Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ അധ്യായമായി എജ്യുക്കേഷന്‍ കോണ്‍ഗ്രസ്

വിദ്യാഭ്യാസ രംഗത്ത് ചടുലമായ ചുവടുവെപ്പുകള്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. സാക്ഷരതയില്‍ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളം തന്നെ. വിദ്യാഭ്യാസ മേഖലയില്‍ ലോകത്തുണ്ടാകുന്ന പരിഷ്‌കരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തും പരീക്ഷിക്കാറുണ്ട്. വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ പെട്ട് വികലമാകുകയും വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുകയുമാണ് സാധാരണ ചെയ്യാറുള്ളത്. കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തോടൊപ്പം അക്കാദമികാന്തരീക്ഷവും രൂപപ്പെട്ടാല്‍ മാത്രമാണ് വിദ്യാഭ്യാസ രംഗം സംരക്ഷിക്കപ്പെടുകയുള്ളൂ. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസം തൊട്ട് ഉന്നത വിദ്യാഭ്യാസം വരെ നിരന്തര പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായാണ് ഇത്തരം പരിഷ്‌കരണങ്ങള്‍ ബാധിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സമഗ്ര വികസനത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസമാണ് രാജ്യത്തിന് വേണ്ടത്.  ഈ പശ്ചാത്തലത്തിലാണ് എസ്.ഐ.ഒ അതിന്റെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിക്കുന്നത്.

എസ്.ഐ.ഒ രൂപീകരിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടിനിടയില്‍ വിദ്യാര്‍ഥി-വിദ്യാഭ്യാസ മേഖലകളില്‍ സജീവമായി ഇടപെടുകയും ഇസ്‌ലാമിന്റെ ആദര്‍ശ ഭൂമികയില്‍ നിന്നുകൊണ്ട് രാജ്യത്തിനും സംസ്ഥാനത്തിനും അനുയോജ്യമായ നയനിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇനിയും പരിഹാരമാകാത്ത സ്വാശ്രയ വിദ്യാഭ്യാസത്തെ കുറിച്ച എസ്.ഐ.ഒവിന്റെ നിലപാട് അക്കാദമിക രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. വിദ്യാഭ്യാസ വായ്പയെ കുറിച്ച് എസ്.ഐ.ഒ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ വഴികാട്ടിയായി. അന്യസംസ്ഥാന മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷയും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളും ആദ്യമായി കേരളത്തില്‍ ഉയര്‍ത്തിയത് എസ്.ഐ.ഒ ആയിരുന്നു. ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ സര്‍വകലാശാലയും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതും ഗുണനിലവാരം താഴോട്ടു പോയിട്ടും ഇടത് വലത് രാഷ്ട്രീയ നേതൃത്വങ്ങളും അവയുടെ വിദ്യാര്‍ഥി സംഘടനകളും മൗനം പാലിക്കുകയും ചെയ്ത ഘട്ടത്തില്‍ ഈ മേഖലയില്‍ വരേണ്ട പരിഷ്‌കരണങ്ങള്‍ ഉന്നയിച്ച് ഇടപെടുകയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസം     ഒരു ദശാബ്ദം പിന്നിട്ടിട്ടും സംസ്ഥാനത്ത് ഈ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സര്‍ക്കാര്‍ അവലോകനം നടത്താന്‍ തയ്യാറാകാത്ത ഘട്ടത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഒരു ദശാബ്ദത്തെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കി. സ്വാശ്രയ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും യോഗ്യതയില്ലാത്ത അധ്യാപകരും വിദ്യാര്‍ഥികളുടെ കുറവും എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട് എന്ന് എസ്.ഐ.ഒവിന്റെ ഈ ഇടപെടലുകളിലൂടെ കേരള സമൂഹത്തെ ബോധ്യപ്പെടുത്തി.

ബിരുദ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ സാമുദായിക വിദ്യാര്‍ഥി സംഘടനകളും എതിര്‍ത്തപ്പോള്‍ എസ്.ഐ.ഒ സ്വാഗതം ചെയ്തു. എന്നാല്‍, രാഷ്ട്രീയ ഇമേജിനു വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളോ നിര്‍ദേശങ്ങളോ പരിഗണിക്കാതെ നടപ്പാക്കിയപ്പോള്‍ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി. യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ഹൃദയകുമാരി കമ്മിറ്‌റി റിപ്പോര്‍ട്ടില്‍ എസ് ഐ ഒ വിന്റെ പല നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ കെടുകാര്യസ്ഥതക്ക് പരിഹാരമായി പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കായി ഓപണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന എസ് ഐ ഒ വിന്റെ നിര്‍ദേശം സര്‍ക്കാറിന്റെ പ്രവര്‍ത്തന പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വിവിധ സര്‍വകലാശാലകള്‍ വിവിധ സിലബസുകള്‍ രൂപീകരിക്കുന്നതിനാല്‍ ഈ മേഖലയില്‍ വന്നിട്ടുള്ള ഗുണനിലവാര പ്രശ്‌നവും സാങ്കേതിക വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നതുമായി എസ് ഐ ഒ മുന്നോട്ട് വെച്ച ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുകയെന്ന നിര്‍ദേശം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കാലങ്ങളായി നിലനിന്നിരുന്ന പ്രാദേശിക അവഗണന(മലബാര്‍ അവഗണന) കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് എസ് ഐ ഒ ആയിരുന്നു. 2007-08 പ്രവര്‍ത്തന കാലയളവില്‍ എസ് ഐ ഒ സംസ്ഥാന സമിതിയംഗമായിരുന്ന കെ നജാതുല്ല പ്രസിദ്ധീകരിച്ച മലബാര്‍ : കേരളത്തിനകത്തോ പുറത്തോ? എന്ന പുസ്തകം കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ താമസിക്കുന്ന ഒരു മേഖലയോടുള്ള അവഗണന തുറന്ന് കാണിക്കുന്നതായിരുന്നു. എസ് ഐ ഒ ഉയര്‍ത്തിയ ഈ സമരം രാഷ്ട്രീയ – ഭരണ നേതൃത്വങ്ങളുടെ കണ്ണുതുറപ്പിക്കുകയും പരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പ്രാഥമിക ഉന്നത വിദ്യാഭ്യാസ രംഗത്തെ ലഭ്യതക്കുറവ് ഇപ്പോഴും സര്‍ക്കാറിന്റെ ശ്രദ്ദയില്‍ പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. 6 വയസ്സ് മുതല്‍ 14 വയസ്സ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വ്യവസ്ഥ ചെയ്യുന്ന വിദ്യാഭ്യാസ അവകാശ നിയമം-2010 കേരളത്തിലെ സാഹചര്യമനുസരിച്ച് നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും എസ് ഐ ഒ മുന്നോട്ട വെക്കുകയുണ്ടായി. ഇത്തരം വിദ്യാഭ്യാസ വിഷയങ്ങളിലെ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തന കാലയളവില്‍ (2013-14) തിരുവനന്തപുരത്ത് കേരള എജ്യൂക്കേഷന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നവംബര്‍ 16-17 ദിവസങ്ങളില്‍ നടക്കുന്ന എജ്യൂക്കേഷന്‍ കോണ്‍ഗ്രസില്‍ 12 സെഷനുകളിലായി 60-ഓളം പേപ്പറുകള്‍ ചര്‍ച്ച അവതരിപ്പിക്കപ്പെടുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസം
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം പലതരം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഈ പരിഷ്‌കരണങ്ങളുടെ ഭാഗമായി നടപ്പാക്കപ്പെടുന്ന കരിക്കുലവും പെഡഗോഗിയും ഒട്ടേറെ വിമര്‍ശനങ്ങളെ നേരിട്ടിട്ടുമുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയും വിധം വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ആശയങ്ങളെയും ചിന്തകളെയും സംയോജിപ്പിച്ചു സമഗ്ര വിദ്യാഭ്യാസ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാനാണ് ഈ സെഷനില്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഡി പി ഇ പി, എസ് എസ് എ തുടങ്ങിയ പദ്ധതികള്‍ വിദ്യാഭ്യാസത്തിലെ ആശയപരവും ഘടനപരവുമായ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍, ഇവയുടെ ചരിത്രം, വിദ്യാഭ്യാസത്തിന്റെ കേരള മോഡല്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലഭ്യത, ഗുണനിലവാരം എന്നിവ ഈ സെഷനില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. സി ബി എസ് സി, സ്റ്റേറ്റ്, ഐ സി എസ് ഇ തുടങ്ങിയ സിലബസ് വ്യത്യാസങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും സാമൂഹ്യമനസ്സിനെയും സ്വാധീനിച്ചതും ചര്‍ച്ചക്ക് വിധേയമാക്കണം. സ്‌കൂള്‍ അന്തരീക്ഷം എങ്ങനെ ഉണ്ടാക്കാമെന്ന ചിന്ത ഇപ്പോഴും പ്രസക്തമാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സാങ്കേതിക വിദ്യകളുടെ പ്രയോഗവും സാധ്യതകളും, മൂല്യനിര്‍ണ്ണയത്തിലെ പുതിയ പ്രവണതകളും ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നു.

വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായ ജനപങ്കാളിത്തം ഉണ്ടാകുവാനാണ് സ്‌കൂള്‍ ഭരണസംവിധാനം വികേന്ദ്രീകരിച്ചത്. അതുണ്ടാക്കിയ ഫലങ്ങളെക്കുറിച്ച് വിലയിരുത്തലുകള്‍ നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്‌കൂളുകളുടെ ഭരണാധികാരം ഏല്‍പ്പിച്ചതിന്റെ അനന്തരഫലങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. വിദ്യാഭ്യസത്തിന്റെ നടത്തിപ്പിനു വേണ്ടി രൂപീകരിച്ച വിദ്യാഭ്യസ വകുപ്പ്, എ.ഇ.ഒ, ഡി.ഇ.ഒ, പരീക്ഷാഭവന്‍, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ മേഖലയിലെ രാഷ്ട്രീയ അതിപ്രസരത്തെയും ഇത് ഭരണനിര്‍വ്വഹണത്തിലുള്ള സ്വാധീനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ലോകത്ത് സ്‌കൂള്‍വകുപ്പിന്റെ ഭരണനിര്‍വ്വഹണ മേഖലയില്‍ വന്നിട്ടുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളും കേരളത്തില്‍ അവയ്ക്കുള്ള  സാധ്യതകളും ഈ സെഷനില്‍ ചര്‍ച്ചചെയ്യും.

അള്‍ട്ടര്‍നേറ്റീവ് വിദ്യാഭ്യാസം.
നടപ്പു വിദ്യാഭ്യാസ സംവിധാനങ്ങളില്‍നിന്ന് വ്യത്യസ്തമായ പഠനസമീപനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വികസിച്ചു വന്നിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുടെ സാധ്യതകള്‍ കേരളത്തില്‍ വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടില്ല. പലപ്പോഴും ഈ ചര്‍ച്ച ഡി-സ്‌കൂളിങ് മൗലിക വാദങ്ങളില്‍ ഒതുങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. മുഖ്യധാരാ വിദ്യാഭ്യാസത്തിലെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്ക് ബദലായി വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയും അഭിരുചിയും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന അല്‍ട്ടര്‍നേറ്റീവ് എജ്യുക്കേഷന്റെ മേഖലകളെ പരിചയപ്പെടുത്തുകയാണ് ഈ സെഷനില്‍ ചെയ്യുന്നത്. സാമൂഹികവും മതപരവുമായ ഭിന്നസമീപനങ്ങള്‍ പുലര്‍ത്തുന്നവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടവിധം വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരം സ്ഥാപനങ്ങളുടെ സംഭാവനകളും ഭിന്നശേഷികള്‍ ഉള്ളവരെ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ(inclusive education)ത്തിന്റെ സ്വഭാവങ്ങളും ഈ വേദിയില്‍ ചര്‍ച്ച ചെയ്യുന്നു. ലോകത്ത് വികസിച്ചു വന്നിട്ടുള്ള അള്‍ട്ടര്‍നേറ്റീവ് വിദ്യാഭ്യാസ സംവിധാനങ്ങളെയും ഈ രംഗത്തെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളേയും പരിചയപ്പെടുത്തുന്നു.

ടെക്‌നിക്കല്‍ വിദ്യാഭ്യാസം
ഐ.ടി.ഐ, പോളിടെക്‌നിക്, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ധാരാളം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കേരളത്തിലുണ്ട്. ഇവയുടെ ഗുണനിലവാരം, കരിക്കുലം, സിലബസ് എന്നിവയെ കുറിച്ച് നാം വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ല.  ഈ രംഗത്തെ സമഗ്രമായ പരിഷ്‌കരണങ്ങള്‍, കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ വികസിച്ചുവരേണ്ട പുതിയ കോഴ്‌സുകള്‍ എന്നിവ വിശകലനം ചെയ്യുന്നതോടൊപ്പം മറ്റു രാജ്യങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ രീതികള്‍, അവയുടെ സംവിധാനം, ഈ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ ഭാവി, കരിക്കുലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ഇന്‍ഡസ്ട്രി ലിങ്കേജ് വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ എന്നിവയും ഈ സെഷനില്‍ ചര്‍ച്ച ചെയ്യുകയും വിവിധ ടെക്‌നിക്കല്‍ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച ചര്‍ച്ചകള്‍ കാര്യമായി നടന്നുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിവിധ കാലങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ആ മേഖലയെ എത്രമാത്രം സ്വാധീനിച്ചു എന്ന വിഷയം വിശകലനം ചെയ്യാന്‍ എസ്.ഐ.ഒ ആഗ്രഹിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസിച്ചുവന്ന പുതിയ സമീപനങ്ങള്‍, കാഴ്ചപ്പാടുകള്‍, ഇവയുടെ കേരളത്തിലെ സാധ്യതകള്‍ എന്നിവയും ചര്‍ച്ചക്ക് വിധേയമാക്കുന്നു. ആഗോളവല്‍ക്കരണാനന്തര ലോകക്രമത്തില്‍ പുതിയ വിദ്യാഭ്യാസ സാധ്യതകളെ കേരള പരിസരത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള  സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനം, സമീപനങ്ങള്‍, സേവന-വേതന വ്യവസ്ഥകള്‍, സംഘടനാ സംവിധാനങ്ങള്‍ എന്നിവ ആ മേഖലയെ എങ്ങനെ ബാധിച്ചു എന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ ചര്‍ച്ചയില്‍ പ്രധാനപ്പെട്ടത് അതിന്റെ ഗുണനിലവാരമാണ്. ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന വിവിധ നിര്‍ദേശങ്ങള്‍ എത്രമാത്രം ഫലപ്രദമാണെന്നും എങ്ങനെ നടപ്പാക്കണമെന്നും ഈ വേദി ചര്‍ച്ച ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ലഭ്യതയും തുല്യതയും (Access & Equtiy) എത്രത്തോളമുണ്ടെന്നും വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങള്‍, ഭൂപ്രദേശങ്ങള്‍, ലിംഗവ്യത്യാസങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ലഭ്യത, ആ രംഗത്തെ പഠനഭാഷയും ഗുണനിലവാരവും, അധ്യാപക പരിശീലനത്തിന്റെ ആവശ്യകതയും ഗുണനിലവാരവും, രാജ്യത്തിനകത്തും സംസ്ഥാനത്തും നടപ്പാക്കിയ Access & Equtiy  നയങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു. വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിയ സംവരണവും അതിനെതിരെയുള്ള വെല്ലുവിളികളും സംവരണം കൊണ്ട് കേരള സമൂഹത്തില്‍ വന്ന മാറ്റങ്ങളും അതിന്റെ പരിമിതികളും ഈ സെഷനില്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്.  
ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാലകളുടെ അക്കാദമികവും അക്കാദമികേതരവുമായ ഭരണനിര്‍വഹണം വളരെ പ്രധാനപ്പെട്ടതാണ്. ഈ രംഗത്തെ പ്രവര്‍ത്തനങ്ങളും ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സര്‍വകലാശാലകളുടെ ഭരണനിര്‍വഹണത്തിനാവശ്യമായ സംവിധാനങ്ങള്‍, അവയുടെ കാര്യക്ഷമത, കക്ഷിരാഷ്ട്രീയ അതിപ്രസരവും സര്‍വകലാശാലാ ഭരണസംവിധാനവും, ലോകത്ത് വികസിച്ചു വന്നിട്ടുള്ള ആധുനിക സര്‍വകലാശാലകളുടെ ഭരണനിര്‍വഹണപ്രവര്‍ത്തനങ്ങള്‍, അവയുടെ സാധ്യതകള്‍, സമീപനങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യുന്നു. കേരളത്തിലെ സര്‍വീസ് ചട്ടങ്ങള്‍, അവയുടെ ഗുണദോഷ വശങ്ങള്‍, സംഘടനാ പ്രവര്‍ത്തനവും അക്കാദമിക നിലവാരവും തുടങ്ങിയ മേഖലകളെ സ്പര്‍ശിക്കുന്ന പ്രബന്ധങ്ങളും ഈ വേദിയില്‍ ചര്‍ച്ചക്കെടുക്കുന്നുണ്ട്.

ഫിനാന്‍സ് ഇന്‍ എജ്യുക്കേഷന്‍
വിദ്യാഭ്യാസത്തിന് പണം ചെലവാക്കേണ്ടതിനെ കുറിച്ച് ലോകത്ത് വിവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിദ്യാഭ്യാസ വിഹിതത്തിലെ പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി), കേരളത്തില്‍ അതിന്റെ സാധ്യതകള്‍, വിവിധ വിഭാഗങ്ങളില്‍നിന്നുള്ള വിഭവശേഖരണവും വിദ്യാഭ്യാസവും, ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ ധനവിനിയോഗം, ഫണ്ട് സ്വീകരിക്കുന്നതിലെ പുതിയ പ്രവണതകള്‍ തുടങ്ങിയവയും വിശകനലനം ചെയ്യുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ തൊണ്ണൂറുകളോടെ ശക്തിപ്പെട്ട സ്വകാര്യവത്കരണ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി ധാരാളം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് സ്വാശ്രയ വിദ്യാഭ്യാസം കൊണ്ടുവന്ന മാറ്റങ്ങള്‍, മറ്റു സംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഗുണനിലവാരം, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളും ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നു.

ഫിലോസഫി ഓഫ് എജ്യുക്കേഷന്‍
ആത്മീയവും ഭൗതികവുമായ വിവിധ ദര്‍ശനങ്ങള്‍ക്ക് വിദ്യാഭ്യാസത്തെ ക്കുറിച്ച് വിവിധ കാഴ്ച്ചപ്പാടുകളുണ്ട്. ഈ കാഴ്ച്ചപ്പാടുകള്‍ വിദ്യാഭ്യാസത്തിന്റെ കരിക്കുലം രൂപികരിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്നുമുണ്ട്. ഇത്തരം വിദ്യാഭ്യാസ ദര്‍ശനങ്ങളെ നിരൂപണാത്മകമായി സമീപിക്കാനും മറ്റു വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ വിദ്യാഭ്യാസത്തിലുള്ള സാധ്യതകളെ കുറിച്ചും ചര്‍ച്ചചെയ്യുന്നു. വിദ്യാഭ്യാസ തത്വ ശാസ്ത്രത്തില്‍ നടക്കുന്ന പുതിയ ഗവേഷണ വികസന പ്രക്രിയകളെ കുറിച്ചും ഇവിടെ ചര്‍ച്ച ചെയ്യുന്നു.

ഗവേഷണം
മറ്റൊരു വശത്ത് ഒട്ടനവധി സംവാദങ്ങള്‍ നടക്കുന്ന വിഷയമാണ് ഇന്ത്യയിലെ ഗവേഷണ വിദ്യാഭ്യാസം. ഉല്‍പാദനപരമായ ഗവേഷണങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ഏറക്കുറെ അവസാനിച്ചിരിക്കുന്നു. കേരളത്തിലെ നിലവിലെ ഗവേഷണരീതികള്‍, ഗവേഷണാത്മക വിദ്യാഭ്യാസത്തിന് കരിക്കുലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ബിരുദ-ബിരുദാനന്തര വിദ്യാഭ്യാസവും ഗവേഷണവും തുടങ്ങിയ വിവിധ വശങ്ങള്‍ ഈ സെഷനില്‍ ചര്‍ച്ച ചെയ്യുന്നു.

വിദ്യാഭ്യാസ നയരൂപീകരണ ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഇടപെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമാണിത്. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പ്രതിനിധികളും അതിഥികളും പങ്കെടുക്കുന്ന ഈ സംരംഭം കേരള അക്കാദമിക ചരിത്രത്തില്‍ വ്യത്യസ്തമായ ഒന്നായി ഇടം പിടിക്കും.

Related Articles