Current Date

Search
Close this search box.
Search
Close this search box.

വിസ നിഷേധവും ഇസ്രയേലും

അമേരിക്കയുമായി ടൈഅപ്പുള്ള ഇസ്രയേല്‍ പത്രപ്രവര്‍ത്തകന്‍ മിഖായേലിന് വിസ നിഷേധിക്കുക വഴി ബ്രദര്‍ഹുഡിനെ ഭീകരവാദപ്പട്ടികയില്‍ ഉള്‍പെടുത്തിയതോടെ നഷ്ടപ്പെട്ട തങ്ങളുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഒരു പക്ഷെ സഊദിക്ക് കഴിഞ്ഞേക്കും. വിസ നിഷേധം പക്ഷെ ഒബാമക്ക് പിടിച്ചിട്ടില്ല. മിഖായേല്‍ ഒരു അമേരിക്കന്‍ പൗരനാണെന്ന് മാത്രമല്ല ഇസ്രയേലിലെ ഏക ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണദ്ദേഹം. ഇങ്ങനെ പോകുന്നു സഊദിക്കെതിരെയുള്ള പരിഭവങ്ങള്‍.

ഒബാമ സഊദിയുടെ തീരുമാനത്തെക്കുറിച്ച് പറഞ്ഞത് ‘ദൗര്‍ഭാഗ്യകരമായ തീരുമാനമെന്നാണ്’. സഊദി വലിയ പാതകം ചെയ്തുവെന്നാണ് ഇത് കേട്ടാല്‍ തോന്നുക. സഊദി ഒരു പത്രപ്രവര്‍ത്തകന് വിസനിഷേധിച്ചിട്ടേയുള്ളു. അതായത് സഊദിയില്‍ വന്ന് ഒബാമക്കൊരുക്കുന്ന വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞു. (സഊദി അത്രയെങ്കിലും പറഞ്ഞത് വലിയ കാര്യം) എന്നാല്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈജിപ്തടക്കമുള്ള രാജ്യങ്ങളില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ജയിലിലുണ്ട്. അല്‍ജസീറയടക്കമുള്ള മുന്‍ നിര ചാനലുകളുടെ പത്രപ്രവര്‍ത്തകന്‍ ജയിലിലായപ്പോള്‍ പറയാത്ത മാധ്യമ സ്വാതന്ത്ര്യം ഇപ്പോള്‍ ഒബാമക്ക് പറയേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് നമുക്ക് മനസിലാകുന്നില്ല. പത്രപ്രവര്‍ത്തകരുടെ അവകാശത്തിനായി നില കൊള്ളുന്ന ‘റിപ്പോര്‍ട്ടേര്‍സ് വിതൗട്ട് ബോര്‍ഡേസ’് പോലുള്ള സംഘടനകളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് ഇസ്രയേലുമാണ്. അവരുടെ കണക്ക് പ്രകാരം ഏകദേശം 320 ഓളം മാധ്യമ പ്രവര്‍ത്തകരാണ് ഇസ്രയേലിലെ തടവറകളിലുള്ളത്. അവരില്‍ അധികമാളുകളും അറബികളാണ്. പത്തുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന പലരുടെയും വിചാരണ ഇതുവരെ നടന്നിട്ടുമില്ല. .

മുമ്പ് വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രയേല്‍ വിലക്കേര്‍പെടുത്തിയപ്പോള്‍ അമേരിക്ക അതിനെ ന്യായീകരിച്ചത് അത് ഇസ്രയേലിന്റെ ‘പരമാധികാര’ ത്തിന്റെ ഭാഗമാണെന്നായിരുന്നു. അതു പോലെ തന്നെ പണ്ട് അറബ് വംശജരായ അമേരിക്കന്‍ പൗരന്മാരെ ഇസ്രയേല്‍ എയര്‍പോട്ടില്‍ തടഞ്ഞ് വെച്ചപ്പോള്‍ അമേരിക്കക്ക് മിണ്ടാന്‍ നാവില്ലായിരുന്നു. സഊദി വിസ നിഷേധിച്ചത് ജൂത വംശീയത കാത്ത് സൂക്ഷിക്കുന്ന ഇസ്രയേലിലെ പത്രപ്രവര്‍ത്തകനല്ലായിരുന്നുവെങ്കില്‍ അതിന് വലിയ പ്രസക്തിയും പത്രത്തോട് സഹതാപവും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വിദേശീയരായ പത്രപ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിക്കുന്ന ഇസ്രയേലിലെ പ്രധാന ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ക്ക് വിസ നിഷേധിച്ചത് ഒരര്‍ത്ഥത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി കരുതാവുന്നതാണ്.

Related Articles