Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ആരുടേതാണ് ‘ഹലാല്‍’ യുദ്ധവിമാനങ്ങള്‍?

സിറിയയില്‍ വ്യോമസേനയെ ഉപയോഗിക്കാനുള്ള റഷ്യയുടെ തീരുമാനത്തെ സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയുണ്ടായി. ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) തകര്‍ക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു; ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ് അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സിറിയയിലേക്ക് തങ്ങളുടെ വ്യോമസേനയെ അയച്ചിട്ടുള്ളത്. പക്ഷെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇവരുടേത് ‘ഹലാല്‍’ യുദ്ധവിമാനങ്ങളും, റഷ്യയുടേത് ‘ഹറാം’ യുദ്ധവിമാനങ്ങളുമാണ്. ആരാണിത് തീരുമാനിക്കുന്നത് ?

ഐക്യരാഷ്ട്രസഭയുടെ അനുവാദമില്ലാതെയും, സിറിയന്‍ അധികൃതരുടെ സമ്മതമില്ലാതെയും, അവരുമായി സഹകരിക്കാതെയുമാണ് സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലെ ഐ.എസ് കേന്ദ്രങ്ങളില്‍ പാശ്ചാത്യരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ബോംബാക്രമണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി, എല്ലാതരത്തിലുള്ള അമേരിക്കന്‍ യുദ്ധവിമാനങ്ങളും ചേര്‍ന്ന് ഇവിടങ്ങളില്‍ ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെയായി 6000-ത്തിലധികം തവണ അവര്‍ വ്യോമാക്രണം നടത്തി, ആയിരക്കണക്കിന് ടണ്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ചു, പതിനായിരക്കണക്കിന് വരുന്ന നിരപരാധികളെ കൊന്നുതള്ളി, പക്ഷെ നമുക്ക് കാണാന്‍ സാധിക്കുന്നത് പോലെ, അവര്‍ ആരെയാണോ തകര്‍ക്കാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്നത്, അക്കൂട്ടരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.

അഞ്ചുവര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി സിറിയ തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. പാശ്ചാത്യ-അറബ് സഖ്യത്തിന്റെ ദൗത്യശ്രമങ്ങള്‍ പരിതാപകരമായി തന്നെ പരാജയപ്പെട്ടു. എല്ലാവിധ ശ്രമങ്ങളും അവര്‍ നടത്തിയിരുന്നു. അവര്‍ തീവ്രവാദികളുമായും, വിമത ‘മിതവാദികളുമായും’ ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിച്ചു. സി.ഐ.എ വിദഗ്ദന്മാരുടെ മേല്‍നോട്ടത്തില്‍ തുര്‍ക്കി, ജോര്‍ദാന്‍, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ അവര്‍ പരിശീലന ക്യാമ്പുകള്‍ സ്ഥാപിക്കുകയുണ്ടായി. പക്ഷെ രക്തചൊരിച്ചിലും ആക്രമണപരമ്പരകളും ആരംഭിച്ചതോടെ, അവര്‍ മാനസികമായും, സൈനികമായും എല്ലാവിധ ആയുധങ്ങളും നല്‍കി വളര്‍ത്തിയെടുത്ത പ്രസ്തുത പോരാളികള്‍ ജീവനും കൊണ്ടോടുകയാണുണ്ടായത്. ചിലര്‍ അവര്‍ക്ക് നല്‍കപ്പെട്ട അത്യാധുനിക അമേരിക്കന്‍ നിര്‍മിത ഉപകരണങ്ങളും വാഹനങ്ങളുമായി ജിഹാദികളുടെ പക്ഷം ചേര്‍ന്നു.

സംയുക്ത പ്രതിരോധ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ റഷ്യ നേരത്തെ തന്നെ സിറിയയില്‍ തമ്പടിച്ചിട്ടുണ്ട്. തര്‍ത്തൂസിലെ റഷ്യന്‍ നേവല്‍ ബേസ് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്. ഖത്തര്‍, സഊദി അറേബ്യ, ഇറാഖ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ പോലെ തന്നെയുള്ള ഒന്നാണ് റഷ്യന്‍ സൈനികത്താവളവും. പിന്നെന്തു കൊണ്ടാണ് റഷ്യ എന്തോ വലിയ പാതകം ചെയ്തത് പോലെ മാധ്യമങ്ങള്‍ പെരുമാറുന്നത്? അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നിയമവിധേയവും, റഷ്യയുടേത് നിയമവിരുദ്ധവുമാണോ?

ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഐക്യരാഷ്ട്രസഭാ ഉച്ചകോടിക്ക് തൊട്ടുമുമ്പ്, സിറിയയിലെ റഷ്യന്‍ വ്യോമശക്തി പ്രകടനം അര്‍ത്ഥശൂന്യവും, ഐ.എസിന് വെല്ലുവിളിയുയര്‍ത്താന്‍ റഷ്യക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയന്‍ പറഞ്ഞിരുന്നു. അതിന് പ്രതികരണമെന്നോണം, ഹുംസ് പട്ടണത്തിന് സമീപത്തുള്ള ഐ.എസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്താന്‍ നാല് സുഖോയി ജെറ്റുകളാണ് റഷ്യ അയച്ചത്. മിഡിലീസ്റ്റില്‍ രാഷ്ട്രീയപരമായും സൈനികപരമായും തന്റെ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള പ്രസിഡന്റ് വഌദ്മിര്‍ പുട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് റഷ്യന്‍ വിദേശകാര്യ നയത്തിലെ പുതിയ നീക്കങ്ങള്‍ വെളിപ്പെടുത്തത്. പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും, സഖ്യകക്ഷികള്‍ക്കും കയറിനിരങ്ങാനും, അവര്‍ക്ക് തോന്നും പോലെ ഭരിക്കാനും മേഖലയെ തുറന്ന് കൊടുത്ത് രംഗം വിട്ടൊഴിയാന്‍ റഷ്യ ആഗ്രഹിക്കുന്നില്ല. ‘ഇറാഖിലും, ലിബിയയിലും നിങ്ങള്‍ നടത്തിയ അധിനിവേശം ആവര്‍ത്തിക്കാന്‍ നിങ്ങളെ ഞങ്ങള്‍ അനുവദിക്കില്ല. കാലം മാറിയിരിക്കുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ട്’. പുട്ടിന്റെ വാക്കുകളാണിത്.

സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് വളരെ വ്യക്തമായ ഭാഷയില്‍ തന്നെ റഷ്യയുടെ സഹായം തേടിയിരുന്നു. സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ കഴിഞ്ഞ ബുധനാഴ്ച്ച റഷ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളേക്കാള്‍ കാര്യക്ഷമമായി ഐ.എസിനെ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ചിലപ്പോള്‍ പുട്ടിന് ലഭിച്ചേക്കാം.

കരയുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സഖ്യസൈന്യങ്ങള്‍ക്ക് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സംരക്ഷം വാഗ്ദാനം ചെയ്യും. ഐ.എസ്സിനെതിരെ ഇത്തരമൊരു വെല്ലുവിളി ഉയര്‍ത്താന്‍ അമേരിക്കക്ക് ശേഷിയില്ല. കാരണം, സായുധ വിമതസേനയുമായി സഹകരിച്ച് (ഫ്രീ സിറിയന്‍ ആര്‍മി- എഫ്.എസ്.എ) പോരാട്ടം നടത്തുന്നതിന് കരസേനയെ അയക്കാന്‍ തുര്‍ക്കി, സഊദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ വിസ്സമതിച്ചിരിക്കുകയാണ്. സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി ഒരു പ്രഹസന്നമായി മാറിയിട്ടുണ്ട്. അമേരിക്കയുടെ ശത്രുക്കള്‍ അവരുടെ പദ്ധതിയെ പുച്ഛിച്ച് തള്ളികഴിഞ്ഞു

രാപ്പകല്‍ ഭേദമില്ലാതെ പാശ്ചാത്യ-പൗരസ്ത്യ യുദ്ധവിമാനങ്ങള്‍ കൊണ്ട് സിറിയയുടെ ആകാശം നിറഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, സിറിയയുടെ ‘പരമാധികാരത്തെ’ സംബന്ധിച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ല. മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള റഷ്യന്‍-അമേരിക്കന്‍ മല്‍പിടുത്തത്തിന്റെ രംഗവേദിയായി സിറിയ മാറികഴിഞ്ഞു. അതില്‍ കൂടുതലൊന്നും സംഭവിക്കില്ലെന്ന് നമുക്ക് പ്രതാശിക്കാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles