Current Date

Search
Close this search box.
Search
Close this search box.

വേണം മലയാളിക്കൊരു ജലനയം

water-glass.jpg

യാദൃയ്ശ്ചികമായി ഇന്നലെ ആറുമണിക്ക് ശേഷം ഉറങ്ങിപ്പോയി. കാലത്തു നേരത്തെ എഴുനേറ്റതായിരുന്നു. പിന്നെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ജോലി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത ക്ഷീണം. മഗ്‌രിബ് നമസ്‌കാര ശേഷം ഒന്ന് നടക്കാനിറങ്ങി. മാവൂര്‍ റോഡിലെ പതിവ് കാഴ്ചകള്‍ കണ്ടു നടത്തം തുടര്‍ന്നു. ഇപ്രാവശ്യം ബേബി ആശുപത്രിയുടെ ഭാഗത്തേക്കാണ് നടന്നത്. പാലത്തിനു താഴെ പൈപ്പ് പൊട്ടി വെള്ളം ശക്തിയായി പുറത്തേക്കു വരുന്നു. എല്ലാവരും ശ്രദ്ധിക്കാതെ കടന്നു പോകുന്നു. ഒരാള്‍ മാറി നിന്ന് എന്തോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. പക്ഷെ പട്ടണത്തിന്റെ തിരക്കില്‍ ആര് കേള്‍ക്കാന്‍. അടുത്ത് ചെന്ന് ഞാന്‍ കാര്യം അന്വേഷിച്ചു. ജലം പാഴായി പോകുന്നതില്‍ അയാളുടെ ഉത്കണ്ഠ അയാളുടെ ഭാഷയില്‍ അയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു കേപ്പ് ടൌണ്‍ നിവാസി. കേരളം കാണാന്‍ വന്നതാണ്. രണ്ടു ദിവസമായി കോഴിക്കോട് വന്നിട്ട്. ഇന്ന് വൈകീട്ട് പട്ടണം വിടും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജല ദൗര്‍ബല്യം അനുഭവിക്കുന്ന പട്ടണമാണ് കേപ്പ് ടൌണ്‍. മുപ്പതു ലിറ്റര്‍ വെള്ളം കൊണ്ട് ഒരു കുടുമ്പം ഒരു ദിവസം ജീവിക്കണം എന്നതാണ് അവിടുത്തെ നിയമം. തൊണ്ണൂറു സെക്കന്റില്‍ കൂടുതല്‍ കുളിക്കാന്‍ പാടില്ല. നേരം വെളുത്താല്‍ ഒരു ജനതയുടെ ആശങ്ക ജലത്തെ കുറിച്ചാണ്. സന്ദര്‍ശകര്‍ വീട്ടില്‍ വന്നാല്‍ ഒന്നും കുടിക്കാതെ പോകുക എന്നത് അവിടെ ഒരു സ്ഥിരം ഏര്‍പ്പാടാണത്രെ. അത്ര മേല്‍ ജലത്തെ കുറിച്ച് ആ ജനത ജാഗ്രത പുലര്‍ത്തുന്നു. ആരും നോക്കാനില്ലാതെ പൈപ്പ് പൊട്ടി പുറത്തു പോകുന്ന ജലത്തെ കുറിച്ചു ആവലാതിപ്പെടാന്‍ നമുക്ക് സമയമില്ലെങ്കിലും അത് അനുഭവിച്ച ഒരാളുടെ ആശങ്ക കുറച്ചു സമയം പങ്കു വെച്ചു.

അപ്പോഴാണ് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന് തീരുമാനിച്ചത്. വളരെ പേടിപ്പിക്കുന്ന കാര്യം ലോകത്തിലെ ജല ദൗര്‍ബല്യം നേരിടുന്ന പത്തു പട്ടണങ്ങളില്‍ രണ്ടാം സ്ഥാനത്തു നമ്മുടെ ബാഗ്ലൂര്‍ കൂടിയുണ്ട് എന്നറിഞ്ഞപ്പോഴാണ്.  വെള്ളമുണ്ട് എന്നത് മാത്രമാണ് മറ്റു ഗ്രഹങ്ങളില്‍ നിന്നും ഭൂമിയെ വ്യത്യസ്തമാകുന്നത്. ജീവന്റെ നിലനില്‍പ്പിനു ആധാരം വെള്ളവും വായുവും. അത് രണ്ടും അവസാനിച്ചാല്‍ പിന്നെ ഭൂമി മറ്റൊരു ചൊവ്വയാകും. നാം നഷ്ടപ്പെടുത്തികളയുന്ന ജലത്തിന്റെ തോത് വളരെ കൂടുതലാണ്.  ഇപ്പോള്‍ നാം അത് അറിയാന്‍ സാധ്യത കൂടുതലാണ്. മലയാളിക്ക് ഒരു പുതിയ ജലനയം ആവശ്യമാണ്.  ജീവന്റെ നില നില്‍പിനു ആധാരമായ ഒന്നിനോട് നാം ഈ നിലപാട് സ്വീകരിച്ചാല്‍ പോരാ.

എല്ലാ ജീവികള്‍ക്കും ജലം അത്യാവശ്യം. പക്ഷെ മനുഷ്യന്‍ ഒഴികെ മറ്റൊരു ജീവിയും ജലം ആവശ്യത്തിന് കൂടുതല്‍ ഉപയോഗിക്കുന്നില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം.  

പൊട്ടിയ പൈപ്പില്‍ നിന്നും അപ്പോഴും വെള്ളം പോയിക്കൊണ്ടിരുന്നു. അതും പട്ടണ മധ്യത്തില്‍. വണ്ടി വന്നപ്പോള്‍ അയാള്‍ യാത്ര പറഞ്ഞു പോയി. തന്റെ നാടിനു വന്ന അവസ്ഥ മറ്റാര്‍ക്കും വരരുത് എന്ന ആഗ്രഹമാണ് അയാളെ എങ്ങിനെയെങ്കിലും പ്രതികരിക്കാന്‍ പ്രേരിപ്പിച്ചതും. കണ്ടാല്‍ അറിയാത്തവര്‍ കൊണ്ടാലും അറിയില്ല.

 

Related Articles