Current Date

Search
Close this search box.
Search
Close this search box.

സമാധാനത്തിനുള്ള നോബല്‍ കൈവശം വെക്കാന്‍ സൂകിക്ക് അര്‍ഹതയില്ല

suu-kyi.jpg

‘ഇനി ഒരു ഗ്രാമവും ജനതയും അവിടെ അവശേഷിക്കുന്നില്ല. എല്ലാം നാമാവശേഷമായിക്കഴിഞ്ഞു.’ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഓങ് സാന്‍ സൂകി ഭരിക്കുന്ന മ്യാന്‍മറിലെ വംശീയ ഉന്‍മൂലനം നേരിട്ട് കൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ വംശജരെക്കുറിച്ച് വന്ന റിപ്പോര്‍ട്ടാണിത്. യുഎസ്-യൂറോപ്യന്‍ മാധ്യമങ്ങളില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മുസ്‌ലിം വിരോധം മ്യാന്‍മര്‍ സുരക്ഷാ സേനകളില്‍ നിന്നും ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളില്‍ നിന്നും റോഹിങ്ക്യകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കാണാനോ റിപ്പോര്‍ട്ട് ചെയ്യാനോ അവരെ അനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഒന്നാലോചിച്ച് നോക്കുക. ജൂതരോ ക്രൈസ്തവരോ ‘സമാധാനവാദികളായ’ ബുദ്ധരോ ആണ് മുസ്‌ലിംകളാല്‍ പീഢിപ്പിക്കപ്പെടുന്നത് എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? ഐസിസിന്റെ (ISIS/ISIL) കൊലപാതകികളായ മുസ്‌ലിംകളെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കാറുണ്ട്. എന്നാല്‍ എന്ത്‌കൊണ്ടാണ് മ്യാന്‍മറിലെ ബുദ്ധകൊലയാളികള്‍ക്കെതിരെ ആരും ശബ്ദിക്കാത്തത്? യൂറോ-അമേരിക്കന്‍ ഭാവനയില്‍ ഒരിക്കലും മുസ്‌ലിംകള്‍ സമ്പൂര്‍ണ്ണ മനുഷ്യരല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മ്യാന്‍മറില്‍ നിന്നും ഇരുപതിനായിരത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. റാഖൈന്‍ (Rakhine) സറ്റേറ്റില്‍ മാത്രം നൂറിലധികം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതായി മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പടിഞ്ഞാറില്‍ മനുഷ്യാവകാശത്തിന്റെ പ്രതീകമായി കൊണ്ടുനടക്കുന്ന സൂകി നിരപരാധികളായ മനുഷ്യരുടെ നേരേയുള്ള അക്രമങ്ങളില്‍ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സൂകി ബി.ബി.സി.യോട് പറഞ്ഞത് ഇതാണ്: ‘മ്യാന്‍മറില്‍ വംശീയ ഉന്‍മൂലനം നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങളെ വംശീയ ഉന്‍മൂലനം എന്നൊന്നും വിശേഷിപ്പിക്കാന്‍ സാധ്യമല്ല.’ എന്ത്‌കൊണ്ട് അങ്ങനെ വിശേഷിപ്പിച്ച് കൂടാ? പിന്നെ ഏത് പദമാണ് സൂകിയെ സന്തോഷിപ്പിക്കാന്‍ നമ്മളുപയോഗിക്കേണ്ടത്?

അവര്‍ പറയുന്നു: ‘നിങ്ങള്‍ കരുതുന്നത് പോലെ ഇത് വംശീയ ഉന്‍മൂലനമൊന്നുമല്ല. മറിച്ച് ജനങ്ങള്‍ പരസ്പരം ഭിന്നിച്ചിരിക്കുകയാണ്. അതവസാനിപ്പിക്കാനാണ് നാം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.’ ഇങ്ങനെയൊക്കെ സ്വന്തം രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന ക്രൂരമായ വംശീയ അതിക്രമങ്ങളോട് വളരെ നിസ്സാരമായി പ്രതികരിക്കാന്‍ സൂകിക്ക് കഴിയുന്നുണ്ടെങ്കില്‍ പിന്നെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കൊണ്ടുനടക്കാന്‍ അവര്‍ അര്‍ഹയാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

2013ല്‍ മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച ഓങ് സാന്‍ സൂകിയുടെ നിലപാടിനെ ഒരു ബിബിസി റിപ്പോര്‍ട്ടര്‍ ചോദ്യം ചെയ്യുകയുണ്ടായി. സംഭവത്തെക്കുറിച്ച് പിന്നീട് സൂകി പറഞ്ഞിതങ്ങനെയായിരുന്നു: ‘ഒരു മുസ്‌ലിം ആണ് എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതെന്ന് ആരും പറഞ്ഞില്ല.’ സൂകിയുടെ വംശീയത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എന്ത് ധാര്‍മ്മികാവകാശമാണ് നോബല്‍ സമ്മാനം കൊണ്ടുനടക്കാന്‍ അവര്‍ക്കുള്ളത് എന്ന് നാം ചോദിക്കേണ്ടതുണ്ട്.

ലോകാംഗീകാരമുള്ള ഒന്നാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം എന്ന് നമുക്കറിയാം. അതേസമയം പാശ്ചാത്യരുടെ അംഗീകാരമാണ് ഇവിടെ ലോകാംഗീകാരമെന്ന് പറയുന്നത്. അതായത്, സ്വീഡന്‍, നോര്‍വ്വെ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ആര്‍ക്കാണ് നോബല്‍ സമ്മാനം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത്. നമുക്കവരുടെ തീരുമാനത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അവരാണ് സയന്‍സ്, സാഹിത്യം, സമാധാനം എന്നീ മേഖലകളിലെല്ലാം ആരാണ് കേമന്‍മാര്‍ എന്ന് നിശ്ചയിക്കുന്നത്. അവരാണ് ലോകത്തിന് വേണ്ടി തീരുമാനങ്ങളെടുക്കുന്നത്. നമ്മളത് അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്.

നല്ല തെരെഞ്ഞെടുപ്പുകള്‍ എന്ന് തോന്നിയേക്കാവുന്ന ചുരുക്കം സമീപനങ്ങളും നോബല്‍ കമ്മറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. ബറാക്ക് ഒബാമക്ക് സമധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയത് ഒരുദാഹരണമാണ്. ബറാക്ക് ഒബാമ പിന്നീട് എന്തായിത്തീര്‍ന്നു എന്നത് വേറെ വിഷയമാണ്. അതേസമയം നിരാശപ്പെടുത്തുന്ന ചില തെരെഞ്ഞെടുപ്പുകളും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്: വിഷം വമിക്കുന്ന ഗ്യാസ് ഫാക്ടറിയുടെ ഡയറക്ടര്‍ ഫ്രിട്‌സ് ഹാബെര്‍ (Fritz Haber- 1918, കെമിസ്ട്രി), മനോരോഗം മാറ്റാനുള്ള ബ്രെയിന്‍ ശസ്തത്രക്രിയ (lobotomy) കണ്ട്പിടിച്ച അന്റോണിയോ എഗാസ് മോനിസ് (Antonio Egas Moniz- 1949, മെഡിസിന്‍), യുദ്ധക്കുറ്റവാളിയായിരുന്ന ഹെന്റി കിസ്സിന്‍ഗെര്‍ (Henry kissinger- 1973, സമാധാനം), യൂറോപ്യന്‍ യൂനിയന്‍ (2012, സമാധാനം). ഇവര്‍ക്കെല്ലാം നോബല്‍ സമ്മാനം ലഭിച്ചു എന്നത് യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ തമാശയാണ്.

സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ഓങ് സാന്‍ സൂകിയാണ് റോഹിങ്ക്യകള്‍ വംശീയമായി ഉന്‍മൂലനം ചെയ്യപ്പെടുന്ന മ്യാന്‍മറിനെ നയിക്കുന്നത് എന്നത് ക്രൂരമായ തമാശയാണ്. അവര്‍ ഇനിയൊരിക്കലും നോബല്‍ സമ്മാനം അര്‍ഹിക്കുന്നില്ല.

സമാധാനം എന്ന ആശയത്തെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ നോബല്‍ മെഡലുകള്‍ തിരിച്ച് വാങ്ങുകയാണ് വേണ്ടത്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍, യൂറോപ്യന്‍ യൂണിയന്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, ആംനസ്റ്റി ഇന്‍ര്‍നാഷണല്‍, കൂടാതെ മനുഷ്യാവകാശങ്ങളോട് തല്‍പരരായ ഇതര ആഗോള സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് നോബല്‍ സമ്മാനം അര്‍ഹിക്കാത്തവരില്‍ നിന്ന് മെഡലുകള്‍ തിരിച്ച് വാങ്ങാന്‍ നോര്‍വീജിയന്‍ നോബല്‍ കമ്മറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.

ഇത് വെറുതെ വാദത്തിന് വേണ്ടി മാത്രം പറയുന്നതല്ല. ചിലയാളുകള്‍ക്ക് നോബല്‍ സമ്മാനം നല്‍കിയതിന്റെ പേരില്‍ കമ്മറ്റിയിലുള്ള അംഗങ്ങള്‍ തന്നെ ഖേദം പ്രകടിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് നോബല്‍ സെക്രട്ടറിയായിരുന്ന ഗെയ്ര്‍ ലണ്ടെസ്റ്റാഡ് (Geir Lundestad) ഒബാമക്ക് നോബല്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് പിന്നീട് ഇങ്ങനെ രേഖപ്പെടുത്തുകയുണ്ടായി: ‘2009 ല്‍ ബറാക്ക് ഒബാമക്ക് നോബല്‍ സമ്മാനം നല്‍കിയതിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ കമ്മറ്റി പരാജയപ്പെട്ടിരിക്കുകയാണ്.

ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുക എന്ന ലക്ഷ്യമാണ് നോബല്‍ സമ്മാനം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ എത്രത്തോളം ആ ആദരവിനോട് നീതി പുലര്‍ത്താന്‍ തുടര്‍ന്നുള്ള ജീവിതങ്ങളില്‍ നോബല്‍ ജേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നന്വേഷിക്കാനും നോബല്‍ കമ്മറ്റിക്ക് ബാധ്യതയുണ്ട്. അല്ലാത്ത പക്ഷം വെറുമൊരു ആഘോഷ പരിപാടി നടത്തുന്ന കൂട്ടമായി അത് മാറുമെന്നത് തീര്‍ച്ചയാണ്.

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഓങ് സാന്‍ സൂകിയുടേയോ അല്ലെങ്കില്‍ ഏതെങ്കിലും നോബല്‍ ജേതാക്കളുടെയോ മെഡലുകള്‍ തിരിച്ച് വാങ്ങാന്‍ നോബല്‍ കമ്മറ്റിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതല്ല. മറിച്ച് നോബല്‍ സമ്മാനം എന്നത് നല്ല ഉത്തരവാദിത്വ ബോധത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്ന് ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. തീര്‍ച്ചയായും നോബല്‍ സമ്മാനം സ്വീകരിച്ചവരില്‍ ഓങ് സാന്‍ സൂകി എന്ന പേര് നിരാശപ്പെടുത്തുന്നുണ്ട്. റോഹിങ്ക്യന്‍ വംശഹത്യയുമായി ബന്ധമുള്ള അവരില്‍ നിന്നും നോബല്‍ സമ്മാനം പരസ്യമായി തിരിച്ച് വാങ്ങിക്കൊണ്ട് കമ്മറ്റി തങ്ങളുടെ വിശ്വാസ്ത്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

അതേസമയം സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം അപ്രസക്തമാണെന്നും യൂറോകേന്ദ്രീകൃതമാണെന്നുമൊക്കെ വിധിയെഴുതുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. നമ്മുടെ കൈയ്യില്‍ ലഭ്യമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഈ ലോകത്തെ അക്രമങ്ങളില്‍ നിന്നും അനീതികളില്‍ നിന്നും രക്ഷിക്കാനുള്ള മാര്‍ഗ്ഗമാണ് യഥാര്‍ത്ഥത്തില്‍ നാം തേടേണ്ടത്. അതിനാല്‍ തന്നെ അക്രമവും അനീതിയും തടയുന്നതിനും സമാധാനം വ്യാപിപ്പിക്കുന്നതിനുമുള്ള ഒരു മാധ്യമമായി നോബല്‍ സമ്മാനത്തെ കാണാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

വിവ: സഅദ് സല്‍മി

Related Articles