Current Date

Search
Close this search box.
Search
Close this search box.

ഷാഹിദ് ആസ്മിയുടെ മരണവും അസിമാനന്ദയുടെ വെളിപ്പെടുത്തലും

മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായിരുന്ന ഷാഹിദ് ആസ്മി കൊല്ലപ്പെട്ടിട്ട് നാലു വര്‍ഷം തികഞ്ഞിരിക്കുന്നു. 2010 ഫെബ്രുവരി 11 നാണ് ഷാഹിദ് ആസ്മി മുംബൈയിലെ തന്റെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിച്ചത്. ആസ്മിയെ കൊലപ്പെടുത്തിയത് അധോലോക നേതാവ് ഭരത് നേപ്പാളിയുടെ സംഘമാണെന്നാണ് പോലീസ് ഭാഷ്യം. കേസില്‍ നാലുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ പോലീസും ഇന്റലിജന്‍സും ഭരണകൂടവും വ്യാജഭീകര കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച നിരപരാധികള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച് ഭരണ – പോലീസ് അധികാരികളുടെ കണ്ണിലെ കരടായി മാറിയ ആസ്മിയുടെ അസ്വാഭാവിക മരണത്തിനുത്തരാദികള്‍ പോലീസ് ചൂണ്ടിക്കാണിച്ചവര്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ യാഥാര്‍ഥ്യ ബോധമുള്ളവര്‍ക്ക് ഒരിക്കലും സാധ്യമാകില്ല. പ്രമാദമായ പല ബോംബ് സ്‌ഫോടന കേസുകളിലും അന്വേഷണ ഏജന്‍സികള്‍ ആവര്‍ത്തിച്ചുരുവിട്ട ‘കണ്ടെത്തലുകള്‍’ പെരും നുണകളായിരുന്നുവെന്ന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയവര്‍ തന്നെ ഏറ്റുപറയുന്ന കാലത്ത് പ്രത്യേകിച്ചും.

ഇന്ത്യയില്‍ സംഘ്പരിവാറും ഭരണകൂടത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് ഭീകരവിരുദ്ധ പോരാട്ടമെന്ന പേരില്‍ നടത്തുന്ന ന്യൂനപക്ഷ ഉന്‍മൂലനശ്രമങ്ങളുടെ മറുപുറം വായിക്കാന്‍ ശ്രമിച്ചയാളായിരുന്നു ഷാഹിദ് ആസ്മി. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഇരയായി വര്‍ഷങ്ങളോളം ജയില്‍വാസമനുഷ്ടിച്ച ഷാഹിദ് ആസ്മി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഭരണകൂട-സംഘ്പരിവാര ഗൂഢോലോചനയുടെ ഇരകളായവരുടെ പക്ഷം ചേര്‍ന്ന് നിയമപോരാട്ടം നടത്തിയെന്നതാണ് ആസ്മി കൊല്ലപ്പെടാനുണ്ടായ കാരണമെന്ന് വളരെ വ്യക്തം. ഏഴുവര്‍ഷത്തെ തന്റെ അഭിഭാഷക വൃത്തിക്കിടെ അമ്പതിലേറെ പേരെ നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തെത്തിച്ച് ഭരണകൂട ഭീകരതയുടെ തൊലിയുരിച്ച് കാട്ടാന്‍ ഷാഹിദ് ആസ്മിക്കായി. ഏത് നിമിഷവും തനിക്കു തിരിച്ചടികള്‍ നേരിടാമെന്ന തികഞ്ഞ ബോധമുണ്ടായിട്ടും നിരപരാധികളുടെ ജയില്‍ മോചനത്തിന് വേണ്ടി ജീവിതം തന്നെ നല്‍കുകയായിരുന്നു ആസ്മി. ഷാഹിദ് ആസ്മിയുടെ ജീവിതം ഉയര്‍ത്തിയ ചോദ്യങ്ങല്‍ പലതയായിരുന്നു. തന്റെ കക്ഷികളുടെ പേരുകള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നു എന്നതു കൊണ്ട് മാത്രമാണ് അവര്‍ വിചാരണക്കു പോലും വിധേയരാകാതെ ജയില്‍ വാസമനുഷ്ടിക്കേണ്ടി വരുന്നതെന്ന് ഷാഹിദ് പലതവണ വ്യക്തമാക്കിയിരുന്നു. കുറ്റാരോപിതനു ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശമാണ് നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം. എന്നാല്‍ അഭിഭാഷകര്‍ തന്നെ ഭരണഘടനക്ക് വിരുദ്ധമായി ഭീകരകേസുകളിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കില്ലെന്ന് തീരുമാനമെടുത്ത വേളയില്‍ ഹിന്ദുത്വ ഫാഷിസത്തിന്റെയും ഭരണകൂട ഭീകരതയുടെയും കുഴലൂത്തുകാരായി മാറിയ അഭിഭാഷക സമൂഹത്തില്‍ നിന്നും വ്യത്യസ്തമായി ഷാഹിദിനെ പോലുള്ള ചെറു സംഘം മുന്നോട്ട് വരികയും ഭരണകൂട-സംഘപരിവാര്‍ ഭാഷ്യങ്ങള്‍ കോടതികളില്‍ തകര്‍ത്തു കളയുകയുമായിരുന്നു. ഇത്തരത്തില്‍ ഭരണകൂട – സംഘ്പരിവാര ഗൂഢാലോചനയെ പൊതുജനമധ്യത്തില്‍ തുണിയിരിഞ്ഞു കാട്ടിയവര്‍ക്ക് നേരിടേണ്ടി വന്നത് തന്നെയാണ് ഷാഹിദ് ആസ്മിയെയും തേടിയെത്തിയത്. മുംബൈയിലെ തന്നെ ഹേമന്ദ് കര്‍ക്കരക്കും മംഗലാപുരത്തെ അഭിഭാഷകന്‍ നൗഷാദ് കാസിമിക്കും നേരിടേണ്ടി വന്നതും സമാന അനുഭവങ്ങള്‍ തന്നെ.  

