Current Date

Search
Close this search box.
Search
Close this search box.

വികസനത്തെ വഴിതിരിച്ചു വിടുന്ന റോങ്‌നമ്പറുകള്‍

മതത്തിന്റെ സ്വാധീനം ജനഹൃദയങ്ങളില്‍ ദിനംതോറും ശക്തിപ്പെട്ടുവരികയാണ്. പത്രമാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാധ്യതയുള്ള ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിലെ ചിലത് നടന്ന് കഴിഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ളതും ചിലത് ദുരന്തത്തില്‍ കലാശിക്കാന്‍ സാധ്യതയുള്ളതുമാണ്. ബി.ജെ.പി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അവരോധിക്കപ്പെട്ടതോടെ വലത്പക്ഷ ഹിന്ദു സംഘടനകള്‍ പൊതുവെ ശക്തിപ്പെട്ടതായാണ് കാണപ്പെടുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അങ്ങനെയാകണമെന്നാണവര്‍ ചിന്തിക്കുന്നത്. അവരിലെ ചില താന്തോന്നി സംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമകാലിക പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും മൗലികവാദികളല്ലാത്ത ഹിന്ദുക്കള്‍ക്കും ഒരുപോലെ പ്രയാസകരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനകരമാകുന്നതാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. ഹിന്ദുക്കളെ സംഘടിതരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വി.എച്ച്.പി പോലുള്ള തീവ്രഹിന്ദു ദേശീയ സംഘടനകളും ചിറകടിച്ചുയരാന്‍ തുടങ്ങിയിരിക്കുന്നു. RSS പോലുള്ള അതീവ മൗലിക സ്വഭാവത്തിലുള്ള സംഘടനകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് അനേകം തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകളും തങ്ങളുടെ ശക്തിയും സ്വാധീനവും ഉറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ പറഞ്ഞ സംഘടനകള്‍ പാരമ്പര്യ ഹിന്ദു ആചാരങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി, പലപ്പോഴും അക്രമാസക്തമായി മാറാറുള്ള, സദാചാര പോലീസിങ്ങിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ മൗലികവാദികളും മറ്റു മതവിഭാഗങ്ങളില്‍ പെട്ട മൗലികവാദികളില്‍ നിന്ന് ഒട്ടും ഭിന്നരല്ല.

അടുത്തകാലത്തായി ഇക്കൂട്ടര്‍ നേരത്തെ ഹിന്ദു മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് ഇസ്‌ലാമിലേക്കോ ക്രൈസ്തവതയിലേക്കോ മാറാനിടയായവരെ തിരിച്ചു ഹിന്ദുത്വത്തിലേക്ക് തന്നെ മടക്കിക്കൊണ്ടുവരാനുള്ള പ്രചരണ പരിപാടികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ‘ഘര്‍വാപ്പസി’ അഥവാ വീട്ടിലേക്കുള്ള മടക്കം എന്ന പേരില്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നടക്കുന്ന ഈ പ്രയത്‌നത്തില്‍ അനുയോജ്യരായ ആളുകളെ കണ്ടെത്തുന്നത,് രാജ്യത്തുടനീളം ഈ ആവശ്യത്തിനായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക യൂണിറ്റുകള്‍ വഴിയാണ്. രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലായി ക്രൈസ്തവരും മുസ്‌ലിംകളുമടക്കം ആയിരക്കണക്കിനാളുകളെ തങ്ങള്‍ പരാവര്‍ത്തനത്തിന് വിധേയമാക്കിയതായി അവര്‍ അവകാശപ്പെടുന്നു. ഈ മത പരാവര്‍ത്തനവും ‘ഘര്‍വാപ്പസിയും’ രാജ്യത്ത് ചൂടുള്ള ചര്‍ച്ചയാവുകയും ഇന്ത്യന്‍ പാര്‍ലമെന്റിലെ രാജ്യസഭയുടെ പല സമ്മേളന സെഷനുകളും അലങ്കോലപ്പെടാന്‍ കാരണമാവുകയും ചെയ്തു.

