Current Date

Search
Close this search box.
Search
Close this search box.

‘സാക്ഷര’ കേരളം ലജ്ജിച്ചു താഴ്ത്തിയ തല ഇനി ഉയര്‍ത്താനാവുമോ?

fhdty.jpg

കണ്ണൂരില്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ തുണ്ടം തുണ്ടമാക്കി വെട്ടിക്കൊലപ്പെടുത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ‘പ്രബുദ്ധ’ കേരളത്തെ ഞെട്ടിച്ച് രണ്ടാമത്തെ വാര്‍ത്തയും എത്തി. പാലക്കാട് അട്ടപ്പാടി അഗളിയില്‍ 27ഉകാരനായ മധു എന്ന ആദിവാസി യുവാവിനെ ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയതാണല്ലോ പുതിയ ചര്‍ച്ച വിഷയം. മോഷണം ആരോപിച്ചായിരുന്നു മര്‍ദനം. മധുവിന്റെ കൈയില്‍ നിന്നും ലഭിച്ചതാകട്ടെ ഒരു നേരത്തെ വിശപ്പടക്കാനുള്ള അരിയും.

ആദിവാസി കോളനിയിലെ ഗുഹാവാസിയായ മധു മാനസികാസ്വാസ്ഥ്യമുള്ള യുവാവാണെന്നും വിശക്കുമ്പോള്‍ മാത്രമേ ഭക്ഷണം തേടി കാടിറങ്ങാറുമുള്ളൂവെന്നും പറയപ്പെടുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് മധുവിനെ മുക്കാലി ഭവാനി പുഴയോരത്തു നിന്നും നാട്ടുകാര്‍ മോഷണമാരോപിച്ച് പിടികൂടുന്നത്. തുടര്‍ന്ന് കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല നാട്ടുകാര്‍ ചെയ്ത ‘സാമൂഹ്യ സേവനം’. കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ സെല്‍ഫിയും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. (സെല്‍ഫി ഭ്രമം തലക്കു പിടിച്ച കാലത്ത് എല്ലാത്തിനും തെളിവു വേണമല്ലോ).

മാത്രമല്ല, സഞ്ചിയിലുണ്ടായിരുന്ന ഓരോ സാധനങ്ങളും പുറത്തെടുത്ത് ജനകീയ വിചാരണ നടത്തുകയും അതിന്റെ വീഡിയോ അടക്കം പ്രചരിപ്പിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നോട്ടുകെട്ടുകളോ സ്വര്‍ണ്ണമോ അല്ല ആ യുവാവില്‍ നിന്നും അവര്‍ക്ക് തൊണ്ടിമുതലായി ലഭിച്ചത്. അരിയും മറ്റു ധാന്യപ്പൊടികളും ടോര്‍ച്ചും ബാറ്ററിയും ചാര്‍ജറുമൊക്കെയാണ് അവര്‍ മധുവില്‍ നിന്നും പിടിച്ചെടുത്തത്.

സംഭവമറിഞ്ഞ് പൊലിസെത്തിയാണ് മധുവിനെ നാട്ടുകാരുടെ ഇടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത.് വഴിമധ്യേ പൊലിസ് ജീപ്പില്‍ വച്ചു ചര്‍ദ്ദിച്ച യുവാവിനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മോഷ്ടാവാണെന്ന് അടിച്ചേല്‍പ്പിക്കുകയും കറുത്തവനും ആദിവാസി യുവാവുമാകുമ്പോള്‍ മറ്റു തെളിവുകള്‍ ആവശ്യമില്ലെന്നതുമായ പൊതുബോധമാണ് ഇവിടെയും വില്ലനായത്. കേരളത്തില്‍ വ്യാപകമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സദാചാര പൊലിസിങ് ആണ് അഗളിയിലും കണ്ടത്.

