Current Date

Search
Close this search box.
Search
Close this search box.

ശരീഅത്തിനെ തള്ളിപറയലാണോ പുരോഗമനം

ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം ആര്‍ട്ടിക്കിള്‍ വാഗ്ദാനം ചെയ്യുന്ന മത ജാതി ലിംഗ വിവേചനങ്ങള്‍ക്കതീതമായി സമത്വത്തിനുള്ള മൗലികാവകാശം മുസ്‌ലിം വ്യക്തി നിയമം ലംഘിക്കുന്നതിനാല്‍ അത്തരം നിയമങ്ങളെ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് 2008-ല്‍ ഒരു സ്ത്രീ സംഘടന കേരള ഹൈക്കോടതിയില്‍ അന്യായം ബോധിപ്പിച്ചിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘പ്രോഗ്രസിവ് മുസ്‌ലിം വുമണ്‍സ് ഫോറം’ (നിസ) സമര്‍പ്പിച്ച അന്യായം കോടതി പരിശോധിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ‘പുരോഗമന മുസ്‌ലിം സ്ത്രീ’ ആവാനുള്ള ചുരുങ്ങിയ യോഗ്യതയാണ് ഇസ്‌ലാമിന്റെ അനന്തരാവകാശ നിയമത്തെയും വൈവാഹിക നിയമത്തെയും തള്ളിപ്പറയല്‍ എന്നു തോന്നിപ്പിക്കുന്നതാണ് പലരുടെയും സമീപനം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അപരരായി പരിഗണിക്കപ്പെടാനുണ്ടായ ഒരു കാരണം മുസ്‌ലിംകള്‍ക്കിടയിലെ വ്യക്തി നിയമത്തിന്റെ കര്‍ശന നിര്‍വ്വഹണമാണ്. അതുകൊണ്ടു തന്നെ ഈ അപരന്റെ കുപ്പായം ഈരിവെക്കുന്നതിനും ‘ഇന്ത്യന്‍ മുസ്‌ലിമിന്റെ’ മുഖം കൈവരാനും ഏറ്റവും നല്ല ഉപായം കൂടിയാണ് മുസ്‌ലിം വ്യക്തിനിയമത്തിലെയും അതുവഴി ശരീഅത്തിലെയും ലിംഗ വിവേചനം കണ്ടെത്തുന്നതും അതിനെതിരെ പട നയിക്കുന്നതും.

എന്നാല്‍ ഇക്കൂട്ടര്‍ ശരീഅത്തിന്റെ യാഥാര്‍ത്ഥ്യം അറിയാത്തവരോ അറിയാന്‍ ശ്രമിക്കാത്തവരോ ആണ്. മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ട്, 1937 യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ശരീഅത്തിനെ അപ്പടി മുസ്‌ലിംകള്‍ക്ക് ബാധകമാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നില്ല എന്ന് ഒന്നാമതായി മനസിലാക്കണം. മറിച്ച് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ മുസ്‌ലിം പ്രീണനം ലക്ഷ്യമിട്ടു നടത്തിയ ഒരു ഭരണ തന്ത്രമായിരുന്നു അത്. വിവാഹം, അനന്തരാവകാശം തുടങ്ങി ശരീഅത്തിന്റെ ഒരു ചെറിയ ഭാഗം നിയമങ്ങള്‍ക്ക് മാത്രമാണ് അത് വഴി ഇന്ത്യന്‍ നിയമവ്യവസ്ഥക്കകത്ത് പ്രബല്യം ലഭിച്ചത്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വാഴ്ച്ച ഇന്ത്യയില്‍ ശക്തമാകുന്നതിന് മുമ്പ് സ്വതന്ത്രമായി നിയമവും നീതിയും നടപ്പിലാക്കിയ ഒരു സംവിധാനത്തെ നീക്കം ചെയ്യുകയായിരുന്നു ബ്രിട്ടീഷുകാര്‍. പകരം മുസ്‌ലിംകളുടെ അത്തരം സംവിധാനങ്ങളെ ബ്രിട്ടീഷ് സ്റ്റേറ്റിന്റെ കോര്‍പറേറ്റ് ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ പരിധിക്കുള്ളില്‍ അടച്ചിടാനുള്ള ഒരു സംവിധാനം കൂടിയായിരുന്നു അത്.

നീതി, സമത്വം, തുല്ല്യത തുടങ്ങിയവയാണ് ദൈവിക നിയമങ്ങളായ ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍. മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും ആത്മീയതയുടെയും ജൈവികതയുടെയും ബൗദ്ധികതയുടെയും സമ്പത്തിന്റെയും ബന്ധങ്ങളുടെയും വംശത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണമാണ് ശരീഅത്തിന്റെ കാതല്‍. മുസ്‌ലിം വ്യക്തിനിയമം (മുഹമ്മദന്‍ ലോ) കൈകാര്യം ചെയ്യുന്ന വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയവ ശരീഅത്തിന്റെ ചില വിശദാംശങ്ങള്‍ മാത്രമാണ്. ആ വിശദാംശങ്ങളിലും നീതി സ്ഥാപിക്കപ്പെടണമെന്നു തന്നെയാണ് ഇസ്‌ലാമിന്റെ താല്‍പര്യം.