സാമുദായിക വികാരങ്ങള്‍ കത്തിനില്‍ക്കുന്നതും, നേരത്തെ തന്നെ സാമുദായിക ദ്രുവീകരണത്തിന് വിധേയമായതും, സംഘര്‍ഷ സാധ്യതകള്‍ കൂടുതലുള്ളതുമായ പ്രദേശങ്ങളിലേക്ക് തീവ്ര ഹിന്ദു സംഘടനകള്‍ നിരന്തരമായി നടത്തുന്ന യാത്രകള്‍ വളരെ ഗുരുതരമായതാണ്. ചില സ്ഥലങ്ങളില്‍ നേരത്തെ ‘തൊട്ടുകൂടായ്മ’ അനുഭവിച്ചിരുന്ന ദളിതര്‍ ഹിന്ദു എന്ന നിലയിലേക്ക് ‘പരിവര്‍ത്തി’ക്കപ്പെട്ടു. പരിവര്‍ത്തനത്തിന് വിധേയരായതിലൂടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും നിയമവിരുദ്ധമായ പ്രലോഭനങ്ങളാണ് നടത്തിയിട്ടുള്ളതെന്നുമെല്ലാമുള്ള ആരോപണങ്ങള്‍ അതിനെ ചുറ്റിപ്പറ്റി നിലകൊള്ളുന്നുമുണ്ട്. എന്നാല്‍ ആചാരപ്രകാരമുള്ള നിര്‍ബന്ധ ചടങ്ങുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇത്തരത്തിലുള്ള പരാവര്‍ത്തനങ്ങളെ നിരവധി ഹിന്ദു സംഘടനകള്‍ നിരാകരിക്കുകയാണുണ്ടായത്. കൂടാതെ ഹിന്ദുത്വ സാമൂഹിക വ്യവസ്ഥിതിയില്‍ ജാതി ഒരു അനിവാര്യതയാണെന്നിരിക്കെ ഇത്തരമാളുകള്‍ ഏത് ജാതികളില്‍ ഉള്‍പ്പെടും എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു. ഈ ഒരു സാമൂഹിക ഘടനയെ, അതിന്റെ ദൗര്‍ബല്യമെന്നോ ശക്തിയെന്നോ വിളിച്ചുകൊള്ളട്ടെ. യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്കും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധ്യമല്ല. അതിന് ഓരോരുത്തരും ഹിന്ദുവായി തന്നെ ജനിക്കേണ്ടതുണ്ട്. സുപ്രീംകോടതി ഇതുസംബന്ധിച്ച് 1977 കളില്‍ തന്നെ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍, തന്നെ ആചാരബന്ധിതമായ ഇത്തരം പരാവര്‍ത്തനങ്ങള്‍ക്കൊന്നും തന്നെ യാതൊരു പ്രതിഫലനവും സൃഷ്ടിക്കാന്‍ കഴിയില്ല.

ഇതിനോടൊപ്പം സാമൂദായിക സ്പര്‍ദ്ധ വളര്‍ത്താനിടവരുത്തുന്ന പല വിഷയങ്ങളും പല തീവ്ര ഹിന്ദു സംഘടനകളും ഉന്നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ പെട്ടതാണ് ഈയിടെ പുറത്തിറങ്ങിയ PK എന്ന ബോളിവുഡ് സിനിമയോട് അവര്‍ സ്വീകരിച്ച സമീപനം. ഈ ചിത്രം ഹിന്ദുക്കളേയും, അവരുടെ ദൈവങ്ങളേയും, ഇന്ത്യയില്‍ ധാരാളമായി കാണുന്ന ആള്‍ദൈവങ്ങളേയും അപമാനിച്ചിരിക്കുന്നു എന്നാണ് അവര്‍ ആരോപിക്കുന്നത്. ഒരേ സമയം എളുപ്പത്തില്‍ കബളിക്കപ്പെടാവുന്നവരും  അടിയുറച്ച വിശ്വാസികളുമായ, അവരില്‍ തന്നെയുള്ള ചിലര്‍ വഴിയാണ് ഹിന്ദുത്വത്തിന്റെ ഈ ഉള്ളുകളികള്‍ മറനീക്കി പുറത്തുവന്നത്. നന്നേ ചുരുങ്ങിയത് ഈ ആള്‍ദൈവ സംഘങ്ങളിലെ ഏറ്റവും പ്രശസ്തരായ രണ്ടുപേര്‍ ഇന്ന് അവരുടെ അനുയായികളെ വഞ്ചിച്ചതിനും അനുയായികളില്‍ തന്നെയുള്ള സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കിയതിന്റെ പേരിലും ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലറകളിലാണ് കഴിയുന്നത്. ജനതയിലെ അതീവ ദരിദ്രരും ശ്രദ്ധിക്കപ്പെടാത്തവരുമായ വിഭാഗങ്ങളാണ്, കേവലം തട്ടിപ്പുകാര്‍ മാത്രമായ ഇത്തരം ആള്‍ ദൈവങ്ങളുടെ ഉപജാപങ്ങളില്‍ ചെന്നു ചാടുന്നത്.

ഈ സിനിമ കണ്ട ശേഷം, ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യയുളള ഉത്തര്‍ പ്രദേശ് സംസ്ഥാനത്തിന്റെ  മുഖ്യമന്ത്രി ഈ ചിത്രം കുടുതല്‍ ജനങ്ങള്‍ കാണുന്നതിനും ഉദ്ബുദ്ധരാവുന്നതിനും വേണ്ടി ചിത്രത്തിന് സകല ടാക്‌സുകളും ഒഴിവാക്കി നല്‍കുകയാണ് ചെയ്തത്. കേന്ദ്ര ഗവണ്‍മെന്റും ഈ ചിത്രത്തില്‍ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് പുനഃപരിശോധിക്കേണ്ടതായി ഒന്നും തന്നെയില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണായ ലീലാ സാംസണും PKയുടെ അനുമതി സംബന്ധിച്ച് പുനഃപരിശോധനയുടെ ആവശ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നു. ഇപ്പോള്‍ ഹൈക്കോടതിയും ചിത്രത്തിലെവിടെയും പുനഃപരിശോധിക്കേണ്ടതായ ഒന്നും തന്നെയില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. എന്നിരുന്നാലും, ചില ഹിന്ദു സംഘടനകള്‍ ഇതിനെതിരെ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമാവുകയും നിരവധി തിയ്യേറ്ററുകള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്തു. തിയ്യേറ്ററുകളിലെ ഫര്‍ണ്ണീച്ചറുകളും മറ്റും നശിപ്പിക്കപ്പെട്ടു. ചിത്രത്തിലെ നായകനായ ഇന്ത്യന്‍ ചലചിത്ര ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന അമീര്‍ഖാന്റെ പോസ്റ്ററുകളും മറ്റും നശിപ്പിക്കപ്പെട്ടു.

മുമ്പും ഗവണ്‍മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള യുക്തിരഹിതമായ വാദങ്ങള്‍ക്ക് വഴങ്ങേണ്ടിവരുകയും കോലാഹലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന മൗലിക വാദികള്‍ അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം മൗലികവാദികളും തങ്ങളുടെ പ്രവാചകനെ അപമാനിച്ചെന്നാരോപിച്ച്  ഇംഗ്ലണ്ടില്‍ താമസക്കാരനായ  ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’ എന്ന കൃതി ജയ്പൂര്‍ സാഹിത്യോല്‍സവത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ വമ്പിച്ച കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും അതേ തുടര്‍ന്ന് 2012 ലെ പ്രസ്തുത സാഹിത്യോല്‍സവത്തില്‍ നിന്ന് അദ്ദേഹം തടയപ്പെടുകയും ചെയ്തു.

