Current Date

Search
Close this search box.
Search
Close this search box.

ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം. ഏറ്റവും ശക്തമായ ജുഡീഷ്യറി സംവിധാനം നിലനില്‍ക്കുന്നു എന്നതില്‍ അഭിമാനം കൊള്ളുന്ന രാഷ്ട്രമായ ഇന്ത്യക്ക് മുന്നില്‍ വലിയ ഒരു ചോദ്യ ചിഹ്നമായിട്ടാണ് നിരവധി വര്‍ഷങ്ങളായി ഇരുമ്പഴിക്ക് പിന്നില്‍ കഴിയുന്ന വിചാരണാ തടവുകാര്‍. അവരില്‍ പലരും തങ്ങള്‍ ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കുന്ന ചാര്‍ജ് ഷീറ്റ് പോലും നല്‍കപ്പെടാതെയാണ് ശിക്ഷയനുഭവിക്കുന്നത്. കേരളത്തിലെ മാത്രം ജയിലുകളില്‍ കഴിയുന്നവരില്‍ 40 ശതമാനവും നിരപരാധികളാണെന്ന് ജയില്‍ അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. വിവരാവകാശ നിയമപ്രകാരം അഡ്വ. ഡി.ബി ബിനു നല്‍കിയ കത്തിന് മറുപടിയായിട്ടായിരുന്നു അധികൃതരുടെ പ്രസ്തുത വെളിപ്പെടുത്തല്‍ (മാധ്യമം 11.18.2013). എത്രത്തോളം നിരപരാധികള്‍ നമ്മുടെ രാജ്യത്ത് ശിക്ഷ അനുഭവിക്കുന്നുണ്ട് എന്നതിലേക്കാണ് ഈ വെളിപ്പെടുത്തല്‍ വെളിച്ചം വീശുന്നത്.

മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വലിയൊരു വിഭാഗത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഭീകരപ്രവര്‍ത്തനമാണ്. ഇത്തരം കേസുകളുടെ വിചാരണ പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അവയൊക്കെ നിര്‍ദേശങ്ങളായി തന്നെ അവശേഷിക്കുകയാണെന്നാണ് ജയിലില്‍ കഴിയുന്ന വിചാരണ തടവുകാരെ കുറിച്ചുള്ള മാധ്യമ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഭീകരവാദികളായി മുദ്രകുത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ഇവര്‍ മാത്രമല്ല അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. അവരുടെ കുടുംബങ്ങള്‍ തീവ്രവാദിയുടെ കുടുംബം എന്ന് മുദ്രകുത്തപ്പെട്ട് ഒറ്റപ്പെടുത്തലിനും വിധേയരാവുന്നു.

നിരപരാധികളെ തടവില്‍ വെക്കുന്നതിന് യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. തീവ്രവാദികളെ നേരിടാനാണ് ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം. എന്നാല്‍ ആയിരക്കണക്കിന് നിരപരാധികളായ ചെറുപ്പക്കാരാണ് ഇത്തരം നിയമങ്ങളുടെ കുരുക്കില്‍ പെട്ട് ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ കൂടുതലും മുസ്‌ലിം, ദലിത്, സിഖ്, ആദിവാസി സമുദായങ്ങളില്‍നിന്നുള്ളവരാണെന്നും പത്ര റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. യു.എ.പി.എ പ്രകാരം ഒരു വ്യക്തി ജയിലിലടക്കപ്പെട്ടാല്‍ അതില്‍ നിന്നുള്ള മോചനം പ്രയാസകരമാണ്. പ്രതിയെ കുറിച്ചുള്ള പോലീസ് ഭാഷ്യം ജഡ്ജിക്ക് ബോധ്യപ്പെട്ടാല്‍ ജാമ്യം പോലും നല്‍കേണ്ടതില്ല. തങ്ങള്‍ കസ്റ്റഡിയെടുത്തു കൊണ്ടു വരുന്ന പ്രതിക്ക് അനുകൂലമായി പോലീസ് റിപോര്‍ട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ. ഈ പഴുത് ഉപയോഗപ്പെടുത്തിയാണ് ഡോ. ബിനായക് സെന്‍, കോബാദ് ഗാന്ധി, സോണി സോറി, സീമാ ആസാദ് പോലുള്ളവരൊക്കെ നീണ്ട കാലം ജയിലില്‍ കിടക്കേണ്ടി വന്നത്. ജനാധിപത്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന രാജ്യത്തെ ഭരണകൂടം ഇത്തരം നിയമങ്ങളില്‍ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്.

ഭരണകൂടങ്ങള്‍ മുസ്‌ലിംകളിലെ ഒരു ചെറിയ വിഭാഗത്തെ സംശയത്തിന്റെ പേരില്‍ ഭീകരവാദികളായി ചിത്രീകരിച്ച് തുറുങ്കിലടക്കുക വഴി ഭൂരിപക്ഷം മുസ്‌ലിംകളും വര്‍ഗീയ ഹിംസയെ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന കവി സച്ചിദാനന്ദന്റെ വാക്കുകള്‍ നിലവിലെ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഭീകര മുദ്ര ചാര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളാണ്. തെറ്റു ചെയ്തത് ഒരു മുസ്‌ലിം നാമധാരിയാകുമ്പോള്‍ അതിനെ ഇസ്‌ലാമിക ഭീകരവാദമായി ചിത്രീകരിച്ച് ഒരു സമുദായത്തെ മൊത്തം സംശയത്തിന്റെ നിഴലിലാക്കുകയാണ് അവ ചെയ്യുന്നത്. ഇത്തരത്തില്‍ സമുദായത്തെ അടിക്കാനുള്ള വടി കൊടുക്കാതിരിക്കാന്‍ സമുദായത്തിലെ അംഗങ്ങളും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.

Related Articles