Current Date

Search
Close this search box.
Search
Close this search box.

സീസിയെ പിന്തുണക്കുന്ന ജനാധിപത്യ കാവലാളുകള്‍

Yvonne-Ridley.jpg

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിലെ സാധാരണക്കാര്‍ തങ്ങളുടെ വിപ്ലവത്തെ അഭിനന്ദിക്കാന്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ വന്‍ സുരക്ഷാ അകമ്പടിയോടെ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ അത്ഭുതത്തോടെ നോക്കി നിന്നത് ഏതാണ്ട് ഈ സമയത്താണ്. പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ജനകൂട്ടം പാശ്ചാത്യരുടെ ഉറ്റസുഹൃത്തും ടോണി ബ്ലയറിന്റെ ആത്മമിത്രവും ക്രൂരനായ ഏകാധിപതിയുമായിരുന്ന ഹുസ്‌നി മുബാറക്കിനെ ഈജിപ്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും  സ്ഥാനഭ്രഷ്ടനാക്കിയത്.

പ്രശ്‌നകലുഷിതമായ തഹ്‌രീര്‍ സ്‌ക്വയറില്‍ വിപ്ലവത്തെ അഭിവാദ്യം ചെയ്യാന്‍ വന്നിറങ്ങുന്ന ആദ്യത്തെ പാശ്ചാത്യ നേതാവ് ഒരു അസുലഭ കാഴ്ച്ച തന്നെയായിരുന്നു. ഓന്തിന്റെ സ്വഭാവമുള്ള കാമറൂണ്‍ അന്ന് ജനങ്ങളുടെ നേതാവായി നാണമില്ലാതെ ചമഞ്ഞ് തന്നെ നിന്നു, പക്ഷെ 2013-ന്റെ മധ്യത്തില്‍, ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിയിലൂടെ പുറത്താക്കിയ ഈജിപ്ഷ്യന്‍ പട്ടാളത്തിന് എല്ലാവിധ പിന്തുണയും നല്‍കി കൊണ്ട് കാമറൂണ്‍ തനി നിറം പുറത്ത് കാട്ടി. കഴിഞ്ഞ നവംബറില്‍ ഈജിപ്തിന്റെ ചരിത്രത്തിലെ പുതിയ ഏകാധിപതിയും അട്ടിമറിക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അബ്ദുല്‍ ഫത്താഹ് അല്‍സീസിക്ക് 10 ഡൗണിംഗ് സ്ട്രീറ്റില്‍ ചുവപ്പ് പരവതാനി വിരിച്ച് കൊടുക്കാനും കാമറൂണ്‍ തയ്യാറായി.

മറ്റു അറബ് രാഷ്ട്രങ്ങളുടെ വഴിയെ തന്നെയാണ് ഈജിപ്ഷ്യന്‍ ജനതയും പോകുന്നത്. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പും സാമ്രാജ്യത്വ ഇടപെടലുകളും കാരണമായി ഈ അറബ് രാഷ്ട്രങ്ങളൊക്കെ തന്നെ വെട്ടിമുറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പാശ്ചാത്യരാഷ്ട്രങ്ങളുടെ പിന്തുണയോടെ ഏകാധിപതികളാല്‍ ഭരിക്കപ്പെടുന്ന അനീതി നടമാടുന്ന ഒരു കൂട്ടം രാഷ്ട്രങ്ങള്‍ അവിടെയുണ്ട്. ജനാധിപത്യവും നീതിയുമാണ് അവിടത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, പക്ഷെ അധികാരത്തില്‍ അള്ളിപിടിച്ചിരിക്കുന്ന ഏകാധിപതികള്‍ പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്നും വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്യുന്ന മര്‍ദ്ദനോപകരണങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമര്‍ത്തുകയാണ്.

സെക്കുലറിസ്റ്റായ ജനറല്‍ സീസി, ഇസ്‌ലാമിസ്റ്റായ മുഹമ്മദ് മുര്‍സിയെ അട്ടിമറിയിലൂടെ പുറത്താക്കിയതില്‍ കാമറൂണും യൂറോപ്പിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അമേരിക്കയും വളരെ സന്തോഷത്തിലായിരുന്നു. പാശ്ചാത്യലോകം അംഗീകരിച്ചാല്‍ മാത്രമേ അറബ് ലോകത്ത് ജനാധിപത്യത്തിന് നിലനില്‍പ്പുള്ളു. 2006-ല്‍ ഫലസ്തീന്‍ അതോറിറ്റിയുടെ അധികാരം കൈയ്യാളാന്‍ ഹമാസിനെ വന്‍  ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ഫലസ്തീനികള്‍ക്ക് പ്രത്യേകിച്ച് ഗസ്സക്കാര്‍ക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഫലസ്തീനികള്‍ ഹമാസിനെ ജയിപ്പിച്ചത് മുതല്‍ക്കാണ് പാശ്ചാത്യശക്തികളുടെയും അറബ് മേഖലയിലെ അവരുടെ ഏറാന്‍മൂളികളുടെയും പിന്തുണയോടെ ഇസ്രായേല്‍ ഗസ്സക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ ദാഇശ് (ഐ.എസ്) എന്ന മരണ കള്‍ട്ട് ഉയര്‍ന്ന് വരികയും ഒരു അണുബാധ പോലെ ഈജിപ്തിലുടനീളം പരന്ന് കൊണ്ടിരിക്കുകയുമാണ്. റഷ്യന്‍ വിനോദസഞ്ചാരികളുമായി പോയ ഒരു പാസഞ്ചര്‍ വിമാനം പൊട്ടിത്തെറിച്ചു; മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പട്രോളിംഗിലായിരുന്ന ഈജിപ്ഷ്യന്‍ നേവല്‍ ബോട്ടിനെതിരെ റോക്കറ്റാക്രമണം; വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കപ്പെടുന്നു. സീസിയുടെ ചീഫ് പ്രോസിക്ക്യൂട്ടര്‍ ഹിശാം ബറകാത്തിന്റെ മരണത്തില്‍ കലാശിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കെയ്‌റോ നഗരത്തിലെ സെക്യൂരിറ്റി ഹെഡ്‌കോട്ടേഴ്‌സില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഭീകരം. അന്‍സാര്‍ ബൈത്ത് അല്‍മഖ്ദിസ് എന്ന ഒരു സായുധ സംഘത്തില്‍ നിന്നാണ് ദാഇശിന് ഈജിപ്തില്‍ സഹായങ്ങള്‍ ലഭ്യമാവുന്നത്.

ജയിലില്‍ കിടക്കുന്ന രാഷ്ട്രീത്തവടവുകാരേക്കാള്‍ കൂടുതല്‍ ഭീഷണിയാണ് സീസിയുടെ പട്ടാള ഭരണകൂടത്തിന് ദാഇശ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. അഹിംസാ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡും, ഹിംസ ശീലമാക്കിയ അബൂബകര്‍ അല്‍ബാഗ്ദാദിയുടെ ദാഇശും ഒരുപോലെ അപകടകാരികളാണെന്ന സീസിയുടെ വാദത്തിന് ഒരു തെളിവുമില്ല.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയ അവസരത്തില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഞാനും തഹ്‌രീര്‍ സ്‌ക്വയറില്‍ എത്തിച്ചേര്‍ന്നിരുന്നു. മുര്‍സിയുടെ കീഴില്‍ ജനാധിപത്യം വീണ്ടും നാമ്പെടുത്ത് പടര്‍ന്ന് പന്തലിക്കും എന്ന പ്രതീക്ഷയും, അന്ന് ആനന്ദാശ്രുപൊഴിച്ച് കൊണ്ട് എന്റെ ഈജിപ്ഷ്യന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ച ആ നിമിഷങ്ങളും ഇന്നൊരു വിദൂര സ്മരണ മാത്രമാണ്. നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ പോലെയുള്ള ദുര്‍ഭരണാധികാരികളെ പിന്തുണക്കുന്നത് തുടരുന്ന വിദേശനയത്തെ കുറിച്ച് ബ്രിട്ടനകത്ത് നിന്നും പുറത്ത് നിന്നും അസ്വസ്ഥയുളവാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വരിക തന്നെ വേണം.

സിനിമാ നിര്‍മാതാവ് ഉമര്‍ റോബര്‍ട്ട് എഴുതുന്നു, ‘അടുത്തത് എന്താണ് വരാനിരിക്കുന്നത് എന്നാണ് ചോദ്യം. നമ്മുടെ മുന്നിലുള്ള സാധ്യതകള്‍ ഇവയൊക്കെയാണ്: ഈ രാജ്യം സാവധാനം കടലില്‍ മുങ്ങിത്താഴുന്നതും നോക്കി സീസി നില്‍ക്കും. ഒരു കൂട്ടം ആഭ്യന്തര സൈനിക അട്ടിമറികള്‍ നടക്കും. വിശക്കുന്നവന്റെയും ഒന്നുമില്ലാത്തവന്റെയും വിപ്ലവങ്ങള്‍ ഉണ്ടാകും. പരസ്പരം മത്സരിക്കുന്ന വരേണ്യവര്‍ഗക്കാര്‍ക്കിടയില്‍ ചെറിയ രീതിയിലുള്ള ഒരു ജനാധിപത്യവല്‍ക്കരണ കളി അരങ്ങേറും. കാലാവസ്ഥാ വ്യതിയാനം മൂലം നൈല്‍ നദി കര കവിഞ്ഞൊഴുകും, പട്ടിണി വ്യാപിക്കും.’

‘ഞാനൊരു ശുഭാപ്തി വിശ്വാസിയാണെന്ന് പറയാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഞാന്‍ മരിച്ചിട്ടില്ല, ജയിലിലുമല്ല. അതുകൊണ്ടു തന്നെ ഇതെല്ലാം അവസാനിച്ചിരിക്കുന്നുവെന്ന് പറയാന്‍ എനിക്ക് അവകാശവുമില്ല.’ ഉമര്‍ വ്യക്തമാക്കി.

തീര്‍ച്ചയായും ഈജിപ്ഷ്യന്‍ വിപ്ലവം അവസാനിച്ചിട്ടില്ല. സീസി ഭരണകൂടം ആകെ അസ്വസ്ഥതയിലാണ്. 2011 ജനുവരി വിപ്ലവത്തിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് 400000 സൈനികരെയാണ് സീസി ഈജിപ്തിന്റെ തെരുവുകളില്‍ അണിനിരത്തിയത്. തന്റെ പ്രസിഡന്റ് സ്ഥാനം സുരക്ഷിതമല്ലെന്ന ഉറപ്പ് ഏകാധിപതിക്കുണ്ട് എന്നതിനുള്ള ഉറച്ച തെളിവാണിത്. സീസിക്ക് നല്‍കുന്ന രാഷ്ട്രീയവും സൈനികവുമായ പിന്തുണ തുടരാനാണ് പാശ്ചാത്യ സര്‍ക്കാറുകളുടെ തീരുമാനമെങ്കില്‍, തീര്‍ച്ചയായും അവര്‍ പിന്തുണക്കുന്നത് ഒരു പരാജിതനെ തന്നെയാണ്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles