Current Date

Search
Close this search box.
Search
Close this search box.

വിഭവങ്ങളുടെ കുറവല്ല ഇസ്‌ലാമിക ലോകത്തെ പിന്നിലാക്കുന്നത്

arab-muslim.jpg

സമകാലിക ഇസ്‌ലാമിക ലോകത്തെ സൂക്ഷ്മ വായനക്ക് വിധേയമാക്കുമ്പോള്‍, ഏതര്‍ത്ഥത്തിലും ആക്ഷേപാര്‍ഹമായ കടുത്ത വിഡ്ഢിത്വത്തിന്റെ അവസ്ഥയിലാണ് നാം ഉള്ളതെന്ന് വ്യക്തമാവും.

ഇസ്‌ലാമികലോകത്തിന്റെ വ്യാപ്തിയെന്നത് മുപ്പത്തിയഞ്ച് ദശലക്ഷം ചതുരശ്രകിലോമീറ്ററാണ.് അതേസമയം ചൈനയുടേത് ഒമ്പത് ദശലക്ഷം ചതുരശ്രകിലോമീറ്ററും. അഥവാ ഇസ്‌ലാമിക ലോകത്തിന്റെ നാലിലൊന്ന് മാത്രം. 170 കോടിയാണ് ഇസ്‌ലാമിക ലോകത്തെ ജനസംഖ്യ. അതായത് ലോക ജനസംഖ്യയുടെ നാലിലൊന്നും ഇവിടെയാണ്. പ്രകൃതിവിഭവങ്ങളായ പെട്രോള്‍, ഗ്യാസ്, സൗരോര്‍ജ്ജം, മാംഗനീസ്, ക്രോമിയം, യുറേനിയം, ടിന്‍, ബോക്‌സൈറ്റ് എന്നിവയുടെ ലോകത്ത് ഒന്നാം സ്ഥാനത്തും ചെമ്പിന്റെയും ഫോസ്‌ഫേറ്റിന്റെയും കാര്യത്തില്‍ രണ്ടാം സ്ഥാനത്തും ഇരുമ്പിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും ലെഡിന്റെ കാര്യത്തില്‍ അഞ്ചാമതും, കാര്‍ബണിന്റെ കാര്യത്തില്‍ ഏഴാമതും ആണ്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദികളും, കാര്‍ഷിക രംഗത്തെ ഏറ്റവും പ്രാവീണ്യമുള്ള മികച്ച കര്‍ഷകരും ലോകത്തിന്റെ ദക്ഷിണ ഭാഗത്തിന്റെ ഭഷ്യആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ കൃഷിനിലങ്ങളും ഇസ്‌ലാമിക ലോകത്തുണ്ട്. ആവശ്യത്തിലേറെ മത്സ്യസമ്പത്തുള്ള കടല്‍തീരങ്ങളും, നദികളും ഇസ്‌ലാമിക ലോകത്തിനുണ്ട്. പ്രതിദിനം 600 കോടി ക്യൂബിക് മീറ്റര്‍ പെട്രോളിയവും, 616,000 കോടി ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകവും ഇസ്‌ലാമിക ലോകം ഉല്‍പാദിപ്പിക്കുന്നു.

ഏറ്റവുമധികം മിച്ച ധനമുള്ളതും പ്രകൃതിവിഭവങ്ങള്‍ പാശ്ചാത്യരാല്‍ കൊള്ളയടിക്കപ്പെട്ട ഇസ്‌ലാമിക ലോകത്തിന്റെ പക്കലാണ്. എന്നാല്‍ പാശ്ചാത്യ ബാങ്കുകളിലാണ് അവ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നുള്ള ഒരു ഭാഗമാണ് പാശ്ചാത്യര്‍ ഇസ്‌ലാമിക ലോകത്തെ നാടുകള്‍ക്ക് കടം നല്‍കുന്നത്. പലിശയിലധിഷ്ടിതമായ പെരുകുന്ന കടത്തിലൂടെ അവക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. കടം പോയിട്ട് അതിന്റെ പലിശ തിരിച്ചടക്കുന്നതിനു തന്നെ ഇസ്‌ലാമിക ലോകത്തെ പല നാടുകളും കടുത്ത പ്രയാസം സഹിക്കുകയാണ്. അതായത് മിച്ച ധനം കൊണ്ട് സ്വാതന്ത്ര്യം വരെ വിറ്റുതുലക്കുന്നിടത്തോളം ഇസ്‌ലാമിക ലോകത്തിന്റെ വിഡ്ഢിത്വം വളര്‍ന്നിരിക്കുന്നു. അതിലൂടെ ഒരുതരം അടിമത്വത്തിലേക്ക് പ്രവേശിക്കുകയാണ്.

ശൈഖ് മഹ്മൂദ് ശല്‍ത്തൂത്ത് അതിനെ കുറിച്ച് പറയുന്നു:’പഴയകാല അടിമത്വത്തിന്റെ സ്ഥാനത്ത് മനുഷ്യരാശിക്ക് അങ്ങേയറ്റം അപകടകരമായ അടിമത്തമാണ് വന്നിരിക്കുന്നത്. ജനങ്ങളുടെ ചിന്തകളും സമ്പത്തും അധികാരവും അവരുടെ നാടുകളിലെ സ്വാതന്ത്ര്യവും അടിമപ്പെടുത്തുകയാണത് ചെയ്യുന്നത്. വ്യക്തികളുടെ അടിമത്തം അവരുടെ മരണത്തോടെ അവസാനിക്കുന്നതായിരുന്നു. ബുദ്ധിയും വിവേകവുമുള്ള എല്ലാവര്‍ക്കുമുള്ള മുഴുവന്‍ അധികാരങ്ങളോടെയും അവരുടെ നാടുകള്‍ സ്വതന്ത്രമായി നിലനില്‍ക്കുകയും ചെയ്യും. എന്നാലിവിടെ ജനതയുടെയും സമൂഹത്തിന്റെയും അടിമത്തം ജന്മം നല്‍കുന്നത് തങ്ങളുടെ പിതാക്കന്‍മാരെ പോലെ അടിമത്തത്തില്‍ കഴിയുന്ന ജനതയെയും സമൂഹങ്ങളെയുമാണ്. മൃഗീയശക്തി കൊണ്ട് സമൂഹങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അപരാധവും മൊത്തത്തിലുള്ള അടിമത്തവുമാണത്. അതുകൊണ്ടു തന്നെ ആ അടിമത്തത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പും അതില്‍ നിന്ന് മോചനം നേടാനും ജനതക്ക് മേലുള്ള നിന്ദ്യത എടുത്തുകളയുന്നതിനുമുള്ള പ്രവര്‍ത്തനവും ഏറ്റവും പ്രസക്തവും പ്രാധാന്യമുള്ളതുമാണ്. ദാനധര്‍മമായി കിട്ടുന്ന ധനം കൊണ്ട് മാത്രമല്ല, സമ്പത്തിന്റെയും ശരീരത്തിന്റെയും ശേഷി കൂടി അതിനായി ഉപയോഗപ്പെടുത്തണം.’

ഇസ്‌ലാമികലോകത്തിന്റെ ഉടമസ്ഥതയിലുള്ള ഭൗതികവിഭവങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മാര്‍ഗമായി തീരേണ്ടതിന് പകരം അവര്‍ക്ക് മേലുള്ള അടിമത്തത്തിന്റെ ചങ്ങലകളെ പോഷിപ്പിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിക ലോകത്തിന് ധാരാളം പണം കൈവശമുണ്ടായിരുന്നിട്ടും അവരുടെ പാലായന മനോഭാവം കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടിലെ തൊണ്ണൂറുകളില്‍ മാത്രം അറബ് ലോകം നഷ്ടപ്പെടുത്തിയത് പതിനൊന്ന് ബില്ല്യണ്‍ ഡോളറാണ്. ഈ പ്രവണത ഇന്നും തുടരുകയാണ്. വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന അറബ് വിദ്യാര്‍ത്ഥികളുടെ 54 ശതമാനവും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിവരുന്നില്ല. ബ്രിട്ടനിലെ കഴിവുറ്റ ഡോക്ടര്‍മാരില്‍ 34 ശതമാനവും അറബികളാണ്. പാശ്ചാത്യലോകത്ത് 450,000 അറബികളായ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമുണ്ട്. ഇസ്‌ലാമിക ലോകത്തുള്ളതിനേക്കാള്‍ എത്രയോ ഇരട്ടിയാണത്.

ഇസ്‌ലാമിക ലോകത്തിന്റെ ഭൗകിതവും മാനുഷികവുമായ വിഭവങ്ങള്‍ക്ക് പുറമെ, മഹത്തായ നാഗരിക പൈതൃകവും അതിനുണ്ട്. ഭൂമുഖത്തെ ഒന്നാം ലോകത്ത് പത്ത് നൂറ്റാണ്ടിലേറെ കാലം നിലകൊള്ളാന്‍ ഈ സമൂഹത്തെ പ്രാപ്തമാക്കിയ നാഗരികതയാണത്. അതേസമയം പാശ്ചാത്യര്‍ക്ക് രണ്ട് നൂറ്റാണ്ടിലേറെ കാലം ഒന്നാം ലോകത്ത് നിലയുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

വിവ: കെ.സി. കരിങ്ങനാട്‌

Related Articles