Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയകളിലെ ഗസ്സ

ഗസ്സയില്‍ ഇസ്രയേലിന്റെ നരനായാട്ട് ശക്തിപ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ അറബ്-മുസ്‌ലിം ഭരണാധികാരികള്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എല്ലാവര്‍ക്കും മുന്‍ധാരണകളുണ്ടായിരുന്നു. ഏറിപ്പോയാല്‍ തുര്‍ക്കിയും ഖത്തറും രംഗത്ത് വരും. അത് തന്നെയാണ് സംഭവിച്ചത്. പിന്നെ ആണ്‍കുട്ടികളായ ഭരണാധികാരികളൊക്കെ ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലാണുള്ളത്. ഇസ്രയേല്‍ നരമേധം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഹ്യൂഗോ ചാവേസിന്റെ പിന്‍ഗാമി വെനിസ്വലെയുടെ പ്രസിഡന്റ് നിക്കോളസ് മദൂറൊ ഇസ്രയേലിനെതിരെ ആഞ്ഞടിച്ചു. തുടര്‍ന്ന് ചിലി ഇസ്രായേലുമായുള്ള എല്ലാ വ്യവസായ ഇടപാടുകളും വിഛേദിക്കാന്‍ പോകുന്നു എന്നും ഇസ്രയേല്‍ അംബാസഡറെ തിരിച്ചയക്കുമെന്നും പ്രഖ്യാപിച്ചു. ഇക്വഡോറും ഏതാണ്ട് ഈ നിലപാടാണ് സ്വീകരിച്ചത്. മിക്കരാജ്യങ്ങളിലെയും പൊതുജനവും ഗസ്സക്കൊപ്പമായിരുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും തെരുവുകള്‍ അത് വിളിച്ചു പറഞ്ഞു. ലണ്ടന്‍ നഗരത്തില്‍ മാത്രം പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത പുടകൂറ്റന്‍ റാലി നടന്നു.

മുസ്‌ലിം യുവത്വം ക്ഷോഭം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ സാമൂഹിക മാധ്യമങ്ങളില്‍ അവനെകൊണ്ടാകുന്ന അക്ഷരങ്ങള്‍ പെറുക്കി വെച്ച് പ്രതിഷേധിച്ചു. ഇതിനിടയില്‍ എനിക്കൊരു കൗതുകം തോന്നി. അറബ് ലോകത്ത് ലക്ഷണക്കിനാളുകള്‍ നെഞ്ചേറ്റുന്ന പണ്ഡിതന്‍മാരുടെയും ബുദ്ധിജീവികളുടെ നിലപാട് എന്തായിരിക്കും. എപ്പോഴും ഭരണകൂടത്തോട് ഒട്ടിനില്‍ക്കുന്ന അവര്‍ക്കെന്താണ് പറയാനുള്ളത്? ഫെയിസ്ബുക്കില്‍ അവരുടെ ഔദ്യോഗിക പേജുകളിലേക്ക് വെച്ചുപിടിച്ചു. അറബ്-മുസ്‌ലിം ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേര്‍സ് ഉണ്ട് എന്ന് കരുതപ്പെടുന്ന ഈജിപ്തിലെ പണ്ഡിതനും വാഗ്മിയും ചാനല്‍ അവതാരകനുമായ അംറ് ഖാലിദിന്റെ പേജിലാക്കാണ് ആദ്യം ചെന്നത്. ഇസ്രയേല്‍ അതിക്രമം അപ്പോള്‍ രണ്ടാം ദിവസം പിന്നിട്ടിരുന്നു. ആ സമയത്തും ഗസ്സയെ അദ്ദേഹം കണ്ടില്ലെന്ന് നടിച്ചു. ഈജിപ്തിലെ മതവിധി കേന്ദ്രം (ദാറുല്‍ ഇഫ്താ) ഈ വര്‍ഷത്തെ ഫിത്വ്ര്‍ സകാത്ത് വിഹിതം 8 ജുനൈഹാണെന്ന് പ്രഖ്യാപിച്ച വിവരമാണ് അദ്ദേഹം സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്.