സമാനമായി, പ്രശസ്ത ബംഗ്ലാദേശീ എഴുത്തുകാരിയായ തസ്‌ലീമാ നസ്‌റിനും 1992 ലെ ബാബരി മസ്ജിദ് ധ്വംസന ശേഷമുള്ള ഹിന്ദു വിരുദ്ധ കലാപങ്ങള്‍ക്കെതിരെ തന്റെ ‘ലജ്ജ’ എന്ന കൃതിയിയില്‍ എഴുതിയതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും കല്‍ക്കത്തയില്‍ അഭയം തേടുകയും ചെയ്തു. തുടര്‍ന്നും തന്റെ പുസ്തകത്തിലെ സത്യസന്ധമായ വെളിപ്പടുത്തലുകളുടെ പേരില്‍ ഇസ്‌ലാമിക മതമൗലികവാദികളുയര്‍ത്തിയ ലജ്ജാകരമായ ഭീഷണികളും വിമര്‍ശനങ്ങളും കാരണം കല്‍ക്കത്തയില്‍ നിന്ന് മാറിത്താമസിക്കേണ്ട അവസ്ഥ വന്നു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളാവട്ടെ, ഇത്തരം മൗലികവാദികളുടെ അനാവശ്യ ആരോപണങ്ങള്‍ക്ക് മുമ്പില്‍ തങ്ങളുടെ ദൗര്‍ബല്യം ശരിക്കും തെളിയിച്ചു. സമാനമായ ഒരനുഭവം ഇന്ത്യയുടെ വിശ്വപ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനും നേരിടേണ്ടി വന്നു. ഹിന്ദു മൗലികവാദികള്‍ തങ്ങളുടെ ദേവതകളെ നഗ്നയായി ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പടയൊരുക്കം നടത്തി. ആ ചിത്രീകരണം അവര്‍ക്ക് ഇഷ്ടമായിരുന്നില്ല എന്നതയിരുന്നു കാരണം. തുടര്‍ന്ന് അദ്ദേഹത്തിന് ശിഷ്ടകാലം പ്രവാസജീവിതം നയിക്കേണ്ടിവന്നു. ഇത്തരത്തില്‍ ഹിന്ദു മുസ്‌ലിം വലത് തീവ്രവിഭാഗങ്ങളുടെ ബാലിശമായ നിലപാടുകള്‍ക്ക് വിധേയരായി കലാ-സാഹിത്യ സൃഷ്ടികളെ നിരോധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിലേക്ക് ഗവണ്‍മെന്റുകള്‍ നീങ്ങിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

നിലവിലെ സര്‍ക്കാറിന് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയെ ഹിന്ദുത്വ സംഘടകളുടെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ശരിക്കും ഉപയോഗപ്പെടുത്തി. ചിതറിക്കിടന്നിരുന്ന പ്രതിപക്ഷ കക്ഷികള്‍ ഗവണ്‍മെന്റിനെതിരെ ഒറ്റക്കെട്ടായി നീങ്ങിയതോടെ പാര്‍ലമെന്റ് ശീതകാല സമ്മേളനങ്ങളുടെ അവസാന സെഷനുകളില്‍ പലതും അലങ്കോലപ്പെട്ടു. പാര്‍ലമെന്റിന്റെ ഒരു പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോയില്ല. ചര്‍ച്ചക്കായി അവതരിപ്പിക്കപ്പെടാനുണ്ടായിരുന്ന നിരവധി ബില്ലുകളില്‍ ഒന്നും തന്നെ തീര്‍പ്പാകാതെ പോയി.

