Current Date

Search
Close this search box.
Search
Close this search box.

സമ്മാനവും കൈക്കൂലിയും

സമ്മാനം ധനമായിട്ടാണെങ്കിലും മറ്റുവസ്തുക്കള്‍ വല്ലതുമാണെങ്കിലും അതുകൊണ്ടുദ്ദേശിക്കുന്നത് ഒരാളെ സഹായിക്കലും ആദരിക്കലുമാണ്. കടവും സമ്മാനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പകരം ഒന്നും സ്വീകരിക്കാതെ പണമോ മറ്റെന്തെങ്കിലും ഉപഹാരങ്ങളോ അതിന്റെ പൂര്‍ണ്ണമായ ഉടമസ്ഥാവകാശവും നല്‍കുന്നതാണ് സമ്മാനം. അതിന്റെ ഉടമസ്ഥാവകാശം നല്‍കുന്നില്ലെങ്കില്‍ അത് കടമായിട്ടാണ് പരിഗണിക്കുക.

അപ്രകാരം തന്നെ ദാനവും സമ്മാനവും തമ്മിലും വ്യത്യാസമുണ്ട്. സമ്മാനം കൊണ്ടുദ്ദേശിക്കുന്നത് ഹൃദയങ്ങളെ ഇണക്കലും സ്‌നേഹബന്ധം വര്‍ദ്ധിപ്പിക്കലുമാണ്. എന്നാല്‍ ദാനം അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ചെയ്യുന്ന കര്‍മ്മമാണ്. അബൂഹുറൈറ(റ)ല്‍ നിന്നുദ്ധരിക്കുന്നു: പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങല്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍ക ബന്ധം ഊഷ്മളമാക്കുക.’ നബി(സ) സമ്മാനങ്ങള്‍ സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അബൂബക്ര്‍, ഉമര്‍(റ) പോലുള്ള പ്രമുഖ സഹാബിമാരും സമ്മാനങ്ങള്‍ സ്വീകരിച്ചിരുന്നു. സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ നബി(സ) അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ ആഗ്രഹിക്കാതെയും ചോദിക്കാതെയും ഏതെങ്കിലും സഹോദരനില്‍ നിന്ന് വല്ല നന്മയും നിങ്ങള്‍ക്ക് വന്നെത്തിയാല്‍ നിങ്ങളത് സ്വീകരിക്കണം, നിങ്ങളത് മടക്കിയയക്കരുത്. അല്ലാഹു നിങ്ങളിലേക്കെത്തിച്ച വിഭവമാണത്.’ എത്ര നിസ്സാരമാണെങ്കിലും സമ്മാനം സ്വീകരിക്കണമെന്ന് പ്രവാചകന്‍(സ) പ്രേരിപ്പിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ തിരിച്ചയക്കുന്നത് പണ്ഡിതന്‍മാര്‍ അനഭിലഷണീയമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്.

അല്ലാഹു പറയുന്നു: ‘അവിടെവെച്ച് സകരിയ്യാ തന്റെ നാഥനോട് പ്രാര്‍ഥിച്ചു: ‘എന്റെ നാഥാ, എനിക്കു നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലോ.’ (ആലുഇംറാന്‍: 38) നബി(സ) പറഞ്ഞതായി ആഇശ(റ) പറയുന്നു: ‘നിങ്ങള്‍ പരസ്പരം സമ്മാനം നല്‍കുക, അത് സ്‌നേഹം വര്‍ദ്ധിപ്പിക്കും.’ അയല്‍വാസി നല്‍കുന്ന വളരെ നിസ്സാരമായ ആടിന്റെ കുളമ്പാണെങ്കില്‍ പോലും അതിനെ അവഗണിക്കരുതെന്ന് പ്രവാചകന്‍(സ) സ്ത്രീകളെ ഉപദേശിച്ചതായി അബൂഹുറൈറ ഉദ്ധരിച്ചിട്ടുണ്ട്.

നിങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ പരസ്പരം സമ്മാനം നല്‍കുക, വിഭവങ്ങളില്‍ വിശാലത ലഭിക്കുന്നതിനത് കാരണമാകും എന്ന് നബി(സ) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സഖീഫയില്‍ നിന്നുള്ള സംഘം നബിതിരുമേനിയുടെ അടുക്കല്‍ എത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തിന് സമ്മാനം നല്‍കി. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ദാനമാണോ അതോ സമ്മാനമോ?’ കാരണം അല്ലാഹുവിന്റെ പ്രീതിക്കായി ചെയ്യുന്നതാണ് ദാനം. എന്നാല്‍ സമ്മാനമാണെങ്കില്‍ പ്രവാചകന്റെ തൃപ്തിയും അദ്ദേഹത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിനുമാണ്. പ്രവാചകന്റെ സദസ്സില്‍ വല്ല ഭക്ഷണവുമായി ആരെങ്കിലും വന്നാല്‍ അത് സമ്മാനമോ ദാനമോ എന്നന്വേഷിച്ചിരുന്നു. ദാനമാണെങ്കില്‍ സഹാബികളോട് അത് ഭക്ഷിക്കാന്‍ പറയുകയും നബി(സ) അത് ഭക്ഷിക്കാതെ വിട്ടുനില്‍ക്കുകയും ചെയ്യും. സമ്മാനമാണെങ്കില്‍ അവരോടൊപ്പം അദ്ദേഹവും ഭക്ഷിക്കുകയും ചെയ്യുകയായിരുന്നു പതിവ്.
നല്‍കിയ സമ്മാനം തിരിച്ച് വാങ്ങുന്നത് നബിതിരുമേനി വിലക്കിയിട്ടുണ്ട്. ചര്‍ദ്ദിച്ചത് വീണ്ടും ഭക്ഷിക്കുന്നതിനോടാണതിനെ ഉപമിച്ചിട്ടുള്ളത്.

കൈക്കൂലി
ഒരാള്‍ ഉദ്ദേശിക്കുന്ന കാര്യം നേടുന്നതിനായി ഭരണാധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ നല്‍കുന്ന പണമോ മറ്റെന്തെങ്കിലും ഉപഹാരങ്ങളോ ആണ് കൈക്കൂലി. അത് സ്വീകരിക്കുന്നവനെയും കൊടുക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന്് നബിതിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) ഒരിക്കല്‍ പറഞ്ഞു: ‘സമ്മാനം പ്രവാചകന്റെ(സ) കാലത്ത് സമ്മാനം തന്നെയായിരുന്നു, എന്നാല്‍ ഇന്നത് കൈക്കൂലിയായിരിക്കുന്നു.’ ഒരിക്കള്‍ അദ്ദേഹത്തിന് ആപ്പിള്‍ തിന്നാന്‍ ആഗ്രഹം തോന്നി, പക്ഷേ അതിനുള്ള പണം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ ഒരു തളികയില്‍ ആപ്പിളുമായി ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തെത്തി. അദ്ദേഹം അതില്‍ നിന്ന് ഒന്നെടുത്ത് മണത്ത് നോക്കി അതില്‍ തന്നെ തിരിച്ച് വെച്ചു. അപ്പോള്‍ ഇബ്‌നു സഅദ് അദ്ദേഹത്തോട് പറഞ്ഞു: ‘പ്രവാചകന്‍(സ)യും അബൂബക്ര്‍(റ)ഉം ഉമര്‍(റ)ഉം സമ്മാനങ്ങള്‍ സ്വീകരിക്കാറുണ്ടായിരുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവര്‍ക്കത് സമ്മാനമായിരുന്നു, എന്നാല്‍ ഇന്നത് ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിയാണ്.’

ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ നിഷിദ്ധമാണ്. കാരണം അവരുടെ അധികാരം കാരണമാണത്. എന്നാല്‍ ഉദ്യോഗസ്ഥരല്ലാത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രവാചകചര്യയില്‍ പെട്ടതുമാണ്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അനീതിയും വഞ്ചനയും നിന്ദ്യവുമാണ്. അവകാശികള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതില്‍ വരുത്തുന്ന വീഴ്ചയാണത്. നബി(സ) ഇബ്‌നു തീബയെന്ന വ്യക്തിയെ സകാത്ത് പിരിക്കാനായി നിയോഗിച്ചു. അയാള്‍ തിരിച്ച് വന്നപ്പോള്‍ പറഞ്ഞു: ‘ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്കും.’ അപ്പോള്‍ നബി(സ) ചോദിച്ചു: ‘താങ്കള്‍ വീട്ടില്‍ വീട്ടില്‍ ഇരിക്കുകയായിരുന്നെങ്കില്‍ ഈ സമ്മാനം കിട്ടുമായിരുന്നോ? എന്റെ ആത്മാവ് ആരുടെ പക്കലാണോ അവനാണ, നിങ്ങളാരും ഒരു വസ്തുവും (അന്യായമായി) എടുക്കുന്നില്ല, അന്ത്യദിനത്തില്‍ അത് അവന്റെ പിരടില്‍ ചുമന്നിട്ടല്ലാതെ. അത് ഒട്ടകമോ, പശുവോ, ആടോ എന്തുമാകട്ടെ. പിന്നീട് അദ്ദേഹം കൈ ഉയര്‍ത്തി  ‘അല്ലാഹുവേ, ഞാന്‍ സന്ദേശം അറിയിച്ചിരിക്കുന്നു’ എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പറഞ്ഞു. ഉദ്യോഗസ്ഥര്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനെ അന്യായമായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രത്യേകിച്ചും ന്യായാധിപ സ്ഥാനത്തിരിക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്വീകരിക്കല്‍ അനുവദനീയമല്ല.

കൈക്കൂലിയും സമ്മാനവും തമ്മിലുള്ള വ്യത്യാസം
സമ്മാനം സ്വീകരിക്കുന്നയാള്‍ അതിന്റെ ഉടമസ്ഥനാണ്. എന്നാല്‍ കൈക്കൂലിയിലൂടെ കൈവശപ്പെടുത്തുന്ന മുതലിന്റെ ഉടമ അവനല്ല. കൈക്കൂലി എന്നത് ഒരു ആവശ്യം ഉണ്ടാകുമ്പോള്‍ ചെയ്യുന്നതാണ്. സമ്മാനത്തിന് അത് നല്‍കുന്നയാളുടെ ആവശ്യവുമായി ബന്ധമില്ല. കൈക്കൂലി നല്‍കിയയാള്‍ക്ക് അത് തിരിച്ച് വാങ്ങാവുന്നതാണ്. എന്നാല്‍ സമ്മാനം തിരിച്ച് വാങ്ങല്‍ അനുവദനീയമല്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles