Current Date

Search
Close this search box.
Search
Close this search box.

വികാരാധിപത്യം ജനാധിപത്യത്തിനെതിരെ

പൊതു ജനങ്ങളുടെ ക്ഷേമത്തേക്കാളുപരി രാഷ്ട്രീയ നേതാക്കളുടെയും സില്‍ബന്ധികളുടെയും ക്ഷേമമാണ് ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ലക്ഷ്യം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന വരെ സംബന്ധിച്ചേടത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം ഒരു നല്ല കരിയറാണ്. അത് കൊണ്ട് തന്നെ സ്വന്തം കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനിടയില്‍ പൊതുകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവര്‍ക്കാകുന്നില്ല. തെരെഞ്ഞെടുപ്പ് കാലത്ത് കൂപ്പുകയ്യോടെ ജനങ്ങള്‍ക്കിടയില്‍ വോട്ട് ചോദിക്കുക എന്നതിലപ്പുറം പൊതു ജനങ്ങളുമായി കാര്യമായ ബന്ധങ്ങളില്ല. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയനുസരിച്ച് ജനപിന്തുണയില്ലാതെ ആര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയതയിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല.

ജനസേവനത്തിന് പകരം രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും പ്രവര്‍ത്തിക്കുന്ന  ഭീമന്‍ കുത്തക മുതലാളിമാരുടെ ദല്ലാളുകളോ ബിനാമികളോ ആണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍. അവര്‍ ന്യൂനപക്ഷമായത് കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് വോട്ടിന് സാധാരണക്കാരെ ആശ്രയിക്കുകയല്ലാതെ വേറെ വഴികളില്ല. എന്നാല്‍ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലേറിയാല്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യമില്ലാതാവുന്നു. സാധാരണക്കാരെ പിടിച്ച് നിര്‍ത്തുന്ന ജീവിത ബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിയാതെ വരുമ്പോള്‍ ജനം മറ്റു വഴികള്‍ തേടിത്തുടങ്ങും. അവസാനം തെരെഞ്ഞെടുപ്പ് കാലത്ത് മറ്റു വഴികളില്ലാതെ അവര്‍ ജനങ്ങളെ തന്നെ സമീപിക്കും. അപ്പോള്‍ അവരെ കൂടെ നിര്‍ത്താനുള്ള ഒരു ഉപാധി മാത്രമാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ചേടത്തോളം മതവും വര്‍ഗീയതയും.

ആശയങ്ങളുടെ കീഴില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ പ്രയാസമാണ്, എന്നാല്‍ വൈകാരികമായി സംഘടിപ്പിക്കുക എന്നത് വളരെ എളുപ്പവും. അതു കൊണ്ടാണ് ഇന്ത്യയിലെ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അനുയായികളെ വികാരപരമായി സംഘടിപ്പിക്കേണ്ടി വരുന്നത്. ഇങ്ങനെയുള്ള സംഘാടനം ന്യൂക്ലിയര്‍ ഫിഷന്‍ പോലെ അനേകമിരട്ടി ഊര്‍ജ്ജം പാര്‍ട്ടികള്‍ക്ക് നല്‍കുമെങ്കിലും അത് അപകടകാരിയാണ്. വികാരങ്ങളുടെ പേരില്‍ സംഘടിതരാവുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പിന്നീട്ട് നേതാക്കള്‍ക്ക് കഴിയാതവരികയും അതൊരു കലാപമായി മാറുകയും ചെയ്യും. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളിലധികവുമെന്ന് വ്യക്തമാക്കുന്ന ഒരു പാട് പഠനങ്ങളുണ്ട്. വര്‍ഗീയ കലാപങ്ങള്‍ തെരെഞ്ഞെടുപ്പുകളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയായി ചില പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് സാരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ വര്‍ഷം രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കിയതുകൊണ്ടാണ് സംഘര്‍ഷങ്ങളുണ്ടായതെന്നാണ് ഈ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അധികാരത്തിന് വേണ്ടി ഭൂരിപക്ഷത്തെ വൈകാരികമായി ഏകോപിപ്പിച്ച് കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് ഈ രാഷ്ട്രീയ ഗോദയില്‍ തീവ്ര ഹിന്ദുത്വ പാര്‍ട്ടികള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിംകളോട് പ്രതികാരം തീര്‍ക്കണമെന്ന അമിത് ഷായുടെ പ്രസ്താവന ഇതിനുദാഹരണമാണ്.

വര്‍ഗീയചിന്തകള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കിയ പാരമ്പര്യമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും പാത ഭാരതീയ സംസ്‌കാരത്തിലില്ല. എന്നാല്‍ ഈ ബോധം മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ലഭിക്കണമെങ്കില്‍ നമ്മള്‍ ഇനിയും ഒരു പാട് കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ നമ്മോട് പറയുന്നത്. വികാരത്തിനല്ല വിവേകത്തിനേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഓരോ പൗരനും ബോധ്യപ്പെട്ടാല്‍ ഇന്ത്യന്‍ ജനാധിപത്യം രക്ഷപ്പെടും.

Related Articles