Current Date

Search
Close this search box.
Search
Close this search box.

സൊഹ്‌റാബുദ്ദീന്‍ കേസ്: നീതിയുടെ വെട്ടവും അണയുമ്പോള്‍

lo.jpg

ഒരു കേസുമായി ബന്ധപ്പെട്ടവരൊക്കെയും മരിച്ചു തീരുക എന്നത് ഒരു അപൂര്‍വ വിഷയമാണ്. സൊഹ്‌റാബുദീന്‍ കേസ് അങ്ങിനെയും പ്രസിദ്ധമാണ്.  പിടിക്കപ്പെടുമ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യ, അടുത്ത കൂട്ടുകാരന്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, വിധിക്കട്ടെ ജഡ്ജി എന്നിവരാണ് വഴിക്കു വഴി മരണത്തിനു കീഴടങ്ങിയത്. രാജസ്ഥാന്‍ മാര്‍ബിള്‍ ലോബി ഇദ്ദേഹത്തിന്റെ മരണം ആഗ്രഹിച്ചിരുന്നു എന്നാണു കേള്‍വി. അന്നത്തെ ഗുജറാത്തു ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കേസില്‍ ഇടപെട്ടു എന്നും ആരോപണമുണ്ട്. പോലീസ് സുപ്രണ്ടന്റുമാരായ വന്‍സാര, ദിനേശ്, രാജ്കുമാര്‍, വിപുല്‍ കുമാര്‍ എന്നിവരുമായി മന്ത്രി അമിത് ഷാ അസാധാരണ രീതിയില്‍ ഒരുപാട് തവണ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.

അതെസമയം ഷെയ്ഖ് ഒരു തീവ്രവാദ ബന്ധമുള്ള വ്യക്തിയാണ് എന്ന നിലയിലാണ് ഗുജറാത്തു പോലീസ് മുന്നോട്ട് പോയത്. ഭാര്യയുടെ കൂടെ മഹാരാഷ്ട്രയിലേക്കു യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കു വെച്ച് പോലീസ് രണ്ടു പേരെയും അറസ്റ്റു ചെയ്തു. ശേഷം രണ്ടു പേരുടെയും ശവമാണ് ലോകം കാണുന്നത്. അതിനെയാണ് വ്യാജ ഏറ്റുമുട്ടല്‍ എന്ന് പറയുന്നതും. കൊല്ലപ്പെടുന്നതിന് മുമ്പ് ഭാര്യ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നും ആരോപണമുണ്ട്.

ഈ കേസില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അവിഹിതമായും അസാധാരണമായും ഇടപെട്ടു എന്നത് ഗൗരവമായി കാണണം എന്നതാണ് ജസ്റ്റിസ് ലോയുടെ കണ്ടെത്തല്‍. അദ്ദേഹവും മരണത്തിനു കീഴടങ്ങി എന്നതാണ് ഈ കേസിലെ അസാധാരണത്വം. മരണപ്പെട്ട ഹോട്ടലില്‍ താമസിച്ചവരുടെ പേരെഴുതിയ രജിസ്റ്ററില്‍ ജസ്റ്റിസ് ലോയുടെ പേരില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മൊത്തത്തില്‍ അദ്ദേഹത്തിന്റെ മരണത്തില്‍ പൊതു സമൂഹം ദുരൂഹത കാണുന്നു. ദുരൂഹതകള്‍ സുതാര്യമാക്കുക എന്നത് കൂടി കോടതികളുടെ കടമയാണ്. ഈ വിഷയത്തില്‍ ലോകത്താദ്യമായി സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്ര സമ്മേളനം നടത്തിയതും നാം കണ്ടതാണ്.

സുപ്രീം കോടതി നടത്തിയ തീര്‍പ്പു കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു. ഒരു അന്വേഷണവും കൂടാതെ ഒപ്പമുണ്ടായി എന്ന് പറയപ്പെടുന്ന ജഡ്ജിമാരുടെ വാക്കുകള്‍ വിശ്വസിച്ചു തള്ളിക്കളയുന്നു എന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കറുത്ത ദിനം എന്നാണു പലരും ഈ വിധിയെ വിശേഷിപ്പിച്ചത്. രാജ്യത്തു ഒരു കോടതിയിലും ഈ വിഷയം ചോദ്യം ചെയ്യാന്‍ പാടില്ല എന്നും വിധിയില്‍ വന്നത് കൊണ്ട് ഒരു റിവ്യൂ പെറ്റിഷനില്‍ അപ്പുറം ഈ കേസ് പോകില്ല എന്നുമുറപ്പാണ്.

ഇന്ത്യന്‍ ചരിത്രത്തില്‍ എക്‌സിക്യൂട്ടീവും പാര്‍ലമെന്റും വഴിവിട്ടുപോയപ്പോഴൊക്കെ നേരെയാക്കാന്‍ ശ്രമിച്ച വിഭാഗമാണ് കോടതികള്‍. അവരും വഴിയില്‍ നിന്നും മാറി പോയാല്‍ രാജ്യത്തു ബാക്കിയാവുക അരാജകത്വം മാത്രമാകും. ഒരു കേസും പ്രതികളും ഇരകളും ജഡ്ജിയും അവസാനം തീര്‍പ്പു പോലും സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്ന അപൂര്‍വ കേസായി സൊഹ്‌റാബുദീന്‍ കേസ് അറിയപ്പെടും.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് ആശങ്കപ്പെടുന്ന ആരിലും വേദയുണ്ടാക്കുന്നതായി ഈ വിധി എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല തന്നെ. സത്യമേവ ജയതേ എന്നാണ് നമ്മുടെ ആപ്തവാക്യം. സത്യം ജയിക്കും എന്നത് മറ്റൊരു സത്യമാണ്. ‘പ്രഭാതത്തിനു  മുമ്പ് കൂരിരുട്ടുണ്ട്.പക്ഷെ പ്രഭാതം ഒഴിച്ച് കൂടാന്‍ കഴിയാത്തതാണ്’.

 

Related Articles