Current Date

Search
Close this search box.
Search
Close this search box.

സ്ത്രൈണമായ ആണുടലില്‍ ഉലഞ്ഞാടുന്ന കൗമാരം

അടിയുടുപ്പില്‍ വിസര്‍ജ്യം നിറഞ്ഞതിന്റെ അസ്വസ്ഥതയില്‍ പൈതങ്ങള്‍ പോകുന്ന പ്രതീതിയില്‍ നടന്നകലുന്ന ചെറുപ്പക്കാരനെ വിളിച്ചു നിര്‍ത്തി ഒരു അമ്മൂമ പ്രഹരിച്ച സംഭവം ഈയിടെ ഒരു സുഹൃത്ത് പങ്കുവച്ചു. ഇനിയെങ്ങാനും ഇക്കോലത്തില്‍ നിന്നെ കാണാനിടവന്നാല്‍ എന്റെ സ്വഭാവം മാറുമെന്ന താക്കീതും നല്‍കിയത്രെ. ഇത്തരം വേഷം കെട്ടുകാരായ ചെക്കന്മാരുടെ ചെറ്റത്തരത്തെക്കുറിച്ച് ജമീല്‍ അഹമ്മദിന്റെ (Jameel Ahmed) അല്‍പം ദീര്‍ഘമായ ഒരു കുറിപ്പ് പങ്കുവയ്ക്കുന്നു.

ആണ്‍ വേഷത്തിന്റെ ആഗോളവല്‍ക്കരണമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലുണ്ടായ സാമ്രാജ്യത്വ  മുതലാളിത്ത മാര്‍ക്കറ്റിന്റെ പ്രധാന വിജയമേഖല. യൂറോപ്പിലെ കൗണ്ടികൗമാരത്തെ ചാനലിലും വീഡിയോ ആല്‍ബങ്ങളിലും കണ്ടനുകരിച്ച് നമ്മുടെ ചെക്കന്‍മാരും ഉടുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇടുങ്ങിയ കുപ്പായവും, തെരുവിലെ സകല മാലിന്യങ്ങളും അടിച്ചുവാരാന്‍ പാകത്തിലുള്ള അടിഭാഗത്തോടുകൂടിയ ഇടുങ്ങിയ പാന്റും ധരിച്ച് ഫ്രീക് ഫാഷന്‍ താളത്തില്‍ അയഞ്ഞുനടക്കുന്ന നമ്മുടെ ആണ്‍കൗമാരങ്ങള്‍ ഈ വിപണിയുടെ പ്രിയപ്പെട്ട ഉപഭോക്താക്കളായിരിക്കുന്നു. അവര്‍, ഇതാ ഊരിപ്പോകുമെന്ന മട്ടിലുള്ള പാന്റ്‌സ് ധരിച്ച് ബസ്സില്‍ കൈയുയര്‍ത്തി കമ്പി പിടിക്കാനാകാതെ ഇളകിയിളകി നില്‍ക്കുന്നത് പലവിധ ബേജാറുകളോടെ നാം കണ്ടിരിക്കേണ്ടിവരുന്നു. പൃഷ്ഠത്തിനു പാതിവരെമാത്രം എത്തുന്ന ആ കാലുറ ഏതിലോ തടഞ്ഞാണ് ഊര്‍ന്നുപോകാതിരിക്കുന്നത്. ഒന്നു കുമ്പിട്ടാലും നിവര്‍ന്നു നിന്നാലും ശരീരത്തിന്റെ ഏതറ്റവും വെളിപ്പെടും. നേരെനിന്നാല്‍പോലും ആ ആണ്‍പിറന്നവന്‍മാരുടെ അടിവസ്ത്രത്തിന്റെ തലയെഴുത്ത് നമുക്ക് വായിക്കാന്‍ കഴിയും.ആണ്‍കുട്ടികളുടെ വസ്ത്രത്തില്‍ മാത്രമല്ല മുഖം മിനുക്കുന്ന രീതിയില്‍, മുടി വെട്ടിയൊതുക്കുന്നതില്‍, കൈക്കാലുകള്‍ വെളിപ്പെടുത്തുന്നതില്‍, ആണവയവങ്ങളുടെ ഇറുക്കത്തില്‍ എല്ലാം പരാകര്‍ഷണത്തിന്റെയും പെണ്‍വേഷംകെട്ടലിന്റെയും അശ്ലീലസ്വഭാവം ഇന്നുണ്ട്. ഇതിന്റെ പ്രചരണവും വിതരണവും നിര്‍വഹിക്കുന്നതില്‍ സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും നല്ല പങ്കുമുണ്ട്. ഒന്നുകില്‍ ഷണ്ഡരായ അല്ലെങ്കില്‍ സ്‌െ്രെതണമായ ഒരു ആണുടലാണ് ഇന്നത്തെ കൗമാരക്കാരുടെ സ്വപ്‌ന ശരീരം. ഈ ഷണ്ഡത്വം ശരീരത്തില്‍ മാത്രം ഒതുങ്ങുമോ. മനസ്സിലും ആശയത്തിലും നിലപാടിലും അത് അണുവികിരണംപോലെ തങ്ങിനില്‍ക്കുന്നില്ലേ?

