കുന്നത്. തല്‍സംബന്ധമായി ഉദ്ദരിക്കപ്പെട്ട ഹദീസുകളെ ശരിയാംവണ്ണം മനസ്സിലാക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. നബി(സ) ജംറയില്‍ കല്ലെറിഞ്ഞത് ഉച്ചതിരിഞ്ഞതിനും അസ്തമനത്തിനും ഇടക്കാണെന്ന് ഹദീസുകളില്‍ വന്നു എന്നത്‌കൊണ്ട് അതിനു മുമ്പോ ശേഷമോ എറിയുന്നതില്‍ നബി(സ) വിലക്കിയിട്ടില്ലാത്തതിനാല്‍ വിരോധമൊന്നുമില്ലെന്ന ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായത്തിനാണു ഇപ്പോള്‍ കൂടുതല്‍ പ്രബലത. ഇബ്‌നു ഉമറിനെപ്പോലെയുള്ള സ്വഹാബികള്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനം വരെ എറിയാമെന്ന അഭിപ്രായക്കാരാണ്.

പ്രയാസമുള്ള ആളുകള്‍ക്ക് പകരമായി മറ്റുള്ളവര്‍ കല്ല് എറിഞ്ഞാലും കര്‍മ്മം സാധുവാകും. ജാബിര്‍(റ)പറയുന്നു: ഞങ്ങള്‍ നബി(സ)യുടെ കൂടെ ഹജ്ജ് നിര്‍വഹിച്ചു.ഞങ്ങളുടെ കൂടെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി തല്‍ബിയത്ത് ചൊല്ലുകയും അവര്‍ക്ക് വേണ്ടി എറിയുകയും ചെയ്തിരുന്നു.
ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുക, ഹജ്ജിലെ ഒരു നിര്‍ബന്ധഘടകമോ, ത്വവാഫുല്‍വദാഓ ഉപേക്ഷിക്കുക എന്നീ സìര്‍ഭങ്ങളിലാണ് ബലിനല്‍കേണ്ടത്. ഹജ്ജും ഉറയും ഒരുമിച്ച് നിര്‍വഹിക്കുകയാണെങ്കിലും ബലി നല്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഹജ്ജ് മാത്രം നിര്‍വഹിക്കുകയാണെങ്കില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ വീഴ്ചവരുത്തിയാല്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളൂ.

ബലിനല്‍കുന്നതിനുമുമ്പ് മുടിമുറിക്കുകയോ എറിയുന്നതിനു മുമ്പ് ബലിനല്‍കുകയോ ചെയ്യുന്നത് കൊണ്ട വിരോധമില്ലെന്ന് ആദ്യം ഉദ്ധരിച്ച ഹദീസില്‍ നിന്ന് വ്യക്തമാണ്. ഹജ്ജില്‍നിന്ന് വിരമിക്കുന്നതിനുമുമ്പ് മുടി നീക്കം ചെയ്യല്‍ ഹദീസിനാല്‍ സ്ഥിരപ്പെട്ട കാര്യമാണ്. വടിച്ച് കളയുന്നതാണ് ഏറ്റുവും ഉത്തമം. മൂന്ന് മുടിമാത്രമാണ് ഒരാള്‍ മുറിക്കുന്നതെങ്കില്‍ അതുംമതിയാകും. ഒരു വിരല്‍ കൊടിയോളം മുറിച്ച് കളയുക എന്നതാണ് മുറിക്കുക എന്നത് കൊണ്ടുദ്ദേശം. സ്ത്രീകള്‍ മുടി വടിക്കരുതെന്നും വെട്ടുകമാത്രമേ ചെയ്യേണ്ടതുള്ളൂവെന്നും ഇബ്‌നു അബ്ബാസില്‍ നിന്നും അബൂദാവൂദ് ഉദ്ധരിക്കുന്നു.

Related Articles