Current Date

Search
Close this search box.
Search
Close this search box.

സമുദായ നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കട്ടെ

കുട്ടികളോടുള്ള ക്രൂരതയുടെ വാര്‍ത്തകള്‍ ഇന്ന് മലയാളി വായനക്കാര്‍ക്ക് സുപരിചിതമായ ഒന്നായി മാറിയിരിക്കുന്നു. മക്കള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹവും, പരിചരണവും, പരിലാളനയും നല്‍കാന്‍ ബാധ്യസ്ഥരായ മാതാപിതാക്കള്‍ തന്നെ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നുവെന്നതാണ് ദുഃഖകരമായ വസ്തുത. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൊന്നാനി സ്വദേശി ഹകീം തന്റെ ഏഴുവയസ്സുകാരിയായ മകള്‍ റോസ്‌നയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചതിലൂടെ ലോകമറിഞ്ഞത്. തിളച്ച എണ്ണ വീണ് കുട്ടിയുടെ മുഖവും കൈയും നെഞ്ചും പൊള്ളിയടര്‍ന്നു പോയിരിക്കുകയാണ്. കഴുത്തിന് താഴെ ശരീരമാസകലം ബാന്‍ഡേജിട്ട കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ഹകീം മദ്യത്തിനും മയക്കുമരുന്നിനും അടിമയായതിനാല്‍ ഇവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ്  ഇടുക്കിയിലെ കുമളിയില്‍ നാലര വയസ്സുകാരന്‍ ഷഫീഖ്  മദ്യപാനിയായ പിതാവിന്റെയും രണ്ടാനന്മയുടെയും ക്രൂരമര്‍ദ്ദനത്തിനിരയായി അത്യാസന്ന നിലയില്‍ കഴിയുകയും പിന്നീട് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവം കേരളീയ സമൂഹത്തിന്റെ മനസ്സില്‍ നിന്ന് മായുന്നതിന് മുമ്പാണ് ഇത് സംഭവിച്ചത്.

പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുകയും, മദ്യത്തിനും മയക്കുമരുന്നിനുമെല്ലാം അടിമപ്പെടുകയും, എല്ലാവിധ തിന്മകള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്ത സമൂഹമായിരുന്ന അറബികളെ  ലോക ചരിത്രത്തിലെ ഏറ്റവും ഉത്കൃഷ്ട സമൂഹമാക്കി  പരിവര്‍ത്തിപ്പിച്ച വിശുദ്ധഖുര്‍ആന്റെ വാഹകരെന്ന സമൂഹത്തിന്റെ ലേബലില്‍ അറിയപ്പെടുന്നവര്‍ ഈ ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നതെന്നത് ആശങ്കകള്‍ക്ക് വക നല്‍കുന്നു. സമുദായത്തെ ബാധിച്ച ജീര്‍ണതകളിലേക്ക് ഇത് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ഈ രണ്ടു സംഭവങ്ങളിലും കുറ്റതകൃത്യം ചെയ്തവര്‍ മുസ്‌ലിം നാമധാരികളും മുഴുക്കുടിയന്മാരുമാണ്. കേരളത്തിലെ കൂടുതല്‍ മദ്യപാനികളുള്ള രണ്ടു സ്ഥലങ്ങളാണ് തിരൂരും പൊന്നാനിയും. 2011 ലെ കണക്കു പ്രകാരം 16.95 ലക്ഷം രൂപയുടെ മദ്യം പൊന്നാനിയിലും 16.72 തിരൂരിലും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റഴിഞ്ഞത്. മുസ്‌ലിം സമുദായം ഭൂരിപക്ഷമുള്ള ഇത്തരം സ്ഥലങ്ങളിലെ കണക്കുകള്‍ സമുദായത്തിനിടയിലെ അമിത മദ്യപാനത്തെ സൂചിപ്പിക്കുന്നു. മദ്യപാനത്തെ പിശാചിന്റെ മ്ലേച്ഛവൃത്തികളില്‍ പെട്ടതാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. പ്രവാചകന്‍(സ) അതിനെ തിന്മകളുടെ മാതാവെന്ന് വിശേഷിപ്പിച്ചു. ഈ രണ്ട് വിശുദ്ധ വാക്യങ്ങളെയും അന്വര്‍ത്ഥമാക്കും വിധത്തില്‍ തികച്ചും പൈശാചികമായ പ്രവൃത്തികളാണ് ഇത്തരക്കാരില്‍ നിന്ന് ഉണ്ടാവുന്നത്. കേരളത്തില്‍ നടക്കുന്ന വര്‍ധിച്ച കുറ്റകൃത്യങ്ങളുടെ കണക്ക് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

സമുദായത്തിലെ തികച്ചും ആഭ്യന്തരവും ശാഖാപരവുമായ വിഷയങ്ങളില്‍ ശക്തമായ ഇടപടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമുദായിക സംഘടനകള്‍ തിന്മകളുടെ പ്രഭവകേന്ദ്രമായ മദ്യപാനത്തെ ഉച്ഛാടനം ചെയ്യുന്നതിനെക്കുറിച്ച് ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താത്തതാണ് ഇത്തരം തിന്മകള്‍ പെരുകാന്‍ കാരണം. കുറ്റവാളികളായ വ്യക്തികളെ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനു പകരം അവരോട് വളരെ സൗഹാര്‍ദപൂര്‍ണ്ണമായി ഇടപെടുകയും തിന്മകളെക്കുറിച്ച് ബോധവല്‍ക്കരിച്ച് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആവശ്യം. ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമായ പങ്കുവഹിക്കാന്‍ സാധിക്കുക മഹല്ല് സംവിധാനങ്ങള്‍ക്കാണെന്നതിനാല്‍ ഇതിന്റെ മുന്നില്‍ നില്‍ക്കേണ്ടത് മഹല്ല് ഭാരവാഹികളും അതിന് നേതൃത്വം നല്‍കുന്നവരുമാണ്.

Related Articles