Current Date

Search
Close this search box.
Search
Close this search box.

വിശ്വാസം വിറ്റു കാശാക്കുന്നവര്‍

നമ്മുടെ സമൂഹം കുറെ കാലമായി, കഴിഞ്ഞ മൂന്ന് ദശകത്തില്‍ പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അതേസമയം മറ്റൊരു വശത്ത് മതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെത്തന്നെ മുഖ്യ ചര്‍ച്ചയാകുന്നതും നാം കാണുന്നു. ദൈവിക ശക്തി സ്വയം അവകാശപ്പെട്ട് രംഗത്തു വന്ന ആയിരക്കണക്കിന് ആള്‍ദൈവങ്ങളെയും നാം കാണുന്നു. അവര്‍ സ്വയം ചില വാദങ്ങള്‍ അങ്ങനെ നടത്തുന്നു. പലപ്പോഴും ഭരണകൂടവും സമൂഹവും അവര്‍ക്ക് പ്രത്യേക പദവി വച്ചു നീട്ടുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഠിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ സംഭവം ഇത്തരം കാര്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ കേസില്‍ ബാപ്പുവിന്റെ അറസ്റ്റ് പെട്ടെന്ന് നടപ്പാക്കാവുന്നതായിരുന്നു. പക്ഷെ പോലീസ് വളരെ നല്ല സമയത്തിനു വേണ്ടി കാത്തിരിക്കുകയും ബാപ്പുവിനെ അറസ്റ്റ് ചെയ്യല്‍ വിഷമമുള്ള ഒരു കാര്യമായി ചിത്രീകരിക്കുന്ന ഒരു നാടകം കളിക്കുകയും ചെയ്തു. അറസ്റ്റ് നടക്കാതിരിക്കാന്‍ ബാപ്പു പല അടവും പയറ്റി നോക്കി. താന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ള ആളാണെന്നും തന്റെ ബന്ധു മരണപ്പെട്ടെന്നും തുടങ്ങി കുറെ ന്യായങ്ങള്‍ നിരത്തിനോക്കിയെങ്കിലും ഒടുവില്‍ അയാള്‍ക്ക് നിയമത്തിന്റെ മുമ്പില്‍ കീഴടങ്ങേണ്ടി വന്നു. ആഗസ്റ്റ് 31 ന് തന്റെ ആശ്രമത്തില്‍ നിന്നും അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ശിഷ്യഗണങ്ങളുടെ എണ്ണം, സമ്പത്ത്, ആശ്രമങ്ങളുടെ എണ്ണം തുടങ്ങിയവയൊക്കെ പരിഗണിച്ചാല്‍ ആശാറാം ബാപ്പു ആള്‍ ദൈവങ്ങളുടെ കൂട്ടത്തില്‍ മുന്തിയ ആളാണ്. രാജ്യത്തെ സ്വാധീന ശക്തികളായ കുറെയാളുകള്‍ ശിഷ്യഗണങ്ങളായുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പ് കണക്കു കൂട്ടലുകളില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്താലാകാം അറസ്റ്റിന്റെ കാര്യത്തില്‍ ഇടപെടാന്‍ ആരും മുന്നോട്ട് വന്ന് കണ്ടില്ല. ഇതാദ്യമല്ല ആശാറാമിനെതിരെ കുറ്റകൃത്യങ്ങളെക്കുറിച്ച ആരോപണമുന്നയിക്കപ്പെടുന്നത്. ഇതിനു മുമ്പും ഭൂമി കൈയ്യേറ്റം തുടങ്ങിയ കേസുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ അത് നിയമത്തിന്റെ വലയത്തില്‍ പെടാതെ വിശ്രമിച്ചു. ചിന്ദ്‌വാരയിലെയും അഹമ്മദാബാദിലെയും ആശ്രമങ്ങളില്‍ വച്ച് രണ്ടു വീതം ആണ്‍കുട്ടികള്‍ മരണപ്പെട്ട വിഷയം തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി മായ്ചുകളഞ്ഞു ഈ ദൈവമനുഷ്യന്‍.
 ഈ വിഷയത്തില്‍ ബാപ്പുവിനെ മാത്രം കുറ്റപ്പെടുത്തുന്നത് അയാളോട് ചെയ്യുന്ന അനീതിയാണ്. ഇവിടെ നഗ്നരായവരില്‍ ബാപ്പുവിനെക്കൂടാതെ വേറെയും ദൈവമനുഷ്യരുണ്ട്. സമ്പത്ത് കുമിഞ്ഞു കൂടിയ ആശ്രമങ്ങളിലിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരായി അങ്ങനെ കുറെ പേര്‍. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ഇത്തരം പേരുടെ ലിസ്റ്റ് എടുത്താല്‍ അത് വളരെ നീളമുള്ളതാകും. അവരുടെ ഇടയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കൃഷ്ണന്റെ പുനരവതാരമായി സ്വയം വിശേഷിപ്പിക്കുന്ന നിത്യനാന്ദ മഹാരാജാണ്. ഇത്തരം ആളുകള്‍ നയിക്കുന്ന ആര്‍ഭാട ജീവിതശൈലി തന്നെ പറഞ്ഞു നടക്കുന്ന ആത്മീയ സന്തോഷങ്ങളെക്കാള്‍ അവര്‍ പ്രാധാന്യം കല്‍പിക്കുന്നത് ഭൗതിക സന്തോഷങ്ങള്‍ക്കാണെന്ന് നമ്മോട് പറയുന്നു.
