Current Date

Search
Close this search box.
Search
Close this search box.

സ്ത്രീധനം; ‘സത്യവാങ്മൂലം’ നല്‍കേണ്ടത് മതനേതൃത്വം

നമ്മുടെ സമൂഹം ആണ്‍ പെണ്‍ ഭേദമന്യേ പല നിലക്കും മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും രാഷ്ട്രീയ പങ്കാളിത്തത്തിലുമെല്ലാം. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഈ മാറ്റം ദൃശ്യവുമാണ്. എന്നാല്‍ ബോധപൂര്‍വ്വം മാറാനും മാറ്റാനും ആഗ്രഹിക്കാത്ത  ഒരിടമുണ്ട്. അതാണ് വിവാഹരംഗം. വിവാഹ വേദിയില്‍ എത്തിപ്പെടണമെങ്കില്‍ പുറമേ എന്തൊക്കെ എത്രയൊക്കെ പച്ചപ്പരിഷ്‌കാരം  പറയുമെങ്കിലും പൊന്നും പറമ്പും കാറും സ്ഥലവുമൊക്കെ സ്ത്രീധനമായി കിട്ടണമെന്ന് വാശിപിടിക്കുന്ന ‘തീവ്രവാദി’കളും നാട്ടുനടപ്പുപോലെ  വല്ലതും കൈയ്യില്‍ കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്നു തീരുമാനിക്കുന്ന ‘മിതവാദി’കളും അടങ്ങിയതാണ് നമ്മുടെ വിദ്യാസമൂഹം.

ഈ സമൂഹത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ത്തുപോയത് നമ്മുടെ  നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന  കണ്ടിട്ടാണ്. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് സര്‍ക്കാരിലേക്ക് ഒരു സത്യവാങ്മൂലം  കൊടുക്കണമത്രേ. സ്ത്രീധന നിരോധന നിയമം ഉണ്ടാക്കിയെടുത്ത അധികാരികളും മത മേലധ്യക്ഷന്മാരും ഈ അരാജകത്വത്തിന് കൂട്ടുനില്‍ക്കുകയും ഒപ്പം ചേര്‍ന്ന് നടക്കുകയും ചെയ്തതുകൊണ്ടേ നാട്ടില്‍ അത് ഫലവത്തായ രൂപത്തില്‍ നടക്കാതെ പോയയൊരവസ്ഥയില്‍ മുഖ്യ മന്ത്രിയുടെ ഈ തീരുമാനം വളരെ സ്വാഗതാര്‍ഹമാണ്. സര്‍ക്കാരില്‍ നിന്നും ശമ്പളം പറ്റുന്നവര്‍ അതനുസരിക്കുമെന്ന് പ്രതീക്ഷിക്കാം.

നമ്മുടെ നാട്ടില്‍ ഓപ്പറേഷന്‍ കുബേര എന്നൊരു ഓപ്പറേഷന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത് ഈ പ്രസ്താവനയോട് ചേര്‍ത്തുവായിക്കണം. വട്ടിപ്പലിശക്കാരോട് കടം വാങ്ങിയ പൈസ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത കുടുംബങ്ങളെ അതില്‍ നിന്ന് കരകയറ്റാന്‍ വേണ്ടിയാണീ ഓപ്പറേഷന്‍. വിദ്യാഭ്യാസത്തിനും കൃഷിയാവശ്യത്തിനും  ആധുനികത സമ്മാനിച്ച അത്യാടബരങ്ങള്‍ക്കും മാത്രമല്ല പലിശക്കാരനെ തേടിപ്പോകുന്നത്. സ്ത്രീധനം പോലുള്ള ജീര്‍ണ്ണ സാമൂഹ്യവ്യവസ്ഥിതിയോട് അരികു ചേര്‍ന്നതിന്റെ ഫലം കൂടിയാണ്. വീടുണ്ടാക്കുന്നതും കാറു വാങ്ങുന്നതും സ്വര്‍ണകുന്നുകൂട്ടാന്‍ വെപ്രാളപ്പെടുന്നതും  വളര്‍ന്നുവരുന്ന പെണ്‍മക്കളെ കണ്ട് ഭയന്നിട്ടാണ്. വിദ്യാഭ്യാസവും ജോലിയും പക്വതയും പാകതയുമൊന്നും എത്രയോറെ ഉണ്ടായാലും പോരാ കെട്ടാന്‍ പോകുന്ന ചെറുക്കന് കണ്‍കുളിര്‍ക്കെ കാണാന്‍ സ്ത്രീധനമായി  ഇതൊക്കെ ഉണ്ടെങ്കിലേ പുന്നാര മോള്‍ക്ക് കൂടുമ്പോള്‍ ഇമ്പമുള്ളൊരു കുടുംബ ജീവിതം ഉണ്ടാവൂ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. അപ്പോഴാണവന്‍ എല്ലാ പണമിടപാടുകാരന്റെയും പിന്നാലെ പോകുന്നത്.

