Current Date

Search
Close this search box.
Search
Close this search box.

സ്‌പെയിനില്‍ മുസ്‌ലിങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടു?

ചരിത്രത്തിന്റെ ചാക്രികതയില്‍ സംഭവിച്ച ഉത്ഥാനപതനങ്ങളുടെ മാപ്പുസാക്ഷിയാണ് സ്‌പെയിന്‍. ഉദാത്തമായ നാഗരികയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ സ്‌പെയിനിന്റെ സുവര്‍ണനാളുകളായിരുന്നു മുസ്‌ലിം ഭരണകാലം. ബഗ്ദാദിനോടും ഡമസ്‌കസിനോടും മല്‍സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും പോലുള്ള മഹാനഗരങ്ങള്‍. അല്‍അസ്ഹറിനോടും നിസാമിയ്യയോടും കിടപിടിക്കുന്ന വിശ്വപ്രസിദ്ധ സര്‍വകലാശാലകള്‍. വിസ്മയങ്ങളായ മസ്ജിദുകള്‍, കൊട്ടാരസദനങ്ങള്‍, ലോകത്തെ പ്രകാശദീപ്തമാക്കിയ പാഠശാലകള്‍, ലൈബ്രറികള്‍, ആതുരാലയങ്ങള്‍, ഗവേഷണകേന്ദ്രങ്ങള്‍… എന്നിവയാല്‍ ലോകത്തിന്റെ പറുദീസയായ സ്‌പെയിന്‍ ദൈവികവചനം ഉച്ചരിക്കുന്നവരുടെ അവശിഷ്ടങ്ങള്‍ പോലും കാണപ്പെടാത്ത രീതിയില്‍ അധോഗതിയുടെ ആഴിയിലേക്കാപതിച്ചത് എന്ത് കൊണ്ട് എന്നതിനെകുറിച്ച്് ആധുനിക ഇസ്‌ലാമിക ചരിത്ര പണ്ഡിതരില്‍ പ്രമുഖനായ ഡോ. അലി സ്വല്ലാബി നടത്തുന്ന ചിന്താര്‍ഹവും പ്രാമാണികവുമായ വിശകലനം.

1. വിശ്വാസ ദൗര്‍ബല്യം
ഇസ്‌ലാമിക വിശ്വാസാദര്‍ശത്തില്‍ നിന്ന് മുസ്‌ലിങ്ങള്‍ ബഹുദൂരം അകലുകയും വ്യതിചലിക്കുകയും ചെയ്തതാണ് സ്‌പെയിനിലെ മുസ്‌ലിങ്ങളുടെ പരാജയത്തിന് പ്രധാനകാരണം.

2. ക്രൈസ്തവരോടുളള കൂറും സഖ്യവും:
സ്‌പെയിനിന്റെ ചരിത്രത്തിലുടനീളം ക്രൈസ്തവരുമായുള്ള അസാധാരണമായ ചങ്ങാത്തം ദര്‍ശിക്കാം. അല്ലാഹുവിന് വേണ്ടി സ്‌നേഹിക്കുകയും കോപിക്കുകയും ചെയ്യുക എന്നതിലുപരിയായുള്ള സഖ്യവും ബന്ധവുമായിരുന്നു അവിടെ രൂപപ്പെട്ടത്. ദൈവപ്രീതി സമ്പാദിക്കുന്നതിനു പകരം ദൈവകോപം വിളിച്ചുവരുത്തുന്ന രീതിയിലായിരുന്നു അത്.
അല്ലാഹു പറഞ്ഞു: ‘വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരെയും സത്യനിഷേധികളെയും ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരാവുക.’ (അല്‍ മാഇദ: 57)

‘സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ ആത്മമിത്രങ്ങളാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല ‘(ആലു ഇംറാന്‍: 28)
‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ ദൂതനോടും വിരോധം വെച്ചുപുലര്‍ത്തുന്നവരോട് സ്‌നേഹബന്ധം സ്ഥാപിക്കുന്നതായി നിനക്ക് കാണാനാവില്ല. ആ വിരോധം വെച്ചുപുലര്‍ത്തുന്നവര്‍ സ്വന്തം പിതാക്കന്മാരോ പുത്രന്മാരോ സഹോദരന്മാരോ മറ്റു കുടുംബക്കാരോ ആരായിരുന്നാലും ശരി.’ (അല്‍മുജാദല: 22)
ചങ്ങാത്തത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും മാതൃക പ്രവാചകന്‍ പഠിപ്പിച്ചു: വിശ്വാസത്തിന്റെ ഏറ്റവും ബലിഷ്ഠമായ പാശം അല്ലാഹുവുമായുള്ള ചങ്ങാത്തം, അല്ലാഹുവിന് വേണ്ടിയുളള കോപം, സ്‌നേഹം, വിദ്വേഷം എന്നിവയാകുന്നു ‘ (അഹ്്മദ്)
‘എന്റെ സഹായിയോട് ആര്‍ ശത്രുത പുലര്‍ത്തുന്നുവോ അവനോട് ഞാന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു’ (ബുഖാരി)

ദൈവനിശ്ചയവും പ്രവാചക അധ്യാപനവും ഇതാണെങ്കില്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്കും നാം സാക്ഷിയാകേണ്ടതുണ്ട്. സ്‌പെയ്‌നിലെ രാജാവായ മുഅ്തമദ് ബിന്‍ ഉബാദ്  മുസ്‌ലിം നാട്ടുരാജാക്കന്മാരോട്് യുദ്ധം ചെയ്യുന്ന ഖശ്താലയിലെ രാജാവിന്റെയടുത്ത് പോയ ചരിത്രം പ്രസിദ്ധമാണ്. മുസ്‌ലിം ഭരണാധികാരികളോട് സഖ്യത്തിലേര്‍പ്പെടാതെ മുസ് ലിങ്ങളോട് ശത്രുത വെച്ചുപുലര്‍ത്തുന്ന ക്രൈസ്തവ രാജാവിനോട്് സന്ധി ആവശ്യപ്പെടുകയും അതിനായി സമ്പത്ത് നല്‍കുകയും ചെയ്യുകയുമുണ്ടായി. മറിച്ച്  മുസ്‌ലിം നാട്ടുരാജാക്കന്മാരോട് സഖ്യത്തിലേര്‍പ്പെട്ടിരുന്നുവെങ്കില്‍ അദ്ദേഹത്തിനും സ്‌പെയിനിലെ മുസ്‌ലിങ്ങള്‍ക്കും ഇസ്‌ലാമിനും ഏറ്റവും അനുഗുണമായത് അതായിരുന്നു. കാരണം മുള്ളില്‍ നിന്നും മുന്തിരി ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതല്ലോ.
അപ്രകാരം തന്നെ ചില മുസ്‌ലിം ഭരണാധികാരികള്‍ മന്ത്രിസ്ഥാനത്തും രാഷ്ട്രത്തിന്റെ തന്ത്രപ്രധാനമായ പദവികളിലും ജൂത-ക്രൈസ്തവരെ നിയോഗിച്ചതായി കാണാം. ആട്ടിന്‍പറ്റങ്ങളെ ചെന്നായയുടെ അടുത്ത് ഏല്‍പിച്ച് എങ്ങനെ നാം നിര്‍ഭയരായിരിക്കും! എന്നതാണ് പ്രധാനം.

3. സുഖലോലുപത:
വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ സുഖാസ്വാദനത്തിലും സുഖാഢംബരത്തിലുമായിരുന്നു ഭരണാധികാരികള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ ജീവിത രീതിയും ഇതില്‍ നിന്ന് ഭിന്നമായിരുന്നില്ല. ശത്രുക്കള്‍ തങ്ങളുടെ കേന്ദ്രങ്ങളെ തുരങ്കം വെക്കുന്നതിനെ അവര്‍ക്ക് ഇത്തരത്തില്‍ തിരിച്ചറിയാന്‍ സാധിച്ചുമില്ല.
ക്രൈസ്തവ ചരിത്രകാരനായ കോന്‍ഡെ സ്‌പെയിനിലെ മുസ്‌ലിങ്ങളുടെ അധപ്പതനത്തെപ്പറ്റി വിവരിക്കുന്നു.’അറബികള്‍ തങ്ങള്‍ കൊണ്ടുവന്ന മൂല്യങ്ങളെ വിസ്മരിക്കുകയും തങ്ങളുടെ മനസ്സുകളെ ഉല്ലാസങ്ങളിലും ആനന്ദങ്ങളിലുമായി മാറ്റിമറിക്കുകയും ചെയ്തപ്പോള്‍ പരാജിതരാവുകയുണ്ടായി’ .
‘മുസ്‌ലിങ്ങള്‍ സുഖലോലുപതയുടെ തണലില്‍ തങ്ങളുടെ ജീവിതത്തെ അഴിച്ചുവിട്ടു. ആഭാസത്തിലും അശ്ലീലതയിലുമായി അവര്‍ കഴിഞ്ഞുകൂടി. ധീരരായ തങ്ങളുടെ പിതാക്കളുടെ ശൗര്യം അവരില്‍ നിന്നും ചോര്‍ന്നു പോയ പോലെ തന്നെ ധാര്‍മികമൂല്യങ്ങളും അവരില്‍ നിന്ന് മൃതിയടഞ്ഞു. സ്ത്രീകള്‍ തങ്ങളുടെ അലങ്കാര പ്രദര്‍ശനങ്ങള്‍ക്കും അഴിഞ്ഞാട്ടത്തിലുമായി രാപകലുകള്‍ ചിലവഴിച്ചു. ഗാനനൃത്തങ്ങളിലും വേശ്യാവൃത്തിയിലും രമിച്ച ഒരു സമൂഹമായതിനാല്‍ തന്നെ ജിഹാദിനോ ശത്രുക്കളുടെ മുമ്പില്‍ ധീരമായി ചെറുത്തുനില്‍ക്കാനോ അവിടത്തെ പുരുഷന്മാര്‍ക്ക് സാധിച്ചില്ല.’എന്ന ചരിത്രകാരന്മാരുടെ നിരീക്ഷണം ശ്രദ്ദേയമാണ്.

ത്വാരിഖ് ബിന്‍ സിയാദിന്റെ നേതൃത്വത്തില്‍ മുസ്‌ലിങ്ങള്‍ സ്‌പെയിനില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ അധരങ്ങളില്‍ ഉയര്‍ന്നത് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികള്‍ ആയിരുന്നു. ഈ സംസ്‌കാരം  കാലങ്ങളോളം അവശേഷിച്ചു. അബ്ദുര്‍റഹ്മാന്‍ അദ്ദാഖിലിന്റെ കാലത്ത് അദ്ദേഹത്തിന്റെയടുത്ത് മദ്യം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. എന്റെ ബുദ്ധി വികസിക്കുന്നതാണ് എനിക്ക് ആവശ്യം., ബുദ്ധിക്ക് കോട്ടം വരുത്തുന്നതെന്തിനാണെനിക്ക്്!.
ഡോ. അബ്ദുറഹ്മാന്‍ അല്‍ഹുജി സ്‌പെയിനിലെ ആദ്യകാല മുസ്‌ലിങ്ങളെ കുറിച്ച് വിവരിക്കുന്നു. ‘ഇസ്‌ലാമിനോടുള്ള അവരുടെ പ്രതിബദ്ധത അപാരമാണ്. ആ മാര്‍ഗത്തില്‍ അവര്‍ തങ്ങളുടെ ജീവന്‍ സമര്‍പ്പിച്ചു. അവരുടെ ഹൃത്തടത്തില്‍ ഇസ്‌ലാമിനോടുള്ള സ്‌നേഹം വേരൂന്നിയതായി കാണാം. അവരുടെ ചിന്തയും സങ്കല്‍പവും ജീവിതവസന്തവുമെല്ലാം അതിനുവേണ്ടിയായിരുന്നു.

എന്നാല്‍ മുസ്‌ലിങ്ങളുടെ കരങ്ങളില്‍ നിന്നും സ്‌പെയിന്‍ നഷ്ടപ്പെടുമ്പോഴുണ്ടായിരുന്ന അവസ്ഥ കവി വിവരിക്കുന്നു.
‘സംഗീതോപകരണങ്ങളും മദ്യചശകവും കൊണ്ടു വരൂ
കോപ്പയില്‍ നുരഞ്ഞുപൊങ്ങുന്ന മദ്യം ഒഴുക്കൂ.’
ഹിജ്‌റ 456-ല്‍ അവരോട് യുദ്ധത്തിനായി ഫ്രഞ്ച്കാര്‍ വന്നപ്പോള്‍ അവിടത്തുകാര്‍ അവരിലേക്ക് പുറപ്പെട്ടത് നല്ല അഴകുള്ള പട്ടുവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. ബത്‌റന സംഭവത്തെ കവി അബൂ ഇസ്ഹാഖ് ബിന്‍ മഅ്‌ലി വിവരിക്കുന്നു.
‘അവര്‍ പടച്ചട്ടകള്‍ ധരിച്ച് ആയുധങ്ങളുമായാണ് യുദ്ധത്തിന് വന്നത്. നിങ്ങളാണെങ്കില്‍ നല്ല വര്‍ണവൈവിധ്യത്തോടെയുള്ള പട്ടുകള്‍ ധരിച്ചും’.

സ്‌പെയിനില്‍ മുസ്‌ലിങ്ങള്‍ ദുര്‍ബലരായി. ഭരണാധികാരികളും ഭരണകര്‍ത്താക്കളും തങ്ങളുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും സുഖലോലുപതക്കായി മല്‍സരിച്ചുകൊണ്ടിരിക്കുന്നതിനിടെ ശത്രുക്കള്‍ അവരുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടിരുന്നു. മുഅതമിദ് ബിന്‍ ഉബാദിന്റെ ഭാര്യ തോല്‍പാത്രത്തില്‍ കസ്തൂരിയുമായി മണ്ണിലൂടെ നടക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഭാര്യയുടെ ആഗ്രഹം പ്രകടിപ്പിക്കാനായി ഉടന്‍ ഉബ്ബാദ് കര്‍പ്പൂരവും കുങ്കുമവുമടങ്ങുന്ന സുഗന്ധം വഴിയില്‍ വിതറാനും തോല്‍പാത്രത്തില്‍ കസ്തൂരിയും വഹിച്ച് അനുഗമിക്കാനും ഉത്തരവിറക്കുകയുണ്ടായി. ദൈവധിക്കാരത്തില്‍ ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ അല്ലാഹു നിന്ദ്യത അവന്റെ മേല്‍ ചൊരിഞ്ഞു. യുദ്ധത്തടവുകാരനായി അദ്ദേഹത്തെ ശത്രുക്കള്‍ പിടികൂടുകയുണ്ടായി.
പ്രവാചകന്‍(സ) മുസ്‌ലിം സമൂഹത്തിന് ഈ ഒരവസ്ഥ പിടികൂടുന്നതിനെകുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി.’ നിങ്ങള്‍ ഭൗതിക പ്രമത്തരായി കുതിരകളെ കച്ചവടം ചെയ്തും കാര്‍ഷികവിളകളില്‍ സംതൃപ്തിയടഞ്ഞ് കഴിയുകയും ജിഹാദ് ഉപേക്ഷിക്കുകയും ചെയ്യുകയാണെങ്കില്‍ അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത അടിച്ചേല്‍പിക്കും. നിങ്ങള്‍ നിങ്ങളുടെ യഥാര്‍ഥ ദീനിലേക്ക് മടങ്ങുന്നത് വരെ നിന്ദ്യതയില്‍ തന്നെയായിരിക്കും’ (അബൂദാവൂദ്).

4. അമവി ഖിലാഫത്തിന്റെ പതനവും നാട്ടുരാജ്യങ്ങളുടെ ആവിര്‍ഭാവവും:
വര്‍ഷങ്ങളായുള്ള പ്രതിസന്ധികള്‍ക്കിടയില്‍ സ്‌പെയിനില്‍ അമവി ഖിലാഫത്ത് തകരാന്‍ പ്രധാന കാരണം മുസ്‌ലിങ്ങള്‍ക്കിടയിലെ അനൈക്യവും ശിഥിലീകരണവുമായിരുന്നു. ഒരു കവി വിവരിക്കുന്നു
‘അന്‍ദുലുസിന്റെ കാര്യത്തില്‍ എനിക്ക് മടുപ്പുളവാക്കുന്നത്
അതിലെ മുഅ്തമദ്  മുഅ്തളദ് തുടങ്ങിയ നാമങ്ങളാണ്.
സിംഹത്തിന്റെ ശൗര്യത്തിനായ് പൂച്ച ശബ്ദമുണ്ടാക്കുന്നതു പോലെ
ഓരോ നാമങ്ങളും അസ്ഥാനത്താണ് ഉപയോഗിച്ചിട്ടുള്ളത് ‘

