Current Date

Search
Close this search box.
Search
Close this search box.

വെടിവെച്ചാലും തീവ്രവാദ പേരു വിളിച്ചാലും സ്ഥാനക്കയറ്റം!

ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും മുഖം നന്നാക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നേടാനും വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക എന്നത് ഇന്ന് നമ്മുടെ നാട്ടിലെ പോലീസ് – സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു ‘ട്രന്റാ’ണ്. ഏറ്റമുട്ടലുകള്‍ക്ക് തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും നിറം നല്‍കിയാല്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന് മാത്രമല്ല അതിന് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ കിട്ടുമെന്ന ധൈര്യവും വ്യാജ ഏറ്റുമുട്ടലുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കാശ്മീരിലെ പത്രിബല്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട സൈനിക കോടതി വിധി അതിന്റെ തെളിവാണ്. കേസില്‍ കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയവരെ സൈനിക കോടതി വെറുതെ വിട്ടിരിക്കുന്നു. ഭരണകൂട ഭീകരതയുടെ നഗ്നമായ അഴിഞ്ഞാട്ടമായ വ്യാജ ഏറ്റുമുട്ടലുകള്‍ ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് കൂടുതലും നടക്കുന്നത്. എന്നാല്‍ സ്ഥാനക്കയറ്റവും സര്‍ക്കാര്‍ ബഹുമതികളും പ്രതീക്ഷിച്ച് ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപ്പക്കാരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് കൊലപ്പെടുത്തുകയും ഇരുട്ടറകളില്‍ തള്ളുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ ഭരണകൂട ഭീകരത കേരളത്തിന്റെ മണ്ണിലും തീരെ ഇല്ലെന്നു പറയാനാവില്ല.

ഏതാനും ദിവസം മുമ്പ് പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ പങ്കെടുക്കാനായി മലപ്പുറത്ത് നിന്നും വന്ന വിദ്യാര്‍ഥികളെ തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ച് വിവാദം സൃഷ്ടിച്ച ഡി.വൈ.എസ്.പിക്ക് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാര്‍ നടപടി നല്‍കുന്ന അപകടകരമായ സൂചന മറ്റൊന്നുമല്ല. എട്ടിലും ഒമ്പതിലും പഠിക്കുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ തീവ്രവാദികളെന്ന് വിളിക്കുകയും പരിപാടി നടക്കുന്ന വേദിയുടെ പുറത്തേക്ക് തള്ളി മാറ്റുകയും ചെയ്ത ഡി.വൈ.എസ്.പി യുടെ നടപടി അന്ന് തന്നെ വിവാദമായിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.കെ.പി മറിയുമ്മ സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കുകയും എം.എല്‍.എമാരടക്കം പല പ്രമുഖരും പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടും വിവാദ ഡി.വൈ.എസ്.പിക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുകയാണ് കേരള ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സ്ഥാനക്കയറ്റ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളതും ഈ വിവാദ ഡി.വൈ.എസ്.പി തന്നെ. മുമ്പും നമ്മുടെ കേരളത്തില്‍ സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്. അതും പാലക്കാടു തന്നെ! 1991 ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ഏകതായാത്രയോടനുബന്ധിച്ച് പാലക്കാട് ആസൂത്രിതമായി അരങ്ങേറിയ സംഘട്ടനത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ സിറാജുന്നീസ എന്ന നിരപരാധി പെണ്‍കുട്ടി കൊല്ലപ്പെടാന്‍ ഇടയായ വിവാദ സംഭവത്തിന് കാരണക്കാരനായ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കാനല്ല മറിച്ച്, ഡി.ജി.പി യാക്കി ഉയര്‍ത്തുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. അന്നും ഇന്നും ഭരണത്തിലിരിക്കുന്നത് മുസ്‌ലിം ലീഗുള്‍പ്പെടുന്ന വലതു പക്ഷം തന്നെ!

ആഗോള സാമ്രാജ്യത്വവും സയണിസ്റ്റ് ലോബികളും പടച്ചുവിടുന്ന ഇസ്‌ലാമോഫോബിയക്ക് അടിപ്പെട്ട് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പോലീസുകാരും സൈനിക ഉദ്യോഗസ്ഥരും രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ തീവ്രവാദികളാക്കിയും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുമ്പോള്‍ സര്‍ക്കാറുകള്‍ അതിന് കൂട്ടുനില്‍ക്കുന്നതാണ് ഏറ്റവും വലിയ അപകടം. രാജ്യത്ത് വ്യാജ ഏറ്റുമുട്ടലുകള്‍ വര്‍ധിക്കുന്നതും ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ പെരുകുന്നതും ഭരണകൂടത്തിന്റെ സംരക്ഷണം ലഭിക്കും എന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ മാത്രം രാജ്യത്ത് 555 വ്യാജ ഏറ്റുമുട്ടലുകളുണ്ടായിട്ടും ഇതിനൊന്നിനും കാരണക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഉത്തരവാദികളായ പല ഉദ്യോഗസ്ഥരും സര്‍ക്കാറിന്റെ പ്രശസ്തി പത്രം വാങ്ങി ഉന്നത ഉദ്യോഗങ്ങളില്‍ എത്തിപ്പെടുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ തന്നെ 260 ല്‍ പരം മുസ്‌ലിംകളുടെ ഈ മെയില്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു കൊണ്ടുവന്നപ്പോള്‍ അതിനുത്തരവാദികളായവര്‍ക്കെതിരെ ചെറുവിരലനക്കുന്നതിന് പകരം വാര്‍ത്ത പുറത്തു കൊണ്ടുവന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതുപോലെ, ശിരോവസത്രത്തിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ നിരന്തരം വിവേചനത്തിനിരയാകുമ്പോള്‍ അതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുതിരാത്ത സര്‍ക്കാര്‍ അതിനെതിരെ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് സെര്‍ക്കുലറിക്കിയതും നാം കണ്ടതാണ്. അതുകൊണ്ട് തന്നെ, ശിരോവസ്ത്ര വിവാദം നമ്മുടെ നാട്ടില്‍ നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗത്തെ എക്കാലത്തും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സര്‍ക്കാറുകളുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഈ വിവേചനവും ക്രൂരതകളും രാഷ്ട്ര പുരോഗതിക്കാണ് വിഘാതം സൃഷ്ടിക്കുക. രാജ്യത്തെ എല്ലാവിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കാനും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാനും കേന്ദ്ര-കേരള സര്‍ക്കാറുകള്‍ സന്നദ്ധമാകേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ സന്തുലിതമായ പുരോഗതിക്കും രാജ്യത്ത് സമാധാനം നിലനിര്‍ത്താനും അതത്യാവശ്യവുമാണ്.

Related Articles