Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കുന്ന പോപ്

സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാനുള്ള പോപ് ഫ്രാന്‍സിസിന്റെ നിര്‍ദേശം വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ക്രിസ്തീയ മതത്തിലെ കാത്തലിക് ചര്‍ച്ചിന്റെ അധികാരിയും റോമിന്റെ ബിഷപ്പും വത്തിക്കാന്‍ സിറ്റിയുടെ പരമാധികാരിയുമായ അദ്ദേഹത്തിന്റെ ഈ നിര്‍ദേശം ക്രിസ്തീയ മതത്തിന്റെ തന്നെ ധാര്‍മികാടിത്തിറ ചോദ്യം ചെയ്യുന്നതാണ്. ക്രിസ്തുമതത്തിന്റെ അന്തസത്തയെക്കുറിച്ചും, അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലുള്ള മനുഷ്യ കൈകടത്തലുകളെക്കുറിച്ചും ഉയര്‍ന്നുവരുന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഈ പ്രസ്താവന. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ക്രിസ്തുമതത്തിന്റെ പരാജയത്തക്കുറിച്ച ചര്‍ച്ചകളെയും ഇത് സജീവമാക്കുന്നു. ക്രിസ്തീയ പരമാധികാരിയുടെ ഈ നിര്‍ദേശത്തിനെതിരെ സഭക്കുള്ളില്‍ നിന്നു തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതും, ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള 200ഓളം റോമന്‍ കാതലിക് ബിഷപ്പുമാര്‍ പങ്കെടുത്ത സിനഡ് അത് തള്ളിക്കളഞ്ഞതും വിവാദത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്.

തികച്ചും പ്രകൃതിവിരുദ്ധവും, അധാര്‍മികവുമായ ദുഷ്‌കൃത്യമാണ് സ്വവര്‍ഗരതി. സമൂഹത്തിലെ ഏറ്റവും പവിത്രവും ശ്രേഷ്ടതയുള്ള സ്ഥാപനമായ കുടുംബത്തിന്റെ അടിത്തറകളെപ്പോലും തകര്‍ത്തെറിയുന്ന മ്ലേഛവൃത്തിയാണത്. എതിര്‍ലിംഗങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് വിരുദ്ധമായി ഒരേ ലിംഗത്തില്‍ പെട്ടവര്‍ പരസ്പരം കൂടിച്ചേരുന്ന തെറ്റായ പ്രവണത. പുതുതലമുറയുടെ പിറവിക്ക് തടസ്സമാവുകയും, സാമൂഹിക സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് നിമിത്തമാവുകയും ചെയ്യുന്ന തിന്മയാണത്. ഇങ്ങനെയുള്ള ഒരു ദുഷ്‌കൃത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആചാര്യന്‍ പച്ചക്കൊടി കാട്ടുന്നത് ആ മതത്തിന്റെ അടിത്തറകളെക്കുറിച്ച സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. മതം തികച്ചും ദൈവീകവും പ്രകൃതിക്ക് അനുകൂലവുമായിരിക്കണം. ലോകത്തിന്റെയും മനുഷ്യന്റെയും സ്രഷ്ടാവില്‍ നിന്നായിരിക്കണം അതിന്റെ ഉത്ഭവം. മനുഷ്യരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രമാണങ്ങള്‍ അതിന്റെ അടിസ്ഥാനവുമായിരിക്കണം. മാത്രമല്ല, അത്തരം നിര്‍ദേശങ്ങള്‍ക്കും തത്വങ്ങള്‍ക്കും പ്രായോഗികമായ മാതൃക സൃഷ്ടിച്ചെടുക്കാന്‍ മതാചാര്യന്മാര്‍ക്ക് സാധിക്കേണ്ടതുമുണ്ട്. അല്ലാത്തപക്ഷം അതിനെ മതമായി അംഗീകരിക്കാന്‍ സാധിക്കുകയില്ല. സ്വവര്‍ഗരതിയെ അനുകൂലിക്കുന്ന പോപ്പിന്റെ നിര്‍ദേശം ഇത്തരം അടിസ്ഥാന തത്വങ്ങളുടെ വ്യക്തമായ ലംഘനം തന്നെയാണ്.

