Current Date

Search
Close this search box.
Search
Close this search box.

ശിരോവസ്ത്ര നിരോധവും വിദ്യാര്‍ഥി പോരാട്ടങ്ങളും

hijabk.jpg

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകളും സംവാദങ്ങളും നടക്കുകയാണ്. കോപ്പിയടി തടയാനെന്ന വാദമുന്നയിച്ച് കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശിക്കപ്പെട്ട ‘വസ്ത്രനിരോധം’ മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ പ്രശ്‌നമായിരുന്നില്ല.

കേരളത്തിലെ ഇരുപത്താറോളം സ്ഥാപനങ്ങളില്‍ ശിരോവസ്ത്ര നിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുകയും പ്രശ്‌നത്തെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയുമുണ്ടായി ജി.ഐ.ഒ കേരള. അതിനെ തുടര്‍ന്ന് ‘ഇന്‍ ദ നെയിം ഓഫ് സെക്യുലറിസം’ എന്ന പേരില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ കടന്നുപോകുന്ന മോശകരമായ അവസ്ഥകളെ കുറിച്ചുള്ള നേര്‍വിവരണങ്ങളുടെ ഡോക്യുമെന്ററി ജി.ഐ.ഒ കേരള പുറത്തിറക്കുകയുണ്ടായി. സമൂഹത്തിലെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യ സംവാദങ്ങളും ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായി നടന്നു.

ഒരു ഭാഗത്ത് ഇതിന് വേണ്ടി ശബ്ദിക്കുന്നവര്‍ ‘Unity in Diversity’ അഭിമാനകരമായി കാണുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൗരാവകാശത്തെ മുന്‍നിര്‍ത്തി വിഷയത്തെ അഭിമുഖീകരിച്ചപ്പോള്‍ സ്ഥാപനങ്ങളിലെ യൂണിഫോമിറ്റി തകര്‍ക്കുന്ന ഒന്നാണ് ശിരോവസ്ത്രം എന്നും ‘എല്ലാവരും ഒരുപോലെ’ എന്നതിന് എതിരാണ് ഇതെന്നും എതിര്‍വാദങ്ങള്‍ ഉന്നയിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടോ അവരുടെ യൂണിഫോമുമായി ബന്ധപ്പെട്ടോ മാത്രം ഈ നിരോധങ്ങള്‍ ഒതുങ്ങി നിന്നില്ല എന്നത് കഴിഞ്ഞകാല സംഭവങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തുന്ന ഒരാള്‍ക്ക് മനസ്സിലാകും.  

കഴിഞ്ഞ വര്‍ഷം കേരള ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന് അപേക്ഷിച്ച വനിതാ ഡോക്ടര്‍ക്ക് മഫ്ത ധരിച്ച ഫോട്ടോ അയച്ചതിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട സംഭവം പത്രമാധ്യമങ്ങളില്‍ വന്നതാണ്. സി.ബി.എസ്.ഇ പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയതിനു ശേഷമുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, പാലക്കാട് സ്വദേശി നദ റഹീമിനും മലപ്പുറം സ്വദേശി ആസിയ അബ്ദുല്‍ കരീമിനും ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ അടങ്ങിയ സിംഗിള്‍ ബെഞ്ചിന്റെ അനുകൂല വിധി വന്നത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് പരീക്ഷയുടെ പേരില്‍ മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കരുതെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി മറുപടി പറഞ്ഞത്. മതപരമായ വസ്ത്രധാരണം കൊണ്ട് മാത്രം ആര്‍ക്കും പരീക്ഷ നഷ്ടപ്പെടരുത്. എന്നാല്‍ ഇതേ ആവശ്യമുന്നയിച്ച് രണ്ടു പേര്‍ മാത്രമാണ് ഹരജി നല്‍കിയതെന്നും കോടതി ഇതിനോട് കൂട്ടിച്ചേര്‍ത്തു.

പക്ഷേ, പ്രവേശന പരീക്ഷക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോടതിയില്‍ ഹരജി സമര്‍പ്പിക്കുക എന്നതും അതുവഴി മഫ്ത ധരിക്കാനുള്ള അനുകൂല വിധി നേടുക എന്നതും വിദ്യാര്‍ഥിനികളെ ആത്മസംഘര്‍ഷത്തിലാക്കുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ ഈ വിധിയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച രണ്ടു പേര്‍ക്ക് മാത്രമല്ല മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും മഫ്ത ധരിച്ച് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം എന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ സി.ബി.എസ്.ഇ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. അതേസമയം അര മണിക്കൂര്‍ മുമ്പ് ഹാജരാകണമെന്നും സൂചിപ്പിച്ചിരുന്നു. പക്ഷേ, ഈയൊരു ഉറപ്പില്‍ ആശ്വാസം കണ്ടെത്തി പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസകരമായ സമീപനമല്ല ചില സെന്ററുകളില്‍ നിന്നുണ്ടായത്.

കന്യാസ്ത്രീയടക്കമുള്ള ചില വിദ്യാര്‍ഥിനികളെ അര മണിക്കൂര്‍ മുമ്പ് പരിശോധനക്ക് ഹാജരായിട്ടും പരീക്ഷയെഴുതാന്‍ സമ്മതിക്കാതിരുന്നത് ഈ പശ്ചാത്തലത്തിലാണ്. ചിലയിടങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാഗ്വാദങ്ങള്‍ക്ക് ഇടവന്നു. സി.ബി.എസ്.ഇ സെക്രട്ടറി പറഞ്ഞ തിരുത്തല്‍ പരീക്ഷ സെന്ററുകളിലെ അധികൃതര്‍ക്ക് ലഭിക്കാതിരുന്നതും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആദ്യം പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ തന്നെ തുടര്‍ന്നതും പരീക്ഷയെഴുതുന്നതില്‍ നിന്നും വിദ്യാര്‍ഥിനികളെ തടയാന്‍ കാരണമായി. ദീര്‍ഘനാളത്തെ തീവ്രപരിശ്രമത്തിന് ശേഷം തികഞ്ഞ മനസ്സാന്നിധ്യത്തോടെ പരീക്ഷയെഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനികളെ സംബന്ധിച്ചിടത്തോളം ആത്മസംഘര്‍ഷവും ഭീതിയും അപമാനവും പേറേണ്ടി വന്നു എന്നു സാരം.

ഈ വിഷയവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയും അരമണിക്കൂര്‍ നേരത്തേക്ക് മക്കന ഇട്ടില്ലെങ്കില്‍ എന്ത്? ഇതു ഈഗോയുടെ പ്രശ്‌നമാണ് എന്നുമുള്ള പരാമര്‍ശങ്ങള്‍ അതിനെ ചോദ്യം ചെയ്ത് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നടത്തിയ സമരവും അറസ്റ്റുമൊക്കെ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.

നിലവിലും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ സര്‍ക്കുലറില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയിട്ടില്ല എന്നിടത്താണ് പ്രശ്‌നം. സാങ്കേതിക വിദ്യകള്‍ ഇത്രമാത്രം ശക്തിപ്രാപിച്ച ഈ കാലത്തും പരിശോധനക്കും മറ്റും നേരത്തേ എത്തിച്ചേരണമെന്നുള്ള നിബന്ധന അംഗീകരിച്ചിട്ടും ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ ആത്മസംഘര്‍ഷത്തില്‍ അകപ്പെടുമെങ്കില്‍ ജനാധിപത്യ ഇന്ത്യയില്‍ മതമനുശാസിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവാദം ലഭിക്കില്ല എങ്കില്‍ ഇവിടെ പ്രശ്‌നങ്ങളെ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പൗരാവകാശത്തിന്റെ ലംഘനത്തെ കുറിച്ച് ജാഗരൂകരാകേണ്ടതുണ്ട്.

Related Articles