Current Date

Search
Close this search box.
Search
Close this search box.

വിയോജിക്കുന്നവരെ വ്രണപ്പെടുത്താതിരിക്കുക

ബന്ധങ്ങള്‍ ചേര്‍ക്കുകയും വളര്‍ത്തുകയും ചെയ്യുന്നതില്‍ പ്രധാന ഘടകമാണ് വിയോജിക്കുന്നവരെ ആക്ഷേപിക്കുകയോ വ്രണപ്പെടുത്താതിരിക്കുകയോ ചെയ്യാതിരിക്കുകയെന്നത്. നിന്റെ വീക്ഷണത്തില്‍ തെറ്റുപറ്റിയവനാണെങ്കില്‍ പോലും അവര്‍ക്കെതിരെ കാരണം ചികയരുത്. അവന്റെ അടുത്ത് അവന്റെ അഭിപ്രായം ശരിയും, നിന്റെ അഭിപ്രായം തെറ്റുമാണ്. ഇജ്തിഹാദുകളില്‍ രണ്ടില്‍ ഒരഭിപ്രായം ശരിയെന്ന് ഉറപ്പിച്ച് പറയാന്‍ സാധ്യമല്ല. ഈ മേഖലയില്‍ ഒരഭിപ്രായത്തെ മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‍കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് ഖണ്ഡിതമായിരിക്കില്ല. അതില്‍ തെറ്റുപറ്റിയെന്ന് ആരോപിച്ച് ആക്ഷേപിക്കാവതല്ല. അവന്റെ തെറ്റ് വിട്ടുവീഴ്ച്ച ചെയ്യപ്പെടേണ്ടതാണെന്ന് മാത്രമല്ല, ഹദീസ് പറയുന്നത് പ്രകാരം പ്രതിഫലത്തിന് അര്‍ഹനാക്കുന്നത് കൂടിയാണ്.

അല്ലാഹുവിന്റെ പക്കല്‍ നിന്ന് പ്രതിഫലം കിട്ടുന്ന ഒരാളെ എങ്ങനെയാണ് ആക്ഷേപിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പൂര്‍വ്വികര്‍ സ്വീകരിച്ചിരുന്ന നിലപാട്. അവര്‍ പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. വിയോജിക്കുന്നതോടൊപ്പം പരസ്പരം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു അവര്‍. ഇവ്വിഷയകമായി പണ്ഡിതന്‍മാരുടെ മഹത്തായ മാതൃകകള്‍ നമുക്ക് കാണാനാവുന്നതാണ്. ഈജിപ്തിലെ പണ്ഡിതനും കര്‍മശാസ്ത്രജ്ഞവിശാരദനും ഇമാമുമായ ലൈസ് ബിന്‍ സഅദ് ഇമാം മാലികിന് അയച്ച കത്ത് ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. വളരെയധികം മാന്യതയോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. മാലികിന്റെ ധാരാളം അഭിപ്രായങ്ങളോട് ലൈസ് ബിന്‍ സഅദ് വിയോജിക്കുന്നുണ്ട്. വളരെ ദീര്‍ഘിച്ച കത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മര്യാദയെ കുറിക്കുന്ന ചില ഭാഗങ്ങള്‍ മാത്രമാണ് നാമിവിടെ ഉദ്ധരിക്കുന്നത്. ഈ ഉമ്മത്തിലെ പൂര്‍വ്വികരും മഹാപണ്ഡിതന്‍മാരും വിയോജിച്ചിരുന്നത് എങ്ങനെയായിരുന്നു എന്നത് മനസിലാക്കുന്നതിനാണത്. ലൈസ് ബിന്‍ സഅ്ദ് പറയുന്നു:

‘താങ്കള്‍ക്ക് രക്ഷയുണ്ടാവട്ടെ, അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു, അവനല്ലാതെ ഇലാഹില്ല. അല്ലാഹു എനിക്കും താങ്കള്‍ക്കും സൗഖ്യം നല്‍കട്ടെ. ഇഹത്തിലും പരത്തിലും നമ്മുടെ പര്യവസാനം നന്നാക്കുകയും ചെയ്യട്ടെ. താങ്കള്‍ക്ക് സുഖമെന്നറിയിച്ച കത്തുകിട്ടിയതില്‍ വളരെ സന്തോഷം. അല്ലാഹു അവന്റെ കരുണാ കടാക്ഷങ്ങളാല്‍ അതെന്നെന്നും നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യട്ടെ.’ തുടര്‍ന്ന് പറയുന്നു: ‘ആളുകള്‍ക്ക് പരിചിതമായ ഫത്‌വകള്‍ക്ക് വിരുദ്ധമായി ഞാന്‍ ഫത്‌വ നല്‍കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ഞാന്‍ ഫത്‌വ നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ് ഞാനും അവലംബിക്കുന്നത് എന്നതിനാല്‍ ഞാനും അതിന്റെ കാര്യത്തില്‍ ഭയക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ മദീനക്കാരെയാണ് പിന്‍പറ്റുന്നത്. കാരണം അവരിലേക്കാണ് ഹിജ്‌റ ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും അവരിലാണ്. എന്റെ ഫത്‌വകളില്‍ ശരിയെന്ന് തോന്നിയിട്ടുള്ളത് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്. മേല്‍പറഞ്ഞ കാരണങ്ങളുന്നയിച്ച് മദീനയിലെ പണ്ഡിതന്‍മാര്‍ക്ക് പതിവില്‍ കവിഞ്ഞ ശ്രേഷ്ഠതയൊന്നും കല്‍പ്പിക്കേണ്ടതില്ല. എന്നോട് യോജിക്കുന്ന ഫത്‌വകളാണെങ്കിലും ഞാനവരോട് യോജിക്കും. അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.’

പിന്നീട് ഇമാം മാലികുമായുള്ള തന്റെ വിയോജിപ്പിന്റെ വിഷയമായ മദീനക്കാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രാമാണികതയെ കുറിച്ച് ഇമാം ലൈഥ് വിശദീകരിച്ചു. പ്രവാചകന്റെ മദ്‌റസയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ധാരാളംപേര്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും പോയിട്ടുണ്ട്. താബിഉകളും അവര്‍ക്ക് ശേഷം വന്നവരും പല കാര്യങ്ങളിലും ഭിന്നിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് ഉദാഹരണമായി റബീഅഃ ബിന്‍ അബ്ദുറഹ്മാനെ കുറിച്ച ചില ആക്ഷേപങ്ങള്‍ പറയുന്നു. അതിലും വളരെ മാന്യത പുലര്‍ത്തുകയും പ്രതിയോഗിയുടെ ബുദ്ധിയെയും കഴിവിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിനും ഇമാം മാലികിനുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ നിരത്തുന്നു. മഴയുള്ളപ്പോള്‍ നമസ്‌കാരം ജംഅ് ആക്കല്‍, സാക്ഷികൊണ്ടും സത്യം കൊണ്ടുമുള്ള വിധി, മഹ്ര്‍ വൈകിപ്പിക്കുകയും വേര്‍പിരിയുമ്പോള്‍ മാത്രം അത് നല്‍കുകയും ചെയ്യല്‍, മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തില്‍ നമസ്‌കാരത്തെ മുന്തിക്കല്‍ തുടങ്ങിയ ഒട്ടേറെ വിയോജിപ്പുള്ള കാര്യങ്ങള്‍ പറയുന്നു. അദ്ദേഹം തന്റെ കത്ത് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ഇത്തരത്തിലുള്ള വേറെയും കാര്യങ്ങളുണ്ട്. ഞാന്‍ അവയെ ഒഴിവാക്കിയിരിക്കുകയാണ്. താങ്കള്‍ക്ക് അല്ലാഹു തൗഫീഖും ദീര്‍ഘായുസ്സും നല്‍കട്ടെ, അതിലൂടെ ആളുകള്‍ക്ക് പ്രയോജനമുണ്ടാകും. താങ്കളെ പോലുളളവരില്ലെങ്കില്‍ അത് നഷ്ടപ്പെടും. ഇതാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനം…………………….
പരസ്പരം നന്മ ആഗ്രഹിച്ചും വിട്ടുവീഴ്ചയോടുമാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. അല്ലാഹു നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ രക്ഷയും സമാധാനവും താങ്കളിലുണ്ടാവട്ടെ.’

ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളോട് വിയോജിക്കുന്നവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതാണ് കാണാറ്. വളരെ ദുഖകരമായ ഒരു വസ്തുതയാണത്. ദീന്‍ ഇല്ലാത്തവര്‍, ദേഹേച്ഛയെ പിന്തുടരുന്നവര്‍, ബിദഇകള്‍, വ്യതിചലിച്ചവര്‍, കപടര്‍ എന്നൊക്കെയാണവര്‍ പരസ്പരം വിശേഷിപ്പിക്കുന്നത്. പലപ്പോഴും പരസ്പരം കാഫിറാക്കുന്നിടത്തോളം വരെ അവ എത്താറുണ്ട്. ഇവരില്‍ പലരും പ്രകടമായ വിധികളില്‍ മാത്രം ഒതുക്കിയിരുന്നില്ല. അല്ലാഹുവിന് മാത്രമറിയുന്ന ഉദ്ദേശ്യങ്ങളും രഹസ്യങ്ങളുമെല്ലാം ആരോപണത്തിനുള്ള മാര്‍ഗമാക്കുന്നു. ആളുകളുടെ ഹൃദയങ്ങള്‍ പിളര്‍ത്തി അതിനുള്ളിലുള്ളത് എന്താണെന്ന് അറിഞ്ഞതുപോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ഇവരുടെ നാവുകളില്‍ നിന്ന് പൂര്‍വ്വികരായ പണ്ഡതരും ഹദീസ് പണ്ഡിതരും രക്ഷപ്പെട്ടിട്ടില്ല. കര്‍മശാസ്ത്ര ഇമാമുമാരെ പോലും ആക്ഷേപിക്കുന്നവരെ നമുക്ക് അവരില്‍ കാണാം.