വര്‍ഷം തോറും നമ്മുടെ പെണ്‍ മക്കളുടെ ജനസംഖ്യാ ഗ്രാഫ് കുറഞ്ഞു വരികയാണ്. സത്രീത്വത്തിന്റെ അടയാളങ്ങല്‍ പേറുന്ന ഒരുവള്‍ക്ക് തന്നെപോലെയുള്ള മറ്റുരസ്ത്വിത്വത്തിന്ന്  ജന്മം കൊടുക്കാന്‍ കഴിയാതെ നിസ്സഹായായി ഗര്‍ഭപാത്രത്തിന്റെ ഇരുട്ടില്‍ നിന്നും കൊല്ലേണ്ടി വരുന്നത് നാളെ തന്റെ മോള്‍ വളര്‍ന്നുവരുമ്പോഴുള്ള ഭാരം താങ്ങാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്. ആണ്‍മക്കള്‍ പണം കായ്ക്കുന്ന മരമാണെങ്കില്‍ പെണ്ണങ്ങനെയല്ലന്ന് പല രക്ഷിതാക്കളും കണക്കുകൂട്ടുന്നു. പ്രവാസത്തിന്റെ ഭാരം ചുമക്കേണ്ടി വന്ന എല്ലാ ആണ്‍ മക്കളോടും ചോദിച്ചാലറിയാം അവര്‍ പത്തുപോലും പൂര്‍ത്തിയാക്കാതെ അക്കരെ കടന്നത് പെങ്ങന്മാര്‍ക്കും പെണ്‍മക്കള്‍ക്കും വേണ്ടി പുതുമാരനെയുണ്ടാക്കാന്‍ പൊന്നും പണവും ഉണ്ടാക്കാനാണ് കഷ്ടപ്പെട്ടതെന്ന്. തിന്നും കുടിച്ചും അര്‍മാദിച്ചതുകൊണ്ടുമാത്രമല്ല, പല രക്ഷിതാക്കള്‍ക്കും അറ്റാക്ക് വന്നത്.  സ്ത്രീധനം കൊടുക്കാന്‍ കഴിയാതെ പുന്നാര മോള്‍ പുര നിറഞ്ഞു നില്‍ക്കുന്നത് കാണാനുള്ള  ത്രാണിയില്ലാത്തതുകൊണ്ടാണ്.

മുസ്‌ലിം സമുദായം ഇരുന്നു ചിന്തിക്കേണ്ട വിഷയമാണിത്. മഹറ് ചോദിച്ചു വാങ്ങാനനവകാശപ്പെട്ട സമുദായപ്പെണ്ണിന് സ്ത്രീധനത്തുക ഒപ്പിച്ചുകൊടുക്കാന്‍ തുണിവിരിച്ചും പാട്ടപ്പിരിവ് നടത്തിയും പാടുപെടുകയാണ് സമുദായ നേതൃത്വം. നമ്മുടെ പെണ്‍കുട്ടികള്‍ മാത്രമല്ലല്ലോ എല്ലാ സമുദായ സ്ത്രീകളും അനുഭവിക്കുന്ന ദുര്യോഗമല്ലോ എന്നമട്ടില്‍ നിസ്സംഗമായി പരിതപിക്കുന്നവരാണ്  ചില പണ്ഡിതന്മാരെങ്കില്‍ മറ്റു ചിലര്‍ പരിഹാസ്യമാകുന്ന തരത്തില്‍ പരസ്യമായി സ്ത്രീധനത്തിനു വേണ്ടി ഫത് വ കൊടുക്കുന്നവരാണ ലോകത്ത് ഒരൊറ്റ പണ്ഡിതനും കൊടുക്കാത്ത ഫത്‌വ കൊണ്ടാണ് ഒരു പണ്ഡിതന്‍ ഈ ഇരന്നുവാങ്ങലിനെ ന്യായീകരിച്ചത്. സ്ത്രീധനത്തെ ഹലാല്‍ (അനുവദനീയം) ആക്കിയെടുത്തത്. പാവപ്പെട്ട പുരുഷന് ജീവിതം കൊടുത്ത് ‘കരകയറ്റാന്‍’ പെണ്ണിന്റെ ഉപ്പ രാവ് പകലാക്കി അധ്വാനിച്ചുണ്ടാക്കിക്കൊടുക്കുന്ന ധനം ഹറാം (നിഷിദ്ധം) അല്ലത്രെ.  വിവാഹവസ്ത്രം പോലും വാങ്ങാന്‍ നിവൃത്തിയില്ലാതെ പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷനെ കല്ല്യാണപ്പന്തലിലേക്ക് ഇറക്കിവിടാന്‍ പെണ്ണിന്റെ ഉപ്പയോ ബന്ധുക്കളോ രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയത് തന്നെ വേണമെന്ന് പറയുന്നവര്‍ അതിനുള്ള പരിഹാരം കാണാന്‍ ഇസ്‌ലാമിക ചരിത്രം ഒരാവര്‍ത്തികൂടി മനസ്സിരുത്തി വായിക്കണം. സാമ്പത്തിക മൂല്യം കല്‍പ്പിക്കാവുന്ന ഒന്നും മഹറായി നല്‍കാനില്ലാത്തതിനാല്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പ്രയാസമനുഭവപ്പെട്ട അനുചരനോട് ഖുര്‍ആന്‍ ആയത്തുകള്‍ മഹറായി ഓതിക്കൊടുത്ത് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനായിരുന്നു പ്രവാചകന്‍ ഉപദേശിച്ചത്. സാമ്പത്തിക കഴിവില്ലാത്തവന്‍ ഏതാനും ആയത്തുകള്‍ തന്നെയാക്കണ്ട, ഖുര്‍ആന്‍ പൂര്‍ണമായിത്തന്നെ കൊടുക്കാനെങ്കിലും ഉപദേശിച്ചുകൂടേ. അങ്ങനെയുള്ള പുരുഷനെ പെണ്ണ് സ്വീകരിക്കും. അവന്റെ ആര്‍ജ്ജവത്തെ ഓര്‍ത്ത്. പണമായി ലക്ഷങ്ങളും പണ്ടമായി 50-ഉം, 100-ഉം സ്വര്‍ണം കൊടുത്ത് അതുകൊണ്ട് വാങ്ങുന്ന വസ്ത്രവുമിട്ട് നേര്‍ച്ചക്കാളയെപ്പോലെ ഒരുങ്ങി വരുന്നവനെക്കാള്‍ അവള്‍ക്കിഷ്ടം ആര്‍ജ്ജവത്വമുള്ളവനെയാണ്. ജീവിതാവസാനം വരെ വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങി എല്ലാ ജീവിത വിഭവങ്ങളും നല്‍കാന്‍ ബാധ്യസ്ഥനാണ് ഭര്‍ത്താവ്. വിവാഹസുദിനം ഡ്രസ്സ് വാങ്ങാനുള്ള പണം ഓശാരം കിട്ടിയിതുകൊണ്ടുമാത്രമായില്ലല്ലോ. അപ്പോള്‍ ജീവിതകാലം മുഴുവന്‍ ആ മാന്യദേഹം പെണ്ണിന്റെ ഉപ്പയെ ആശ്രയിച്ചാണോ കല്ല്യാണം കഴിക്കാനുദ്ദേശിക്കുന്നത്. അല്ലെങ്കില്‍ മംഗല്ല്യപ്പുടവ വാങ്ങിക്കൊടുത്ത് ഒന്ന് കെട്ടിക്കാന്‍ സഹായിച്ചാല്‍ പിന്നീടവന്‍ ജീവിക്കാനുള്ള വകുപ്പുകള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണെങ്കില്‍ അതിനും പ്രവാചകന്‍ തന്നെ പരിഹാരം കണ്ടിട്ടുണ്ട്. അല്ലാതെ ഉസ്താദ് പുതിയ ഫത്‌വ ഇറക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ചെലവ് കൊടുക്കാന്‍ സാധ്യമായാല്‍ നിങ്ങള്‍ വിവാഹം കഴിക്കുക. അല്ലെങ്കില്‍ നോമ്പ് നോല്‍ക്കലാണ് ഉത്തമം. (യാ മഹ്ശറ ശബാബ് മന്‍ ഇസ്തത്വാഅ മിന്‍കും അല്‍-ബാഅഃ് ഫല്‍യതസവ്വജ്…. (നബിവചനം)

പല മഹല്ല് ഭരണാധികാരികളും സ്ത്രീധനമെന്ന പാപത്തിന്റെ നിശ്ചിത ശതമാനം ഓഹരി കൈപറ്റുന്നവരാണ്. കണ്ണീരു വീണ പണം കൊണ്ട് മഹല്ലുഭരിക്കുന്നവര്‍ക്കാണ് സ്ത്രീധനം ഹറാം(നിഷിദ്ധം) അല്ലെന്നും അങ്ങനെ നികാഹ് കഴിക്കുന്നവര്‍ക്ക് നികാഹിന്റെ വാചകം ചൊല്ലിത്തരാന്‍ പറ്റില്ലെന്നും പറയാനുള്ള ത്രാണിയില്ലാതെ പോകുന്നത്. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടെങ്കിലും സ്വീകരിക്കാന്‍ നമ്മുടെ മഹല്ല് ഭാരവാഹികളും നേതാക്കളും തയ്യാറായാല്‍ തന്നെ ഇല്ലാതാക്കാവുന്ന ഒന്നാണ് ഈ ദുരാചാരം.

പൗരാഹിത്യം സമുദായത്തിന് സമ്മാനിച്ച ഇത്തരം ജീര്‍ണവ്യവസ്ഥിക്കിരയാകുന്നവര്‍ അധികവും പാവപ്പെട്ട പെണ്‍കുട്ടികളാണ്. അവരെ നോക്കിയാണ് മൈസൂര്‍ക്കാരനും അറബിയും വരുന്നത്. സ്ത്രീധനത്തെ തള്ളിപ്പറയാതെ വര്‍ഷത്തില്‍ പത്തും അന്‍പതും  സമൂഹ വിവാഹങ്ങള്‍ നടത്തിക്കൊടുത്ത് സമ്മേളനപ്പന്തലില്‍ മുല്ലപ്പൂമണം വിതറിയതുകൊണ്ട് യാതൊരു കാര്യവുമില്ല.   എല്ലാ ജാതി മത നേതാക്കളും  ചോരത്തിളപ്പുള്ള വിപ്ലവ യുവാക്കളും ഇനിയെങ്കിലും ചിന്തിക്കണം. തുവാലപിരിച്ചും വട്ടിപ്പലിശക്കാരനോട് വകടം വാങ്ങിയും ഉണ്ടാക്കുന്ന പണം കൊണ്ടു വേണോ മംഗല്യത്തിന്റെ മണം വിതറാന്‍.

Related Articles