Current Date

Search
Close this search box.
Search
Close this search box.

സൊമാലിലാന്റ് തുറമുഖം: യു.എ.ഇക്കെതിരെ സൊമാലിയ

opuil.jpg

സൊമാലിലാന്റില്‍ യു.എ.ഇ തുറമുഖം പുന:നിര്‍മിക്കാനൊരുങ്ങുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് സൊമാലിയ. യു.എ.ഇ അനധികൃതമായും യുദ്ധത്തിലേര്‍പ്പെടാനും വേണ്ടിയാണ് തുറമുഖം നിര്‍മിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. യു.എ.ഇയും എത്യോപ്യയും സൊമാലിലാന്റും തമ്മിലുള്ള ത്രികക്ഷി സഖ്യ തീരുമാനപ്രകാരം യു.എ.ഇയിലെ ജബല്‍ അലി തുറമുഖത്തിന്റെ മാതൃകയില്‍ ഇവിടെയും തുറമുഖം നിര്‍മിക്കാനാണ് പദ്ധതി. യു.എ.ഇയിലെ തുറമുഖ കമ്പനിയായ ഡി.പി വേള്‍ഡ് ആണ് നിര്‍മാണ പ്രവൃത്തി നടത്തുക.

2016ലാണ് സൊമാലിലാന്റ് പാര്‍ലമെന്റ് യു.എ.ഇയുമായി കരാറിലേര്‍പ്പെടുന്നത്. 422 മില്യണ്‍ ഡോളര്‍ ആണ് ഇതിനുള്ള നിക്ഷേപം. മൂന്നു രാജ്യങ്ങള്‍ക്കുമിടയില്‍ ആഗോള നിക്ഷേപം വ്യാപിപിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതുമൊക്കെയാണ് ഇതിന്റെ ലക്ഷ്യം.  

ബെര്‍ബറ തുറമുഖത്തിന്റെ 19 ശതമാനം ഓഹരി എത്യോപ്യക്കും 30 ശതമാനം സൊമാലിലാന്റിനും ബാക്കി 51 ശതമാനം യു.എ.ഇയിലെ ഡി.പി വേള്‍ഡ് തുറമുഖത്തിനുമാണ്. തുറമുറഖത്തിന്റെ അടിസ്ഥാന വികസനത്തിനുള്ള സഹായം നല്‍കുന്നത് എത്യോപ്യന്‍ സര്‍ക്കാരാണ്.

എന്നാല്‍ കരാറില്‍ സൊമാലിയക്ക് അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ സൊമാലിയ കരാറിനെ എതിര്‍ക്കുകയാണ്. സൊമാലിയയിലെ ഫെഡറല്‍ ഗവര്‍ണ്‍മെന്റിന്റെ നിയമപ്രകാരം രാജ്യത്തെ എല്ലാ തുറമുഖങ്ങളും രാജ്യത്തിന്റെ ദേശീയ സമ്പത്താണ്. നേരത്തെ ഉണ്ടാക്കിയ കരാര്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കരാര്‍ സംബന്ധിച്ച് കൂടിയാലോചിക്കേണ്ടതുണ്ടെന്നുമാണ് സൊമാലിയ പ്രധാനമന്ത്രി ഹസന്‍ അലി പറഞ്ഞത്. സൊമാലിയയുടെ ഐക്യവും പരമാധികാരവും ഭരണഘടനയെയും കരാര്‍ ലംഘിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സൊമാലിയയിലെ പരമാധികാര മേഖലയാണ് സൊമാലിലാന്റ്. സൊമാലിയയിലെ ഫെഡറല്‍ സര്‍ക്കാരിനെ അംഗീകരിക്കാത്തതിനാല്‍ തന്നെ മേഖലയില്‍ അസ്വസ്ഥത നിലനില്‍ക്കുകയാണ്. നിലവിലുള്ള കരാറില്‍ യാതൊരു പുതുമയുമില്ലെന്നാണ് സൊമാലിലാന്റ് പ്രസിഡന്റ് മൂസ് ബിഹി അബ്ദി പറഞ്ഞു. റിപ്പബ്ലിക് ഓഫ് സൊമാലിലാന്റും ഡി.പി വേള്‍ഡും അംഗീകരിച്ച് പാര്‍ലമെന്റ് അംഗീകരിച്ച നേരത്തെയുണ്ടായിരുന്ന കരാറിന്റെ വിപുലീകരണം മാത്രമാണ് ഇപ്പോള്‍ നടന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ബെര്‍ബറ തുറമുഖവുമായി ബന്ധപ്പെട്ട് സൊമാലിയ ഉണ്ടാക്കിയ കരാറിനെക്കുറിച്ച് സംസാരിക്കാന്‍ മൂസ് അബ്ദി ദുബൈയിലേക്ക് പോയിരുന്നു.

കഴിഞ്ഞ ജൂണ്‍ മുതലാണ് സൊമാലിയക്കുമേല്‍ തുറമുഖ വിഷയത്തില്‍ കടുത്ത സമ്മര്‍ദ്ദം വരുന്നത്. യു.എ.ഇയും സൗദിയും ഒരു ഭാഗത്തും ഖത്തര്‍ മറുഭാഗത്തുനിന്നുമാണ് സൊമാലിയക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. മൂന്ന് അറബ് രാജ്യങ്ങളും സൊമാലിയക്ക് ഒരു പോലെ വേണ്ടപ്പെട്ടവരാണ്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനു ശേഷമാണ് സൊമാലിയ കൂടുതല്‍ സമ്മര്‍ദത്തിലായത്. ഇരു വിഭാഗവും സൊമാലിയക്ക് സാമ്പത്തികമായും അടിസ്ഥാനപരമായും സഹായങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെ പിന്തുണക്കാന്‍ സൗദി സൊമാലിയക്ക് നല്‍കിയ 80 മില്യണ്‍ ഡോളര്‍ അവര്‍ നിരസിച്ചതും.
കഴിഞ്ഞ ദിവസം സൊമാലിയയിലെ 168 നിയമസഭാംഗങ്ങള്‍ ബെര്‍ബെറ തുറമുഖ നിര്‍മാണത്തിനെതിരെ നിയമം പാസാക്കിയിരുന്നു. ഇതേ ദിവസം തന്നെ ഡി.പി വേള്‍ഡ് അവരുടെ തുറമുഖ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം ഏര്‍പ്പെടുത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

 

Related Articles