Current Date

Search
Close this search box.
Search
Close this search box.

വിജയത്തിലേക്കുള്ള പടവുകള്‍

തുടക്കം ഇപ്പോള്‍ തന്നെയാവട്ടെ!
വിജയത്തിലേക്കുള്ള വഴിതേടുന്നവര്‍ പ്രഥമമായി തന്റെ വ്യക്തിപരമായ ശേഷികളെ തിരിച്ചറിയുകയും ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യേണ്ടതുണ്ട്. അവ പ്രയോഗവല്‍കരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്താല്‍ പിന്നെ ഉടന്‍ കര്‍മരംഗത്തിറങ്ങണം. പ്രസ്തുത സമയം മുതല്‍ നീ നിന്റെ തന്നെ നിരീക്ഷകനാണ്. ഉദ്ദിഷ്ഠ ലക്ഷ്യസാഫല്യത്തിനായുള്ള പരിശ്രമങ്ങളില്‍ നീ ഏര്‍പ്പെടുക! തന്റെ ന്യൂനതകള്‍ക്ക് ന്യായം നിരത്തിയോ, ഒഴികഴിവുകള്‍ കണ്ടെത്തിയോ ആത്മരതിയിലേര്‍പ്പെടരുത്. അടിസ്ഥാനപരമായി നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ മുന്‍ഗണനാക്രമമനുസരിച്ച് നിര്‍വഹിക്കുക. പിന്നീട് സൂക്ഷ്മമായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തുക. തന്റെ ചുമലില്‍ നിരവധി ബാധ്യതകള്‍ കുമിഞ്ഞുകൂടാത്ത വണ്ണം ഓരോ കര്‍മങ്ങളും തല്‍സമയത്ത് ചെയ്തു തീര്‍ക്കുക.

വിജയത്തിനുള്ള വഴി ചിലപ്പോള്‍ കൃത്യമായ പഠനത്തിലൂടെയും വൈജ്ഞാനികമായ മികവനുസരിച്ചും എളുപ്പത്തില്‍ സാധ്യമാകുന്നതാണ്. മറ്റുചിലപ്പോള്‍ പ്രായോഗികമായ പ്രവര്‍ത്തനങ്ങളുടെ ഗതിയനുസരിച്ചായിരിക്കും വിജയം സാധ്യമാകുക. വൈവാഹിക ജീവിതത്തില്‍ വിജയത്തിനും മാതൃക കുടുംബമായിത്തീരാനുള്ള ആസൂത്രണത്തിലും കൃത്യമായ ആസൂത്രണം അനിവാര്യമാണ്.
 
ജീവിതത്തെ വ്യവസ്ഥപ്പെടുത്തുക
ജീവിതം, സമയം എന്നിവ ക്രമീകരിക്കാന്‍ നീ പരിശ്രമിക്കുക. കാരണം സമയം വാളിനെപോലെയാണ്. നീ അതിനെ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് നിന്റെ കഥകഴിക്കും. കൃത്യമായ ആസൂത്രണത്തോടെ നിന്റെ സമയത്തെയും ജീവിതത്തെയും ക്രമീകരിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ നിനക്ക് മറ്റുള്ളവരെ അതിജയിക്കാം. പര്‍വതത്തിന്റെ കൊടുമുടിയിലെത്താന്‍ വ്യത്യസ്തമായ വഴികളുണ്ടല്ലോ..

മനുഷ്യന്റെ ആയുസ്സ് പരിമിതമാണ്. സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാന്‍. ജീവിതം ഒരവസരമാണെന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്. അഞ്ച് ദുര്‍ബലാവസ്ഥകള്‍ നിനക്ക് വന്നെത്തുന്നതിന് മുമ്പ് അഞ്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. മരണത്തിനുമുമ്പെയുളള ജീവിതം, രോഗത്തിനു മുമ്പെയുള്ള ആരോഗ്യം, വാര്‍ദ്ധക്യത്തിനു മുമ്പെയുള്ള യുവത്വം, ദാരിദ്ര്യത്തിനു മുമ്പെയുള്ള ഐശര്യം എന്നിവയാണവ.’ അതിനാല്‍ തന്നെ നിനക്ക് ലഭ്യമായ ഈ അസുലഭ നിമിഷങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. ജീവിതത്തില്‍ വിജയികളായ അനുഭവസ്ഥരുമായി സഹവസിക്കുകയും പുരോഗതിയുടെ പാഠങ്ങള്‍ പഠിക്കുകയും ചെയ്യുക.