ചില ചെറുപ്പക്കാര്‍ കമന്റ്‌ബോക്‌സില്‍ അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഗസ്സ കത്തുമ്പോള്‍ ഫിത്വ്ര്‍ സകാത്തിന്റെ കണക്ക് പറഞ്ഞിരിക്കാതെ അതിനെ അപലപിക്കാന്‍ തയ്യാറാവണമെന്ന് ചെറുപ്പക്കാര്‍ തിരുത്തി. ഇസ്രയേല്‍ നരനായാട്ട് ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ അംറ് ഖാലിദും സമ്മര്‍ദ്ദത്തിലായി. ഗസ്സക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് അദ്ദേഹവും സ്റ്റാറ്റസ് പുതുക്കി. അപ്പോഴേക്കും ജനങ്ങള്‍ക്ക് അദ്ദേഹത്തോട് പുഛം തുടങ്ങിയിരുന്നു. നൂറോളം ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് രംഗത്ത് വന്നു. അറഫ സയാദ് എന്ന ചെറുപ്പക്കാരന്‍ ചെയ്ത കമന്റ് ഇങ്ങനെ : ‘ഏയ് ഉസ്താദ് അംറ് ഖാലിദ്! ഗസ്സാ നിവാസികളെ സഹായിക്കാന്‍ അല്ലാഹുവിനോട് നിങ്ങള്‍ക്കെങ്ങനെയാണ് പ്രാര്‍ഥിക്കുവാന്‍ കഴിയുക. ജൂതന്മാര്‍ പറയുന്നത് കേട്ട് ഹമാസിനെ ഭീകരവാദികളെന്ന് വിളിച്ചയാളാണ് താങ്കള്‍. ഗസ്സയെന്നാല്‍ ഹമാസാണ്. അതുകൊണ്ട് അവരെ കൊല്ലാന്‍ കൂട്ടുനിന്നിട്ട് അവരുടെ ജനാസയുടെ കൂടെ നടക്കുന്ന ഈ ഏര്‍പ്പാടില്‍ താങ്കള്‍ അല്ലാഹുവിനെ ഭയക്കുക!!.

ഇങ്ങിനെ നിരവധി പ്രതികരങ്ങള്‍ കാണാന്‍ കഴിയും. ഗസ്സയുടെ കാര്യത്തില്‍ മൗനം പാലിക്കുകയോ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുകയോ ചെയ്ത ഒരു പണ്ഡിതനെയും ചെറുപ്പക്കാര്‍ വെറുതെ വിട്ടിട്ടില്ല. അറബ് ലോകത്ത് ജനപ്രീതിയുള്ള മറ്റൊരാള്‍ ബുദ്ധിജീവിയും പണ്ഡിതനുമായ ഡോ.സല്‍മാനുബ്‌നു ഫഹദ് അല്‍ ഔദയാണ്. അദ്ദേഹം ഭരണകൂട സമ്മര്‍ദ്ദങ്ങള്‍ മറികടന്ന് മര്‍ദ്ദിതരോടൊപ്പം എന്നും ഐക്യപ്പെട്ടിട്ടുള്ള ആര്‍ജ്ജവമുള്ള പണ്ഡിതരിലൊരാളാണ്. ഗസ്സ വിഷയത്തില്‍ അപലപിക്കാന്‍ ഒരല്‍പ്പം വൈകിയപ്പോള്‍ റമദാനുമായി ബന്ധപ്പെട്ട് അദ്ദേഹം ചെയ്ത പോസ്റ്റിനു താഴെ ചെറുപ്പക്കാര്‍ രോഷാകുലരായി. പിന്നീട് സല്‍മാന്‍ ഔദ ഗസ്സയുടെ നൊമ്പരം പ്രകടമാക്കുന്ന ധാരാളം പോസ്റ്റുകള്‍ ചെയ്യുകയുണ്ടായി.

അതേസമയം താരിഖ് റമദാന്‍, താരിഖ് സുവൈദാന്‍, യിവോണ്‍ റിഡ്‌ലി, മെഹര്‍ സൈന്‍ തുടങ്ങിയ അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ മിനുട്ടുകളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തില്‍ ഗസ്സയെ തങ്ങളുടെ പേജില്‍ അപ്‌ഡേറ്റ് ചെയ്യുകയും കൂടുതല്‍ പേരെ ആ ഐക്യദാര്‍ഢ്യത്തിലേക്ക് പങ്കാളികളാക്കുകയും ചെയ്യുന്ന കാഴ്ച്ചകളുമുണ്ട്. എന്തായാലും മുസ്‌ലിം ലോകത്തെ ഭൂരിപക്ഷം ചെറുപ്പക്കാരും ഗസ്സക്കൊപ്പമാണ്, സര്‍വ്വോപരി ഹമാസിനൊപ്പമാണ് എന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നു.

Related Articles