എന്തിനാണ് മോഷ്ടിച്ചതെന്നോ എന്താണ് മോഷ്ടിച്ചതെന്നോ ചോദിച്ചു മനസ്സിലാക്കാനുള്ള സാവകാശം പോലും അവര്‍ ആ പാവത്തിന് നല്‍കിയില്ല. വര്‍ണ്ണത്തിന്റെയും വംശത്തിന്റെയും പേരില്‍ ഒരാളെ പട്ടാപ്പകല്‍ പൊതുജന മധ്യത്തില്‍ വച്ച് മര്‍ദിച്ചു കൊലപ്പെടുത്തുന്ന അതിഭീകരത ഇങ്ങു കേരളത്തിലും എത്തിയിരിക്കുന്നുവെന്നാണ് അഗളി സംഭവം പറഞ്ഞുവെക്കുന്നത്.

ആള്‍കൂട്ട ഭീകരത എന്നത് ഉത്തരേന്ത്യയില്‍ മാത്രം കണ്ടു വരുന്ന ഒന്നാണെന്നും സാക്ഷര,പ്രബുദ്ധ കേരളത്തില്‍ അതിന്‍െ നിഴല്‍ പോലും ഇല്ലെന്നും നാഴികക്കു നാല്‍പ്പതു വട്ടം പറയുന്നവരുടെ ചെകിത്തട്ടുള്ള അടിയാണ് ഈ സംഭവം. ഇനി ഇതു ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഗണത്തില്‍ പെടുത്താമോ അല്ലയോ എന്ന് പരസ്പരം ആരോപിക്കാനും അതിന്റെ തെളിവുകള്‍ ഉദ്ധരിക്കാനുമുള്ള മത്സരത്തിലാകും ചാനലിലെ അന്തിചര്‍ച്ച ബുദ്ധിജീവികളും രാഷ്ട്രീയക്കാരും.

15 വര്‍ഷമായി ചിണ്ടക്കി ഊരിലെ ഗുഹയില്‍ താമസിക്കുന്ന മധു കൈയിലെ ഭക്ഷണം തീര്‍ന്ന് വിശക്കുമ്പോള്‍ മാത്രമാണ് കാടിറങ്ങാറുള്ളതെന്നും പറയുന്നുണ്ട്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വിശപ്പടക്കാനുള്ള അന്നം തേടി കാടിറങ്ങേണ്ടി വരുന്ന ആദിവാസികളുടെ ഗതികേട് മനസ്സിലാക്കാനുള്ള മനസ്സു പോലും അവര്‍ക്കുണ്ടായില്ല. ഇവര്‍ക്കു ആവശ്യമായ ഭക്ഷണം പോലും എത്തിച്ചു നല്‍കാന്‍ കഴിയാത്ത സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതില്‍ കുറ്റക്കാരാണ്.

പോഷകാഹാര കുറവു മൂലവും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെയും പട്ടിണി കിടന്ന് ആദിവാസി ജനത മരിച്ചു വീഴുന്നത് പുതിയ വാര്‍ത്തയല്ല. തങ്ങളുടെ സഹജീവികള്‍ക്ക് ഭക്ഷണം ലഭ്യമാക്കേണ്ടവര്‍ തന്നെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവവും മലയാളികള്‍ക്കാകെ നാണക്കേടാണ്. പുറംനാടുകളിലും മറ്റും ജനസേവനത്തിനും പരസഹായത്തിനും പേരു കേട്ടവരാണ് മലയാളികള്‍. ആ അംഗീകാരത്തിനേറ്റ പ്രഹരം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം.

ഹൈടെക് മോഷ്ടാവല്ല, ആദിവാസി ഊരുകളിലെ ഗുഹകളില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗത്തിലെ നിരക്ഷരനായ യുവാവായിരുന്നു അതെന്ന സാമാന്യ ബോധം ആ യുവാക്കള്‍ക്ക് ഇല്ലാതെ പോയല്ലോ. നിരന്തരമായി സാക്ഷര കേരളം ലജ്ജിച്ചു താഴ്ത്തിയ ആ തല ഇനി എന്നാണ് ഉയര്‍ത്താനാവുക?.

 

Related Articles