Current Date

Search
Close this search box.
Search
Close this search box.

സൗദിയും തുര്‍ക്കിയും കരയുദ്ധത്തിന് മുറവിളി കൂട്ടുമ്പോള്‍

syria-crisis.jpg

അഞ്ച് വര്‍ഷം മുമ്പ് സിറിയന്‍ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഏറ്റവും അപകടകരമായ ഒന്നായിരിക്കാം കഴിഞ്ഞ വ്യാഴാഴ്ച്ച ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനത്ത് തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍. അമേരിക്കന്‍ നേതൃത്വത്തില്‍ ഐഎസിനെതിരെ രൂപം കൊണ്ട സിഡ്‌നി സഖ്യ രാഷ്ട്രങ്ങളും അതില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് സാധ്യതകളാണ് അവരുടെ മുന്നിലുള്ളത്. ഒന്നുകില്‍ സൈനിക ശക്തി ഉപയോഗിച്ച് രാഷ്ട്രീയ പരിഹാരം നടപ്പാക്കുക അല്ലെങ്കില്‍ സിറിയന്‍ സായുധ പ്രതിപക്ഷത്തിനെതിരെ റഷ്യയും അവരുടെ സഖ്യങ്ങളായ ഇറാനും സിറിയയും നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് വെള്ളക്കൊടി വീശി അനുമതി നല്‍കാം.

തുര്‍ക്കി പ്രസിഡന്റ് ഈ നാളുകളില്‍ ‘വെറളി പിടിച്ച കാളയെ’ പോലെയാണ് പെരുമാറുന്നത്. സിറിയക്ക് മേലുള്ള തന്റെ പദ്ധതികളും സ്വപ്‌നങ്ങളും അട്ടിമറിക്കപ്പെടുന്നതാണ് അദ്ദേഹം കാണുന്നത്. സിറിയന്‍ സൈന്യം തന്റെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആധിപത്യം വീണ്ടെടുക്കുന്നതും സിറിയന്‍ പ്രതിപക്ഷത്തിന് സഹായത്തിനുള്ള വഴികള്‍ മുറിയുന്നതും അദ്ദേഹത്തിന്റെ കണ്‍മുന്നിലാണ്. പുതുതായി എഴുപതിനായിരത്തോളം അഭയാര്‍ഥികള്‍ അഭയം ചോദിച്ച് തന്റെ രാഷ്ട്രത്തിന്റെ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ്. അലപ്പോയും സമീപ നഗരങ്ങളും സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് വരുന്നതിനുള്ള സാധ്യതകളാണ് വര്‍ധിക്കുന്നത്.

മുമ്പെങ്ങുമില്ലാത്ത രോഷത്തിലാണ് ഉര്‍ദുഗാന്‍. ‘വിഡ്ഢികള്‍’ എന്ന വാക്ക് തുര്‍ക്കിക്കാരുടെ നെറ്റിയില്‍ എഴുതിവെച്ചിട്ടുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സാമ്പത്തിക, രാഷ്ട്രീയ ആവശ്യങ്ങളോട് പ്രതികരിക്കുന്നില്ലെങ്കില്‍ പതിനായിരക്കണക്കിന് വരുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ യൂറോപിലേക്കുള്ള അതിര്‍ത്തി തുറന്നു കൊടുക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. വിമാനങ്ങളും ബസ്സുകളും തയ്യാറാണെന്നും ആവശ്യമായത് ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു യൂറോപ്യന്‍ നിരീക്ഷകന്‍ പരിഹാസത്തോടെ അതിനോട് പ്രതികരിച്ചത്, ‘അവരെ എന്തിനാ ഞങ്ങളുടെ അടുത്തേക്ക് അയക്കുന്നത്, താങ്കളുടെ സഖ്യങ്ങളായ സൗദിയിലേക്കും മറ്റ് ഗള്‍ഫ് നാടുകളിലേക്കും അയക്കുകയല്ലേ നല്ലത്’ എന്നാണ്.

ഈ ദിവസങ്ങളില്‍ ഉര്‍ദുഗാനെക്കാള്‍ അസ്വസ്ഥതയും രോഷവുമാണ് സൗദി പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയ പരിഹാരത്തിലൂടെ അസദിനെ സ്ഥാനഭ്രഷ്ടനാക്കാമെന്ന പ്രതീക്ഷ അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സൈനിക പരിഹാരം മാത്രമേ അവശേഷിക്കുന്നുള്ളൂ. സൗദിയുടെ പ്രത്യേക സേനയെ സിറിയയിലക്ക് അയക്കാനുള്ള നിര്‍ദേശവുമായിട്ടാണ് പ്രതിരോധ മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബ്രസല്‍സിലേക്ക് അയച്ചിരിക്കുന്നത്.

വെടിനിര്‍ത്തലിന് മുമ്പ് കുറച്ചു കൂടി സമയം തങ്ങള്‍ക്ക് ലഭിക്കാനുള്ള കൗശലമാണ് റഷ്യ പ്രയോഗിക്കുന്നത്. സിറിയ – തുര്‍ക്കി അതിര്‍ത്തി അടക്കുകയും സിറിയന്‍ സായുധ പ്രതിപക്ഷത്തിനും മറ്റ് തീവ്രഗ്രൂപ്പുകള്‍ക്കും സഹായമെത്തുന്ന മാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യാതെ ഐഎസിനെതിരെയുള്ള പോരാട്ടം വിജയിപ്പിക്കാനോ വെടിനിര്‍ത്തല്‍ കരാറില്‍ എത്താനോ സാധിക്കില്ലെന്ന് പ്രസിഡന്റ് വഌദിമര്‍ പുടിന് ഉറപ്പുണ്ട്.

സിറിയയിലേക്ക് സൗദി കരസൈന്യത്തെ അയക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് പ്രസ്തുത നീക്കം അമേരിക്കന്‍ നേതൃത്വത്തിലായിരിക്കണമെന്ന ഉപാധിയോടെയാണ്. അല്ലെങ്കില്‍ അമേരിക്കയുടെ തണലിലായിരിക്കണം അത്. എന്നാല്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം സൗദിയുടെയും തുര്‍ക്കിയുടെയും സമ്മര്‍ദത്തിന് മുന്നില്‍ വഴങ്ങാനുദ്ദേശിക്കുന്നില്ലെന്നാണ് സൂചനകള്‍. ‘നിങ്ങള്‍ക്ക് വേണ്ടി റഷ്യയുമായി ഞാന്‍ യുദ്ധത്തിനിറങ്ങണമെന്നാണോ നിങ്ങളുദ്ദേശിക്കുന്നത്?’ എന്ന് ലണ്ടനില്‍ വെച്ച് സിറിയന്‍ പ്രതിപക്ഷ നേതാവിനോട് ചോദിച്ചതിലൂടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

ഇറാന്‍ മേജര്‍ മുഹമ്മദലി ജഅ്ഫരിയെ പോലുള്ളവരുടെ പ്രസ്താവനകള്‍ സൗദിയുടെ കരഇടപെടലിനുള്ള നീക്കത്തെ ആത്മഹത്യപരമായ കാല്‍വെപ്പായിട്ടാണ് കരുതുന്നത്. സൗദി, ഇറാന്‍ സൈന്യങ്ങള്‍ക്കിടയിലുണ്ടാകുന്ന ഏറ്റുമുട്ടല്‍ സൗദി ഭരണകൂടത്തിന്റെ അന്ത്യത്തിന്റെ തുടക്കമായിരിക്കുമെന്നും ജനറല്‍ ജഅ്ഫരി പറഞ്ഞു. ഇറാന്‍ തങ്ങളുടെ സജീവ കളിസ്ഥലമായിട്ടാണ് സിറിയയെ കാണുന്നത്. തങ്ങളുടെ സ്വന്തം മണ്ണിലെന്ന പോലെയാണ് അവര്‍ അവിടെ കളിക്കുന്നതും.

എന്തു വിലകൊടുത്തും സിറിയന്‍ ഭരണകൂടത്തിന്റെ പതനം തടയാനാണ് റഷ്യയും ഇറാനും നിശ്ചയിച്ചിരിക്കുന്നത്. അതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് മുഅല്ലിമിന്റെ പ്രസ്താവന. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ തങ്ങളുടെ മണ്ണില്‍ കാലുകുത്തുന്ന സൗദി സൈനികര്‍ മരത്തിന്റെ പെട്ടികളില്‍ നാട്ടിലേക്ക് മടക്കപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. സിറിയയുടെ പരമാധികാരത്തില്‍ ഏതെങ്കിലും ശക്തികള്‍ കൈവെച്ചാല്‍ അവര്‍ക്കെതിരെ ഉയര്‍ന്ന നേതൃത്വത്തോട് കൂടിയാലോചിക്കാതെ തന്നെ സഹായിക്കാന്‍ റഷ്യയുടെയും സിറിയയുടെയും നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് മോസ്‌കോ ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ചോര്‍ന്നു കിട്ടിയ വിവരം.

സൗദിയുടെ നീക്കത്തെ രണ്ട് തരത്തില്‍ കാണാം. ഒന്ന്, സൗദി ഈ പ്രഖ്യാപനത്തെ ഗൗരവത്തില്‍ എടുത്തിട്ടില്ല. മികച്ച ഉപാധികളോടെ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രമായിരി്ക്കാം ഒന്നുകില്‍ അത്. അസദിന്റെ ഭാവിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് റഷ്യയെ പ്രേരിപ്പിക്കലും അതിന്റെ ഉദ്ദേശ്യമാവാം. രണ്ടാമത്തെ സാധ്യത സൗദി ഗൗരവത്തില്‍ തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കലാണ്. കോടിക്കണക്കിന് പണവും ആയുധങ്ങളും നല്‍കി ഇടപെട്ടിട്ടും അഞ്ച് വര്‍ഷമായി തുടരുന്ന സിറിയയിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതില്‍ നിന്ന് ഇനി പിന്നോട്ടടിക്കുന്നത് രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗദിയുടെ സ്ഥാനത്തിനേല്‍ക്കുന്ന അടിയായിട്ടാണ് വിലയിരുത്തപ്പെടുക എന്ന ചിന്തയാവാം അതിന് പിന്നില്‍.

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ തന്നെ പ്രതിനിധി സംഘത്തെ ബ്രസ്സല്‍സിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതിനെ യുദ്ധ പ്രഖ്യാപനമായി പല നിരീക്ഷകരും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ബഹ്‌റൈനും യു.എ.ഇയും ഒഴികെയുള്ള അറബ് ഇസ്‌ലാമിക സഖ്യത്തിലെ ഒരു രാജ്യവും ‘സുന്നീ’ സൈനിക ഇടപെടലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണത്. സ്വഭാവികമായും സൗദി ഭരണകൂടത്തെയും അത് അസ്വസ്ഥപ്പെടുത്തും.

യമനിലെ യുദ്ധത്തില്‍ ഇറാനെ മുഖ്യ ശത്രുവായി കൊണ്ടുവരുന്നതില്‍ സൗദി വിജയിച്ചിട്ടില്ല. എന്നാല്‍ സിറിയയില്‍ നടക്കുന്ന യുദ്ധത്തില്‍ സൗദിയെ മുഖ്യ ശത്രുവായി അവതരിപ്പിക്കുന്നതില്‍ ഇറാന്‍ ഒരുപരിധിവരെ വിജയിച്ചു എന്ന് പറയാം. വരുന്ന നാളുകളിലും ആഴ്ച്ചകളിലും മൂന്ന് തിരക്കഥകള്‍ക്കുള്ള സാധ്യതകളാണ് സിറിയയിലുള്ളത്. അവ ഇങ്ങനെ സംഗ്രഹിക്കാം:
1) ശക്തി പ്രയോഗിച്ചു കൊണ്ടുള്ള തീവ്രത നൈമര്‍ല്യമായ അവസ്ഥയിലേക്ക് എത്തിക്കും. രണ്ടാഴ്ച്ചക്ക് ശേഷം അനുരജ്ഞനത്തിലൂടെയുള്ള രാഷ്ട്രീയ പരിഹാരത്തിനത് വഴി തുറക്കും.
2) കൂടുതല്‍ സമയം ലഭിക്കുന്നതിനുള്ള റഷ്യയുടെ കൗശലങ്ങള്‍ വിജയിക്കും. അതിലൂടെ അസദിന് അലപ്പോ നഗരം വീണ്ടെടുക്കാനും പ്രതിപക്ഷത്തിന് സഹായമെത്തുന്ന തുര്‍ക്കി അതിര്‍ത്തി അടക്കാനും സാധിക്കും.
3) സൗദി-തുര്‍ക്കി കരസൈനിക സഖ്യത്തിന്റെ നേതൃത്വം അമേരിക്ക ഏറ്റെടുത്ത് റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കുകയും ബഫര്‍ സോണ്‍ സ്ഥാപിക്കുകയും യുദ്ധക്കളത്തില്‍ ശാക്തിക സന്തുലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഈയൊരു അവസ്ഥയില്‍ അതിനുള്ള സാധ്യത തീരെ ഇല്ലെന്ന് തന്നെ പറയാം.

വെടിനിര്‍ത്തല്‍ കരാര്‍ ഒരു പ്രാദേശിക ഏറ്റുമുട്ടലിന്റെ സാധ്യതകള്‍ താല്‍ക്കാലികാമായി ഇല്ലാതാക്കുമെങ്കിലും, ജനീവ സമാധാന ചര്‍ച്ചയുടെ അടുത്ത ഘട്ടം പരാജയപ്പെടുന്നതോടെ അതിനുള്ള സാധ്യതകള്‍ വീണ്ടും തുറക്കും.

ഐഎസിനെതിരെയുള്ള യുദ്ധത്തെ കുറിച്ചല്ല ബ്രസ്സല്‍സില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്, മറിച്ച് റഷ്യയുമായുള്ള ഏറ്റുമുട്ടലിനെയും അവരുടെ സഖ്യങ്ങളെ പരാജയപ്പെടുത്തുന്നതിനെയും സിറിയന്‍ ഭരണകൂടത്തെ താഴെയിറക്കുന്നതിനെയും കുറിച്ചാണ്. ഐഎസ് എന്നത് എല്ലാവരും ഉപയോഗിക്കുന്ന ‘നോക്കുകുത്തി’ മാത്രമാണ്. അതില്ലായിരുന്നെങ്കില്‍ എന്ത് ന്യായത്തിന്റെ പേരിലാണ് സൗദിക്ക് അലപ്പോയിലും റഖയിലും ഇടപെടാന്‍ സാധിക്കുക. തുര്‍ക്കിയും റഷ്യയും സിറിയന്‍ ഭരണകൂടവുമെല്ലാം ഇത്തരത്തില്‍ തന്നെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത്.

തെറ്റിധാരണകളുടെ പേരിലുള്ള ഒരു സുന്നി – ശിയാ യുദ്ധത്തിന്റെ വക്കിലാണ് നാമുള്ളത്. ഒരു യുദ്ധം തുടങ്ങിയാല്‍ അതിന്റെ നഷ്ടം ആര്‍ക്കായിരിക്കുമെന്ന് നമുക്കെല്ലാം അറിയാം. മുഴുവന്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കുമാണത്. അതിന്റെ നേട്ടം ആര്‍ക്കായിരിക്കും എന്നും അറിയാം. അമേരിക്കക്കും റഷ്യക്കും ഇസ്രയേലിനും പടിഞ്ഞാറിനും ആയിരിക്കുമത്.

വിവ: നസീഫ്‌

Related Articles