‘ഓരോരുത്തരും വ്യത്യസ്ത വിഭാഗങ്ങളായി പിരിഞ്ഞു.
അവര്‍ക്കെല്ലാം പ്രത്യേക സ്ഥലവും, അമീറുല്‍ മുഅ്മിനീനും മിമ്പറും ഉണ്ടായിരുന്നു.’
മുസ്‌ലിം സമൂഹത്തിന്റെ മൊത്തത്തിലുള്ള നേതൃത്വം സ്‌പെയ്‌നിലെ ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്നില്ല.  ഇബ്‌നു ഹസം അവിടത്തെ ഭരണാധികാരികളെ കുറിച്ച് വിവരിക്കുന്നു. ‘കുരിശ് ആരാധനയാണ് തങ്ങളുടെ ഭരണം നിലനിര്‍ത്താന്‍ പറ്റിയ മാര്‍ഗമെന്ന് അവര്‍ മനസ്സിലാക്കിയെങ്കില്‍ അല്ലാഹുവാണെ, അവര്‍ ആ മാര്‍ഗം തെരഞ്ഞെടുക്കുമായിരുന്നു. മുസ്‌ലിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനായി ക്രൈസ്തവരെ അവര്‍ സഹായികളാക്കുന്നു. അല്ലാഹു അവരുടെ മേല്‍ ശാപം ചൊരിയട്ടെ ‘
സ്‌പെയിനിലെ ഭരണാധികാരികളെ കുറിച്ച് അബ്ദുര്‍റഹ്്മാന്‍ അല്‍ഹുജി വിവരിക്കുന്നു.’ വഞ്ചനയില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഭരണാധികാരികള്‍ ഭരണം നടത്തുന്ന അവസ്ഥ സ്‌പെയ്‌നില്‍ സംജാതമായി. മുസ്‌ലിം സമൂഹത്തിന്റെ ഉത്തമതാല്‍പര്യങ്ങളെ അവര്‍ വിസ്മരിച്ചു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം അവര്‍ നിലകൊണ്ടു. തങ്ങളുടെ അധികാരം ഭദ്രമാക്കാന്‍ വേണ്ടി ശത്രുക്കളുടെ കരങ്ങളില്‍ സമുദായത്തെ ഒറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായി. മുസ്‌ലിങ്ങള്‍ക്ക് അപ്രകാരം തങ്ങളുടെ ധാര്‍മികസംസ്‌കരണം പൂര്‍ണമായി അന്യം നിന്നു. സ്‌പെയിനിന് ഉന്നതമായ നാഗരികതയും സംസ്‌കാരവും പകര്‍ന്നു നല്‍കിയ ഇസ്‌ലാമികാദര്‍ശത്തില്‍ നിന്ന് ഭരണാധികാരികള്‍ വ്യതിചലിക്കുകയും ചെയ്തു.

5. മുസ്‌ലിങ്ങളുടെ ഭിന്നിപ്പും അനൈക്യവും.
നാട്ടുരാജാക്കന്മാരുടെ പ്രധാന വിശേഷണങ്ങളായിരുന്നു ഭിന്നിപ്പും അനൈക്യവും.  മുസ്‌ലിം സഹോദരങ്ങളേക്കാള്‍ ശത്രുത പുലര്‍ത്തിയ ക്രൈസ്തവരെ അവര്‍ വിശ്വസ്തരായി കണ്ടു. മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരായി  ക്രൈസ്തവ നേതാക്കന്മാരുമായി കരാറിലും സഖ്യത്തിലും ഏര്‍പ്പെട്ടു. ഭരണാധികാരികളുടെ ഇംഗിതം പൂര്‍ത്തിയാക്കുന്നതിനായി നിസ്‌കരിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ രക്തം സ്‌പെയിനിന്റെ മണ്ണില്‍ ഒഴുക്കുകയുണ്ടായി.
ത്വുലൈത്വല നിലംപതിച്ചപ്പോള്‍ സഹായിക്കാനായി മുന്നോട്ട് വരാതെ ചില നാട്ടുരാജാക്കന്മാര്‍ സ്തബ്ദരായി നില്‍ക്കുകയായിരുന്നു. ഭീരുക്കളും ശണ്ഡരുമായവരുടെ അധികാരം അവര്‍ക്ക് ഒരു പ്രയോജനവും ചെയ്തില്ല. മാത്രമല്ല, ക്രൈസ്തവ ഭരണാധികാരിയായ അല്‍ഫോണ്‍സായുടെ വാതില്‍ക്കല്‍ സഹായത്തിനായി യാചിക്കുകയായിരുന്നു അവരില്‍ ഭൂരിഭാഗവും. മുസ്‌ലിം സമൂഹത്തില്‍ ബാധിച്ച നിന്ദ്യത മൂലം തങ്ങളുടെ അസ്ഥിത്വം മറ്റുള്ളവരുടെ മുമ്പില്‍ പണയം വെക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഇവര്‍ക്കിടയിലെ പക്ഷപാതിത്വവും താന്‍പോരിമയും മുതലെടുത്ത് അല്‍ഫോണ്‍സാ അവിടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കും എന്നതിനെ കുറിച്ച് അവര്‍ വിസ്മൃതിയിലാണ്ടു.

6. ദൗത്യം വിസ്മരിച്ച പണ്ഡിതര്‍
മുസ്‌ലിം സമൂഹത്തിന്റെ ജീവിതം അവരുടെ പണ്ഡിതരെ ആശ്രയിച്ചാണ്. അവര്‍ക്ക്് ആത്മീയ ചൈതന്യവും വഴിവിളക്കും പകര്‍ന്നുനല്‍കേണ്ടത് പണ്ഡിതന്മാരാണ്. സമൂഹത്തിലെ പണ്ഡിതനേതൃത്വം ദൈവബോധമുള്ളവരാകുമ്പോള്‍ സമൂഹത്തിന്റെ ഗമനം പ്രതാപത്തിന്റെയും ഔന്നിത്യത്തിന്റെയും പാതയിലായിരിക്കും. പണ്ഡിതനേതൃത്വം ദൈവബോധത്തില്‍ നിന്ന് അകലുംതോറും ഐഹികതല്‍പരരും ദേഹേഛയുടെ തടവറയിലകപ്പെട്ടവരായി മാറുകയും ചെയ്യും. മുസ്‌ലിം സമൂഹത്തിന്റെ വെളിച്ചമണയുകയും അജ്ഞതയിലും ദൗര്‍ബല്യത്തിലുമായി സമൂഹം ഇഴഞ്ഞുനില്‍ക്കുകയും ചെയ്യും.
ക്രൈസ്തവ അധിനിവേശ ശക്തികള്‍ സ്‌പെയിന്‍ പിടിച്ചെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലേര്‍പ്പെടുമ്പോള്‍ കാലഘട്ടത്തിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ചുകൊണ്ട്  പണ്ഡിതനേതൃത്വം കര്‍മശാസ്ത്ര മദ്ഹബുകളുടെ നൂലിഴകള്‍ പിരിച്ചുകൊണ്ടുള്ള ഖണ്ഡന മണ്ഡനങ്ങളിലേര്‍പ്പെടുകയായിരുന്നു.
ഇബ്‌നു ഹസമിനെ പോലെയുള്ളവര്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. ‘ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളുടെ മനസ്സുമായി അപ്രസക്തമായ കര്‍മശാസ്ത്ര വിഷയങ്ങളിലേക്ക് മാത്രം ശ്രദ്ദകേന്ദ്രീകരിക്കുന്ന അധര്‍മകാരികളില്‍ നിങ്ങള്‍ വഞ്ചിതരാകരുത്. തിന്മയുടെ വക്താക്കള്‍ക്ക് തങ്ങളുടെ കര്‍മങ്ങള്‍ അലങ്കാരമാക്കിക്കൊണ്ട് അധര്‍മങ്ങളില്‍ സഹായികളാവുകയാണ് ഇവര്‍ ചെയ്യുന്നത്’.
മുസ്‌ലിം സമൂഹം അനൈക്യത്തിലും ചിദ്രതയിലും കഴിയുന്ന പ്രദേശങ്ങളിലെ പണ്ഡിതനേതൃത്വം തങ്ങളുടെ യഥാര്‍ഥ ഉത്തരവാദിത്തനിര്‍വഹണ ദൗത്യത്തെ കുറിച്ച് എപ്പോഴും ബോധവാന്മാരാകേണ്ടതുണ്ട്. കാലഘട്ടത്തിലെ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനായി അവര്‍ മുന്നോട്ട് വരണം.

7. പണ്ഡിതന്മാരുടെ ഉല്‍ബോധനങ്ങളെ വിസ്മരിച്ച നാട്ടുരാജാക്കന്മാര്‍:
മുസ്‌ലിങ്ങളുടെ ഐക്യത്തിനായി ശ്രദ്ദേയമായ സംരംഭങ്ങളിലേര്‍പ്പെട്ട പണ്ഡിതന്മാര്‍ അവിടെ ഉണ്ടായിരുന്നു. മധ്യപൗരസ്ത്യ ദേശത്ത് നിന്നും മടങ്ങിവന്ന അബൂല്‍ വലീദ് അല്‍ബാജി തന്റെ ഉത്തരവാദിത്ത നിര്‍വഹണത്തിനായി മുന്നോട്ടുവന്നു. തന്റെ അഭിപ്രായം അദ്ദേഹം ഉഛയിസ്തരം വിളിച്ചുപറഞ്ഞു. ഫറോവയുടെ കൊട്ടാരത്തിലെ വിശ്വാസിയെ പോലെ ഓരോ ഭരണാധികാരികളുടെയും അടുത്ത് ചെന്ന് തങ്ങളുടെ കാലഘട്ടത്തിലെ ഉത്തരവാദിത്തത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയുണ്ടായി. പക്ഷെ, അദ്ദേഹത്തിന്റെ പരിശ്രമങ്ങളൊന്നും അവരില്‍ ഒരു മാറ്റവും സൃഷ്ടിച്ചില്ല എന്നു മാത്രമല്ല, അവരതിന് ചെവികൊടുക്കുക പോലും ചെയ്യുകയുണ്ടായില്ല.

8. ക്രൈസ്തവരുടെ ഗൂഢാലോചനയും ഗൂഢപദ്ധതികളും
ആദ്യമായ് നാട്ടുരാജാക്കന്മാരുടെ കഥകഴിക്കാനും പിന്നീട് മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനും ക്രൈസ്തവരുടെ ഗൂഢപദ്ധതികള്‍ മൂലം സാധിക്കുകയുണ്ടായി. ഈ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി നേതൃത്വം വഹിക്കുകയും അവ നടപ്പില്‍ വരുത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഖശ്താലയിലെ ഫര്‍ഡിനാന്‍ രാജാവ്.

9. ക്രൈസ്തവ ഐക്യം
സ്‌പെയ്‌നിലെ മുസ്‌ലിം സമൂഹം അനൈക്യത്തിലും ഛിദ്രതയിലുമാണ്ട് കിടക്കുമ്പോള്‍ മുസ്‌ലിങ്ങളെ നേരിടാനായി ക്രൈസ്തവ സംഘം വന്നത് ഐക്യത്തോടും ഒരുമയോടും കൃത്യമായ ആസൂത്രണത്തോടും കൂടിയായിരുന്നു.

