Current Date

Search
Close this search box.
Search
Close this search box.

സമയം കവര്‍ന്നെടുക്കുന്നവരെ കരുതിയിരിക്കുക

സമയത്തിന്റെ പ്രാധാന്യവും അത് പാഴാക്കുന്നതിന്റെ ഗൗരവവും ആവര്‍ത്തിച്ച് ഉണര്‍ത്തപ്പെടുന്നവരാണ് വിശ്വാസി സമൂഹം. ഓരോ നിമിഷത്തെയും ശരിയായി പ്രയോജനപ്പെടുത്തുന്നവരായി മാറാന്‍ സമയത്തെ കുറിച്ച പ്രവാചക വചനങ്ങള്‍ ഹൃദയം കൊണ്ട് സ്വീകരിക്കുക മാത്രമേ വേണ്ടൂ. എന്നാല്‍ സമയത്തിന് യാതൊരു വിലയും കല്‍പിക്കാത്തവരില്‍ വലിയൊരു വിഭാഗം മുസ്‌ലിം സമുദായത്തിനകത്താണെന്നത് വളരെ ഖേദകരമായ വസ്തുതയാണ്. മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെയും പതിതാസ്ഥയെയും കുറിച്ച് ആവലാതിപ്പെടുന്ന നമ്മള്‍ ശ്രദ്ധവെക്കേണ്ട ഒന്നാണ് സമുദായത്തിന്റെ വിഭവശേഷിയും സമയവും എത്രത്തോളം ക്രിയാത്മകമായി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടെന്നുള്ളത്.

സമയത്തിന്റെ വലിയൊരു ഭാഗം സോഷ്യല്‍ മീഡിയകള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ വാട്ട്‌സപ്പും ഫേസ്ബുക്കുമെല്ലാം നമ്മുടെ ഒരു ദിവസത്തിന്റെ എത്ര മണിക്കൂര്‍ കവര്‍ന്നെടുക്കുന്നു എന്ന ആലോചനക്ക് ഏറെ പ്രസക്തിയുണ്ട്. അതോടൊപ്പം തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നാണ് അതില്‍ നാം ചെലവഴിക്കുന്ന സമയം എന്ത് നേട്ടമാണ് നമുക്കും സമൂഹത്തിനും ഉണ്ടാക്കിതരുന്നു എന്നുള്ളതും. സോഷ്യല്‍ മീഡിയകള്‍ വിവരകൈമാറ്റം ഏറെ എളുപ്പവും നിയന്ത്രണങ്ങളില്ലാത്തതുമാക്കിയിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇച്ഛാശക്തിയോട് കൂടി അതിനെ സമീപിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായ രീതിയില്‍ അവ ഉപയോഗപ്പെടുത്താനും സാധിക്കുന്നുണ്ട്. എന്നാല്‍ ഒരാളെ സംബന്ധിച്ചിടത്തോളം ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമാണ് അവയെങ്കില്‍ മദ്യത്തോട് സ്വീകരിക്കേണ്ട നിലപാട് തന്നെയല്ലേ അവയോടും സ്വീകരിക്കേണ്ടത്? മദ്യത്തെ നിഷിദ്ധമാക്കുന്ന വിശുദ്ധ ഖുര്‍ആന്‍ തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ് അതില്‍ ആളുകള്‍ക്ക് പ്രയോജനമുണ്ടെന്നുള്ളത്. എന്നാല്‍ ആ പ്രയോജനങ്ങളെ അതിജയിച്ചു നില്‍ക്കുന്ന തിന്മകളാണ് അത് നിഷിദ്ധമാക്കുന്നതിലേക്ക് എത്തിച്ചതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

വിശ്വാസികളുടെ ജീവിതത്തിലെ വസന്ത കാലമായ വിശുദ്ധ റമദാന്‍ നമ്മുടെ പടിവാതിലില്‍ എത്തിയിരിക്കുകയാണ്. കര്‍മങ്ങള്‍ക്കെല്ലാം അല്ലാഹു അനേകമിരട്ടി പ്രതിഫലം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ള നാളുകളാണ് അവ. അടിമക്ക് തന്റെ രക്ഷിതാവിനോട് കൂടുതല്‍ അടുക്കാനും അവന്റെ പ്രീതി കരസ്ഥമാക്കാനുമുള്ള സുവര്‍ണാവസരം കൂടിയാണത്. അതുകൊണ്ട് തന്നെ സവിശേഷമായ ആ നാളുകളില്‍ നിന്ന് നഷ്ടപ്പെടുത്തുന്ന ഓരോ മിനുറ്റിനും അതിന്റേതായ ഗൗരവമുണ്ടായിരിക്കും. എന്നാല്‍ പലര്‍ക്കും കൂടുതല്‍ അലസരും നിഷ്‌ക്രിയരും ആയി മാറാനുള്ള സമയമായി ആ വിശുദ്ധമാസം മാറുന്നു. അല്ലെങ്കില്‍ ഇഹത്തിലോ പരത്തിലോ യാതൊരു ഫലവുമുണ്ടാക്കാത്ത, പലപ്പോഴും അല്ലാഹുവിന്റെ അനിഷ്ടത്തിന് വരെ കാരണമാകുന്ന കാര്യങ്ങളിലാണ് സമയം ചെലവഴിക്കപ്പെടുന്നത്. കൃത്യമായ ആസൂത്രണത്തോടും നിശ്ചയദാര്‍ഢ്യത്തോടും ആ വിശുദ്ധമാസത്തെ സമീപിക്കാന്‍ ഓരോ വിശ്വാസിക്കും സാധിക്കേണ്ടതുണ്ട്. ഓരോ റമദാന്‍ വരുമ്പോഴും വ്യക്തമായ ആസൂത്രണം നമുക്കുണ്ടാവാറുണ്ട്. എന്നാല്‍ അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് നമുക്കില്ലാതെ പോകുന്നത്. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ നമുക്ക് വിശ്വാസം വന്നിട്ടില്ല എന്നല്ലേ അത് സൂചിപ്പിക്കുന്നത്.

Related Articles