Current Date

Search
Close this search box.
Search
Close this search box.

ശരീഅ മ്യൂച്വല്‍ ഫണ്ടിന് മൂക്കു കയറിടുന്നതാര്?

ഇന്ത്യയിലെ ഇസ്‌ലാമിക് ഫിനാന്‍സ് മേഖലയില്‍ പുത്തനുണര്‍വ്വ് നല്‍കിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI)യുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സമാഹരണ നടപടികള്‍ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ രാഷ്ട്രീയ ഇടപെടലാണ് തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പ്രതിസന്ധികളില്‍ പെട്ട് ഉലയുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഉണര്‍വ്വ് പകരുമായിരുന്ന പദ്ധതി നിര്‍ത്തലാക്കിയത് മോദി സര്‍ക്കാറിന്റെ വര്‍ഗീയ, മുസ്‌ലിം വിരുദ്ധ അജണ്ടകളാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇസ്‌ലാമിക് ബാങ്കിങ്ങ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതിരെ ശക്തമായി എതിര്‍ക്കുകയും അതിനെതിരെ കോടതികള്‍ കയറി ഇറങ്ങുകയും ചെയ്യുന്നവര്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഈ നടപടി പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.  ഇന്ത്യയിലെ സംഘ്പരിവാര്‍ ശക്തികള്‍ ഇസ്‌ലാമിക് ബാങ്കിങ്ങിനെതിരെ ശക്തമായ നിലപാടാണ് എന്നും സ്വീകരിച്ചത്. ജനതാ പാര്‍ട്ടിയുടെ മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ ബി.ജെ.പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സുബ്രഹ്മണ്യം സ്വാമിയാണ് ഇത്തരം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരുന്നത്.

പലിശയിലധിഷ്ഠിതമായി മുമ്പോട്ടു പോകുന്ന ലോകത്തെ പ്രമുഖ ബാങ്കുകള്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ അവര്‍ പരിഹാരം കണ്ടെത്തിയത് ഇസ്‌ലാമിക് ബാങ്കിങ് സിസ്റ്റത്തിലായിരുന്നു. ബ്രിട്ടനടക്കമുള്ള ലോകത്തിലെ പല പ്രമുഖ രാഷ്ട്രങ്ങളിലും ഇസ്‌ലാമിക് ബാങ്കിങ് ഇന്ന് നിലവിലുണ്ട്. ഈ സിസ്റ്റത്തിന്റെ നന്മകളെപ്പറ്റി പല പ്രമുഖ സാമ്പത്തിക വിദഗ്ദരും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ കേരള ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ തോമസ് ഐസകുമെല്ലാം ഇക്കൂട്ടത്തില്‍ പെട്ടവരാണ്. ഈയടുത്ത കാലത്ത് തോമസ് ഐസക് ‘ഇസ്‌ലാമിക് ബാങ്ക് യാഥാര്‍ഥ്യമാകുമ്പോള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഇതിന്റെ തെളിവാണ്. അതിലദ്ദേഹം പറയുന്നു ‘പലരും കരുതുന്നതുപോലെ ഇസ്‌ലാമിക് ധനകാര്യസ്ഥാപനം എന്നുപറഞ്ഞാല്‍ മുസ്ലിങ്ങളെ ധനപരമായി സഹായിക്കാനുള്ള ഒരു സ്ഥാപനമല്ല. ഏത് മതസ്ഥനും ഈ സ്ഥാപനത്തിന്റെ സഹായം സ്വീകരിക്കാം'(മാതൃഭൂമി ദിനപത്രം). തികച്ചും വര്‍ഗ്ഗീയവും സ്വാര്‍ത്ഥവുമായ താല്‍പര്യങ്ങളാണ് ശരീഅ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിര്‍ത്തലാക്കുന്നതിനു പിന്നിലെന്ന് ഇവ വ്യക്തമാക്കുന്നു. മതനിരപേക്ഷതയിലധിഷ്ഠിതമായ ജനാധിപത്യക്രമം  വിഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടക്ക് വിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ക്ക് അനുഗുണമായിത്തീരുന്ന ഈ സംരംഭത്തെ മതപരമായ ചായ്‌വുണ്ടെന്ന ഒറ്റ കാരണത്താല്‍ മാത്രം വിലക്കുന്നത് ഇതിന് തെളിവാണ്.

Related Articles