Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പ്

എന്റെ പിതാവിന്റെ വിദ്യാഭ്യാസ യോഗ്യത നാലാം ക്ലാസാണ്. ഉമ്മാക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടിയിട്ടില്ല. എഴുത്തും വായനയും സ്വയം പഠിച്ചതാണ്. ഞങ്ങളുടെ ചന്ത മഞ്ചേരിയിലാണ്. ബുധനാഴ്ച്ച ചന്തക്ക് പുറപ്പെടുന്നതിന് മുമ്പ് ഉപ്പ ഉമ്മയോട് ചോദിക്കും, എന്തൊക്കെയാണ് വാങ്ങി കൊണ്ടു വരേണ്ടതെന്ന്. ഉമ്മ പറയുന്ന സാധനങ്ങളുടെ പേരുകള്‍ മനസ്സില്‍ ഓര്‍ത്തു വെച്ച് ചന്തയില്‍ നിന്ന് വാങ്ങി കൊണ്ടുവരും.

മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറം വിടപറഞ്ഞ നാലാം ക്ലാസുകാരനായ ഉപ്പയും ഔപചാരിക വിദ്യാഭ്യാസമില്ലാത്ത ഉമ്മയുമാണ് തങ്ങള്‍ക്ക് എന്തുവേണമെന്ന് തീരുമാനിച്ചിരുന്നത്. എന്നാലിന്ന് എത്രപേര്‍ക്ക് ഈ സ്വാതന്ത്ര്യമുണ്ട്? എന്ത് വേണമെന്ന് സ്വയം തീരുമാനിക്കാനും തെരെഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ള എത്രപേരുണ്ട്? എം.എയും എം.ഡിയും എം.ടെകും എല്ലാം ഉള്ളവര്‍ക്ക് പോലും ഈ സ്വാതന്ത്ര്യം ഇല്ലെന്നതാണ് വസ്തുത.

ബേക്കറി കടയിലേക്ക് പോകുന്നവരില്‍ ഏറെപ്പേരും എന്തു വാങ്ങണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചല്ല വീട്ടില്‍ നിന്നിറങ്ങാറുള്ളത്. അവിടെ ഭരണിയില്‍ മനോഹരമായി അടുക്കി വെച്ച പലഹാരങ്ങള്‍ ഓരോന്നായി വാങ്ങി കൂട്ടുന്നു. ഓരോ പലഹാരവും മൗനമായി വിളിച്ചു പറയുന്നു: ‘എന്നെ നോക്കൂ, എന്നെ സ്വന്തമാക്കൂ’ എന്ന്. ഉപഭോക്താവ് ആ ക്ഷണം സ്വീകരിക്കുന്നു. ഏറെയൊന്നും ആലോചിക്കാതെ അത് സ്വന്തമാക്കുന്നു.

തുണിക്കടയിലും ആഭരണക്കടയിലും ഫര്‍ണീച്ചര്‍ കടയിലും വീട്ടുപകരണ വില്‍പന ശാലയിലുമൊക്കെ സംഭവിക്കുന്നത് ഇതുതന്നെയാണ്. അപവാദം വല്ലതുമുണ്ടെങ്കില്‍ അത് പലചരക്കു കടയില്‍ മാത്രം.

ഇവിടെ തീരുമാനമെടുക്കുന്നത് മനുഷ്യരല്ല. കമ്പോളമാണ്. എല്ലാവരും തങ്ങളുടെ ബുദ്ധിയും ചിന്തയും സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും കമ്പോളത്തിന് പണയം വെച്ചിരിക്കുന്നു. അങ്ങനെ കമ്പോളത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. അതിനാല്‍ നാം സ്വതന്ത്രരാണെന്ന വിശ്വാസവും അവകാശവാദവും തീര്‍ത്തും മിഥ്യയാണ്.

കമ്പോളം പോലെ മനുഷ്യനെ കീഴ്‌പ്പെടുത്തി അടിമകളാക്കുന്ന പലതുമുണ്ട്. പ്രതിമ, പ്രതിഷ്ഠ, പണം, പദവി, പൊന്ന്, ദേശം, ഭാഷ, പുരോഹിതന്‍, പാതിരി, നേതാവ്, ഭരണാധികാരി, പ്രശസ്തി, അങ്ങനെ പലതും. അതിനാലാണ് പ്രവാചകന്‍(സ) പറഞ്ഞത് : ‘ദിര്‍ഹമിന്റെയും ദീനാറിന്റെയും അടിമകള്‍ തുലഞ്ഞതു തന്നെ.’ അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പ് അനിവാര്യമായിരിക്കുന്നു. അല്ലാഹുവിന്റേത് അല്ലാത്ത അടിമത്തത്തില്‍ നിന്നുമുള്ള വിമോചനം.

Related Articles