നിന്നെ വിചാരണചെയ്യാന്‍ നീ തന്നെ മതി!
ജീവിത വിജയത്തിനായി നീ തയ്യാറെടുത്തു കഴിഞ്ഞാല്‍ നിന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനുള്ള നിരീക്ഷകന്‍ നീ തന്നെയാണ്. ‘നിന്റെ ഈ കര്‍മപുസ്തകമൊന്നു വായിച്ചുനോക്കൂ. ഇന്നു നിന്റെ കണക്കുനോക്കാന്‍ നീ തന്നെ മതി. ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. (അല്‍ഇസ്രാഅ് 14-15) താന്‍ നിര്‍ണയിച്ച പദ്ധതിയനുസരിച്ച് തന്നെയാണോ മുന്നോട്ട് പോകുന്നതെന്ന് നാം നിരീക്ഷിച്ചുകൊണ്ടിരിക്കണം. അതില്‍ വല്ല വീഴ്ചകളും വന്നിട്ടുണ്ടോ, തന്റെ വ്യക്തിപരമായ കഴിവുകള്‍ക്കനുയോജ്യമല്ലാത്ത മറ്റുവല്ലതും അതില്‍ ചേര്‍ന്നിട്ടുണ്ടോ എന്ന് നാം നിരന്തരമായി ആത്മപരിശോധന നടത്തണം. ഇത്തരത്തിലുള്ള ആസൂത്രണവുമായി നാം മുന്നോട്ട് പോകുകയാണെങ്കില്‍ നമ്മുടെ പഠനമേഖലയിലും പ്രവര്‍ത്തനമേഖലയിലും കൃത്യമായി വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കും.

സ്വയം വിചാരണയിലേര്‍പ്പെടുക; വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്
നിന്റെ പ്രതിജ്ഞ നിര്‍വഹിക്കുന്നതിലും അല്ലാഹുവുമായുള്ള ബന്ധത്തിലെ ഊഷ്മളതയെകുറിച്ചും ദിനേന നീ ആത്മപരിശോധന നടത്തുക. നിന്റെ പാതിരാ നമസ്‌കാരം, സുബഹി, മറ്റുജമാഅത്ത് നമസ്‌കാരങ്ങള്‍, ദിനേനയുള്ള പ്രാര്‍ഥനകള്‍,  ഐഹികമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഈ പരിശോധനയില്‍ വരണം. ഉദ്ദേശശുദ്ധി നവീകരിക്കുമ്പോഴാണ് ദൈവിക മാര്‍ഗത്തില്‍  സ്‌ഥൈര്യത്തോടെ നിലകൊള്ളാന്‍ നിനക്ക് കരുത്ത് ലഭിക്കുക. ദൈവിക പ്രീതികാംക്ഷിച്ചുകൊണ്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇബാദത്താണ്. എന്റെ നമസ്‌കാരവും ആരാധനാ കര്‍മങ്ങളും ജീവിതവും മരണവും അല്ലാഹുവിന് വേണ്ടിയാണ്. എന്നാണല്ലോ നാം ദിനേന പ്രതിജ്ഞ പുതുക്കുന്നത്.
എത്ര ചെറുതാണെങ്കിലും സ്ഥിരമായി ചെയ്യുന്ന കര്‍മങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടകരമായത്്. അല്ലാഹു ഒരു ആത്മാവിനെയും കഴിവില്‍ പെടാത്തത് അല്ലാഹു നിര്‍ബന്ധിക്കുകയില്ല. പാപമോചനം കൊണ്ടും ദിക്‌റുകള്‍കൊണ്ടും നമ്മുടെ അധരങ്ങളെ പച്ചയാക്കുക. ‘ സ്വന്തത്തെ കീഴ്‌പ്പെടുത്തുകയും മരണാനന്തരമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍. സ്വന്തം ഇഛകളെ പിന്തുടരുകയും അല്ലാഹുവില്‍ അകാരണമായ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവനുമാണ് ദുര്‍ബലന്‍’ എന്ന് പ്രവാചകന്‍ പഠിപ്പിക്കുകയുണ്ടായി.