ഇത്തരം കള്ള ബാബമാര്‍ ‘സന്യാസി’ എന്ന പദം ഉപയോഗിക്കുന്നത് തന്നെ ചര്‍ച്ച ചെയ്യേണ്ടതാണ്. പഴയ കാല സന്യാസിമാരെക്കുറിച്ച് നാമൊന്നാലോചിച്ചു നോക്കുക..കബീര്‍, തുക്കാറാം, തുടങ്ങിയവര്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്നും വന്ന് അവര്‍ക്ക് വേണ്ടി പണിയെടുത്ത് നന്മയുടെ വഴിയില്‍ ജീവിച്ചവരായിരുന്നു. സമൂഹത്തിന്റെ വഴിതെറ്റിയുള്ള സഞ്ചാരത്തെ നിരൂപണം നടത്തുകയും അസമത്ത്വം തുടങ്ങി തെറ്റുകളെ ചോദ്യം ചെയ്യുകയും ചെയ്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികളോട് തങ്ങളുടെ രോഷം പ്രകടിപ്പിക്കാന്‍ അവര്‍ മടിച്ചു നിന്നില്ല. അധികാരത്തിലിരിക്കുന്നവരോട് അകന്നു നിന്നവരായിരുന്നു അവര്‍ എന്നു മാത്രമല്ല, പലപ്പോഴും അധികാരി വര്‍ഗം അവരെ ക്രൂരമായി പീഠിപ്പിക്കുകയും ചെയ്തു. പ്രമുഖ സൂഫികള്‍ തങ്ങളുടെ മുമ്പില്‍ വച്ചു നീട്ടിയ ഭൗതിക സുഖങ്ങളെ നിരാകരിച്ചവരായിരുന്നു.
എന്നാല്‍ നിലവില്‍ സന്യാസിമാരും പുരോഹിതന്‍മാരുമായി നടക്കുന്നവര്‍ വലിയ തുകകള്‍ സംഭാവ പിരിക്കലാണ് തങ്ങളുടെ തൊഴിലെന്ന പോലെയാണ് ജീവിക്കുന്നത്. ഇത്തരം അധികാരികള്‍ക്ക് വേണ്ടി ആത്മീയതയെ അവര്‍ കച്ചവടം ചെയ്യുന്നു. തങ്ങള്‍ക്കായി ആര്‍ഭാടത്തിന്റെ ജീവിതഭവനം അവര്‍ അങ്ങനെ കെട്ടിപ്പൊക്കുന്നു. ഇന്ത്യയില്‍ ജനങ്ങള്‍ മതങ്ങളുമായി അത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്നു കാണാം.
നിലവില്‍ മതം പറയുന്ന ആദര്‍ശങ്ങള്‍ക്കനുസരിച്ചല്ല ദൈവമനുഷ്യരും ആത്മീയ ഗുരുക്കളും സഞ്ചരിക്കുന്നത് എന്നതാണ് വസ്തുത.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളൊന്നും തന്നെ ഇവരില്‍ യാതൊരു അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ല. ചില മാജിക്കുകളും പാട്ടുകളുമൊക്കെയാണ് ഇവരുടെ ആത്മീയ പ്രവര്‍ത്തനങ്ങളായി കാണപ്പെടുന്നത്. ഇവിടെ ആത്മീയ ഗുരുക്കളെ നമുക്ക് രണ്ടായി തിരിക്കാന്‍ സാധിക്കുകയാണ്. സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും നന്മക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ഒരു വിഭാഗം. സ്വന്തം ഭൗതിക സുഖത്തിനു വേണ്ടി മതത്തെയും മതചിഹ്നങ്ങളെയും കച്ചവടം ചെയ്ത മറ്റൊരു വിഭാഗം. തിന്മയോട് കണ്ണടക്കുന്ന ഇത്തരം ആത്മീയ തമ്പുരാക്കന്മാരെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇഷ്ടം. ബി. ജെ. പി ബാബയെ പിന്തുണക്കാന്‍ മുന്നിട്ടു വന്നപ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തന്ത്രപൂര്‍വ്വം മൗനം പാലിച്ചതായി കണ്ടു. ഇനി അഥവാ അറസ്റ്റ് ചെയ്താല്‍ തന്നെയും വളരെ പെട്ടെന്ന് പരിക്കൊന്നുമില്ലാതെ അവര്‍ തിരിച്ചു വരുകയും ചെയ്യുന്നു. ഇനിയും ഇതിന്റെ വൈരുധ്യം നാം കാണുന്നത് ഇത്തരം ആളുകള്‍ രാഷ്ട്രീയ പ്രശ്‌നങ്ങളിലൊക്കെ ഇടപെടുന്നിടത്താണ്. അവര്‍ ജനങ്ങളുടെ വിശ്വാസത്തെ സുന്ദരമായി തങ്ങളുടെ കുടില തന്ത്രത്തിന് വേണ്ടി ഉപയോഗിക്കുന്നു. മതവും വിശ്വാസവും അവര്‍ക്ക് എല്ലാറ്റിലും നിന്നും രക്ഷപ്പെടാനുള്ള പരിചയാകുകയും ചെയ്യുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും യഥാര്‍ഥ അര്‍ഥത്തെക്കുറിച്ചും സാമൂഹ്യ ഉള്ളടക്കത്തെക്കുറിച്ചും മനസ്സിലാക്കുന്നതിലൂടെ മാത്രമെ ഇതിനു പരിഹാരം കണ്ടെത്താന്‍ സാധിക്കൂ..

വിവ: അത്തീഖുറഹ്മാന്‍

Related Articles