Current Date

Search
Close this search box.
Search
Close this search box.

ശരിക്കും ആരെയാണ് വെടിവെച്ചു കൊല്ലേണ്ടത്?

അടുത്ത കാലത്ത് ‘നരഭോജിക്കടുവ’ എന്ന് മാധ്യമങ്ങള്‍ നാമകരണം ചെയ്ത കടുവയെ നമ്മുടെ നിയമസംവിധാനങ്ങളുടെ ഉത്തരവിന്റെ ബലത്തില്‍ നിയമപാലകര്‍ വെടിവെച്ച് കൊന്നപ്പോള്‍, ‘പണവും, അധികാരവും, രാഷ്ട്രീയ സ്വാധീനവും ഇല്ലാതെ ആളെ കൊല്ലാനിറങ്ങുന്ന കടുവകള്‍ക്കുള്ള മുന്നറിയിപ്പാണിത്’ എന്നാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് പോസ്റ്റിട്ടത്. നാട്ടുകാരുടെ നിര്‍ബന്ധം മൂലമാണ് കടുവയെ മയക്ക് വെടിവെടിയിലൂടെ മയക്കി പിടികൂടുന്നതിന് പകരം വെടിവെച്ച് കൊല്ലാന്‍ തന്നെ അധികൃതര്‍ തീരുമാനിച്ചത്. എന്തു കൊണ്ടാണ് തങ്ങളുടെ ആവാസ വ്യവസ്ഥ വിട്ട് കടുവകള്‍ മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നു എന്ന് ആ മിണ്ടാപ്രാണിയോട് അന്വേഷിച്ചറിയാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ട് ബുദ്ധിയും സവിശേഷബുദ്ധിയുമുള്ള നാഗരിക മനുഷ്യന്‍ തങ്ങളുടെ കര്‍മ്മങ്ങളെ ഒന്ന് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയാണ് വേണ്ടത്.

പ്രസ്തുത നരഭോജിക്കടുവ സംഭവവും തൃശൂരില്‍ ഈയടുത്ത കാലത്ത് നടന്ന ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊന്ന കേസും തമ്മില്‍ കൂട്ടിവായിക്കുമ്പോഴാണ് മുകളില്‍ പരാമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൊരുള്‍ മനസ്സിലാവുക. തൃശൂരിലെ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിസാം എന്ന വ്യാപാരി തന്റെ യു.എസ് നിര്‍മിത അത്യാഢംബര വാഹനമായ ഹമ്മര്‍ ദേഹത്ത് കയറ്റി കൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീടുള്ള ദിവസങ്ങളില്‍ നിസാമിന്റെ സമ്പത്ത്, രാഷ്ട്രീയ സ്വാധീനം, പോലീസ് ഇതുവരെ കാര്യമായെടുക്കാത്ത നിസാമിന്റെ ക്രിമിനല്‍ ചരിത്രം തുടങ്ങിയവ വിശദീകരിച്ചു കൊണ്ടുള്ള വാര്‍ത്തകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാം കണ്ടത്.

നാട്ടിലിറങ്ങിയതിന്റെ ഒന്നാം ദിവസം തന്നെ പൊതുജനമനസാക്ഷി നരഭോജിക്ക് വധശിക്ഷ വിധിച്ചിരുന്നു. കാരണം നരഭോജി അപ്പോഴേക്കും ഒരാളെ വധിച്ചിരുന്നു. ജനമനസാക്ഷിയുടെ താല്‍പര്യം അധികാരികള്‍ ശരിവെച്ചു. നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വധശിക്ഷയും നടപ്പിലാക്കി. അതേസമയം തന്റെ കുടുംബം അടക്കമുള്ള ഒരുപാട് കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിന് സുരക്ഷയും, പ്രാരാബ്ദങ്ങള്‍ നിറഞ്ഞ മറ്റൊരു കുടുംബത്തിന്റെ അത്താണിയായിരുന്ന ചന്ദ്രബോസ് എന്ന പച്ചമനുഷ്യനെ വാഹനം കയറ്റിക്കൊന്ന നിസാം എന്ന നരാധമന്‍ ഇന്നും ജീവനോടെയിരിക്കുന്നു. മനുഷ്യനെ കൊന്ന കടുവയും, മനുഷ്യനെ കൊന്ന മനുഷ്യനും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന ചോദ്യത്തിന് ഉത്തരം തരുന്ന കാര്യത്തില്‍ ഭരണകൂടം നമ്മെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

കുറ്റകൃത്യത്തിന്റെ സ്വഭാവമല്ല ഇന്ന് അതിനുള്ള ശിക്ഷ നിര്‍ണയിക്കുന്നത്. അതു കൊണ്ടാണല്ലോ എല്ലാ തവണയും തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പിടിച്ചുപ്പറി കേസ് മുതല്‍ കൊലപാതക കേസില്‍ വരെ പ്രതികളായവരുടെ ഫോട്ടോകള്‍ ജയില്‍ റജിസ്റ്ററില്‍ വരുന്നതിന് പകരം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഭരണകൂടത്തിന്റെ അനാസ്ഥ കൊണ്ട് വിചാരണതടവുകാരായി വര്‍ഷങ്ങളോളം തടവില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന നിരപരാധികളെ ഒന്നു പോയി കാണാന്‍ ഔദ്യോഗിക വാഹനത്തിന്റെ ഡീസല്‍ കത്തിക്കാന്‍ മടിക്കുന്ന സമുന്നതനേതാക്കള്‍ നിസാമിനെ പോലെയുള്ള നരാധമന്‍മാര്‍ക്ക് വേണ്ടി ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ ഖജനാവില്‍ നിന്നും പണം ചെലവിടുന്ന (വിരോധ)ആഭാസത്തിന് നേതൃത്വം നല്‍കുന്നത്.

നാം ഉയര്‍ത്തുന്ന പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദങ്ങള്‍ക്ക് മുഴക്കം കുറയുമ്പോഴാണ് നിസാമുമാരുടെ കഴുത്തിലെ നിയമത്തിന്റെ കുരുക്കുകള്‍ക്ക് മുറുക്കം കുറയുന്നതെന്ന് മനസ്സിലാക്കുക.

Related Articles