……………….

ഞാനും പെണ്ണും പൊന്നും തട്ടാനും എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമുള്ള അവസ്ഥയിലേയ്ക്ക് ഏറെക്കുറെ സമൂഹം കൂപ്പ് കുത്തിയിരിക്കുന്നതായി വര്‍ത്തമാനകാല സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നവരുണ്ട്. അകലെ നിന്നൊരു ആരവം കേട്ടാല്‍ അയല്‍പക്കത്ത് നിന്നൊരു കരച്ചില്‍ കേട്ടാല്‍ എന്തിന് തൊട്ടുമുന്നില്‍ ഒരാള്‍ കുഴഞ്ഞുവീണാല്‍ പോലും ഒരു കാഴ്ചക്കാരന്റെ ഭാവ ഭേദങ്ങള്‍ക്കപ്പുറം ഇടപെടലിന് ഒരുങ്ങാന്‍ തയാറാകാത്ത ഒരുതരം ക്രൂരമായ മാനസിക നിലവാരത്തിലേയ്ക്ക് സാമാന്യ ജനം പുരോഗമിക്കുന്നതെന്ന സന്ദേഹത്തെ ബലപ്പെടുത്തുന്ന സംഭവ പരമ്പരകള്‍ക്ക് പഞ്ഞമില്ലാതായിരിക്കുന്നു. ദേശദ്രോഹക്കുറ്റം ചുമത്തി ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ കാര്യത്തില്‍ പൊതു സമൂഹം കാണിച്ച നിസ്സങ്കതയുടെ അപകട സാധ്യതയെ ബിആര്‍പി ഭാസ്‌കര്‍ (Brp Bhaskar) തന്റെ സ്റ്റാറ്റസ്സിലൂടെ ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ:

അമിതദേശസ്‌നേഹം ജ്വലിപ്പിച്ചുകൊണ്ടാണ് ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ആധിപത്യം സ്ഥാപിച്ചത്. നാസി യുവാക്കള്‍ റെസ്‌റ്റോറന്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബാന്‍ഡുമായി ചെന്ന് ദേശീയഗാനം ആലപിച്ച് ആളുകളെ എഴുനേറ്റു നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു ദേശസ്‌നേഹം വളര്‍ത്താന്‍ അവര്‍ കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം. ആ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ സൂചനകള്‍ കാണുമ്പോള്‍ ഹിറ്റ്‌ലറുടെ ജയിലില്‍ കഴിയേണ്ടി വന്ന മാര്‍ട്ടിന്‍ ന്യൂമുള്ളറുടെ വരികള്‍ വീണ്ടും പ്രസക്തമാകുന്നു:

ആദ്യം അവര്‍ സോഷ്യലിസ്റ്റുകള്‍ക്കായി വന്നു
സോഷ്യലിസ്റ്റ് അല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.
പിന്നെ അവര്‍ ട്രെയ്ഡ് യൂണിയന്‍കാര്‍ക്കായി വന്നു
ട്രെയ്ഡ് യൂണിയന്‍കാരനല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.
പിന്നെ അവര്‍ ജൂതന്മാര്‍ക്കായി വന്നു  
ജൂതനല്ലാത്തതുകൊണ്ട് ഞാന്‍ മിണ്ടിയില്ല.
പിന്നെ അവര്‍ എനിക്കായി വന്നു  
അപ്പോള്‍ എനിക്കുവേണ്ടി മിണ്ടാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.

………………..