അല്ലാഹുവുമായുള്ള ഹൃദയബന്ധം
ഐഹികമായ വിജയം നിന്റെ പരിശ്രമങ്ങളിലൂടെ നേടിയെടുക്കാം. എന്നാല്‍ അല്ലാഹുവിന്റെ പ്രീതിയിലൂടെ മാത്രമേ വിശ്വാസപരമായി വിജയിക്കാന്‍ കഴിയൂ. ദൈവമാര്‍ഗത്തിലുള്ള സേവനത്തിലൂടെ മാത്രമേ പാരത്രികവിജയം സാധ്യമാകുകയുള്ളൂ. ഹൃദയം  സ്‌പോഞ്ച് പോലെയാണ്. അത് പാലില്‍ കലര്‍ത്തിയതിനു ശേഷം പിഴിഞ്ഞാല്‍ അതില്‍ നിന്ന് പാല്‍ പുറത്തുവരും. അപ്രകാരം തന്നെ ഒരു കറുത്ത വെള്ളത്തില്‍ ചാലിച്ചതിന് ശേഷം പുറത്തെടുത്ത് പിഴിയുകയാണെങ്കില്‍ കറുപ്പ് തന്നെയാണ് പുറത്ത് വരിക. നമ്മുടെ ഹൃദയം അല്ലാഹുവോടുള്ള അനുസരണത്തിലും സ്‌നേഹത്തിലും  ചാലിച്ചെടുക്കുകയാണെങ്കില്‍ പിന്നീട് ഏത് പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടി വന്നാലും അവ സഹനത്തിലും ദൈവ സമര്‍പ്പണത്തിലുമായി കഴിയുന്നതാണ്. ഭൗതിക പ്രേമത്തില്‍ കെട്ടിപ്പെടുക്കപ്പെട്ട ഹൃദയങ്ങള്‍് ഐഹികലോകത്ത് നിന്നുണ്ടാകുന്ന പ്രതിസന്ധികളില്‍ തന്നെ തട്ടിത്തകരുന്നത് കാണാം. ഐഹികവും പാരത്രികവും നഷ്ടപ്പെട്ട നിരവധി ഹതഭാഗ്യരെ കാണാം.

നിന്റെ ഹൃദയത്തെ ദൈവസാമീപ്യത്തില്‍ പിടിച്ചുനിര്‍ത്തുന്ന നിരവധി മാധ്യമങ്ങള്‍ നിനക്ക് കാണാം. ആത്മീയമായ പരിപോഷണം സാധ്യമാകുന്ന അവയവങ്ങളാണ് കണ്ണും കാതും നാവുമെല്ലാം. അല്ലാഹുവിന്റെ പ്രാപഞ്ചികമായ ദൃഷ്ടാന്തങ്ങളെ നമ്മുടെ നയനങ്ങള്‍ കൊണ്ട് നാം ദര്‍ശിക്കണം. ‘ പറയുക: ആകാശഭൂമികളിലുള്ളതെന്തൊക്കെയാണെന്ന് നോക്കൂ. എന്നാല്‍ വിശ്വസിക്കാത്ത ജനത്തിന് തെളിവുകളും താക്കീതുകളും കൊണ്ടെന്തു ഫലം?’ (യൂനുസ് 101). മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ നിരവധി ദൃഷ്ടാന്തങ്ങളുള്ളതായി കാണാം. ‘ നിങ്ങളില്‍ തന്നെ നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (അദ്ദാരിയാത്ത് 21).

ഈമാനികമായ വിജയത്തിന് നമ്മുടെ കണ്ണുകള്‍ നിദാനമാകുന്നത് ഇത്തരത്തില്‍ നമ്മുടെ ചുറ്റുമുള്ള ദൃഷ്ടാന്തങ്ങള്‍ തിരിച്ചറിഞ്ഞ് അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുമ്പോഴാമണ്. അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങള്‍ കാണാനും അനനുവദനീയമായ കാര്യങ്ങളെ തൊട്ട് നമ്മുടെ ദൃഷ്ടികളെ നിയന്ത്രിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
അപ്രകാരം തന്നെ നമ്മുടെ കാതും ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള മാര്‍ഗമാണ്. ഖുര്‍ആന്‍ പാരായണം, ഖുതുബ, ചിന്താര്‍ഹമായ കഌസുകള്‍ തുടങ്ങിയവ ശ്രവിക്കലിലൂടെ നമ്മുടെ ഹൃദയത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കാം.
നമ്മുടെ നാവിന്റെയും സ്ഥിതി ഇതുതന്നെ. അബൂഹുറൈറ (റ) ഉദ്ദരിക്കുന്നു. ‘ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ഒരു അടിമ നടത്തുന്ന സംസാരത്തിലൂടെ അല്ലാഹു അവന്റെ പദവി ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അപ്രകാരം തന്നെ ദൈവകോപത്തിന് വിധേയമാകുന്ന ഓരോ സംസാരവും നരകത്തിലേക്കുള്ള വാതായനമാണ് തുറക്കപ്പെടുക’ .അതിനാല്‍ തന്നെ ഖുര്‍ആന്‍ പാരായണത്തിലൂടെയും ദിക്‌റുകളിലൂടെയും നമ്മുടെ അധരങ്ങളെ പച്ചയാക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

ധാര്‍മിക വിജയം
ഒരാള്‍ സുഫ്‌യാനുസ്സൗരിയോട് ചോദിച്ചു; ദൈവസാമീപ്യത്തില്‍ നിന്നകലുന്നതിനുള്ള ചികില്‍സ എന്താണ്? അപ്പോള്‍ സുഫ്‌യാന്‍ പ്രതികരിച്ചു. ആത്മാര്‍ഥത, സഹനം , വിനയം തുടങ്ങിയ മിശ്രിതങ്ങളെല്ലാം ചേര്‍ത്ത് നീ തഖ്‌വയുടെ പാത്രത്തില്‍ ഒഴിക്കുക, അതില്‍ ദൈവഭയത്തിന്റെ വെള്ളം ഒഴിക്കുക. ആത്മപരിശോധന നടത്തിയതിനു ശേഷമുള്ള ദുഖത്തിന്റെ തീ അതില്‍ കത്തിക്കുക. എന്നിട്ട് പാപമോചനത്തിന്റെ കോപ്പയില്‍ ഒഴിക്കുകയും സൂക്ഷ്മതയോടെ കുടിക്കുകയും ചെയ്യുക, അത്യാഗ്രഹം കാണിക്കരുത്. അല്ലാഹുവിന്റെ അനുമതിയാല്‍ താങ്കളുടെ അസുഖം ഭേദമാകും.
ധാര്‍മികതയുടെ പൂന്തോപ്പിലാകണം ഉത്തമ സമൂഹത്തിന്റെ വളര്‍ച്ച സാധ്യമാകേണ്ടതുണ്ട്. ഉത്തമസ്വഭാവ വിശേഷങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടത് എന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുകയുണ്ടായി. താങ്കള്‍ മഹത്തായ സ്വഭാവ വിശേഷണങ്ങളുടെ ഉടമയാണെന്നാണ് പ്രവാചകനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.

യഥാര്‍ഥ സ്‌നേഹത്തെ കുറിച്ചുള്ള അന്വേഷണം
സാമൂഹികമായ നിന്റെ വിജയം ജനങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നതിലൂടെയാണ് സാധ്യമാകുന്നത്. ജനങ്ങളുടെ സ്‌നേഹം സമ്പാദിക്കാനുള്ള ഏറ്റവും ദൃഢമായ മാര്‍ഗം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കലാണ്. പ്രവാചകന്‍ (സ) പഠിപ്പിച്ചു. ‘അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ ജിബരീലിനെ വിളിച്ചു പറയും. അല്ലാഹു ഈ മനുഷ്യനെ ഇഷ്ടപ്പെട്ടിരിക്കുന്നു. നീയും അവനെ ഇഷ്ടപ്പെടുക. അപ്രകാരം ജിബരീല്‍ അവനെ ഇഷ്ടപ്പെടും. ജിബരീല്‍ ആകാശത്തുള്ളവരോട് വിളിച്ചുപറയും. ഈ മനുഷ്യനെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളും അവരെ ഇഷ്ടപ്പെടുക. പിന്നെ ഭൂമിയിലുള്ളവരുടെ അടുത്തെല്ലാം അയാള്‍ക്ക് സ്വീകാര്യതലഭിക്കും.’ (ബുഖാരി) അല്ലാഹുവിന്റെ സ്‌നേഹത്തിലൂടെ മാത്രമേ ജനങ്ങളുടെ സ്‌നേഹം സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ! വിജയം നല്‍കി അല്ലാഹു നിന്നെ പ്രതാപവാനാക്കും. ദൈവസാമീപ്യത്തിലൂടെ അല്ലാഹുവിലേക്ക് എത്തിച്ചേരാനും ഉന്നതിയുടെ പടവുകള്‍ കയറാനും സജ്ജരാവുക!

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles