Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹവും സഹിഷ്ണുതയുമാണ് കല

art-of-living.jpg

ജീവിതം ഒരു കലയാണ്; ജീവിക്കാന്‍ അനുവദിക്കുക എന്നത് ജീവനകലയും. ഈ ജീവിത കല ഭീഷണി നേരിടുമ്പോള്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതാണ് അതിവീവനകല. ഇതൊക്കെ ഈ വിനീതന്റെ തോന്നലുകളായി കരുതിയാല്‍ മതി. എന്തായാലും പ്രപഞ്ച നാഥന്‍ വിശാലമായ ഈ പ്രപഞ്ചത്തെ അതിമനോഹരമായി അണിയിച്ചൊരുക്കിയത് അതില്‍ വസിക്കുന്നവര്‍ കഴിയുന്നത്ര മനോഹാരിതയോടെ തന്നെ വസിക്കണം എന്ന് കരുതി തന്നെയാവണം. ‘അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗി അല്ലാഹു ഇഷ്ടപ്പെടുന്നു’ എന്ന് പ്രവാചകന്‍ പറഞ്ഞല്ലോ. ഭംഗിയും മനോഹാരിതയുമെല്ലാം എന്നും മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നതും ഇഷ്ടപ്പെടുന്നതുമാണ്. ‘ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതെല്ലാം മനുഷ്യന്ന് വേണ്ടി’യാണെന്നും അല്ലാഹു പറയുന്നു. അതിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കാത്ത രീതിയിലെല്ലാം വേണ്ടുവോളം ആസ്വദിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. മനുഷ്യനെ ഏറ്റവും നല്ല ഘടനയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ, അവനില്‍ ആര്‍ത്തിയും ധൂര്‍ത്തും മൃഗീയതയും കൂടി കുടികൊള്ളുന്നു എന്ന് അല്ലാഹുവിന്നറിയാമല്ലോ അത് കൊണ്ട് ഇത്രയും കൂടി പറയേണ്ടി വന്നു, ‘ഭൂമിയില്‍ അതിന്റെ ആവാസ വ്യവസ്ഥ പരിപൂര്‍ണ്ണമായിരിക്കെ അതില്‍ കുഴപ്പങ്ങളുണ്ടാക്കരുത്. ‘കുഴപ്പം കൊണ്ടുദ്ദേശിച്ചത് അനാവശ്യമായ രക്തം ചിന്തലാകാം, വനനശീകരണമാകാം, കുന്നുകള്‍ ഇടിച്ചു നിരത്തലാകാം. കായലുകളും കൃഷിയിടങ്ങളും മണ്ണിട്ട് നികത്തലാകാം. അങ്ങനെ പക്ഷി മൃഗാദികളുടെ ആവാസ കേന്ദ്രങ്ങളും കണ്ടല്‍ കാടുകളും, സര്‍പ്പ കേന്ദ്രങ്ങള്‍ തീയിടുന്നത് പോലും ഈ കുഴപ്പങ്ങളില്‍ ഉള്‍പ്പെടുന്നു. ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഉറുമ്പ്, പഴുതാര, അണ്ണാന്‍, മൂര്‍ഖന്‍ പാമ്പ് എല്ലാം ഭൂമിയുടെ അവകാശികളാണല്ലോ?

ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കാന്‍ തോന്നിയത്, ഇക്കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയില്‍ സമാപിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ത്രിദിന വേള്‍ഡ് കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് അതിന്റെ കോലാഹലങ്ങളുമാണ്. ഒരു സ്വകാര്യ ചടങ്ങിനു വേണ്ടി പട്ടാളത്തെ ഉപയോഗിച്ച് യമുനാ നദിക്ക് കുറുകെ സംഘാടകരില്‍ നിന്നും ഒരു ചില്ലി കാശ് പോലും വാങ്ങാതെ പാലം പണിതു നല്‍കിയ സംഭവം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കാം ഏക്കറുകളോളം വയലുകളിലെ കൃഷി കര്‍ഷകരുടെ എതിര്‍പ്പിനെ തെല്ലും വകവെക്കാതെ പ്രസ്തുത പരിപാടിയുടെ ആവശ്യാര്‍ത്ഥം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തണ്ണീര്‍തടങ്ങള്‍ മണ്ണിട്ടു നശിപ്പിക്കുകയും മരങ്ങളും പക്ഷികളുടെ വാസസ്ഥലങ്ങളും എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ആവാസ വ്യവസ്ഥക്കും പാരിസ്ഥിതിക സംതുലനത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് പരിപാടി നടത്തപ്പെട്ടത്.

ഫാഷിസത്തിന്റെ രൗദ്ര ഭാവം മനോഹരമായി മറച്ചു വെച്ച് ഇന്ത്യന്‍ മധ്യവര്‍ഗ യുവതയെ സംഘ്പരിവാര്‍ ക്യാമ്പുകളിലെത്തിച്ച് മോദിയെയും കൂട്ടരെയും അധികാരത്തിലേറ്റാന്‍ സഹായിച്ചതിനു ആര്‍ട്ട് ഓഫ് ലിവിംഗ് അഥവാ ജീവന കലയുടെ ആചാര്യന് അര്‍ഹമായ പ്രത്യുപകാരങ്ങള്‍ കിട്ടിത്തുടങ്ങിയെന്നു വേണം മനസ്സിലാക്കാന്‍. ഈയിടെ കേരളത്തിലെ ഒരു മഹാനും കിട്ടയല്ലോ പ്രത്യുപകാരം. ഒരു കൂലിയെഴുത്തുകാരനെ കൊണ്ട് ഒരു കിടിലന്‍ ബ്ലോഗ് എഴുതിച്ചു. അത്ര മാത്രമേ അദ്ദേഹത്തിനു സഹസപ്പെടെണ്ടി വന്നുള്ളൂ. കിട്ടിയതോ, ലക്ഷങ്ങള്‍ വിലമതിക്കുന്ന അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പുകള്‍ നിയമപരമായി കൈവശം വെക്കാനുള്ള അനുമതിയും.

എന്ത് പറഞ്ഞാലും എന്ത് എഴുതിയാലും അതില്‍ അല്‍പ്പം ദേശസ്‌നേഹത്തിന്റെ കുങ്കുമ വര്‍ണ്ണം പൂശിയാല്‍ മതി എന്തും ഏമാന്റെ കയ്യില്‍ നിന്നും നേടിയെടുക്കാമെന്ന അവസ്ഥ. അടുത്ത കാലത്തായി ആള്‍ദൈവങ്ങളും ഗുരുക്കന്മാരും സമൂഹത്തില്‍ വര്‍ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണത്തില്‍ ഇവര്‍ക്കെല്ലാം സുഖവാസമാണ്. അഥവാ ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ മറച്ചുവെക്കാന്‍ ഇവര്‍ ജനങ്ങളെ ആനന്ദത്തിന്റെ മാസ്മരിക ലോകത്തേക്ക് ഉയര്‍ത്തി കൊണ്ട് പോകും. ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പാടുകയും ആടുകയും ചെയ്യും. എങ്ങനെ ചിരിക്കണമെന്നും എങ്ങനെ ശ്വസിക്കണമെന്നും വരെ അവര്‍ പഠിപ്പിച്ചു തരും.

എന്നാല്‍ മനുഷ്യന്റെ ആത്മീയ മാനസിക തലങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നില്ല. എന്തും വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ സംസ്‌കാരത്തിന്റെ ഈ കാലത്ത് ആത്മീയ വിപണിയും അരങ്ങു വാഴുന്നു. എന്നാല്‍ മനുഷ്യരെയും മൃഗങ്ങളെയും എങ്ങനെ വേര്‍തിരിച്ചു കാണണമെന്ന് ഒന്നും ഇവരുടെ നിഘണ്ടുവില്‍ ഇല്ലെന്നു തോന്നുന്നു. അതല്ലെങ്കില്‍ മനുഷ്യനെക്കാള്‍ പരിഗണന മൃഗങ്ങള്‍ക്ക് കൊടുത്തു കൊണ്ട് മനുഷ്യന്‍ തൊഴുത്തിലും മൃഗങ്ങള്‍ മണിമേടയിലും കഴിയുന്ന അവസ്ഥ വരില്ലല്ലോ? ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനും സിഖും ഒരുമിച്ച് ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് പരസ്പരം ഇല്ലായ്മയും വല്ലായ്മയും പങ്കിട്ട് പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സാധിക്കുന്നില്ലെങ്കില്‍ പിന്നെ ജീവിക്കാന്‍ എന്ത് കല അഭ്യസിക്കുന്നതും അര്‍ത്ഥശൂന്യമാണ്. ഒരു ഗുരുവിനും ബാബക്കും പിന്നാലെ പോകാത്ത സാധാരണ ഇന്ത്യക്കാരന് മനസ്സിലാവും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ കല. ആള്‍ദൈവങ്ങളിലല്ല മനുഷ്യത്വത്തിലാണ് നാം വിശ്വസിക്കേണ്ടത്. സ്‌നേഹമാണ് നമ്മെ ഒന്നിപ്പിക്കേണ്ടത് സഹിഷ്ണുതയോടെയായിരിക്കണം നാം പെരുമാറേണ്ടത്.

ഇവിടെയൊക്കെയാണ് പ്രവാചകന്റെ അധ്യപനങ്ങളും നിര്‍ദ്ദേശങ്ങളും നാം സ്മരിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും. ‘പുഞ്ചിരിയോടെ നിന്റെ സഹോദരനെ സമീപിക്കുന്നത് പോലും ധര്‍മാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. മനുഷ്യനോടു മാത്രം പോരാ, മൃഗങ്ങളോടും, പക്ഷികളോടും, സസ്യലതാതികളോടും, പ്രകൃതിയോടും എല്ലാം കാരുണ്യത്തോടെ വര്‍ത്തിക്കണമെന്ന് പ്രവാചകന്‍ ഓതിത്തന്നു. ‘അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മൃഷ്ടാന്ന ഭോജനം നടത്തുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അതില്‍ ജാതിയും മതവും തിരയാന്‍ നിര്‍ദ്ദേശിച്ചില്ല. ഇതൊക്കെയാണ് യഥാര്‍ത്ഥ കല. മനുഷ്യത്വത്തിന്റെ കല, സഹജീവികളോടുള്ള സഹവര്‍ത്തിത്വത്തിന്റെ കല. വിശന്നു ക്ഷീണിച്ച ഒട്ടകത്തിന്റെ സങ്കടം മനസ്സിലാക്കി അതിന്റെ ഉടമയെ ശാസിച്ച പ്രവാചകന്‍. ഈ പ്രവാചകനെ നിന്ദിക്കുന്നത് പോകട്ടെ, ഈ പ്രവാചകന്റെ പേര്‍ ഉച്ചരിക്കാന്‍ പോലും അര്‍ഹതയുണ്ടോ കുറുവടിയുമായി നാല്‍ക്കാലിയായ കുതിരയുടെ കാല്‍ അടിച്ചു നുറുക്കാന്‍ പുറപ്പെട്ട എം.എല്‍.എ വിശ്വസിക്കുന്ന ആദര്‍ശത്തിനും പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കും.

Related Articles