ഉല്‍പത്തി പുസ്തകത്തിലെ 19ാം അദ്ധ്യത്തിന്റെ നഗ്നമായ നിരാകരണമാണ് പോപ്പ് നടത്തിയിരിക്കുന്നത്. അതില്‍ സൊദോം വംശത്തിലേക്കയക്കപ്പെട്ട ലോത്ത് പ്രവാചകന്റെ അടുക്കല്‍ രണ്ട് അതിഥികള്‍ വന്നതും ജനങ്ങള്‍ അവരെ സ്വവര്‍ഗ വേഴ്ച നടത്താന്‍ തുനിഞ്ഞതുമായ സംഭവത്തെ വിവരിക്കുന്നുണ്ട് : ‘അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു. അവര്‍ ഉറങ്ങുവാന്‍ പോകും മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. ലോത്ത് വാതില്‍ക്കല്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടച്ചു വെച്ചു: സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു. ( ഉല്‍പത്തി പുസ്തകം : 1:19:3,4,5,6,7,8)  വളരെ നികൃഷ്ടമായ ഈ കൃത്യം ചെയ്യാന്‍ തുനിഞ്ഞ സോദോം നിവാസികളെ ശക്തമായി വിമര്‍ശിക്കുകയാണ് ബൈബിള്‍.

പക്ഷെ ഇന്ന് ഈ തിന്മ ലോകത്തെ പല രാജ്യങ്ങളും അനുവദനീയമാക്കിയിരിക്കുകയാണ്. അവരില്‍ ബഹുഭൂരിഭാഗം രാജ്യങ്ങളും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളാണെന്നത് തികഞ്ഞ വിരോധാഭാസമാണ്. സ്വവര്‍ഗവിവാഹം അനുവദനീയമാക്കിയ രാജ്യങ്ങളുടെ കണക്കെടുത്താല്‍ മാത്രം ഇത് വ്യക്തമാകുന്നതാണ്. നെതര്‍ലാന്‍ഡ്, ബെല്‍ജിയം, കാനഡ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, നോര്‍വേ, സ്വീഡന്‍, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബ്രസീല്‍ ( THE WEEK, april 12, 2013). ക്രിസ്ത്യന്‍ മതത്തിന്റെ ഭാഗമായ ഇത്തരം രാഷ്ട്രങ്ങളുടെയും രാഷ്ട്ര നേതാക്കളുടെയും പ്രവര്‍ത്തനങ്ങളെ മതത്തില്‍ നിന്നുള്ള വ്യതിചലമായിട്ടാണ് പലരും വ്യാഖ്യാനിച്ചത്. എന്നാല്‍ ഇന്ന് അവരുടേയെല്ലാം പരമാധികാരിയായ പോപ്പും ഇതിന്റെ ഭാഗമായതോടെ ഈ നീചവൃത്തി ഒരു സല്‍കൃത്യമായി മാറിയിരിക്കുന്നു.

‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും’ എന്ന് പറഞ്ഞ് മതത്തെ ആരാധനാലയങ്ങളുടെ മൂലയില്‍ ഒതുക്കി നിര്‍ത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമായി മാറുന്ന പോപ്പിനെയാണ് ഇന്ന് ലോകം കാണുന്നത്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയാത്ത മതമായി ക്രിസ്തുമതം അധപതിച്ചിരിക്കുന്നു. അതിന്റെ വിമോചന മുഖം തീര്‍ത്തും നഷ്ടമായിരിക്കുന്നു. ലോകത്ത് അക്രമങ്ങളുടെയും അധാര്‍മികതയുടെയും അപ്പോസ്തലന്മാരായി അവര്‍ മാറിയിരിക്കുന്നു. ഇതില്‍ മനം മടുത്ത അവരില്‍ പലരും പുതിയ ഇടങ്ങള്‍ തേടി യാത്രയിലാണ്. അതില്‍ പല യാത്രകളും ചെന്നെത്തുന്നത് ഇസ്‌ലാമിലാണെന്ന വസ്തുതയാണ് പടിഞ്ഞാറ് നിന്നും, യൂറോപ്പില്‍ നിന്നുമുള്ള വാര്‍ത്തകള്‍ നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. കാരണം ഖുര്‍ആനെന്ന തിരുത്തലുകളില്ലാത്ത ദൈവിക ഗ്രന്ഥത്തിന്റെ അമാനുഷികതയും വിമോചനപരതയും മാനവികമുഖവും ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

Related Articles