Current Date

Search
Close this search box.
Search
Close this search box.

സല്‍മാന്‍ അല്‍ഔദ; ആ മൗനവും പ്രതിഷേധമായിരുന്നു

Salman-al-ouda.jpg

ട്വിറ്ററില്‍ പിന്തുടരുന്നത് ഒന്നരക്കോടിയോളം പേര്‍, ഫേസ് ബുക്കില്‍ 75 ലക്ഷം ഫോളോവേഴ്‌സ്, അറുപതിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, ആറിലധികം ചാനലുകളില്‍ വ്യത്യസ്ത പരിപാടികളുടെ അവതാരകന്‍, ലോക മുസ്‌ലിം പണ്ഡിതവേദി അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാള്‍, ആഴ്ചതോറും ഫിഖ്ഹ്, തഫ്‌സീര്‍, ഹദീസ്, അഖീദ, നബി ചരിത്രം, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ തുടങ്ങിയവയില്‍ ആയിരക്കണക്കിന് ശ്രോദ്ധാക്കള്‍ പങ്കെടുക്കുന്ന പഠനാര്‍ഹമായ ക്ലാസുകള്‍… ഇന്ന് ഇസ്‌ലാമിക ലോകത്ത് തലയെടുപ്പുള്ള പത്ത് പണ്ഡിതരിലൊരാള്‍…. ശൈഖ് സല്‍മാന്‍ ഔദയുടെ വിശേഷണങ്ങള്‍ ഇങ്ങനെ പോകുന്നു. എന്നാല്‍ സൗദി പൗരത്വമുള്ള, വര്‍ഷങ്ങളായി ആ രാജ്യത്ത് താമസിക്കുന്ന അദ്ദേഹത്തെ ഭരണകൂടം അറസ്റ്റു ചെയ്തിരിക്കുകയാണ്. ദിനേന അപ്‌ഡേറ്റ് ചെയ്യാറുള്ള അദ്ദേഹത്തിന്റെ ട്വിറ്റര്‍ കഴിഞ്ഞ സെപ്തംബര്‍ ഒമ്പത് മുതലും ഫേസ്ബുക്ക് സപ്തംബര്‍ 10 മുതലും നിശ്ചലമായി കിടക്കുകയാണ്. അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണങ്ങളോ അതിന് പിന്നിലെ കാരണങ്ങളോ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. സല്‍മാന്‍ ഔദയുടെ ജീവിതരേഖ പരിശോധിക്കുമ്പോള്‍ വെളിപ്പെടുന്ന കാരണങ്ങള്‍ പലതാണ്.

സല്‍മാന്‍ ഔദക്ക് ബ്രദര്‍ഹുഡുമായുള്ള പരോക്ഷ ബന്ധമുണ്ടെന്നാണ് ഭരണകൂടവും സര്‍ക്കാര്‍ മാധ്യമങ്ങളും അദ്ദേഹത്തിനു നേരെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ പല രചനകളിലും ആധുനിക ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുടെ ശില്‍പ്പികളുടെ സ്വാധീനം കാണാം. ‘ഫില്‍ ഹിവാരില്‍ ഹാദിഇ മഅ മുഹമ്മദില്‍ ഗസ്സാലി’ എന്ന കൃതിയുടെ ആമുഖത്തില്‍ ഇസ്‌ലാമിക ചിന്തയുടെ പുതുകാലത്തെ മുഖങ്ങളായി പരിചയപ്പെടുത്തിയത് സയ്യിദ് റഷീദ് രിദാ, ഇമാം ഹസനുല്‍ ബന്ന, സയ്യിദ് മൗദൂദി, അബുല്‍ ഹസന്‍ അലി നദ്‌വി, മുസ്തഫസ്റ്റിബാഇ തുടങ്ങിയവരെയൊക്കെയാണ്. സൗദിയിലെ സലഫി ധാരയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും ചിന്താപരമായി ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ അമരക്കാരോടും ഐക്യപ്പെടുന്ന ഒരു ശൈലി അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും കണ്ടെത്താനാകും.

ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഖത്തര്‍ നേരിട്ട നീതികേടിനെതിരെ സല്‍മാന്‍ ഔദ ഒന്നും മിണ്ടിയിരുന്നില്ല. കഴിഞ്ഞ റമദാനില്‍ ഈ പ്രതിസന്ധി മൂര്‍ഛിച്ച ഘട്ടത്തില്‍ സല്‍മാന്‍ ഔദയുടെ ഫേസ്ബുക്ക് ബോക്‌സുകള്‍ നിറയെ വിമര്‍ശന ശരങ്ങളായിരുന്നു. ഭരണകൂടത്തിന്റെ പാദസേവകനായ താങ്കള്‍ പണ്ഡിതന്‍ എന്ന പദവിയുടെ പവിത്രത നഷ്ടപ്പെടുത്തി എന്നാണ് പലരും കമന്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ മൗനങ്ങള്‍ പോലും പ്രതിഷേധമായിരുന്നു എന്നറിയാത്തവരായിരുന്നു അതിലേറെയും. ഏറ്റവും അവസാനമായി അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചതിന് കാരണമായിപ്പറയപ്പെടുന്നത് ‘അല്ലാഹുമ്മ അല്ലിഫ് ബൈന ഖുലൂബിഹിം’ (അല്ലാഹുവേ, അവരുടെ മനസ്സുകളെ നീ ഇണക്കേണമേ) എന്ന ഇണക്കത്തിന്റെയും ഐകൃത്തിന്റെയും സൂചനയുള്ള ഒരു പ്രാര്‍ത്ഥന സെപ്തംബര്‍ ഒമ്പതിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ്. 1990കളില്‍ ഭരണകൂട വിമര്‍ശനവും ഇഖ്‌വാന്‍ ചായ്‌വും ആരോപിക്കപ്പെട്ട് അഞ്ച് വര്‍ഷത്തോളം സല്‍മാന്‍ ഔദ  തടവില്‍ കഴിഞ്ഞിട്ടുണ്ട്. അറബ് വസന്തത്തെ നിശിതമായ നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമാക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം ‘അസ്ഇലത്തുന്‍ അനി ഥൗറ’ (വിപ്ലവത്തെ കുറിച്ച ചോദ്യങ്ങള്‍) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഒരു വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും മരണപ്പെട്ടിരുന്നു. സലഫികള്‍ക്കും ഇഖ്‌വാനികള്‍ക്കും ഒരുപോലെ സ്വീകാര്യനായ സല്‍മാന്‍ ഔദയുടെ അറസ്റ്റില്‍ സൗദിക്കകത്തും പുറത്തും വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

Related Articles