നിരവധി വര്‍ഷങ്ങളായി കൊണ്ടുനടന്നിരുന്ന വിവാദ വിഷയങ്ങളൊക്കെ കെട്ടിപ്പൂട്ടിവെച്ചുകൊണ്ട്, വികസനം എന്ന പ്രഖ്യാപനവുമായാണ് ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. ആറുമാസം പ്രായമായ മോഡി സര്‍ക്കാരിന്റെ ഈ പ്രഖ്യാപിത പദ്ധതികളൊക്കെ ഒന്നുമല്ലാതായിത്തീരുന്നതാണ് പിന്നീട് നാം കണ്ടത്. നാം പ്രതീക്ഷിച്ചിരുന്നത് തന്നെ, തന്റെ പാര്‍ട്ടിയിലെയും മറ്റനേകം വലത് ഹിന്ദു പാര്‍ട്ടികളിലെയും അംഗങ്ങളിലെ അവിവേകപൂര്‍ണ്ണമായ ഈ പരാമര്‍ശങ്ങളിലും മതപരിവര്‍ത്തനത്തിലും പ്രധാന മന്ത്രി നരേന്ദ്രമോഡി അതൃപ്തി രേഖപ്പെടുത്തി. ഒടുവില്‍ അനാവശ്യവും ഒഴിക്കാവുന്നതുമായ വിവാദ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണെന്ന് ആര്‍.എസ്.എസും പ്രസ്താവിച്ചു. വിശ്വഹിന്ദു പരിഷത്തിനുപോലും ‘ഘര്‍വാപ്പസി’ നിര്‍ത്തിവെക്കേണ്ടിവന്നു.
വ്യത്യസ്ത മതങ്ങളില്‍ അംഗങ്ങളായിട്ടുള്ള ജനതയുടെ ഈ തമ്മില്‍ പോര് കാണുമ്പോള്‍ ലോകം എന്തുകൊണ്ട് ഒരു യുദ്ധക്കളം എന്ന നിലയിലേക്ക് ചുരുങ്ങിപ്പോയി എന്ന് ഒരാള്‍ അത്ഭുതപ്പെട്ടേക്കാം. മതം, വിശ്വാസം എന്നതൊക്കെ ഒരു വ്യക്തിയില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ അയാളുടെ വളര്‍ച്ചയും വിദ്യാഭ്യസവും ചുറ്റുപാടുള്ള ലോകത്തോടുള്ള സംവേദനവുമനുസരിച്ച് രൂപപ്പെടേണ്ട, തികച്ചും വ്യക്തിപരമായ സംഗതിയാണ്. ഓരോരുത്തനും, അവരുടെ വിശ്വാസവും മതവും ആചാരങ്ങളും ഇഷ്ടാനുസാരം സ്വീകരിക്കാനുള്ള അവകാശമുണ്ട്. അതുപോലെത്തന്നെ ഓരോരുത്തര്‍ക്കും അവരിഷ്ടപ്പെട്ട മതവിഭാഗങ്ങളിലും വിശ്വാസങ്ങളിലും പങ്കാളികളാകാനും സ്വാതന്ത്ര്യമുണ്ട്. അതില്‍ മറ്റുള്ളവര്‍ അനാവശ്യമായി കൈകടത്തലുകള്‍ നടത്തുക എന്നത് അനുചിതവും സ്വാഗതാര്‍ഹവുമല്ലാത്തതുമാണ്.

ഇന്നത്തെ സംഘര്‍ഷഭരിത ലോകത്ത് ധാരാളം പ്രശ്‌നങ്ങള്‍ മാനുഷിക സഹവര്‍ത്തിത്വത്തെ ദോഷകരമായി ബാധിക്കുന്നു. അവയെ പരിഹരിക്കാനാണ് നാം പ്രഥമമായി പരിശ്രമിക്കേണ്ടത്. അല്ലാതെ മതഭ്രാന്തിനെ ചികിത്സിക്കാനല്ല. മത നേതാക്കള്‍ ആളുകളെ അവരുടെ യഥാര്‍ത്ഥ മാനുഷിക ഗുണങ്ങളോടുകൂടി കുലീനരായ മനുഷ്യര്‍ എന്ന ഗണത്തിലേക്ക് പരിവര്‍ത്തിപ്പിച്ചിരുന്നുവെങ്കില്‍ അതായിരിക്കും അവര്‍ ഈ ലോകത്തോട് ചെയ്യുന്ന ഏറ്റവും വലിയ സേവനം.

മൊഴിമാറ്റം : അസ്ഹര്‍ എ.കെ.

Related Articles