10.ക്രൈസ്തവരുടെ വഞ്ചനയും കരാര്‍ലംഘനവും
ക്രൈസ്തവര്‍ മുസ്‌ലിം സമൂഹവുമായി ഏര്‍പ്പെട്ട കരാറുകള്‍ ലംഘിക്കുകയുണ്ടായി. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറുകള്‍ മാത്രമായിരുന്നു അവര്‍ പിന്തുടര്‍ന്നത്്.
അല്ലാഹു പറയുന്നു: ‘ ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് അവകാശപ്പെടുന്നവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ് ‘ (അല്‍മാഇദ: 14). ക്രൈസ്തവര്‍ നിരപരാധികളെ കൊന്നൊടുക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കുട്ടികളെ നിഷ്ഠൂരമായി വധിക്കുകയും ചെയ്തുകൊണ്ട് രക്തത്തില്‍ കുതിര്‍ന്ന ചരിത്രമാണ് സ്‌പെയ്‌നില്‍ തീര്‍ത്തത്. ‘സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍ ‘(അത്തൗബ: 10). ‘ജൂതരോ െ്രെകസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ’ (അല്‍ബഖറ:120). സ്‌പെയിനിലെ ക്രൈസ്തവര്‍ മുസ്‌ലിങ്ങളുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ പൈശാചികമായ എല്ലാമുറകളും പ്രയോഗിച്ചതായി കാണാം.

11. സഹായികളാകേണ്ടവരുടെ വഞ്ചന
മുസ്‌ലിങ്ങള്‍ പരസ്പരമുള്ള സാഹോദര്യത്തിന്റെയും ബാധ്യതയുടെയും കുറിച്ചുള്ള പ്രവാചക അധ്യാപനങ്ങളെ അവര്‍ വിസ്മരിച്ചു. ‘ ഒരു മുസ്‌ലിം പരസ്പരം സഹോദരന്മാരാണ്. അവര്‍ പരസ്പരം അക്രമിക്കുകയില്ല’ . ‘ വിശ്വാസികള്‍ തമ്മിലുള്ള ബന്ധം ഒരെടുപ്പ്‌പോലെയാണ്. അവ പരസ്പരം ബലപ്പെടുത്തും’
നാട്ടുരാജാക്കന്മാര്‍ പരസ്പരം സഹായിക്കേണ്ട സന്ദര്‍ഭത്തില്‍ വഞ്ചനയിലേര്‍പ്പെടുകയാണ്്്് ചെയ്തത്. തൈ്വലയുടെ അധപ്പതനവേളയില്‍ നാട്ടുരാജാക്കന്മാരുടെ നിലപാടിനെ പറ്റി അബ്ദുര്‍റഹ്മാന്‍ അല്‍ ഹുജി രേഖപ്പെടുത്തുന്നു: തൈ്വലയിലെ ഭരണാധികാരി മുതവക്കില്‍ അലല്ലാഹ്് ശത്രുക്കള്‍ അധിനിവേശത്തിനായി വന്നപ്പോള്‍ മറ്റു ഭരണാധികാരികളുടെ സഹായം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അവര്‍ അവരുടെ ബാധ്യത നിര്‍വഹിച്ചില്ല എന്നു മാത്രമല്ല, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്് വേണ്ടി മാത്രമാണ് നിലകൊണ്ടത്’.

സ്‌പെയിനിലെ മുസ്‌ലിങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്തമായ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദും ദീനിന്റെ സംസ്ഥാപനവുമെല്ലാം വിസ്മരിക്കുകയുണ്ടായി. ധിക്കാരികളുടെ തേര്‍വാഴ്ച്ചകിടയില്‍ മുസ്‌ലിം സമൂഹത്തിന്റെ നാഗരികതയും സംസ്‌കാരവും തകര്‍ന്നടിഞ്ഞത് ഇസ്‌ലാമിന്റെ ഔന്നത്യത്തിന് നിദാനമായ ജിഹാദ് വിസ്മരിച്ചതിനാല്‍ കൂടിയാണ്. പ്രവാചകന്‍ (സ) പഠിപ്പിച്ചു. ‘ ഇസ്‌ലാമിന്റെ സ്തംഭമാണ് നിസ്‌കാരം. അതിന്റെ മേല്‍ക്കൂര ജിഹാദ് ആണ്്’ . ‘ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിനായുള്ള പുറപ്പെടലും തിരിച്ചുവരവും ഐഹികലോകം നേടുന്നതിനേക്കാള്‍ ഉത്തമമാണ്’.(ബുഖാരി)

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles