Current Date

Search
Close this search box.
Search
Close this search box.

വ്യാജരക്തത്തിന്റെ പ്രചാരകര്‍ അധികാരത്തിലേറുമ്പോള്‍

വിശുദ്ധ ഖുര്‍ആനിലെ 12 ാം അധ്യായത്തില്‍ മഹാനായ ഒരു പ്രവാചകന്റെ ചരിത്രം അതിസുന്ദരമായ ഒരു കഥാ വിവരണമായാണ് നമുക്ക് പാരായണം ചെയ്യാന്‍ സാധിക്കുക. ഏറ്റവും നല്ല കഥ എന്നതിനെ വിശേഷിപ്പിച്ചതും ഖുര്‍ആന്‍ തന്നെയാണ്. വളരെ ചെറിയ പ്രായം തൊട്ട് ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഉറ്റവരുള്‍പ്പെടെ പലരും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചിട്ടും അല്ലാഹു ഉയര്‍ത്താന്‍ തീരുമാനിച്ച ഒരു മനുഷ്യന്‍, ഒരു പ്രവാചകന്‍ ഒടുവില്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായ മനോഹരമായ കഥാപാഠമാണ് സൂറ: യൂസുഫ്. പൊട്ടക്കിണിറ്റില്‍ നിന്നും അധികാരക്കസേരയിലേക്കുള്ള യൂസുഫ് നബിയുടെ പ്രയാണം.
പ്രവാചകന്‍ യൂസുഫ് (അ)നെ തന്റെ സഹോദരങ്ങള്‍ പൊട്ടക്കിണറ്റിലെറിഞ്ഞ സന്ദര്‍ഭത്തെ വിശുദ്ധഖുര്‍ആന്‍ വിശദീകരിക്കുന്നു. അവര്‍ അദ്ദേഹത്തെ കിണറ്റിലെറിയുകയും എന്നിട്ട് അദ്ദേഹത്തെ ചെന്നായ പിടിച്ചെന്ന കള്ളക്കഥ ചമഞ്ഞുണ്ടാക്കുകയും ചെയ്തതായി ഖുര്‍ആന്‍ പറയുന്നു. തങ്ങളുടെ വ്യജ വെളിപ്പെടുത്തലിന് തെളിവായി അവര്‍ കൊണ്ടുവന്നതാകട്ടെ യൂസുഫ് നബിയുടെ കൃത്രിമ രക്തം പുരണ്ട വസ്ത്രവും.(യൂസുഫ്:18). തങ്ങള്‍ ആഴക്കയത്തിലേക്ക് തള്ളിയിട്ട ദുര്‍ബലനായ ഈ കൊച്ചു പയ്യന്‍ നാളെ തങ്ങളുടെ മുമ്പില്‍ ഒരു ഭരണാധികാരിയായി മാറുമെന്നും തങ്ങളുടെ വ്യാജ വെളിപ്പെടുത്തലുകളെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും അവരോട് സംസാരിക്കുമെന്നും അവര്‍ ധരിച്ചിരുന്നില്ലെന്നും ഖുര്‍ആന്‍ പറയുന്നു.

ഇന്ന്, വ്യാജ ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയെന്നോണം നടക്കുകയും കൃത്രിമ രക്തം പുറണ്ട വസ്ത്രങ്ങള്‍ (തോക്കായും താടിയായും ചിലരുടെ മേല്‍ ചേര്‍ത്തു വച്ച വസ്ത്രങ്ങള്‍) പുതച്ച് രാജ്യത്തിന്റെ വിവിധ തെരുവുകളില്‍ കിടക്കുന്ന നിസ്സഹായരുടെ മൃതദേഹങ്ങള്‍ പത്രങ്ങളുടെയും മീഡിയകളുടെയും ആധികാരിക തെളിവുകളാകുമ്പോള്‍, അത്തരം കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ അധികാരത്തിലേറുമ്പോള്‍ മഹാനായ യഅഖൂബ് നബി(അ)യുടെ മറുപടിയാണ് വിശ്വാസികള്‍ ഓര്‍ക്കേണ്ടത്. വ്യാജ രക്തത്തിന്റെ തെളിവുമായി തന്റെ മുമ്പില്‍ വന്ന മക്കളോട് യഅഖൂബ് നബി (അ) നല്‍കുന്ന മറുപടി നന്നായി ക്ഷമിക്കാനും നിങ്ങള്‍ പറഞ്ഞുണ്ടാക്കിയ ഈ വിഷയത്തില്‍ അല്ലാഹുവില്‍ സഹായമര്‍ത്തിക്കാനുമാണ് എന്റെ തീരുമാനം എന്നതാണ്. (യൂസുഫ് :18)
അതിനാല്‍, ഫാഷിസത്തിന്റെ അധികാരാരോഹണത്തില്‍ അന്ധാളിച്ചു നില്‍ക്കാതെ, ഇതൊരു പുതിയ സംഭവമല്ലെന്നും അല്‍പം നന്നായി ക്ഷമിച്ചു കാത്തിരുന്നാല്‍ ഇതിന്റെ മറുപുറം അല്ലാഹു കാട്ടിത്തരുമെന്ന ആത്മവിശ്വാസം വിശ്വാസിക്കുണ്ടാകണം. പ്രത്യക്ഷത്തിലെ നഷ്ടങ്ങള്‍ വരാനിരിക്കുന്ന, ഒരു വലിയ നേട്ടത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന തിരിച്ചറിവുണ്ടാകുമ്പോഴെ വിശ്വാസിയുടെ തവക്കുല്‍ അര്‍ഥപൂര്‍ണ്ണമാകൂ. കിണറ്റില്‍ കിടന്ന യൂസുഫ് നബിയും മകനെ നഷ്ടപ്പെട്ട യഅഖൂബ് നബിയും നഷ്ട സന്ദര്‍ഭത്തില്‍ കാട്ടിയ ആ തവക്കുലാകണം ഫാഷിസത്തിന്റെ തേര്‍വാഴ്ചയില്‍ വിശ്വാസിയുടെ ആയുധവും പ്രതീക്ഷയും.

Related Articles