Current Date

Search
Close this search box.
Search
Close this search box.

സീസി കാലത്തെ ഈജിപ്ത് – ഇസ്രയേല്‍ ബന്ധം

sisi-netanyahu.jpg

ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന സുല്‍ത്താന്‍ അജ്‌ലൂനി അല്‍ജസീറ ചാനലിലെ ‘അല്‍വാഖിഉല്‍ അറബി’ പരിപാടിയില്‍ പറഞ്ഞു: സീസിയുടെ കാലത്ത് ഈജിപ്തിന്റെ ഇസ്രയേല്‍ ബന്ധം കേവല സഖ്യത്തിന്റെ തലത്തില്‍ നിന്നും സീസിക്കും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനും ഇടയിലുള്ള പ്രണയത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇസ്രയേലിനെ അനുകൂലിച്ചു കൊണ്ടുള്ള പ്രസ്താവനകളിലൂടെ സീസി ഉദ്ദേശിക്കുന്നത് തന്റെ ഭരണകൂടത്തിന് അമേരിക്കയും യൂറോപും നല്‍കുന്ന പിന്തുണ നിലനിര്‍ത്തലാണ്. ‘ഇസ്രയേല്‍’ എന്ന കവാടത്തിലൂടെയാണത് സാധിക്കുക.

ഫലസ്തീനികള്‍ക്കും ഇസ്രയേലികള്‍ക്കും ഇടയില്‍ സമാധാനം സ്ഥാപിക്കപ്പെട്ടാല്‍ ഈജിപ്തിനും ഇസ്രയേലിനും ഇടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്ന് സീസി പറഞ്ഞിരുന്നു. ഇരു ജനതകള്‍ക്കും സമാധാനത്തിന്റെയും സുസ്ഥിരതയുടെയും കാര്യത്തില്‍ ഉറപ്പു നല്‍കാനുള്ള തന്റെ രാഷ്ട്രത്തിന്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. അജ്‌ലൂനി പറയുന്നു: ദൈവത്തില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സമ്മാനമായിട്ടാണ് ഇസ്രേയല്‍ രാഷ്ട്രീയ നേതൃത്വം സീസിയെ കാണുന്നത്. അദ്ദേഹത്തിന്റെ ഭരണകൂടത്തെ പ്രദേശത്തെ തങ്ങളുടെ സുപ്രധാന സഖ്യമായും അവര്‍ പരിഗണിക്കുന്നു. ഗസ്സയില്‍ നിന്നുള്ള ഫലസ്തീന്‍ പ്രതിരോധത്തെ സംയുക്തമായി നേരിടുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യന്‍ പട്ടാള ജനറല്‍മാര്‍ ഇസ്രയേലിനെ സേവിക്കാനുള്ള സാധ്യതയും അജ്‌ലൂനി അകറ്റി നിര്‍ത്തുന്നില്ല.

ഈജിപ്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് മുഴുവന്‍ അറബ് ലോകത്തും സംഭവിക്കുന്നതിന്റെ തന്നെ ഭാഗമാണെന്ന് വാഷിംഗ്ടണിലെ വുഡ്‌റോവില്‍സണ്‍ സെന്ററിലെ പൊളിറ്റിക്കല്‍ സയന്‍സ് വിസിറ്റിംഗ് പ്രൊഫസറായ ഡോ. അബ്ദുല്‍ ഫത്താഹ് മാദി അഭിപ്രായപ്പെടുന്നു. അറബ് ലോകത്തിന് തങ്ങളുടെ നയതന്ത്ര താല്‍പര്യങ്ങളും അറബ് സമൂഹങ്ങളുടെ സുരക്ഷയും എന്താണെന്ന് നിര്‍ണയിക്കാന്‍ സാധിക്കാതെ പോയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ ഉറച്ച് നിലകൊള്ളലും ഫലസ്തീനികള്‍ക്കൊപ്പം അണിനിരന്ന് ഇസ്രേയേലില്‍ നിന്ന് അവരുടെ അവകാശങ്ങള്‍ വീണ്ടെടുത്തു കൊടുക്കലും അറബ് ദേശീയ സുരക്ഷയുടെ തേട്ടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘര്‍ഷത്തിലെ അടിസ്ഥാന വസ്തുതകളെ പരിഗണിക്കാതെയുള്ള ഈജിപ്തിന്റെയും അറബികളുടെയും അഭിസംബോധന ദുഖകരമാണ്. ലോകത്തെ ഏക അധിനിവേശ വംശീയ രാഷ്ട്രമാണ് ഇസ്രയേല്‍ എന്നത് തന്നെ ഈജിപ്തടക്കമുള്ള അറബ് ഭരണകൂടങ്ങള്‍ക്ക് അതിനോട് സ്വീകരിക്കേണ്ട നിലപാടിന്റെ അടിസ്ഥാനമായിരിക്കണം. എന്നാല്‍ ഇന്ന് ഈജിപ്ത് ഇസ്രയേലിന്റെ പക്ഷത്ത് നിലകൊള്ളുന്നത് അങ്ങേയറ്റം ആശ്ചര്യമുണ്ടാക്കുന്ന കാര്യമാണ്. അത് ഈജിപ്തിന് നേട്ടമായിരിക്കില്ല, അതിലൂടെ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ മാത്രമായിരിക്കും സംരക്ഷിക്കപ്പെടുക. അതിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നം പുനര്‍നിര്‍വചിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഈജിപ്ത് ഭരണകൂടം. ഇസ്രയേല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒത്തുതീര്‍പ്പ് സമവാക്യങ്ങള്‍ ഈജിപ്തും ഫലസ്തീന്‍ അതോറിറ്റിയും അവസാനിപ്പിക്കണം. ഫലസ്തീന്‍ പ്രശ്‌നത്തിന് ന്യായമായ പരിഹാരമുണ്ടാകുന്നതിന് അറബ് ഭരണകൂടങ്ങള്‍ ബഹിഷ്‌കരണമെന്ന ആയുധം ഉപയോഗപ്പെടുത്തണം. സാമ്പത്തികമായും അക്കാദമിക മേഖലയിലും മാധ്യമരംഗത്തും അവരെ ബഹിഷ്‌കരിക്കാനും ഡോ. അബ്ദുല്‍ ഫത്താഹ് ആഹ്വാനം ചെയ്തു.

അവലംബം: അല്‍ജസീറ

Related Articles