ശരീഅത്തിന്റെ തത്വങ്ങളും പ്രമാണങ്ങളും ഭേദഗതിക്കതീതമാണ്. എങ്കിലും സാഹചര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും മാറ്റങ്ങള്‍ പരിഗണിച്ച കൊണ്ട് ന്യായാധീകരണത്തെയും ഗവേഷണത്തെയും ഉത്തമതാല്‍പര്യത്തെയും ആധാരമാക്കി ആവിഷ്‌കരിക്കപ്പെട്ട നിയമങ്ങളെ വ്യാഖ്യാനിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍. കാരണം നിലവിലും ഇന്ത്യന്‍ കോടതികള്‍ ഇതു സംബന്ധിയായ വിഷയങ്ങളില്‍ ലഭ്യമായ ഇംഗ്ലീഷ് ടെക്‌സ്റ്റുകളെയോ മുന്‍ കോടതി വിധികളെയോ മാത്രമാണ് അവലംബിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അറിവോ ശരീഅത്തിനെ കുറിച്ച അവഗാഹമോ ഇല്ലാത്ത ന്യായാധിപരുടെ വിധികളും വ്യാഖ്യാനങ്ങളും പലപ്പോഴും ഇസ്‌ലാമിന്റെ അന്തസത്തക്ക് നിരക്കാത്തതിന്റെ അനുഭവങ്ങള്‍ നമുക്കുണ്ട്. മാത്രമല്ല കുറെ കാലമായി തുടരുന്ന ഇത്തരം വിധികള്‍ ശരീഅത്തിനെ കുറിച്ച വികലമായ ചില സാമാന്യ ബോധങ്ങള്‍ വളരാനുമിടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.

സ്ത്രീകളുടെ അവകാശങ്ങളില്‍ പുനര്‍ നിര്‍വ്വചനങ്ങള്‍ ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. ‘ഖുര്‍ആനിക സങ്കല്‍പത്തിലൊരിക്കലും ഇവ്വിധം സ്ത്രീ വിരുദ്ധമായ പുരുഷ മേന്മക്ക് ന്യായീകരണം കണ്ടെത്താന്‍ കഴിയില്ല.  സ്ത്രീകള്‍ക്ക് സ്വയം നിര്‍വ്വാഹകത്വം ഉറപ്പു വരുത്തുന്നു എന്നത് ഖുര്‍ആനിക പാഠങ്ങളുടെ ശരിയായ വ്യാഖ്യാനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. അന്തസ്സിന്റെയും അഭിമാനത്തിന്റെയും കാര്യത്തില്‍ തുല്ല്യ നിലവാരത്തിലേക്ക് സ്ത്രീകള്‍ ഉയരണമെങ്കില്‍ ആ ശരിയായ അറിവിനെ കാലത്തിനനുസരിച്ച് പുനര്‍നിര്‍മിക്കുകയാണ് വേണ്ടത്.’ (ശൈഖ് അഹ്മദ് കുട്ടി ടൊറന്റോ, അക്കാദമിക കോണ്‍ഗ്രസ് പ്രബന്ധ സമാഹാരം) അതിനാല്‍ പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ഇസ്‌ലാമിക പണ്ഡിത സമൂഹം ദ്രുതകര്‍മിതരാവുകയാണ് വേണ്ടത്. അല്ലാതെ ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ട് കോടതിയ സമീപിക്കുന്നത് പരിഹാമാകുന്നില്ല. മാത്രമല്ല അത് കൂടുതല്‍ വിവാദങ്ങളിലേക്കും വികാര പ്രകടനങ്ങളിലേക്കുമാണ് നയിക്കുക. ഇസ്‌ലാമിക ദര്‍ശനത്തോട് നിഷ്‌കളങ്കമായ പ്രതിബദ്ധതയും ശരീഅത്തില്‍ അഗാധ വ്യുല്‍പത്തിയുമുള്ളവര്‍ക്ക് പേഴ്‌സണല്‍ ലോയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള തുറസ്സ് അനുവദിച്ച കൊടുക്കുകയാണ് വേണ്ടത്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനും നിയമപരമായ (statutory) പദവി നല്‍കുക, പരിചയ സമ്പന്നരായ പണ്ഡിതരെയും ന്യായാധിപരെയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി മുസ്‌ലിം വ്യക്തി നിയമങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ രൂപീകരിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

മുസ്‌ലിം സ്ത്രീ ക്ഷേമത്തിന്റെ പര്യായം മുസ്‌ലിം പേഴ്‌സണല്‍ ലോ ഭേദഗതിയാണെന്ന തെറ്റിധാരണയും ഇതോടൊപ്പം തിരുത്തേണ്ടതുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവെയുള്ള സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥ വളരെ വ്യക്തമാണിന്ന്. അതുകൊണ്ട് തന്നെ സമുദായത്തിന്റെ മൊത്തം അസ്ഥിത്വ പ്രശ്‌നങ്ങളുമായുള്ള ബന്ധം മറന്നു കൊണ്ട് മുസ്‌ലിം സ്ത്രീയുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത് ശരിയല്ല.  കൂടാതെ ഏകസിവില്‍ കോഡിന് വേണ്ടി മുറവിളി കൂട്ടുന്ന സെക്യുലര്‍ ബോധങ്ങളെയും നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ പേഴ്‌സണല്‍ ലോയിലെ അപക്വതകള്‍ക്കുള്ള പരിഹാരമായിട്ടല്ല. മറിച്ച് ഹൈന്ദവ സവര്‍ണ ബോധത്തിന്റെ മേലധികാരം മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമാണിത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഭരണകൂട പിന്തുണയുള്ള ഒരു അധീശത്വ പുരുഷമേധാവിത്വ വ്യവസ്ഥ വളരെ ദുര്‍ബലമായ മറ്റൊരു പുരുഷമേധാവിത്വ വ്യവസ്ഥയെ തുടച്ച് കളഞ്ഞ് തങ്ങളെ സ്ഥാപിക്കാന്‍ നടത്തുന്ന കപട നാട്യങ്ങള്‍ക്ക് ശക്തി പകരുകയാണ് ഇത്തരം ‘പുരോഗമന മുസ്‌ലിംകള്‍’.

Related Articles