ഊക്ക് കൊണ്ട് മെഴുക്കിളക്കാനാകില്ലെന്നൊരു ചൊല്ലുണ്ട്. അഥവ ശരീരത്തില്‍ മെഴുക്ക് പുരണ്ടാല്‍ വൃത്തിയാക്കും വിധം കഴുകിക്കളയുകയല്ലാതെ നിര്‍വാഹമില്ലെന്ന് ചുരുക്കം. ബഹു ഭൂരിപക്ഷം പേരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വര്‍ഗിയത എന്ന മാരക വിപത്ത് നമ്മുടെ രാജ്യത്തെ ഗ്രസിച്ച് കഴിഞ്ഞു. ഇതിനെ എങ്ങനെ തുടച്ചുമാറ്റാമെന്ന് കൂട്ടമായി ചിന്തിച്ച് ചികിതിസിക്കുന്നതിനു പകരം കണ്ണടച്ചിരുട്ടാക്കുകയാണ് പലരും. തിരുവല്ല ഭാസിയുടെ (Thiruvallam Bhasi) സ്റ്റാറ്റസ്സ് അതിനെ കുറിച്ചാണ്.

പലരും കേരളത്തില്‍ ജാതീയതയും വര്‍ഗ്ഗീയതയും ഇല്ലെന്ന് പറയുമ്പോള്‍ ഞാന്‍ അത് ആസ്വദിച്ച് ചിരിക്കുന്നു..! സുഹൃത്തേ, നമ്മളെ ആ രോഗം ബാധിച്ചിട്ടുണ്ട്. നമ്മള്‍ അസുഖ ബാധിതരെന്നു തിരിച്ചറിയുകയാണു ശാസ്ത്രീയമായ രീതി. അങ്ങിനെ തിരിച്ചറിയുകയും ആ രോഗത്തെ ചികില്‍സിച്ച് മാറ്റുകയുമാണു വേണ്ടത്. രോഗം ഒരു പാപമല്ല. മലീമസമായ അന്തരീക്ഷത്തില്‍ നിന്നും നമ്മളെ രോഗം ബാധിച്ചതാണു. ആ അന്തരീക്ഷം ശുചീകരിക്കപ്പെടുന്നതോടെ നമ്മുടെ അസുഖവും മാറും. നമ്മള്‍ അരോഗദൃഢഗാത്രരാവും. ശക്തമായി ശ്വസിക്കുന്നവരും ചിന്തിക്കുന്നവരുമായി മാറും.
എന്നാല്‍ അനാരോഗ്യകരമായ അവസ്ഥ എങ്ങിനെ മാറ്റുമെന്നതിനെക്കുറിച്ച്, നമ്മുടെ മലീമസപരിസരങ്ങള്‍ എങ്ങിനെ ശുചീകരിക്കണമെന്നതിനെക്കുറിച്ച് ശക്തമായ ആലോചനകള്‍ പുരോഗമന ചിന്താഗതിക്കാരില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്…!
………..
താളാത്മകമാണ് ജിവിതം. പ്രകൃതിയും അതിലെ ചരാചരങ്ങളിലും മറ്റെല്ലാ പ്രതിഭാസങ്ങളിലും ഈ താളലയം അനുഭവവേദ്യമാണ്. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും എന്തിനു ജീവന്റെ ജീവനായ ഹൃദയത്തുടിപ്പുപോലും താള നിബന്ധമാണ്. അനുഗ്രഹീതമായ ജീവിതത്തിന്റെ വരികള്‍ മനോഹരമായ ഒരു സംഗീതം പോലെ ശ്രുതി മധുരമാകുമ്പോള്‍ ജിവിതം സാര്‍ഥകമാകും. ശ്രീകല പ്രകാശിന്റെ (Sreekala Prakasan) ടൈം ലൈനില്‍ നിന്നുള്ള മനോഹരമായ ഭാവന..

സ്വര ലയങ്ങളുടെ മുള പൊട്ടലുകള്‍. അതിങ്ങിനെ കയറി ഇറങ്ങി ശ്രുതി ഇഴകള്‍ തെറ്റാതെ പോകുമ്പോള്‍. ജീവന്‍ ഉണര്‍ന്നു തഴുകും അപ്പോള്‍ അറിയാതെ ഉണരണം. ഉണര്‍ന്നാല്‍ പിന്നെ ഉറങ്ങുന്നത് വരെ വിചിത്രമായ വീണ കമ്പികള്‍ക്ക് ഒപ്പം കാതോരം ചേര്‍ന്ന് നില്‍ക്കണം. ജീവന്റെ ഓരോ തുള്ളിയിലും അതിങ്ങിനെ പെയ്തിറങ്ങി അവസാന സ്പന്ദനങ്ങളെ തൊടണം. ജീവന്റെ ഇലകള്‍ കിളിര്‍ക്കും.

Related Articles