അപ്രകാരം തന്നെ ഒരു മദ്ഹബില്‍ വിശ്വസിക്കുന്നവര്‍ മറ്റു മദ്ഹബുകളെ  ആക്ഷേപിക്കുന്നതും കാണാം. പ്രഗല്‍ഭരായ നാല് മദ്ഹബിന്റെ ഇമാമുമാരെയും ആക്ഷേപിക്കുന്നു. അവരുടെ വിജ്ഞാനത്തിലോ സൂക്ഷ്മതയിലോ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പ്രമുഖരായ സൂഫികളെയും ആക്ഷേപിക്കാന്‍ മടിക്കുന്നില്ല, പലപ്പോഴും മൊത്തം സൂഫികളെ തന്നെ ആക്ഷേപിക്കുന്നു അവര്‍.
അപ്രകാരം തന്നെ ആളുകളില്‍ കണ്ടുവരുന്ന മറ്റൊരു സ്വഭാവമാണ് അറിവും ദീനില്‍ അവഗാഹവുമുള്ള പണ്ഡിതന്‍മാരില്‍ നിന്ന് വല്ല വീഴ്ചയും വന്നാല്‍ അതിന്റെ പേരില്‍ അവരെ ഒന്നടങ്കം താറടിക്കുന്ന രീതി. അവരുടെ ജീവിത കാലത്തെ മുഴുവന്‍ പരിശ്രമങ്ങളും ഇവര്‍ വലിച്ചെറിയുകയും ശോഭനമായ ചരിത്രത്തില്‍ കരിവാരി തേക്കുകയും ചെയ്യുന്നു.

മനുഷ്യര്‍ പരസ്പരം ചെയ്യുന്ന രീതിയില്‍ അല്ലാഹു മനുഷ്യരോട് പെരുമാറിയിരുന്നെങ്കില്‍ പ്രവാചകന്‍മാരല്ലാതെ ഒരാളും തന്നെ രക്ഷപെടില്ലായിരുന്നു. ഇഹത്തിലോ പരത്തിലോ ഒരാള്‍ക്കോ രക്ഷപെടാനാവില്ല. എന്നാല്‍ അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്.’ (അശ്ശൂറാ: 30) മറ്റൊരിടത്ത് പറയുന്നു: ‘നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും.’ (അന്നിസാഅ്: 31)

അല്ലാഹു ജനങ്ങളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് വിചാരണ ചെയ്യും. ആരുടെ ത്രാസുകള്‍ കനം തൂങ്ങുന്നുവോ അവന്‍ വിജയിക്കുകയും അല്ലാത്തവര്‍ പരാജയപ്പെടുകയും ചെയ്യും. അല്ലാഹു നന്മകളെ ഇരട്ടിപ്പിക്കുകയും തിന്മകളെ ഇരട്ടിപ്പിക്കാതെ അതിന്റെ അത്രമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ‘അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും’ (അന്നിസാഅ്: 40)
പ്രവാചകന്‍(സ) പറയുന്നു: ‘ആദം സന്തതികളെല്ലാം തെറ്റുകാരാണ്, തെറ്റുകാരില്‍ ഉത്തമര്‍ തൗബ ചെയ്ത് മടങ്ങുന്നവരാണ്.’ മറവികാരണത്താല്‍ സംഭവിക്കുന്ന തെറ്റുകള്‍ പൊറുക്കപ്പെടുന്നതാണ്. അതിനായി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു തന്നെ വിശ്വാസികളോട് ആവശ്യപ്പെടുന്നുമുണ്ട്. ”ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ’ (അല്‍ബഖറ: 286) ഒരാള്‍ ഉദ്ദേശ്യപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രമേ അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. സത്യം അറിയുന്നതിനായി പരിശ്രമിക്കുകയും എന്നാല്‍ തെറ്റ് സംഭവിക്കുകയും ചെയ്താല്‍ അതിന്റെ പേരില്‍ അവന്‍ കുറ്റക്കാരനാവുകയില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles