Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ ബോംബാക്രമണത്തില്‍ യമനില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ യമനിലെ സഅദ നഗരത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചു കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടും. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യമനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയാണ് സഅ്ദ.

സഅ്ദ പട്ടണത്തിലെ സഹര്‍ ജില്ലയിലെ ഒരു വീടിനു നേരെയാണ് വ്യോമാക്രമണമുണ്ടായതെന്ന് യമനിലെ അല്‍ മസിറഹ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സഅ്ദക്കു സമീപമുള്ള മഹ്ദ മേഖലയില്‍ സൗദിയുടെ നേതൃത്വത്തില്‍ യുദ്ധവിമാനങ്ങള്‍ ഏഴു തവണയാണ് വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഇവിടെ മരണമോ മറ്റു അത്യാഹിതങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ചയും സന്‍ആയിലെ യമന്‍ ടി.വി സാറ്റലൈറ്റ് ചാനലിന്റെ കെട്ടിടം ലക്ഷ്യമാക്കി സൗദിയുടെ വ്യോമാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

2015ല്‍ ആരംഭിച്ച സൗദിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര യുദ്ധത്തില്‍ ഇതിനോടകം 13,600 പേരാണ് യമനില്‍ കൊല്ലപ്പെട്ടത്. നിരവധി സ്‌കൂളുകളും ഫാക്ടറികളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളുമാണ് രാജ്യത്ത് തകര്‍ന്നടിഞ്ഞത്. യുദ്ധം മൂലം രാജ്യത്ത് കോളറ പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിച്ചിട്ടുണ്ട്. 2167 പേരാണ് ഇതുവരെയായി കോളറ പിടിപെട്ട് മരിച്ചത്.

 

Related Articles