ഭരണകൂട ഭീകരത പുറത്തുകൊണ്ടുവരുന്നവര്‍ കൊല്ലപ്പെടുമ്പോള്‍ ഭീകര അധോലോകങ്ങളെ പ്രതിചേര്‍ത്താണ് അധികൃതര്‍ രക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇവരുടെ ജീവിതവും പോരാട്ടവും ആരെയാണോ ഭയപ്പെടുത്തിയിരുന്നത് അവര്‍ തന്നെയാണ് ഇവരുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് അമ്പതിലേറെ മുസ്‌ലിം ചെറുപ്പക്കാരെ ഭരണകൂടം കൊട്ടിഘോഷിച്ച ഭീകര കേസുകളിലെ ഭീകരപട്ടത്തില്‍ നിന്നും മോചിപ്പിച്ച ഷാഹിദ് ആസ്മി അധോലോകത്തേക്കാളും ഭീകരരേക്കാളും ഭയപ്പെടുത്തിയത് ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയു ചെയ്ത ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെയും അതിനു കൂട്ട് നിന്ന് സ്ഥാനമാനങ്ങള്‍ നേടിയെടുത്ത ഭരണകൂട അധികാരി വര്‍ഗത്തെയുമാണെന്ന് പകല്‍പോലെ വ്യക്തം. നൂറു കണക്കിന് മുസ്‌ലിം ചെറുപ്പക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ പോലുമില്ലാതെ തടവില്‍ കഴിയുന്ന പല ബോംബ് സ്‌ഫോടനങ്ങളും നടത്തിയതും പിന്നില്‍ ചരടു വലിച്ചതും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളാണെന്ന് അതിന് നേതൃത്വം കൊടുത്തവര്‍ തന്നെ ഇപ്പോള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു. തെളിവുകള്‍ മുമ്പില്‍ നിരത്തി വെച്ചിട്ടും യഥാര്‍ഥ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ നിലപാട് തങ്ങളുടെ ഫാഷിസ്റ്റ് ബാന്ധവത്തിന്റെ ഏറ്റുപറച്ചിലാണ്. നഗ്നമായ ഭരണഘടനാ ലംഘനവുമാണത്. അരുതായ്മകള്‍ക്കു കൂട്ടുനില്‍ക്കാനല്ല ഭരണകൂടം മുന്നിട്ടിറങ്ങേണ്ടത്, നീതിയും ന്യായവും നടപ്പിലാക്കാനാണ്.

Related Articles